Wednesday, July 11, 2018

ദൈവപുത്രര്‍

                       


                        
മനുഷ്യര്‍ ദൈവത്തെ വിളിച്ചു കേണു. ഗത്യന്തരമില്ലാതെ ദൈവം പ്രത്യക്ഷപ്പെട്ടു. 

ആശ്വാസത്തോടെ , സാന്ത്വനം തേടി അവര്‍ വിലപിച്ചു. കൈക്കരുത്തും ബുദ്ധി 

വൈഭവവും നല്‍കി താന്‍ ഭൂമിയിലേയ്ക്കയച്ച മക്കള്‍... അവരെന്തൊക്കെ നേടിയ

താണ് ഇപ്പോഴിതെന്തു പറ്റി ?


ഒട്ടൊരത്ഭുതത്തോടെ , നിറഞ്ഞ അലിവോടെ ദൈവം ചോദിച്ചു - “എന്തുപറ്റി മക്കളേ , 

നിങ്ങള്‍ക്കെന്താണ് വേണ്ടത്?” “ഞങ്ങള്‍ക്കല്ല ദൈവമേ...ഞങ്ങളുടെ അമ്മയ്ക്ക് – 

ഭൂമിയ്ക്ക് . അങ്ങ് കാണുന്നില്ലേ ഈ മാതാവിന്റെ അവസ്ഥ” നയചതുരനായ ഒരാള്‍ 

പറഞ്ഞു. എല്ലാവരും അതേയെന്ന് ദൈന്യഭാവത്തോടെ തലയാട്ടി.


ദൈവത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന കരുണയുടെ തുമ്പില്‍ പിടിച്ചുതൂങ്ങി   അവര്‍ ഒരു 

പട്ടിക നിരത്തി – “പുഴ നിറയെ വെള്ളം, കടല്‍ നിറയെ മീനുകള്‍, മരം നിറയെ 

കനികള്‍, മാനം നിറയെ കിളികള്‍, മനം കുളിരെ മഴ, മെയ് തഴുകാന്‍ തെന്നല്‍...” പട്ടിക 

നീളവേ ദൈവം ശാന്തമായ ഒരു ചിരിയോടെ പറഞ്ഞു , “ഒക്കെ തരാം മക്കളേ, 

പക്ഷേ...” 


ആ പക്ഷേയ്ക്കപ്പുറം എന്തായിരിയ്ക്കും  എന്ന ജിജ്ഞാസയിലായി മനുഷ്യര്‍ 

.“പക്ഷേ...നിങ്ങളിവിടെ ഉണ്ടാവരുത്.” ദൈവം പൂര്‍ത്തീകരിച്ചു.

Sunday, June 17, 2018

വിചാരണ

‘എന്നോടു  പറയാത്ത പല രഹസ്യങ്ങളും തന്റെ ഉള്ളിലുണ്ടല്ലേ?’ ഒരു കുറ്റവിചാരണയുടെ 

ഭാവത്തോടെ ഭര്‍ത്താവ് തന്റെ നേര്‍ക്കെറിഞ്ഞ ചോദ്യത്തിന്റെ നേര്‍ക്ക് ഒരു ഹാസ്യഭാവ 

ത്തോടെയാണ് അവള്‍ നോക്കിയത്. ഒരു ദീര്‍ഘനേരത്തെ പകര്‍ന്നാട്ടം കഴിഞ്ഞ് ചമയ 

ങ്ങളഴിയ്ക്കുന്ന ആശ്വാസം കലര്‍ന്ന ആലസ്യത്തില്‍ ‘രഹസ്യമെന്നല്ല പരസ്യങ്ങള്‍ 

പോലും പറയാനുള്ള സമയം നമുക്ക് കിട്ടിയിട്ടില്ലല്ലോ? നാല് ദിവസമല്ലേ ആയിട്ടുള്ളൂ 

വിവാഹം കഴിഞ്ഞിട്ട് ?’ എന്ന് പറയാനവള്‍ ശ്രമിച്ചില്ല . ബ്യൂട്ടി പാര്‍ലറില്‍ പോയി 

ഒരുങ്ങലും പാര്‍ട്ടികളില്‍ സുസ്മേരവദനയായി നിറഞ്ഞുനില്ക്കലുമായിരുന്നു കഴിഞ്ഞ 

ദിവസങ്ങളിലെ പ്രധാന പ്രവൃത്തികള്‍. സുഹൃത്തുക്കളുടെ വക പാര്‍ട്ടി, സഹപ്രവര്‍ത്തക 

രുടെ..ബന്ധുക്കളുടെ.. ഇതിനിടയില്‍ പരിചയപ്പെടാന്‍ പോലും അവര്‍ക്കിടയില്‍ സമയ 

മുണ്ടായിരുന്നില്ല. പക്ഷേ സമയം കണ്ടെത്തി ഒരഭ്യുദയകാംക്ഷി ഒരജ്ഞാതസന്ദേശം 

അയാള്‍ക്കെത്തിച്ചു കഴിഞ്ഞിരുന്നു.  


‘ഒരഫയറുണ്ടായിരുന്ന കാര്യം എന്തുകൊണ്ട് മറച്ചു വെച്ചു എന്നാണു ചോദിയ്ക്കുന്നത് ’ 

സ്മാര്‍ത്തവിചാരത്തിന്റെ പാരുഷ്യത്തോടെയും പരിഹാസത്തോടെയും അയാള്‍ തന്റെ 

ചോദ്യം സ്പഷ്ടമാക്കിക്കൊടുത്തു. ‘ഓ..അതാണോ കാര്യം?’ ഞെട്ടലും കരച്ചിലും 

ക്ഷമായാചനവുമൊക്കെ പ്രതീക്ഷിച്ചു നിന്ന അയാളുടെ തയ്യാറെടുപ്പുകളെയൊക്കെ 

നിര്‍വീര്യമാക്കിക്കൊണ്ട് അവള്‍ പറഞ്ഞു ,‘അതാര്‍ക്കും അറിയാത്തതൊന്നുമല്ല. 

വിവാഹത്തോളമെത്തിയതായിരുന്നു. എന്റെ അച്ഛന്റെ സ്വത്തിനോടുള്ള അയാളുടെ 

താല്പര്യം കണ്ടപ്പോള്‍ എന്റെ സ്നേഹം അയാളര്‍ഹിയ്ക്കുന്നില്ലെന്ന് മനസ്സിലായി. 

ഞാനയാളെ വേണ്ടെന്നു വെച്ചു.’ അവളുടെ പ്രതിച്ഛായ കാണാന്‍ അയാള്‍ നീട്ടിപ്പിടിച്ച 

കണ്ണാടി ആ വാക്കുകള്‍ തട്ടി ചിന്നിച്ചിതറി മൂര്‍ച്ചയും തിളക്കവും നഷ്ടപ്പെട്ട് തെറിച്ചു 

വീണു. 


അവളുടെ അച്ഛനമ്മമാര്‍  അറിഞ്ഞു കൊടുത്തതിന്‍റെയും തന്റെ അച്ഛനമ്മമാര്‍ പറഞ്ഞു 

വാങ്ങിയതിന്റെയും ഒരു നീണ്ട പട്ടിക അയാളുടെ മനസ്സില്‍ കിടന്നു വിറച്ചു. വേദനയും 

അമര്‍ഷവും നിറഞ്ഞ ഒരു നോട്ടം...ഒരിയ്ക്കല്‍ താന്‍ നിസ്സാരമായി തള്ളിക്കളഞ്ഞ ആ 

നോട്ടം ഇപ്പോള്‍ അയാളെ പെട്ടെന്നൊന്നു വേദനിപ്പിച്ചു. ‘ആത്മാര്‍ത്ഥതയില്ലാത്ത ഒന്നും 

എനിയ്ക്കിഷ്ടമല്ല, കൊടുക്കാനും..വാങ്ങാനും..സ്നേഹമായാലും വെറുപ്പായാലും 

എന്തായാലും എനിയ്ക്ക്   ആത്മാര്‍ത്ഥതയോടെയേ ചെയ്യാനാകൂ.’ വിളക്കണച്ച്  കിടന്ന 

അവളുടെ നേര്‍ക്ക് അയാളുടെ കൈ നീളവേ അവള്‍ വീണ്ടും പറഞ്ഞു ,ആത്മാര്‍ത്ഥത 

ഇല്ലാത്ത ഒന്നും എനിയ്ക്കിഷ്ടമല്ല’ ആ കയ്യും പിന്‍വലിയ്ക്കപ്പെട്ടു.

Tuesday, May 29, 2018

നെടുവീർപ്പ്


 വാർഷികപരീക്ഷയ്ക്കുള്ള പാഠഭാഗം എടുത്തു തീർക്കുന്ന തിരക്കിലായിരുന്നു അദ്ധ്യാപിക.

കുട്ടികളെ വളരെയധികം സ്നേഹിയ്ക്കണമെന്നും അവരെയെല്ലാവരേയും നല്ലവരാക്ക 

ണമെന്നും നിർബന്ധമുണ്ടായിരുന്നു അവർക്ക് . പറയുന്നതൊന്നും ശ്രദ്ധിയ്ക്കാതെ പുറ 

ത്തേയ്ക്കു നോക്കിയിരുന്ന പെൺകുട്ടി അദ്ധ്യാപികയെ അസ്വസ്ഥയാക്കി

അവളുടെ ചുണ്ടിൽവിരിഞ്ഞു വരുന്നചിരിയും കണ്ണിൽ നിറഞ്ഞുനിന്ന മോഹവും അവരുടെ 

മനസ്സിനെ വിഹ്വലമാക്കി. എട്ടാംക്ലാസിലായിട്ടേയുള്ളൂ . ഇപ്പോഴേ തുടങ്ങിയോ? 

ആരായിരിയ്ക്കാം ആ സ്വപ്നങ്ങളിലെ രാജകുമാരൻ ? ഈ പ്രശ്നമിനിയെങ്ങനെ 

പരിഹരിയ്ക്കും ദൈവമേ ... അച്ഛനില്ല, അസുഖക്കാരിയായ അമ്മ എത്ര കഷ്ടപ്പെട്ടാണ് 

മക്കളെവളർത്തുന്നത് !


 അവധിക്കാല പരിശീലനത്തിന് കൌമാര പ്രശ്നങ്ങളെക്കുറിച്ചുണ്ടായ പ്രത്യേക ക്ലാസിൽ 

പറഞ്ഞ കാര്യങ്ങളെല്ലാം ആ അദ്ധ്യാപിക ഓർത്തു നോക്കി. നേരമില്ലാത്ത നേരത്ത് 

വന്നുകേറുന്ന ഓരോ വയ്യാവേലികളേയ്...എന്തായാലും ജനലിനപ്പുറത്തെ ആ പൂവാലനെ 

കയ്യോടെ പിടിയ്ക്കണം .എന്നിട്ടാവാം ബാക്കികാര്യങ്ങൾപതുങ്ങിച്ചെന്ന് അവളുടെ 

കണ്ണെത്തുന്നേടത്തേയ്ക്കുതന്നെ അദ്ധ്യാപിക കൃത്യമായി നോക്കി...


 കഞ്ഞിപ്പുരയിൽ പാകമായിവരുന്ന ഭക്ഷണം ...!


 നെടുവീർപ്പിട്ടത് അദ്ധ്യാപികയോ അവരുടെ ബാഗിലിരുന്ന ഉച്ചഭക്ഷണമോ ?


Tuesday, May 23, 2017

ഒഴുക്കില്‍ അലയാന്‍“സരയൂ മാഡത്തിന് എന്തൊരു സുഖമാ അല്ലേ .നമ്മളെപ്പോലെയാണോ? ഒന്നോര്‍ത്താല്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് തന്നെയാ നല്ലത് അല്ലേ?” വിമലട്ടീച്ചര്‍ ഒരമര്‍ത്തിയ ചിരിയോടെ മുംതാസിനോടു ചോദിയ്ക്കും പോലെ പറഞ്ഞു. മുംതാസ് ഏതു ഭാഗം ചേരണം , അല്ലെങ്കില്‍ ഏതു ഭാഗവുമാകാം എന്ന മട്ടില്‍ ഒരു ചെറിയ ചിരിയോടെ ഇരുന്നു. ‘എന്നാല്‍ പിന്നെ ഡൈവോഴ്സ് ചെയ്തു കൂടെ നന്നായി സുഖിയ്ക്കാമല്ലോ’ എന്നൊരു മറുപടി അമര്‍ത്തിക്കടിച്ചു പിടിച്ച് മുംതാസിനെക്കാള്‍ സുന്ദരമായി ചിരിച്ച് മുന്നിലിരിയ്ക്കുന്ന പുസ്തകത്തിലേയ്ക്ക് കണ്ണും മനസ്സുമൂന്നി . സാഹിത്യത്തിലെ ആദിപ്രരൂപങ്ങളെ ക്കുറിച്ച് ,ആര്‍ക്കിടൈപ്പല്‍ ക്രിറ്റിസിസത്തെക്കുറിച്ച് ഒരു ചര്‍ച്ച സ്റ്റാഫ് റൂമില്‍ വേണം, എം.എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കൊരു സെമിനാര്‍ വിഷയം കൊടുക്കണം എന്നൊക്കെ എഛ്.ഓ.ഡി ആയ വിമലട്ടീച്ചറോടു പറയണം എന്ന് കരുതിയാണ് സ്റ്റാഫ് റൂമിലേയ്ക്ക് വന്നത്. പക്ഷേ ടീച്ചര്‍ ചര്‍ച്ചയ്ക്കു പറ്റിയ മറ്റൊരു വിഷയം കണ്ടെത്തിയിരിയ്ക്കുന്നു! 

അറിയില്ല...ആര്‍ക്കുമറിയില്ല...അറിയണമെങ്കില്‍ അനുഭവിയ്ക്കണം...

പതിനേഴു വര്‍ഷങ്ങള്‍... ജീവിതത്തിലെ പ്രധാനപ്പെട്ട പതിനേഴു വര്‍ഷങ്ങള്‍... ഉപദ്രവങ്ങളിലേയ്ക്ക് മാത്രം  കെട്ടിത്താഴ്ത്തി വെച്ച കാലം...

“ഡിവോഴ്സ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ഒരു ഫാഷനായി മാറിയിരിയ്ക്കുകയാണല്ലേ . ഒന്നിനും ക്ഷമയില്ല. നമ്മുടെയൊക്കെ അനുഭവങ്ങള്‍ ഇവര്‍ കണ്ടു പഠിയ്ക്കണം.” രാജലക്ഷ്മിട്ടീച്ചര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തനിയ്ക്കൊരു ശക്തമായ പിന്തുണ കിട്ടിയസന്തോഷത്തോടെ വിമലട്ടീച്ചര്‍ ചിരിച്ചു. എന്തനുഭവങ്ങള്‍...! കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം  കഴിയും മുമ്പേ സ്വന്തമായി വീട് വെച്ച് മാറി താമസിച്ചു. വീട് നിറയെ വേലക്കാര്‍, രാവിലെയും വൈകുന്നേരവും കൃത്യ സമയത്ത് കൊണ്ടു ചെന്നെ ത്തിയ്ക്കുകയും കൊണ്ടു പോവുകയും ചെയ്യുന്ന ഭര്‍ത്താവ്. ഇടയ്ക്കൊക്കെ ഭര്‍ത്താവിനു ഫോണിലൂടെ നിര്‍ദ്ദേശം കൊടുക്കുന്നത് കണ്ടാല്‍ ഭൃത്യര്‍ക്ക് ആജ്ഞ നല്‍കുന്ന യജമാനത്തിയുടെ ഭാവം. മറുത്താരും ഒന്നും പറയില്ലെന്ന ധൈര്യം കൊണ്ട് എന്തും പറയാമെന്ന വിചാരം. ഒരു മണിക്കൂര്‍ ഒഴിവു കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും രണ്ടുപേരും അടുത്തടുത്തിരുന്നു കൈ കൊണ്ട് മുഖം മറച്ചുപിടിച്ച് പരദൂഷണം. അവിടെ ഉള്ളവരോ ഇല്ലാത്തവരോ ആയ ആരുമാകാം ഇരകള്‍. പ്രൈമറി ക്ലാസ്സിലെ കുട്ടികളാണെന്നേ തോന്നൂ.

ഒരു മണിക്കൂര്‍ സമയം ഈ കോപ്രായങ്ങള്‍ കാണാന്‍ ചെലവായിപ്പോകുമ്പോള്‍ ഇടവേളയേ അനാവശ്യം എന്ന് തോന്നിപ്പോകുന്നു. തലവേദന വല്ലാതെ ശല്യം ചെയ്യുന്നുണ്ടെങ്കിലും സമയം കഴിഞ്ഞത് ഒരനുഗ്രഹമായിത്തോന്നി. “അല്ല സരയൂ, ഈ വിവാഹമോചനം...” വീണ്ടും വിമലട്ടീച്ചര്‍ വിഷയമെടു ത്തിടാന്‍ നോക്കിയപ്പോള്‍ “നോക്കൂ എന്റെ ഐഡന്റിറ്റി ഒരു ഡിവോഴ്സി എന്നതല്ല, മറ്റു പലതുമുണ്ട് ടീച്ചര്‍. അതൊ ന്നന്വേഷിച്ചു മനസ്സിലാക്കൂ , ഇത്ര അത്യാവശ്യമുണ്ടെങ്കില്‍ ” എന്നും പറഞ്ഞ് വേഗം സ്റ്റാഫ് റൂം വിട്ടിറങ്ങി.

“ടീച്ചര്‍ പോയതിനു ശേഷം രണ്ടാളും കൂടി ഇവിടെ വേണ്ട ബഹളമായിരുന്നു. കുട്ടികള്‍ പല തവണ വന്നു വിളിച്ചതിന് ശേഷമാണ് അവര്‍ ക്ലാസ്സില്‍ പോയത്”. തിരിച്ചു പോരും വഴി ഭദ്ര കൂടെ നടന്നു കൊണ്ട് പറഞ്ഞു. “തിരിച്ചു പറഞ്ഞത് നന്നായി ടീച്ചര്‍, നമ്മള്‍ പ്രായവും സര്‍വ്വീസുമൊക്കെ മാനിച്ചാണ് പലപ്പോഴും പലതും പറയാതെയിരിയ്ക്കുന്നത്. അപ്പോള്‍ അതിന്റെ മാന്യത പുലര്‍ത്തേണ്ട ബാധ്യത അവര്‍ക്കുമില്ലേ? ഞാന്‍ ചെലപ്പോഴൊക്കെ തിരിച്ചും പറയും. അതുകൊണ്ട് അവര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. കിട്ടുന്ന അവസരത്തിലൊക്കെ ദ്രോഹിയ്ക്കാന്‍ ശ്രമിയ്ക്കും.”

ശരിയാണ്. ഭദ്ര സ്റ്റാഫ് റൂമിലില്ലാത്ത സമയത്ത് പല കുറ്റങ്ങളും പറയുന്നത് കേട്ടിട്ടുണ്ട്. “രണ്ടക്ഷര ത്തിന്റെ കുറവേ ഉള്ളൂ. അതു കൂടി ചേര്‍ത്താല്‍ സ്വഭാവം കൃത്യമായി മനസ്സിലാവും.” അങ്ങനെയാണ് ഭദ്രയെപ്പറ്റി ആദ്യം രാജലക്ഷ്മിട്ടീച്ചര്‍ പറഞ്ഞു തന്നത്. “സൂക്ഷിച്ചോളൂ” എന്നൊരു ജാഗ്രതാ നിര്‍ദ്ദേശം കൂടി തന്നപ്പോള്‍ അതെന്തോ ഭീകര ജീവിയാണെന്നു തോന്നിപ്പോയി. എല്ലാവരേയും അടുത്തറിഞ്ഞപ്പോഴാണ് പറയുന്നതി ലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് മനസ്സിലായത്.

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സഹായിച്ചത് പലപ്പോഴും ഭദ്രയായിരുന്നു. ആദ്യ ദിവസം  സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ എല്ലാവരും വളരെ സ്നേഹത്തോടെ പെരുമാറി. വിവരങ്ങളൊക്കെ ചോദിച്ചപ്പോള്‍ ഒളിച്ചു വെയ്ക്കുന്ന ശീലമില്ലാത്തത് കൊണ്ട് എല്ലാം തുറന്നു പറഞ്ഞു. അതബദ്ധമായി പ്പോയെന്ന് പിന്നീട് തോന്നി. എന്തില്‍ നിന്ന് രക്ഷപ്പെടാനാണോ ട്രാന്‍സ്ഫര്‍ വാങ്ങി വന്നത് അതേ അവസ്ഥ തന്നെ ഇവിടെയും. “ഒരബദ്ധവുമില്ല”. ഭദ്ര പറഞ്ഞു. “നമ്മളായിട്ട് പറഞ്ഞില്ലെങ്കില്‍ അവരന്വേഷിച്ചറിയും. എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും. പിന്നെ സ്വന്തം ഭാവന കൂടി ചേര്‍ത്ത് നല്ലൊരു കഥയുണ്ടാക്കി പറഞ്ഞു പരത്തിക്കോളും. ഇതിപ്പോ അവരുടെ പണി കുറച്ചു കൂടി എളുപ്പമായി എന്നു മാത്രം.”

ഓരോരുത്തരോടും വളരെ അടുപ്പത്തോടെ പെരുമാറി അവരില്‍ നിന്ന് പല കാര്യങ്ങളും ചുഴിഞ്ഞന്വേഷിച്ചറിഞ്ഞ് കൈമാറ്റം ചെയ്ത് രസിയ്ക്കുകയായിരുന്നു വിമലട്ടീച്ചറുടെ സ്ഥിരം വിനോദം. വളരെ സ്നേഹത്തോടെയെന്നോണം പലതുമുപദേശിയ്ക്കും. “മോളുമായിട്ട് ഭദ്ര നല്ല കൂട്ടാണെന്ന് കേട്ടു. ശ്രദ്ധിച്ചോളൂ ട്ടോ. അറിയാലോ അതിന്റെ ബാക്ക് ഗ്രൌണ്ട്. കുട്ട്യോളെ കയ്യിലെടുക്കാന്‍ ഒരു പ്രത്യേക കഴിവാ, കണ്ടില്ലേ നമ്മുടെ സ്റ്റുഡന്റ്സിന്റെ അടുത്തു തന്നെ എങ്ങനെയാ പെരുമാറുന്നതെന്ന്. ഒക്കേറ്റിനേം തന്നിഷ്ടക്കാരാക്കും. ഇവര്ടെ കാര്യം പിന്നേം പോട്ടേന്നു വെയ്ക്കാം. അവരവര്ടെ  രക്ഷിതാക്കള് നോക്കട്ടെ. അവനോന്റെ കുട്ടിടെ കാര്യത്തില് അങ്ങനെ പറ്റില്യലോ. ഒടുക്കം നമ്മള് പിടിച്ചടത്ത് നിക്കാത്യാവും.”

ഭദ്ര പറയാറുണ്ട്. “ടീച്ചര്‍, അതീത നല്ല കുട്ടിയാണ്. ടീച്ചര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കൊക്കെ പരിഹാരായിട്ട്  കിട്ടിയ ഭാഗ്യമാ അവള്‍ ”

“അമ്മൂന്  ഭദ്രേം നല്ല  ഇഷ്ടായിട്ടുണ്ടല്ലോ. പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണംന്നാണ് അവള്‍ടെ അഭിപ്രായം.” അത് ഭദ്രയ്ക്കിഷ്ടമായെന്നു തോന്നി. “ടീച്ചര്‍ക്കില്ലാത്ത തന്റേടം അവള്‍ക്കുണ്ടെന്ന് തോന്നുന്നു. ഞാനവളെ അമ്മു എന്നു വിളിയ്ക്കില്ല, അതീത എന്നു തന്നെയേ വിളിയ്ക്കൂ. എനിയ്ക്കാ പേര് നല്ല ഇഷ്ടായി.”

അതെ, അവളില്‍ ഇങ്ങനെയൊരു ശക്തി ഒളിഞ്ഞു കിടപ്പുണ്ടെന്ന് താനും ഇപ്പോഴല്ലേ അറിഞ്ഞുള്ളൂ. ഉപദ്രവം സഹിയ്ക്കാന്‍ വയ്യാത്ത ഒരവസ്ഥയില്‍ നാട്ടിലേയ്ക്ക് വിളിച്ചു “അമ്മേ, ഞാനങ്ങോട്ടു വരുന്നുണ്ട്. ഇനി എന്നെക്കൊണ്ടാവില്ല. പരമാവധി സഹിച്ചു കഴിഞ്ഞു” എന്നു പറഞ്ഞു. ആ മുന്നറിയിപ്പ് അബദ്ധമായെന്നു പിന്നീട് തോന്നി. അവിടെയെത്തിയപ്പോഴേയ്ക്ക് അമ്മ മകനെ വിവരമറിയിച്ചു കഴിഞ്ഞിരുന്നു. ഒരക്ഷരം പോലും സംസാരിയ്ക്കാന്‍  സമ്മതിയ്ക്കാതെ കുറ്റപ്പെടുത്തിയും ശകാരിച്ചും തന്നെ തിരിച്ചയച്ചു. ഭര്‍ത്താവിനെ നന്നാക്കേണ്ടത് ഭാര്യയുടെ കടമയാണത്രേ. അതിനു കഴിവില്ലെങ്കില്‍ ഒന്നും മിണ്ടാതെ സഹിച്ചു ജീവിച്ചോളണം. ഇങ്ങനെയൊരു ഭര്‍ത്താവിനെത്തന്നെ തെരഞ്ഞെടുത്തു തരാന്‍ എന്തൊരു നിര്‍ബ്ബന്ധമായിരുന്നു? അന്നെത്രയോ പേര്‍ പറഞ്ഞതാണ് അയാളുടെ സ്വഭാവം അത്ര നല്ലതല്ല, ആ ആലോചന വേണ്ടെന്നു വെയ്ക്കുകയാണ് നല്ലതെന്ന്. അന്ന് ജോലി കിട്ടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി പഠിയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും കരഞ്ഞു പറഞ്ഞതാണ് തനിയ്ക്കീ ബന്ധം വേണ്ടെന്ന്. പക്ഷെ മകന്റെ വാക്കിനപ്പുറം ചിന്തിയ്ക്കാനുള്ള കഴിവ് അവര്‍ക്കൊരിയ്ക്കലുമുണ്ടായിരുന്നില്ല. ജനിച്ച കാലം മുതല്‍ക്കേ പെങ്ങളെ പങ്കു പറ്റാന്‍ വന്ന ഒരു ശത്രുവിനേപ്പോലെ കണ്ട ആങ്ങളയില്‍ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിയ്ക്കാന്‍ ? നാശത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിടുമ്പോള്‍ ക്രൂരമായൊരു സംതൃപ്തിയോടെ ചിരിയ്ക്കുന്ന ആ മുഖം കണ്ടു, ഞാന്‍ മാത്രം. വാക്സാമര്‍ത്ഥ്യം കൊണ്ട് ആരെയും വരുതിയിലാക്കാനും സ്വന്തം അഭിപ്രായങ്ങള്‍ കൃത്യമായി നടപ്പിലാക്കാനും ഒരു പ്രത്യേക കഴിവയാള്‍ക്കുണ്ടല്ലോ. അച്ഛനേയും അമ്മയേയുമെന്നല്ല അടുത്ത ബന്ധുക്കളെയൊക്കെയും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അകറ്റിയിരുന്നു. പെങ്ങളെ സഹായിയ്ക്കാ നെന്ന മട്ടില്‍ ഭര്‍ത്താവിന് ഇടയ്ക്കിടെ വലിയ തുകകള്‍  സമ്മാനിച്ച് മറ്റുള്ളവരുടെ പ്രീതിയും നേടി. ഓര്‍മ്മ വെച്ച കാലം മുതല്‍ക്കുള്ള ഉപദ്രവങ്ങള്‍ കാലങ്ങളിലേയ്ക്ക് നീണ്ടു കിടന്നു. ഒരു മാറ്റവുമുണ്ടായില്ല, ഉപദ്രവിയ്ക്കുന്ന കൈകള്‍ക്കല്ലാതെ.

ഇനി രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലെന്ന നിരാശയോടെ മടങ്ങുമ്പോള്‍ പെട്ടെന്ന് അമ്മു പറഞ്ഞു. “അമ്മേ, താങ്ക്സ് ”. സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രതികരണം കേട്ട അനിഷ്ടത്തോടെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു, “എനിയ്ക്കൊരാങ്ങളയെ തരാഞ്ഞതിന്”. അറിയാതെ പരസ്പരം നോക്കിപ്പോയി. മനസ്സളന്നറിയുന്ന ഒരു നോട്ടം. ഇവളെയാണല്ലോ ഇത്രയും കാലം ഞാനറിയാതെ പോയത് എന്നൊരാത്മനിന്ദയാണപ്പോള്‍ തോന്നിയത്. “ഇപ്പോള്‍ നമ്മള്‍ പോകേണ്ടത് വീട്ടിലേയ്ക്കല്ല, ഒരഡ്വക്കേറ്റിന്റെ അടുത്തേയ്ക്കാണ്”. അവളുടെ വാക്കുകള്‍ക്ക് വല്ലാത്ത പക്വത. വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്തു പിന്തുണയാണോ ആഗ്രഹിച്ചത് അതാണി പ്പോള്‍ കേള്‍ക്കുന്നത്. “അമ്മ ആര്‍ക്കു വേണ്ടിയാ ഇതൊക്കെ സഹിയ്ക്കുന്നത്? എന്റെ ഭാവിയെക്കുറിച്ചോര്‍ത്തോ? ഇങ്ങനെയൊരച്ഛനുള്ളപ്പോള്‍  എനിയ്ക്കെന്ത് ഭാവിയാണു ണ്ടാവുക? അതിന്റെ പേരില്‍ അമ്മ ഇനി ഒന്നും അനുഭവിയ്ക്കേണ്ട.”അവള്‍ അറുത്തുമുറിച്ചുതന്നെപറഞ്ഞു. തനിയ്ക്ക് നല്ലത് വരണമെന്നാഗ്രഹിയ്ക്കുന്ന ഒരു കൂടപ്പി റപ്പോ സുഹൃത്തോ പറയും പോലെ. ഒരു പതിനാറു വയസ്സുകാരിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിയതേയില്ല.

സ്കൂളില്‍ നിന്ന് വന്നാല്‍ അച്ഛന്‍ വരും മുമ്പേ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുക, എന്തെങ്കിലും സന്തോഷമുള്ള കാര്യമാണെങ്കില്‍ പോലും ചുരുക്കം വാക്കുകളില്‍ പറഞ്ഞു തീര്‍ക്കുക, അച്ഛന്‍ വന്നാല്‍ സ്വന്തം താവളത്തിലേയ്ക്ക് വലിയും പോലെ തിരിച്ചു പോകുക – ഇതായിരുന്നു അവളുടെ പതിവ്. അച്ഛന്റെ അസഭ്യവാക്കുകളും ശകാരവും ശാപവുമൊന്നും മകളറിയുന്നില്ല എന്നായിരുന്നു തന്റെ ധാരണ. ഒരു ചുവരിനപ്പുറം കുടുസ്സുമുറിയില്‍ കിടക്കുന്ന അവള്‍ ഒന്നും ശ്രദ്ധിയ്ക്കുന്നില്ലെന്ന് കരുതിയ തനിയ്ക്കാണ് തെറ്റുപറ്റിയത് എന്നൊരു ചെറിയ ജാള്യതയോടെ ഓര്‍ത്തു. ഒരു മകള്‍ കേള്‍ക്കാന്‍ പാടുള്ളതൊന്നുമല്ല അയാള്‍ പലപ്പോഴും പറഞ്ഞിരുന്നത്. അവളുടെ പിറന്നാളൊന്ന് ആഘോഷിയ്ക്കാന്‍ കഴിയുന്നില്ലല്ലോ, ഒരു സമ്മാനവും കൊടുക്കാന്‍ കഴിയുന്നില്ലല്ലോ, ഒരു സിനിമയോ, ഔട്ടിങ്ങോ...കൂട്ടുകാര്‍ പറയുമ്പോള്‍ അവള്‍ക്കും മോഹമുണ്ടാകില്ലേ എന്നൊക്കെ ഓര്‍ത്ത്‌  വിഷമിച്ചിട്ടുണ്ട്. അവളങ്ങനെ ഒരു വിഷമവും പറഞ്ഞിട്ടില്ലെങ്കിലും. പഠനവും ഓരോ പരീക്ഷയ്ക്കും കിട്ടുന്ന ഗ്രേഡുകളും മാത്രമായിരുന്നു സംഭാഷണ വിഷയം. ഈ അന്തരീക്ഷത്തില്‍ അവളെങ്ങനെ പഠിയ്ക്കാനാണ്, പഠനം കൊണ്ടുള്ള നേട്ടം മാത്രമേ അവള്‍ക്കുണ്ടാകൂ – എന്നൊക്കെ പല വ്യാകുലതകളായിരുന്നു അവളെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍. കിട്ടുന്ന ശമ്പളം മുഴുവന്‍ തട്ടിപ്പറിച്ചെടുത്ത് അയാള്‍ കുടിച്ചു നശിപ്പിയ്ക്കുമ്പോള്‍ പലപ്പോഴും വീട്ടുകാര്യങ്ങള്‍ തന്നെ അവതാളത്തിലായിരുന്നു. അപ്പോഴും അവളുടെ ഫീസിനും ചെലവുകള്‍ക്കുമുള്ള പണം രഹസ്യമായി സൂക്ഷിച്ചിരുന്നു. മൂന്ന് ചെറിയ മുറികളുള്ള ആ വാടകവീടിനപ്പുറം ഒന്നും ജീവിതത്തിലുണ്ടായിട്ടില്ല. സോക്സിന്റെ അറ്റം മടക്കി വെച്ച്  കീറല്‍ മറച്ചു പിടിച്ചിരുന്നതും, വിനോദയാത്ര കളെക്കുറിച്ച് പറയാതിരുന്നതുമെല്ലാം അവള്‍ അമ്മയുടെ കഷ്ടപ്പാടുകളറിഞ്ഞു കൂടെ നിന്നതാണെന്ന് ഇപ്പോഴാണ് കൂടുതലറിയുന്നത്.

എല്ലാം മറച്ചു പിടിയ്ക്കാനായിരുന്നു തനിയ്ക്കും താല്പര്യം. ആരോടും അടുത്തിടപഴകിയിരുന്നില്ല, ഒന്നും പറഞ്ഞിരുന്നുമില്ല. ദുരിതങ്ങള്‍ക്കിടയില്‍ താന്‍ പ്രയാസപ്പെട്ടുണ്ടാക്കിയ നേട്ടങ്ങളെ മുന്‍നിര്‍ത്തി ആ മൌനം അഹങ്കാരമാണെന്ന് വിധിയ്ക്കപ്പെട്ടു. പുതിയൊരയല്‍വാസി അയല്‍പക്കത്ത്  വരുന്നത് വരെ വര്‍ഷങ്ങളോളം അങ്ങനെ പോയി. ഒരിയ്ക്കല്‍ ശബ്ദകോലാഹലങ്ങള്‍ അധികമായതോടെ പുതുതായി വന്ന താമസക്കാരന്‍ ഇടപെട്ടു. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി, വാക്കേറ്റമായി, അടിപിടിയായി. വിളിച്ചു പറയുന്ന അസഭ്യങ്ങള്‍ എല്ലാവരും കേള്‍ക്കുമല്ലോ എന്നൊ രപമാനഭീതിയായിരുന്നു തനിയ്ക്കപ്പോള്‍. ഭര്‍ത്താവിനെ പിടിച്ചു മാറ്റാന്‍ വന്ന ഭാര്യയെ കണ്ടപ്പോള്‍ അതൊരു നടുക്കമായി. എക്ണോമിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ  ഷൈലാ മാത്യൂസ്. വിവരങ്ങള്‍ കോളേജിലാകെ അറിയാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. എത്രയോ കാല മായി മുറിപ്പാടുകള്‍ക്കും, വെച്ചുകെട്ടലുകള്‍ക്കും, ബാത്റൂമില്‍ സ്ലിപ്പായെന്നും, ചെറിയോ രാക്സിഡന്‍റ് പററിയെന്നുമൊക്കെ പറഞ്ഞു ഫലിപ്പിച്ച നുണകളൊക്കെ അവയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് തിരുത്തിക്കുറിയ്ക്കേണ്ടി വന്നു. അങ്ങനെ ഒരു ഊരാക്കുടുക്ക്‌ വെട്ടിമുറിച്ച ആശ്വാസത്തിലെത്തിയപ്പോഴേയ്ക്കും യാതനകളുടെ പുതിയ അദ്ധ്യായങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍  തന്നെ എഴുതിച്ചേര്‍ത്തു തന്നു.  ചിലരുടെ കഥകളില്‍ താനായിരുന്നു തെറ്റുകാരി. അതു കൊണ്ടല്ലേ വീട്ടുകാരുടെ പോലും പിന്തുണ കിട്ടാതെ പോയത്. ചിലര്‍ക്ക് സഹതാപം, ചിലരുടെ ഉപദേശം, ചില അഭ്യുദയകാംക്ഷികളുടെ വക ഭാര്യ മരിച്ചുപോയ പ്രൊഫസര്‍ക്ക് വേണ്ടി ഒരു പ്രൊപ്പോസല്‍ - നല്ലതു തന്നെ വിചാരിച്ചിട്ടാകാം. പക്ഷേ എല്ലാം അസഹ്യമായി തോന്നി. രക്ഷ തേടിയാണ് ‘ഒരു ചെയ്ഞ്ച് വേണം’  എന്നൊരു ന്യായം പറഞ്ഞു ട്രാന്‍സ്ഫറിനപേക്ഷിച്ചത്. എവിടെ യായാലും മാറ്റമൊന്നുമുണ്ടാകി ല്ലെന്ന സത്യം ഒരിയ്ക്കല്‍ കൂടി മനസ്സിലാക്കി.

മാറ്റം കണ്ടത് അമ്മുവിലാണ്. അത് ഭദ്ര കാരണമൊന്നുമല്ല എന്നതുറപ്പാണ്. താന്‍ എല്ലാ പ്രയാസങ്ങളും പ്രതികരിയ്ക്കാതെ സഹിച്ചു പോന്നത് അവള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ അവള്‍ എല്ലാം ക്ഷമിച്ചത് തനിയ്ക്ക് വേണ്ടിയായിരുന്നു!  കഴിഞ്ഞ കാലമത്രയും ഒന്നുമറിയാത്ത ഭാവത്തില്‍ നടക്കുമ്പോഴും പല പല ചിന്തകള്‍ അവളുടെ മനസ്സില്‍ അടിഞ്ഞു കൂടിയിരുന്നു എന്ന് പിന്നീടാണല്ലോ അറിഞ്ഞത്.

“അമ്മേ... ഞാനൊരു കാര്യം പറയട്ടെ” ഒരു ദിവസം ചെറിയൊരു മടിയോടെ അവള്‍ ചോദിച്ചപ്പോള്‍ എന്താ പതിവില്ലാത്തൊരു മുഖവുര എന്ന മട്ടില്‍ നോക്കിപ്പോയി. “അമ്മ ഒരു കല്യാണം കഴിയ്ക്കുകയാണെങ്കില്‍ എനിയ്ക്കൊരു വിരോധവുമില്ല. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം കിട്ടുമെങ്കില്‍ അതല്ലേ നല്ലത് ?”  

“എന്താണുറപ്പ് , ഇതു വരെയുള്ള അനുഭവം വെച്ചു നോക്കിയാല്‍ ഇനിയങ്ങോട്ട് അങ്ങനെയൊന്നു പ്രതീക്ഷിയ്ക്കാനില്ല. ഇനിയൊരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. നിനക്ക് ഹയര്‍സ്റ്റഡീസിനോ ജോലിയ്ക്കോ എവിടെ  വേണമെങ്കിലും പോകാം. അമ്മ ഒറ്റയ്ക്കല്ലേ എന്നൊന്നും പേടിയ്ക്കേണ്ട. ഇത്രയും കാലം മാനസികമായി ഒറ്റയ്ക്ക് തന്നെയായിരുന്നില്ലേ? കൂടെ ഒരാളുണ്ടായിരുന്നതു കൊണ്ട് ഉപദ്രവമല്ലാതെ മറ്റൊന്നു മുണ്ടായിട്ടില്ല. ഭേദം ഒറ്റയ്ക്കു ജീവിയ്ക്കുന്നതു തന്നെയാണ് ” – അവളുടെ ചോദ്യത്തിന് അര്‍ഹിയ്ക്കുന്ന ഗൌരവം കൊടുത്തു കൊണ്ട് തന്നെ പറഞ്ഞു.

“പക്ഷേ അമ്മേ ... എല്ലാരും ഒരുപോലെയായിക്കൊള്ളണമെന്നില്ലല്ലോ? അമ്മയെ മന സ്സിലാക്കുന്ന ഒരാള്‍ വരികയാണെങ്കില്‍ ... കഴിഞ്ഞ നാല്പതു കൊല്ലത്തിന്റെ കണക്കില്‍ നഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ. ജീവിതത്തിന്റെ അവസാനം ചിന്തിച്ചു നോക്കുമ്പോള്‍  എന്തെങ്കിലുമൊരു നേട്ടം വേണ്ടേ? ചെറിയ എന്തെങ്കിലും സന്തോഷങ്ങള്‍. എനിയ്ക്ക് തോന്നുന്നു ഞാനില്ലായിരുന്നെങ്കില്‍ അമ്മ മറ്റൊരു ജീവിത ത്തെപ്പറ്റി ചിന്തിയ്ക്കുമായിരുന്നു എന്ന്.” വല്ലാത്തൊരു കുറ്റബോധമായിരുന്നു പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്നത്.

ആരു പറഞ്ഞു ഒരു നേട്ടവുമില്ലെന്ന്? ഇതിലും വലിയൊരു നേട്ടം കിട്ടാനുണ്ടോ? എന്റെ എല്ലാ സന്തോഷവും ശക്തിയും ആശ്വാസവും നീ തന്നെയല്ലേ എന്ന് പറയാന്‍ തോന്നിപ്പോയി. “മറ്റൊരാള്‍ തരുന്ന സന്തോഷത്തിനും സമാധാനത്തിനും  കാത്തു നില്‍ക്കാതെ അത് സ്വയം കണ്ടുപിടിയ്ക്കുക തന്നെയാണ് നല്ലത്. അതിനു തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിയ്ക്കുകയേ വേണ്ടൂ.” എന്നാണു പറഞ്ഞത്. 

“എവിടെ നിന്നു കിട്ടീ അമ്മയ്ക്കീ കരുത്ത്? മുമ്പൊന്നും കണ്ടിട്ടില്ലല്ലോ?” അത്ഭുതത്തോടെയും അഭിനന്ദന ത്തോടെയും അതീത ചോദിച്ചപ്പോള്‍  “ഇത് പുതിയ ശക്തിയൊന്നുമല്ല കുട്ടീ, സ്നേഹവും സഹനവും കൊണ്ട് ഒരു നല്ല കാലം സൃഷ്ടിയ്ക്കാന്‍ കഴിയും എന്നൊരു തെറ്റിദ്ധാരണയുണ്ടായി. കുറേകാലം. ഇപ്പോള്‍ അതങ്ങോട്ട് മാറിക്കിട്ടി എന്ന് മാത്രം.” എന്ന് പറഞ്ഞു. അവളെന്തോ അവിശ്വസനീയമായതു കേട്ടപോലെ നോക്കുമ്പോള്‍ തോന്നിപ്പോയി, നിനക്കറിയില്ലല്ലോ കുട്ടീ സരയുവിനെ, എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍  സരയു എന്ന് പേര് പറഞ്ഞപ്പോള്‍ ‘കരയൂ എന്നോ’ എന്ന് പിഷാരടി മാഷ്‌ തമാശയ്ക്ക് ചോദിച്ചപ്പോഴേയ്ക്കും കരഞ്ഞ ഒരു സരയുവുണ്ട്, കോളേജില്‍ പഠിയ്ക്കുമ്പോള്‍ പെണ്‍കുട്ടികളെ താഴ്ത്തിക്കെട്ടി തരംതാണ നേരംപോക്ക് പറഞ്ഞ ഒരുവനെ ശാസിച്ച് മാപ്പ് പറയിച്ച , പിന്നെ എല്ലാവരും ഫെമിനിസ്റ്റ് എന്നൊരു പദവി ചാര്‍ത്തിത്തന്ന വേറൊരു സരയുവുണ്ട്. ഗൌരവക്കാരി എന്നെല്ലാവര് പറയുമെങ്കിലും സ്നേഹമെന്ന് കേട്ടാല്‍ വളഞ്ഞുപോകുന്ന മറ്റൊരു സരയുവും. ഇവള്‍ അമ്മയെ മാത്രമേ കണ്ടിട്ടുള്ളൂ. താന്‍ കാരണം മകള്‍ അച്ഛനില്ലാത്ത കുട്ടിയാകരുത് , അത് അവള്‍ക്കൊരു കുറവാകരുത് എന്ന് കരുതി പലതും സഹിച്ച അമ്മയെ. അവള്‍ക്കു വേണ്ടെന്നു പറഞ്ഞ ഉടനെ ആ ബന്ധം പൊട്ടിച്ചെറിയാന്‍ കഴിഞ്ഞു എന്നോര്‍ക്കുമ്പോഴാണ്‌ എത്ര ദുര്‍ബ്ബലമായിരുന്നു അതെന്നു തിരിച്ചറിയുന്നത്.  

“അമ്മേ, അമ്മയ്ക്കെന്നെ കാണുമ്പോള്‍ ദേഷ്യം വരാറില്ലേ ?” ഒരു ദിവസം പെട്ടെന്നൊരു ചോദ്യം കേട്ടപ്പോഴുണ്ടായ അങ്കലാപ്പ് മറച്ച്  “എനിയ്ക്കെന്തിനാ പെണ്ണേ ദേഷ്യം?” എന്നൊരു മറുചോദ്യം ചോദിച്ചു. “എനിയ്ക്ക് അച്ഛന്റെ ഛായയല്ലേ? പകര്‍ത്തി വെച്ച പോലെയുണ്ടെന്ന് എല്ലാരും പറയാറു ണ്ടല്ലോ?” അതെ, എന്റെ ഒരു ഛായയും അവള്‍ക്കില്ല. അവള്‍ തീരെ ചെറുതായിരിയ്ക്കുമ്പോഴേ എല്ലാരും പറയാറുണ്ടായിരുന്നു. “ഇത് തനി അച്ഛന്‍ കുട്ട്യന്നെ. സരയൂന്റെ ഒരു ഛായേല്യ.” അവളുടെ മുഖത്ത് നിന്ന് ചിരിയൊന്നു മാഞ്ഞാല്‍ , അവളൊരു വാക്ക് വെട്ടിത്തുറന്നു പറഞ്ഞാല്‍ പോലും മനസ്സറിയാതൊന്നു നടുങ്ങാറുണ്ടെന്നു കുറ്റബോധത്തോടെ ഓര്‍ത്തു. ഈ കുട്ടിയുടെ അച്ഛനാരാണെന്നു ചോദിച്ചായിരുന്നു കഴിഞ്ഞ കുറെ കാലമായി ഉപദ്രവിച്ചു കൊണ്ടിരുന്നത്! ആ കലഹങ്ങള്‍ അവളും കേട്ടിരിയ്ക്കില്ലേ? “മുഖച്ഛായയല്ലല്ലോ മനസ്സല്ലേ പ്രധാനം?” എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവളുടെ മനസ്സില്‍ അച്ഛനോട് എത്ര മടുപ്പോടെയുള്ള അകല്‍ച്ചയാണുള്ളത് എന്നോര്‍ത്തപ്പോള്‍ വല്ലായ്മ തോന്നി. അങ്ങനെ യൊന്നുണ്ടാകരുതെന്നു കരുതിയാണ് ഒരിയ്ക്കലും ഒരു ചെറിയ കുറ്റം പോലും അയാളെപ്പറ്റി പറയാ തിരുന്നത്. അച്ഛനില്ലായ്മ അവളുടെ മനസ്സില്‍ ഒരനാഥത്വം ഉണ്ടാക്കിയേയ്ക്കുമോ എന്ന് ഭയന്നു.

ഒരനാഥത്വവുമില്ല...”ഭദ്ര ഒരിയ്ക്കല്‍ പറഞ്ഞു. ഇത് കഴിഞ്ഞ കാലം മുഴുവന്‍ നിങ്ങളുടെ മനസ്സില്‍ നിറച്ച അരക്ഷിതത്വബോധമാണ്. ആ ഇന്‍സെക്യൂരിറ്റിഫീലിങ്ങില്‍ നിന്ന് ഇപ്പോള്‍ രക്ഷപ്പെട്ടുവെന്നു കരുതി യാല്‍ മതി. അതീതയുടെ കാര്യത്തില്‍ ഒന്നും പേടി യ്ക്കാനില്ല. അവള്‍ വളരെ ബോള്‍ഡ് ആണ്.”  

“പക്ഷേ   ഭദ്രേ, അവളൊരു പെണ്‍കുട്ടിയല്ലേ? അമ്മ കൊടുക്കുന്ന സുരക്ഷിതത്വം മതിയാകുമോ അവള്‍ക്ക് ?  ഒരു മകനായിരുന്നെങ്കില്‍ എനിയ്ക്കിത്രയും വേവലാതി ഉണ്ടാകില്ലായിരുന്നു.” മനസ്സിനെ വേവിച്ചു കൊണ്ടിരുന്ന കാര്യം ഉചിതമോ എന്ന് പോലും ചിന്തിയ്ക്കാതെ അറിയാതെ പറഞ്ഞു പോയി.

എന്തോ ഭദ്ര അപ്പോള്‍ പതിവില്ലാതെ വല്ലാതെ ദേഷ്യപ്പെട്ടു - “ടീച്ചറുടെ ഈ ആറ്റിറ്റ്യൂഡാണ് ഏറ്റവും വലിയ തെറ്റ്. ഒരു നിമിഷം പോലും സ്നേഹിയ്ക്കാന്‍ പറ്റുന്ന ഒരു സാഹചര്യമില്ലാതെ മനസ്സ് എപ്പോഴും കുടഞ്ഞെറിഞ്ഞിട്ടും ടീച്ചര്‍ പിടിവിടാതെ നിര്‍ത്തിയ ബന്ധം, ദുരിതങ്ങള്‍ മാത്രം നിറഞ്ഞ ആ ബന്ധത്തില്‍ നിന്നും ടീച്ചറെ രക്ഷിച്ചതാരാണ്? ഈ സ്ഥാനത്ത് ഒരു മകനായിരുന്നെങ്കില്‍ അവന്‍ അച്ഛനോടോപ്പമേ നില്‍ക്കൂ. അമ്മയല്ലേ താണുകൊടുക്കേണ്ടത് എന്ന് കുറ്റപ്പെടുത്തും. ഞാന്‍ നേരിട്ടനുഭവിയ്ക്കുന്ന ഒരു പ്രശ്നമാണത്. കുറച്ചൊരു തന്റേടത്തോടെ നിന്നാല്‍ , കാലത്തിനൊപ്പം സഞ്ചരിയ്ക്കാന്‍ തയ്യാറായാല്‍ ഒരമ്മയ്ക്ക് ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിയെ , അതും അതീതയെപ്പോലെ ഒരു കുട്ടിയെ വളര്‍ത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാകില്ല. എന്തായാലും നിങ്ങളിത്ര കാലം അനുഭവിച്ച പ്രശ്നങ്ങളൊന്നും ഇനിയങ്ങോട്ടു ണ്ടാകില്ല എന്നുറപ്പാണ്.”

കാര്യമൊക്കെ ശരി തന്നെ. പക്ഷേ രാത്രി ഒരു ചെറിയ ശബ്ദം കേട്ടാല്‍ മതി ഉണരും. പിന്നെ ഉറങ്ങാനാവുകയുമില്ല. കോളേജിന്റെ അടുത്ത് തന്നെ ഒരു വീട് വേണമെന്ന് വെച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയതാണിത്. ഒരു പഴയ വീട്. സൌകര്യങ്ങള്‍ തീരെ കുറവ്. വീട്ടുടമയും കുടുംബവും മുകളിലെ നിലയിലുണ്ടെന്ന ഒരൊറ്റ സമാധാനം മാത്രം. പിന്നെ ഇത്രകാലം കഴിഞ്ഞതും ഇങ്ങനെയൊക്കെത്തന്നെ യായിരുന്നുവല്ലോ.

ഒരു ദിവസം പെട്ടെന്ന് അമ്മു പറഞ്ഞു. “ അമ്മേ, സ്കൂളില്‍ നിന്നും വരുന്ന വഴി കണ്ടതാണ്. ഒരു പുതിയ അപ്പാര്‍ട്ട്മെന്റ്. ഫ്ലാറ്റുകള്‍  ഒഴിവുണ്ട്, വാടകയ്ക്ക് കൊടുക്കുമെന്ന് എഴുതി വെച്ചിട്ടുണ്ട്. നമുക്കൊന്ന് നോക്കിക്കൂടെ?” “അതിനൊക്കെ ഒരു പാടു കാശ് വേണ്ടേ” എന്ന് പറഞ്ഞൊഴിയാന്‍ നോക്കി. “അതിനിപ്പോ മുമ്പത്തെപ്പോലെയല്ലല്ലോ അമ്മെ. ഇപ്പൊ അമ്മടെ ശമ്പളം തട്ടിപ്പറിയ്ക്കാന്‍ ആരുമില്ലല്ലോ? നമുക്കാ ഫ്ലാറ്റ് നോക്കാം അമ്മേ. അമ്മ എന്തെങ്കിലുമൊന്ന് എഴുതിയിട്ട് എത്ര കാലമായി? അവിടെയാകുമ്പോള്‍ നല്ല പീസ്ഫുള്ളായ ഒരു അറ്റ്മോസ്ഫിയറുണ്ട്. ഒന്നും പേടിയ്ക്കാനില്ല. സമാധാനമായിരുന്ന് എഴുതാം.”

ഇവള്‍ എന്തൊക്കെ ശ്രദ്ധിച്ചിരിയ്ക്കുന്നുവെന്ന് അതിശയം തോന്നിപ്പോയി. എഴുതി മുഴുവനാക്കിയതും പൂര്‍ണ്ണമാക്കാന്‍ കഴിയാതെ പോയതുമായ എത്രയോ സൃഷ്ടികളുണ്ട്. വെളിച്ചം കാണാതെ ഒന്ന് കരയാന്‍ പോലുമാകാതെ പിറക്കും മുമ്പേ ശ്വാസം നിലച്ചു പോയ ചാപിള്ളകള്‍. എല്ലാം ഓരോ ദിവസത്തേയും കലഹത്തിനൊടുവില്‍ എവിടെയെന്നു പോലുമറിയാതെ ഉപേക്ഷിയ്ക്കപ്പെട്ടു. ജീവിതത്തിന്റെ കീറിയ തുണ്ടുകള്‍ കൂട്ടിയോജിപ്പിയ്ക്കാന്‍ കഷ്ടപ്പെടുന്നതിനിടെ മെനഞ്ഞുണ്ടാക്കിയ കഥകളെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലുമായില്ല. പണ്ടെന്നോ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ വന്ന സൃഷ്ടികള്‍... എന്താ എഴുത്ത് നിര്‍ത്തിയോ , ഒന്നും കാണാനില്ലല്ലോ എന്നൊക്കെ പലരും ചോദിയ്ക്കുമ്പോള്‍ ഓരോ തിരക്കുകളുടെ കഥകളുടെ മറവില്‍ ഒളിച്ച് രക്ഷപ്പെട്ടു. എല്ലാം വാര്‍ന്നൊഴുകിപ്പോയ വരള്‍ച്ചയുടെ ശൂന്യതയില്‍ നിന്ന് ഒരു വാക്ക് പോലും എടുത്തു വെയ്ക്കാന്‍ കഴിയാതെ വന്ന വിഹ്വലതയുടെ കഥയാണ്‌ പറയാനുണ്ടായിരുന്നത്. “ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്.” അമ്മു ഒരു വലിയ ഫയല്‍ താങ്ങിയെടുത്ത് മുന്നില്‍ വെച്ചു. ‘ഒന്ന് തൊട്ടാല്‍ മതി ഞങ്ങളെഴുന്നേല്‍ക്കാം’ എന്ന വാഗ്ദാനത്തോടെ ഒരു പാടു ആത്മാക്കള്‍ കനല്‍ക്കണ്ണുകളോടെ നോക്കി. “ഒന്നിനും ഒരിയ്ക്കലും ഞാന്‍ അമ്മയെ കുറ്റപ്പെടുത്തില്ല. പക്ഷേ എഴുതാതിരുന്നാല്‍ കുറ്റപ്പെടുത്താതിരിയ്ക്കാന്‍ എനിയ്ക്കാവില്ല” അമ്മു ഒരു ഭീഷണി കൂടി ചേര്‍ത്ത് തന്നു.      

“ഇതൊന്നുമല്ല, എന്റെ മനസ്സില്‍ ഇപ്പോള്‍ നിന്റെ കാര്യം മാത്രമേ ഉള്ളൂ. നിന്നെ പഠിപ്പിയ്ക്കണം, കെട്ടിയ്ക്കണം. വയസ്സുകാലത്ത് പേരക്കുട്ടികളെ കളിപ്പിച്ചിരി യ്ക്കുമ്പോള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള കഥകളേ എനിയ്ക്കിനി വേണ്ടൂ”  താല്പര്യമില്ലായ്മ കാണിച്ചു നോക്കി, വെറുതെ.

“ഞാന്‍ കല്യാണം കഴിയ്ക്കാനോ? അമ്മയ്ക്കെങ്ങനെ തോന്നി എന്നെക്കൊണ്ടത് സാധിയ്ക്കുമെന്ന്? അമ്മാമനും, അച്ഛനും... രണ്ടു പേര്‍  തന്നെ ധാരാളം മതി അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിയ്ക്കുകയേ വേണ്ടെന്നു തോന്നിയ്ക്കാന്‍. അങ്ങനെ ജീവിതം നശിപ്പിയ്ക്കാന്‍ ഞാനില്ല.” അവള്‍ അറുത്തു മുറിച്ചു പറഞ്ഞു.

“നീ പറഞ്ഞതു തന്നെയേ എനിയ്ക്കും പറയാനുള്ളൂ. എല്ലാരും ഒരുപോലെ ആയിക്കൊള്ള ണമെന്നില്ലല്ലോ. പോട്ടെ... നിനക്കിപ്പോള്‍ കല്യാണം വേണമെന്നോ വേണ്ടെന്നോ പറയാനുള്ള പ്രായമായിട്ടില്ല. ഇപ്പൊ നന്നായി പഠിച്ചാ മതി. പരീക്ഷ കഴിയട്ടെ. പണ്ട് നിര്‍ത്തി വെച്ച ചില കാര്യങ്ങളുണ്ട് . അതൊക്കെ തുടങ്ങണം.” വേഗം വിഷയം മാറ്റി.

“പാട്ടും ഡ്രോയിങ്ങും അല്ലേ?  പാട്ട് മാത്രം മതി.” എത്ര വേഗമാണ് അവള്‍ തീരുമാനമെ ടുക്കുന്നത്. നന്നായി വരയ്ക്കാന്‍ കഴിവുള്ളതാണ്. “അത് അമ്മയുടെ കഴിവല്ല, അമ്മയുടെ പാരമ്പര്യം മാത്രം മതി എനിയ്ക്ക്”. ശരിയാണ് ഒരു വര വളയാതെ വരയ്ക്കാന്‍ പോലും തനിയ്ക്കാവില്ല. അയാള്‍ക്കാണ് വരയ്ക്കാനുള്ള കഴിവുള്ളത്. പക്ഷേ ഒരു നല്ല ചിത്രം വരയ്ക്കാന്‍ അയാളെക്കൊണ്ട് കഴിഞ്ഞില്ല. ചേരാത്ത നിറങ്ങള്‍ പടര്‍ന്ന്  വരകള്‍ മാഞ്ഞ ഒരു ചിത്രമാണയാള്‍ വരച്ചത്.  

“ടീച്ചര്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങു. വാട്സ് ആപ്പില്‍ പഴയ സുഹൃത്തുക്കളെ യൊക്കെയൊന്നു കണ്ടു പിടിയ്ക്കൂ. പഴയ ബന്ധങ്ങളൊക്കെ ഒന്നു പൊടി തട്ടിയെടുത്ത് ഫ്രഷാകൂ”.  ഭദ്രയും എന്നില്‍ മാറ്റങ്ങള്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നുണ്ട്.

“ഇനി അതൊന്നും നടക്കില്ല കുട്ടീ, ഒറ്റയ്ക്ക് ജീവിയ്ക്കുന്നവള്‍ സമൂഹത്തിന്റെ കണ്ണില്‍ ഒരധികപ്പറ്റാണ്. ബന്ധങ്ങളുടെ ഊഷ്മളതയ്ക്കൊന്നും അവിടെ യാതൊരു സ്ഥാനവുമില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍ എന്ത് കാരണത്താലായാലും പലരും അവളെ അനാവശ്യ മായ തന്റേടം കാണിച്ചവളായേ കാണൂ. ഒറ്റപ്പെടുത്താനേ നോക്കൂ.” അനുഭവങ്ങള്‍ സൃഷ്ടിച്ച പോറലുകള്‍ ഏറെയാണ്‌.

“അങ്ങനെ ഒറ്റപ്പെടുത്തുന്നവരെ ഒഴിവാക്കണം. ഉപദ്രവം മാത്രമുണ്ടാക്കുന്ന ബന്ധങ്ങള്‍ കെട്ടിപ്പേറി നടന്നിട്ടെന്തു കാര്യം എന്ന് ടീച്ചര്‍ തന്നെ പറയാറുണ്ടല്ലോ. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വിവേകമുള്ളവരുണ്ടല്ലോ, അവരെന്നും ശരിയുടെ ഭാഗത്ത് തന്നെ നില്‍ക്കും”. ചെറുപ്പം അനുവദിച്ചു കൊടുക്കുന്ന ശുഭാപ്തിവിശ്വാസം ഭദ്രയ്ക്കേറെയുണ്ട്, നല്ലത്.

“അല്ലാ, എനിയ്ക്ക് ധൈര്യമുണ്ടാക്കിത്തരുന്ന ഇയാളെന്താ സ്വന്തം കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് ?” പലപ്പോഴും ചോദിയ്ക്കാതെ വെച്ച കാര്യം അറിയാതെ  ചോദിച്ചു പോയി. കേട്ടപ്പോഴേ കാര്യം മനസ്സിലായെന്ന ഭാവത്തില്‍ ഭദ്ര പറഞ്ഞു ,“ കല്യാണക്കാര്യമല്ലേ ... ടീച്ചര്‍ പറയും പോലെ ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നു തോന്നി. അങ്ങനെ തോന്നിയ്ക്കുന്ന  സാഹചര്യങ്ങളുണ്ടായെന്നു വേണം പറയാന്‍. ഒരു ചേച്ചിയുണ്ട്. പഠിയ്ക്കാനല്ല, നല്ലൊരു വീട്ടമ്മയാകാനായിരുന്നു താല്പര്യം. പക്ഷേ മോഹിച്ച ജീവിതമൊന്നും ആ പാവത്തിന് കിട്ടിയില്ല. ഡിവോഴ്സ്  ചെയ്യേണ്ടി വന്നു. രണ്ടു കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് മൂത്തതൊരാങ്ങളയുണ്ട്. പെങ്ങള്‍ വീട്ടില്‍ വന്നു നില്‍ക്കുന്നത് അപമാനമാണെന്ന് പറഞ്ഞു മാറിത്താമസിയ്ക്കുകയാണ്. അതാണവര്‍ ക്കിഷ്ടം. ഇതൊരു കാരണമാക്കിയെന്നു മാത്രം. വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ട് . സഹായിയ്ക്കേണ്ടി വന്നെങ്കിലോ എന്ന ഭയം. ഇതാകുമ്പോള്‍ മറ്റുള്ളവര്‍ കുറ്റം പറയാത്ത ഒരു കാരണമായല്ലോ. പോരാത്തതിന് ചേച്ചിയുടെ മൂത്തമകനെ പറഞ്ഞു തെറ്റിദ്ധരിപ്പി ച്ചിരിയ്ക്കുകയാണ്. അവന്റെ കണ്ണില്‍ അമ്മയ്ക്കാണ് കുറ്റം, എല്ലാം സഹിച്ച് അച്ഛന്റെ കൂടെ നിന്നില്ലല്ലോ! എല്ലാം കൂടി കണ്ടു മടുത്തു. അതുകൊണ്ട്  വിവാഹജീവിതത്തില്‍ താല്പര്യം തോന്നിയില്ല എന്നു മാത്രം.”

ഇതൊന്നും അറിയാന്‍ ശ്രമിയ്ക്കാതെയാണ് വിമലട്ടീച്ചറും രാജലക്ഷ്മിട്ടീച്ചറും ഭദ്രയ്ക്ക് പ്രണയനൈരാശ്യമാണ്,   പുരുഷവിദ്വേഷമാണ്, മാനസിക രോഗമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നത് !

അമ്മ പല തവണയായി വിളിയ്ക്കുന്നുണ്ട്. അന്ന് ഡിവോഴ്സ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. “അവന്‍ വല്ലാത്ത ദേഷ്യത്തിലാ, ഇപ്പോള്‍ നീയിങ്ങ്ട്ടൊന്നും വരണ്ടാട്ടോ. അവന് ജര്‍മ്മനീലൊരു കമ്പനീല് ജോലി ശര്യാവും ന്നൊക്കെ പറയ്ണ്ണ്ട് . രണ്ടു മാസം കഴിഞ്ഞാ എല്ലാരും കൂടി  പൂവും ത്രേ. അത് വരെ നീയെതെങ്കിലും ഹോസ്റ്റലിലോ കൂട്ടുകാരടെ വീട്ടിലോ തങ്ങിക്കോ. അത് കഴിഞ്ഞാ ഇങ്ങട്ട് പോരേ.” മകന്‍ അടുത്തില്ലാത്ത തക്കം നോക്കി അമ്മ വിളിച്ചതായിരുന്നു. അമ്മുവിനത് കേട്ട് വല്ലാത്ത ദേഷ്യം വന്നു. 

“മുത്തശ്ശനേം മുത്തശ്ശ്യേം കുറ്റം പറയരുത്. അവര് പാവങ്ങളാ. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല്യ” എന്ന് വിലക്കിയപ്പോള്‍ “മകനെ ഒരിയ്ക്കലും നിലയ്ക്ക് നിര്‍ത്താനും പറ്റില്യേ ?” എന്നാണവള്‍ ചോദിച്ചത്. എന്തു പറയാന്‍ !  

മകന്‍ പോയിക്കഴിഞ്ഞ് വീണ്ടും അമ്മ വിളിച്ചു. “അവനവടെ സ്ഥിര താമസാക്ക്വാന്നാ പറയണത്. നീയിങ്ങ്ട്ട്  പോന്നോ”. വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ “പ്രായായ ഒരു പെങ്കുട്ട്യേം  കൊണ്ടാ നീയൊറ്റയ്ക്ക് താമസിയ്ക്കണത് ന്ന് ഓര്‍മ്മ വേണം. ഇത്രേം കാലം കൊളളരുതാത്തോനാണെങ്കിലും ആണൊരുത്തന്‍ കൂടെണ്ടലോന്നൊരു സമാധാനണ്ടാ യിരുന്നു.” എന്ന് ആവലാതി തുടങ്ങി. “ആ ആണൊരുത്തന്‍ കൂടെണ്ടായിരുന്നെങ്കില്‍ ഞാനവള്‍ടെ പ്രായത്തെച്ചൊല്ലി കൂടുതല്‍ ആധി പിടിയ്ക്കേണ്ടി വന്നേനെ” എന്ന് മറുപടി പറഞ്ഞപ്പോള്‍ പിന്നെ അമ്മയ്ക്കൊന്നും വാദിയ്ക്കാന്‍ കഴിഞ്ഞില്ല. “അവന്‍ ഇവടെ ഇല്ല്യലോച്ച്ട്ട്  പറഞ്ഞതാ” എന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചു. “എത്ര ദൂരെ പോയാലും അന്വേഷണങ്ങളും ഇടപെടലുകളുമുണ്ടാവില്യെ, സ്വന്തം വീട്ടില്‍ പേടിച്ചും വിഷമിച്ചും ജീവിയ്ക്കുന്നതിനേക്കാള്‍ ഇതല്ലേ ഭേദം. അമ്മ വേവലാതിപ്പെടണ്ട. ഇവിടെ പേടിയ്ക്കാനൊന്നുമില്ല” എന്നു പറഞ്ഞ് ആ വിഷയം അവസാനിപ്പിച്ചു.  

“ടീച്ചര്‍ ആദ്യം കണ്ട പോലെയല്ല ഇപ്പോള്‍, കുറച്ചു സംസാരിയ്ക്കാനും ചിരിയ്ക്കാനു മൊക്കെ തുടങ്ങിയിട്ടുണ്ട്. നന്നായി” ഭദ്ര സന്തോഷത്തോടെ ചേര്‍ത്തുപിടിച്ചു കൊണ്ട് പറഞ്ഞു. തോന്നാറുണ്ട് ഈയിടെയായി, കുറെ മാറിയിട്ടുണ്ട് – തളം കെട്ടി നിന്ന നിശ്ശബ്ദത പെട്ടെന്ന് പൊട്ടിയൊഴുകുംപോലെ. അമ്മുവിന്‍റെ പുതിയ പ്രസരിപ്പ് അതി ലേറെ കൌതുകമായി തോന്നി. തുള്ളിത്തുള്ളിയൊഴുകി വരുന്ന ഒരു കുഞ്ഞലയാണെന്നു തോന്നും. അവള്‍ പല പദ്ധതികളുമൊരുക്കുകയാണ്. കമ്പും കോലും വള്ളികളുമൊക്കെ  അമ്മക്കിളിയ്ക്ക് കൂടു മെനയാന്‍  കൊണ്ടുകൊടുക്കുന്ന  കുഞ്ഞാറ്റക്കിളിയെ പോലെ.

“അമ്മ ഈ പഴയ സാരിയും നരച്ച ബ്ലൗസുമൊക്കെ മാറ്റി കുറച്ചു നന്നായി നടക്കു. ഇനി ചുരിദാറിട്ടാല്‍ മതി. അമ്മയ്ക്കത്ര തടിയൊന്നുമില്ലല്ലോ. പ്രായവും തോന്നില്ല. ഡ്രസ്കോഡ് മാറ്റിയാല്‍ത്തന്നെ കുറച്ചൊരു സന്തോഷവും ആത്മവിശ്വാസവുമൊക്കെയുണ്ടാകും.” അവള്‍ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്. എല്ലാം തിരിച്ചുപിടിച്ചുതരാനുള്ള ഒരു വെമ്പലിലാ ണവള്‍ .“കുറച്ചു കൂടി വൃത്തിയും സൌകര്യവും ശാന്തതയുമുള്ള ഒരു വീട്, ഇടയ്ക്കെ പ്പോഴെങ്കിലും ഒരു സിനിമ, ഒരു ഔട്ടിങ് – നമുക്കുമൊന്നു ജീവിയ്ക്കണം അമ്മേ. ഇനി കഴിഞ്ഞതൊന്നും ഓര്‍ക്കുക പോലുമരുത്. അതൊക്കെ മായ്ച്ചു കളഞ്ഞ് അതിന്റെ അനുബ ന്ധമല്ലാത്ത ഒരു പുതിയ ജീവിതം.”

നിരാശപ്പെടുത്താനാവില്ല. എല്ലാം വേണം. എല്ലാ നിറങ്ങളും, എല്ലാ സുഖങ്ങളും. ഇവള്‍ക്ക് വേണ്ടി. ഇവളെ വലിച്ചു താഴ്ത്താതെ ഇവളിലേയ്ക്കുയരണം, ആ നീട്ടിയ വിരല്‍ ത്തുമ്പുകളില്‍ വിരലുകള്‍ ചേര്‍ക്കുമ്പോള്‍ മനസ്സുണര്‍ന്നു, കണ്ണ് തുറന്നു, എന്നിട്ട് പറഞ്ഞു. “ഒക്കെയാവാം, ഒന്നും കുറയ്ക്കണ്ട. ജീവിതം ഒരാഘോഷമാക്കി മാറ്റാം. പക്ഷേ പരീക്ഷ അടുത്ത് വരികയാണ്, അതു മറക്കണ്ട” പ്രായത്തിലുമെത്രയൊ  കവിഞ്ഞ പക്വത യോടെയാണവള്‍  ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും . പലരില്‍ നിന്നും പ്രതീക്ഷിച്ച പിന്‍ബലവും വാഗ്ദാനവുമായി. ഇതൊരുയിര്‍ത്തെഴുനേല്പാണ്. അമ്മയ്ക്ക് മകളിലൂടെ ഒരു മറുപിറവി. എങ്കിലും അമ്മയുടെ ജീവിതത്തിന്റെ താളവും ശ്രുതിയും ശരിയാക്കുന്ന ആവേശത്തിനിടയില്‍ അവള്‍ക്ക് ചെറിയൊരു നഷ്ടം പോലും വരരുതല്ലോ...Wednesday, September 21, 2016

ഭക്ഷണത്തിന്റെ വില

                                                    (കുട്ടിക്കഥ) 

 ജിത്തുമോന്‍ മഹാ വാശിക്കാരനായിരുന്നു . ഒറ്റക്കുട്ടിയായതുകൊണ്ട് അച്ഛനമ്മമാര്‍ അവ നെ ഒരുപാടു ലാളിച്ചിരുന്നു. ഏഴാം ക്ലാസ്സിലാണ് അവന്‍ പഠിച്ചിരുന്നത്. സ്കൂള്‍ ബസ്സില്‍ പോകാന്‍ അവനിഷ്ടമായിരുന്നില്ല. ഒറ്റയ്ക്ക് കാറിലാണ് പോയിരുന്നത്. വഴിയില്‍ കൂടെ പഠിയ്ക്കുന്ന കുട്ടികളെ കണ്ടാലും അവന്‍ അവരെ കൂടെ കൂട്ടാറില്ല. അവനാരോടും ഒരടുപ്പവും ഉണ്ടായിരുന്നില്ല.

വലിയ ഭക്ഷണപ്രിയനായിരുന്നു ജിത്തു.  ഓരോ ദിവസവും അവന്‍ അമ്മയോട്  തനിയ്ക്ക് പ്രത്യേകമായി എന്തെങ്കിലും ഉണ്ടാക്കിത്തരണമെന്ന് നിര്‍ബ്ബന്ധം പിടിയ്ക്കും. അമ്മ എപ്പോഴും അവനോടു പറയും.മോനേ,  ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്ര വാശി പാടില്ല. എന്തു ഭക്ഷണവും കഴിയ്ക്കണം.പക്ഷേ അവനതൊന്നും സമ്മതിയ്ക്കില്ല. തനിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം തന്നില്ലെങ്കില്‍ അവന്‍ അമ്മയോട് പിണങ്ങും, ഒന്നും കഴിയ്ക്കില്ല. സങ്കടം തോന്നി അമ്മ അവന്‍ ആവശ്യപ്പെട്ടത് ഉണ്ടാക്കിക്കൊടുക്കും. എത്ര ഇഷ്ടമുള്ള താണെങ്കിലും ചിലപ്പോള്‍ മടുത്തുവെന്ന് പറഞ്ഞ്  അവനത്  വെറുതെ കളയുകയും ചെയ്യും.

ഒരു  അവധിക്കാലത്ത് അച്ഛന്‍ അവനോടു പറഞ്ഞു. നാളെ നമുക്ക് തിരുവനന്തപുരത്തേ യ്ക്ക് പോകണം. അച്ഛച്ഛനും അച്ഛമ്മയും നിന്നെ കാണണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി.അത് കേട്ടപ്പോഴേ അവന്റെ മുഖം മങ്ങി. അവധിക്കാലമായാല്‍ അവന്‍  വാശി തുടങ്ങും, ടൂര്‍ പോകണമെന്ന് പറഞ്ഞ്. ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളി ലെല്ലാം അവനെ അച്ഛന്‍ കൊണ്ടുപോയിട്ടുണ്ട്. ഇനി ഒരു വിദേശയാത്ര വേണമെന്ന് അവന്‍ കഴിഞ്ഞ തവണ തന്നെ അച്ഛനോട് പറഞ്ഞതായിരുന്നു. അപ്പോഴാണ്‌ ഒരു തിരുവനന്തപുരം യാത്ര ! താന്‍ വരില്ല എന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. ഒരാഴ്ചയ്ക്കല്ലേ മോനെ, അത് കഴിഞ്ഞാല്‍  നമ്മള്‍ നേരെ പോകുന്നത് സിംഗപ്പൂര്‍ക്കാണ് എന്ന് അച്ഛന്‍ പറഞ്ഞപ്പോഴാണ് അവന് കുറച്ചൊന്നു സമാധാനമായത്.

ബസ്സിലും വണ്ടിയിലുമൊന്നും യാത്ര ചെയ്യാന്‍ അവനിഷ്ടമായിരുന്നില്ല. കാറിലാണ് പോയത്. വഴിയില്‍ വെച്ച് അവനു കഴിയ്ക്കാന്‍ അമ്മ പൊറോട്ടയും ചിക്കനും എടുത്തിരുന്നു. പക്ഷേ അവനത് കഴിയ്ക്കാന്‍ കൂട്ടാക്കിയില്ല. അതെന്താ? നിനക്കിത് നല്ല ഇഷ്ടമാണല്ലോ . അതുകൊണ്ടല്ലേ അമ്മ ഇതു തന്നെ ഉണ്ടാക്കിയത്? കുറച്ചെങ്കിലും കഴിയ്ക്ക് മോനേഎന്നൊക്കെ അമ്മ അപേക്ഷിച്ചുവെങ്കിലും അവന്‍ സമ്മതിച്ചില്ല. എനിയ്ക്കിപ്പോള്‍ ഇത് കഴിയ്ക്കാന്‍ തോന്നുന്നില്ല, ഞാന്‍ കഴിയ്ക്കില്ലഎന്ന് അവന്‍ തീര്‍ത്തുപ റഞ്ഞു. സാരമില്ല, നിര്‍ബ്ബന്ധിയ്ക്കണ്ട. ഏതെങ്കിലും നല്ല ഹോട്ടല്‍ കാണട്ടെ . അവിടെ നിന്ന് വാങ്ങിക്കൊ ടുക്കാംഎന്നു പറഞ്ഞ് അച്ഛന്‍ അമ്മയെ സമാധാനിപ്പിച്ചു.

അങ്ങനെ റെയില്‍വേ സ്റ്റേഷനടുത്തു കൂടെ പോകുമ്പോഴാണ് അവര്‍ റോഡിലെ വാഹ നത്തിരക്കില്‍ പെട്ടത്. കാര്‍ നിര്‍ത്തിയിടേണ്ടി വന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴേ അവനു മടുത്തു. ജനലിലൂടെ പുറത്തേ യ്ക്ക് നോക്കിയിരിയ്ക്കുമ്പോഴാണ് അവന്‍ കണ്ടത്, കുറെ കുട്ടികള്‍... അതിലൊരു കുട്ടി അവന്റെ ഉടുപ്പാണ് ഇട്ടിരിയ്ക്കുന്നത്. ആ തൂവെള്ള ടീഷര്‍ട്ടും ഇളം നീല ത്രീ ഫോര്‍ത്തും ആകെ അഴുക്കു പിടിച്ചിരുന്നു. ജിത്തു മോന്‍ ഏതുടുപ്പും എത്ര ഇഷ്ടമാ ണെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യമേ ഇടൂ. അപ്പോഴേയ്ക്കും അവനത് മടുക്കും. ആ ഉടുപ്പൊക്കെ അമ്മ പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുക്കാറുണ്ടെന്നു പറയാറുണ്ട്‌.

അവന്‍ സൂക്ഷിച്ചു നോക്കി, കൂടെ കുറെ കുട്ടികളുണ്ട്. ഏകദേശം അവന്റെ പ്രായമുള്ളവര്‍ തന്നെ. ചില കുട്ടികള്‍ക്ക്  ഷര്‍ട്ടില്ല. ട്രൌസറാണെങ്കില്‍ അഴുക്കു നിറഞ്ഞതും കീറിയതും. അവരെന്തോ കൂടിനിന്നു തിരയുകയാണ്. ബഹളം വെയ്ക്കുകയും വഴക്കിടുകയും ചെയ്യുന്നു ണ്ട്. ജിത്തു മോന്‍ ഏന്തിവലിഞ്ഞു നോക്കി, അവരെന്താണ് ചെയ്യുന്നതെന്ന്. ഒരു ചവറ്റുവീപ്പയുടെ ചുറ്റുമാണ് അവര്‍ നില്‍ക്കുന്നത്. അതില്‍ മുഴുവന്‍ ഭക്ഷണത്തിന്റെ അവശി ഷ്ടങ്ങളായിരുന്നു. അത് തമ്മില്‍ തമ്മില്‍ ഉന്തിയും തള്ളിയും വാരിയെടുത്ത് കഴിയ്ക്കുക യായിരുന്നു അവര്‍ . അവനറപ്പു തോന്നി, വല്ലാത്ത സങ്കടവും. അവന്‍ പെട്ടെന്ന് കാറിന്റെ വാതില്‍ തുറന്ന് തനിയ്ക്ക് വെച്ച ഭക്ഷണമെടുത്ത് കൊണ്ടുപോയി അവര്‍ക്ക് കൊടുത്തു. എന്തൊരാര്‍ത്തിയോടെയാണ് അവരത് കഴിയ്ക്കുന്നതെന്ന് അവന്‍ കണ്ടു.

അവന്‍ തിരികെ വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു , “നന്നായി മോനെ, കുറച്ചു കൂടി പോയാല്‍ നല്ലൊരു ഹോട്ടലുണ്ട്. മോനിഷ്ടമുള്ളത് അവിടെ നിന്ന് വാങ്ങിത്തരാം”. അവന്‍ പെട്ടെന്ന് പറഞ്ഞു ,“വേണ്ടച്ഛാനിങ്ങള്‍ക്ക് കഴിയ്ക്കാനെടുത്ത ചപ്പാത്തിയും കറിയുമില്ലേ, എനി യ്ക്കും അതു തന്നെ മതി. പിന്നെ ആപ്പിളും നേന്ത്രപ്പഴവുമുണ്ടല്ലോ”. അച്ഛനും അമ്മയും സന്തോഷത്തോടെ ചിരിയ്ക്കുന്നത് അവന്‍ കണ്ടു. അവന്‍ പെട്ടെന്ന് അമ്മയെ  കെട്ടിപ്പി ടിച്ചുകൊണ്ട് പറഞ്ഞു ഇല്ലമ്മേ, ഞാനിനി ഭക്ഷണം കളയില്ല, എന്തു ഭക്ഷണവും കഴിച്ചോളാം”.

(മലര്‍വാടി - ജൂലൈ)
 

                                             -- -- -- -- -- --


Wednesday, July 6, 2016

അവള്‍ പറയുന്നത്

                                           

അവള്‍  പറയുന്നതെല്ലാം അയാളെ പേടിപ്പിച്ചു തുടങ്ങിയത് ഈയടുത്ത കാലത്താണ്. 

മക്കള്‍ പഠിച്ചു മിടുക്കരായി വലിയ പദവികളിലെത്തണമെന്ന് എല്ലാ അച്ഛനമ്മമാരേ 

ക്കാളും കുറച്ചധികം തന്നെ അയാള്‍ ആഗ്രഹിച്ചു. നീലിമയുടെ അച്ഛന്‍, നീരദിന്റെ അച്ഛന്‍ 

എന്ന് തന്നെ എല്ലാവരും പറയുന്നതായിരുന്നു എഞ്ചിനീയര്‍ സച്ചിദാനന്ദന്‍ എന്ന് 

പറയുന്നതിനേക്കാള്‍ ഏറെയിഷ്ടം. സ്വന്തം പേര് പറയുമ്പോഴും കേള്‍ക്കുമ്പോഴും 

അയാള്‍ക്ക് ഉള്ളില്‍ എന്തിനെന്നറിയാതെ വല്ലാത്തൊരു ജാള്യത അനുഭവപ്പെട്ടു.


ഇപ്പോള്‍ അവള്‍ പറയുന്നതെന്നല്ല, മിണ്ടാതിരിയ്ക്കുന്നതും, ഫോണില്‍ സംസാരിയ്ക്കു 

ന്നതും, ചിരിയ്ക്കുന്നതും, കരയുന്നതും, അല്പം ക്ഷീണത്തോടെയിരിയ്ക്കുന്നതുമൊക്കെ 

അയാളെ പേടിപ്പിയ്ക്കുകയാണ്. പി.ടി.എ മീറ്റിങ്ങിനു പോയപ്പോള്‍ നീലിമ പല ദിവ 

സവും ലേയ്റ്റ് ആയിട്ടാണ് സ്കൂളില്‍ വരുന്നത് ,ശ്രദ്ധയും കുറവാണ് എന്ന് ക്ലാസ് ടീച്ചര്‍ 

പറഞ്ഞതോടെയാണ് അയാള്‍ക്കീ പേടി തുടങ്ങിയത്. അവളുടെ ഓരോ നീക്കങ്ങളും 

അയാള്‍ നിരീക്ഷിയ്ക്കുകയും അവളുടെ ഓരോ ചലനം പോലും അയാളെ വല്ലാതെ 

ഭയപ്പെടുത്തുകയും ചെയ്തു തുടങ്ങിയതും അന്ന് മുതല്‍ക്കാണ്.


“അമ്മമാരാണ് പെണ്മക്കളുടെ  കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് ”  -ഒരു ദിവസം യാതൊരു 

മുഖവുരയും കൂടാതെ അയാള്‍ പറഞ്ഞപ്പോള്‍ സുഗന്ധി അമ്പരന്നു. “ഞാനവളെ കൃത്യായി 

യോഗാക്ലാസ്സിലും ,സ്കൂളിലും, ഡാന്‍സ്‌ ക്ലാസ്സിലും പറഞ്ഞയയ്ക്ക്ണ് ണ്ട്  , ബ്യൂട്ടിപാര്‍ല 

റില് കൊണ്ടുപോയി  മുടി വെട്ടിയ്ക്ക്ണ് ണ്ട്, പുത്യ ഫാഷനിലുള്ള ഉടുപ്പ് മേടിച്ചു കൊടു 

ക്ക്ണ് ണ്ട്, പിന്നെ ഇന്നാളു  മാസികേല് ഡോക്ടര്‍ എഴുതിയ സമീകൃത ആഹാരോം 

കൊടുക്ക്ണ് ണ്ട് . ഇനിപ്പോ എന്താ ചെയ്യണ്ട് ?” സുഗന്ധി അയാള്‍ പറയുന്നതൊക്കെ

അനുസരിയ്ക്കാറുണ്ടെങ്കിലും അയാള്‍ക്കൊരിയ്ക്കലും  അധികാരഭാവത്തോടെ അവളോടു 

സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. “പഠിത്തത്തിന്റെ കാര്യാച്ചാ നിയ്ക്കൊന്ന്വറീല്യാന്ന് 

നിങ്ങക്കറിഞ്ഞൂടെ  . നിങ്ങളല്ലേ എഞ്ചിനീയറ്  . നിങ്ങള് പഠിപ്പിച്ചാലേ ശര്യാവൂ” എന്ന് 

വിനയത്തോടെ സുഗന്ധി കയ്യൊഴിഞ്ഞു. “എഞ്ചിനീയറ് ! ഞാന്‍ നല്ല മാര്‍ക്കോടെ 

പത്താം ക്ലാസ് ജയിച്ചു. നീയ് അണിഞ്ഞൊരുങ്ങി വര്‍ത്താനോം പറഞ്ഞു നടന്ന് പത്താം 

ക്ലാസ് തോറ്റു. അത്രേ ള്ളൂ വ്യത്യാസം” എന്നയാള്‍ മനസ്സില്‍ പറഞ്ഞു. സിവില്‍ എഞ്ചിനീ 

യറിങ്ങില്‍ എം.ടെക്കും സ്വന്തമായി  കണ്‍സ്ട്രക്ഷന്‍  കമ്പനിയുമുള്ള എഞ്ചിനീയര്‍ 

സുകുമാരന്‍ തരം കിട്ടുമ്പോഴൊക്കെ അത്യദ്ധ്വാനവും അനുഭവപരിചയവും കൊണ്ടു മാത്രം 

സല്‍പ്പേരും പ്രശസ്തിയുമുള്ള തന്നെ അവഹേളിയ്ക്കാറുള്ളത് അയാള്‍ അസ്വസ്ഥത 

യോടെ ഓര്‍ത്തു. പത്താം ക്ലാസ് കഴിഞ്ഞു പഠിയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ചു 

നടക്കുമ്പോഴാണ് അമ്മ ജനാര്‍ദ്ദനന്‍ കോണ്‍ട്രാക്ടറുടെ  കാലു പിടിച്ച് അവിടെയൊരു 

ജോലി വാങ്ങിത്തന്നത്. മിക്ക സമയവും കുടിച്ച് തലയ്ക്കു വെളിവില്ലായിരുന്നെങ്കിലും 

സത്യസന്ധതയും ജോലിയിലുള്ള പ്രാഗത്ഭ്യവും അദ്ദേഹത്തിന് നല്ല പേരുണ്ടാക്കിക്കൊ 

ടുത്തിരുന്നു. തന്റെ കഴിവും അദ്ധ്വാനശീലവും മനസ്സിലാക്കി മുതലാളി പതുക്കെപ്പതുക്കെ 

സ്വയം ചെയ്യേണ്ട കാര്യങ്ങളൊക്കെയും ഇങ്ങോട്ടേല്പിച്ചു തുടങ്ങി. അങ്ങനെയിരിയ്ക്കെ 

ഒരു ദിവസം തന്നെ വിളിച്ച് വളരെ സങ്കടത്തോടെ ഇടയ്ക്കിടെ തേങ്ങിക്കൊണ്ട് പറഞ്ഞു 

“സച്ചിദാനന്ദാ, നീയെന്നെ രക്ഷിയ്ക്കണം, എന്റെ സുഗന്ധി അപ്പറത്തെ തെക്കന്‍ 

വര്‍ഗീസിന്റെ മകന്‍ തോമസുകുട്ടിയുമായി  ഇഷ്ടത്തിലാണ്. നസ്രാണിയ്ക്ക് കൊടുക്കാന്‍ 

വയ്യ. ആരോടും പറയാനും വയ്യ. നെനക്കവളെ കെട്ടിക്കൂടെ? എന്റെ മുഴുവന്‍ സ്വത്തും 

അവള്‍ക്കുള്ളതാ. അവളൊരു പാവാ. എന്നെ രക്ഷിയ്ക്കാന്‍ നീയല്ലാതെ മറ്റാരൂല്യ.” 

മുതലാളി കരയുന്നത് കണ്ടപ്പോള്‍ എതിര്‍ത്തൊന്നും പറയാന്‍ തോന്നിയില്ല. മനസ്സില്ലാ 

മനസ്സോടെ  സമ്മതിച്ചു.


സുഗന്ധിയും സുമയും ഇടയ്ക്കിടെ കാണുകയും എന്തൊക്കെയോ അടക്കം പറഞ്ഞു 

ചിരിയ്ക്കുന്നതുമൊക്കെ കണ്ടപ്പോള്‍ അതിശയം തോന്നി. പ്രതിഷേധവും വെറുപ്പും 

കരച്ചിലുമൊക്കെയാണല്ലോ പ്രതീക്ഷിച്ചിരുന്നത്. ഇതെന്താണിതിങ്ങനെ!  സുഗന്ധിയുടെ 

മുഖത്തേയ്ക്ക് നോക്കാന്‍ പോലും മടിയായിരുന്നു. ഒരു ദിവസം സുമ ഒറ്റയ്ക്കായിരുന്ന 

സമയത്ത് , പെങ്ങളോടു ചോദിയ്ക്കാമല്ലോ എന്ന ധൈര്യത്തോടെ , ഒരിത്തിരി ഗൌര 

വത്തോടെ ചോദിച്ചു “ എന്താ ഈയിടെയായി മുമ്പൊന്നൂല്യാത്ത ഒരു കൂട്ടുകെട്ടും 

വര്‍ത്താനോം?”  “ഇപ്പഴല്ലേ കൂട്ടുകൂടാന്‍ പറ്റൂ കല്യാണം കഴിഞ്ഞാ പിന്നെ നാത്തൂന്‍ 

പോരല്ലേ?” എന്ന് പറഞ്ഞു ചിരിച്ച് അവളാ ഗൌരവം മുഴുവന്‍ കലക്കിക്കളഞ്ഞു.

“ഞാനും തോമസൂട്ടിയും കുട്ടിക്കാലം തൊട്ടേ കളിച്ചു വളര്‍ന്നതാ. അന്ന് മതിലിന്‍റടുത്ത്ള്ള 

പേരമരക്കൊമ്പിലിരുന്നായിരുന്നു ഞങ്ങളുടെ സ്കൂള്‍ വിശേഷം പറയല്. അപ്പഴേ 

അച്ഛനതിഷ്ടല്ലായിരുന്നു. ഇന്നാളൊരിയ്ക്കല്  നല്ല വല്യൊരു പേരയ്ക്ക പഴുത്തങ്ങനെ 

നിക്കണത് കണ്ടപ്പോ ഞാന്‍ തോമസൂട്ട്യോടു ചോദിച്ചു. എന്റെ കൊതി അറിയണതോണ്ട്  

അവനത് പറിച്ചു തന്നു. അതച്ഛന്‍ കണ്ടു. അത്രേണ്ടായിട്ടുള്ളൂ. അല്ലാതെ അച്ഛന്‍ 

വിചാരിയ്ക്കുമ്പോലെ ഞങ്ങള് ഇഷ്ടത്തിലൊന്ന്വായിരുന്നില്ല്യാന്നേ. തോമസൂട്ടിയ്ക്ക് 

ഇപ്പറത്ത് മാത്രല്ലലോ അപ്പറത്തൂല്യേ വീട്, അവനാ മാത്തച്ചന്റെ മോള് മേഴ്സിക്കുട്ട്യായി

ഇഷ്ടത്തിലാ”. കല്യാണം കഴിഞ്ഞ് അവളാദ്യം തന്നോടു പറഞ്ഞതാ പ്രണയകഥ 

യാണ്‌. “എന്നാപ്പിന്നെ കുട്ടിയ്ക്കതച്ഛനോടു പറയായിരുന്നില്യേ? ന്ന്ട്ട്  നല്ലൊരാളെ 

കല്യാണം കഴിയ്ക്കായിര്ന്നില്യേ , എന്തിനാ ഈ ദരിദ്രവാസ്യെ കെട്ടീത് ?” 

ഒരമ്പരപ്പോടെ താന്‍ ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു “ അയിന് 

നിയ്ക്ക് സച്ച്യേട്ടനെ മുമ്പേ ഇഷ്ടായിരുന്നു. പറയാന്‍ പേടിച്ചങ്ങനെ ഇരിയ്ക്കുമ്പോ 

ദൈവായിട്ട് ഒക്കെ  ശര്യാക്കീതാ. ഇനി തോമസൂട്ടി മേഴ്സ്യെ കെട്ടുമ്പോ അച്ഛനൊക്കെ 

മനസ്സിലായ്ക്കോളും. സച്ച്യേട്ടന്‍ അച്ഛന്‍ തന്ന പൈസെട്ത്ത് സുമടെ കല്യാണം 

നടത്താന്‍ നോക്കൂ.” എന്ന്  അവളൊരു ആശ്വാസത്തോടെയും സന്തോഷത്തോടെയും 

പറഞ്ഞു. “അപ്പൊ ഇത്രേം ദിവസം കുട്ടീം സുമേം കൂടി സംസാരിച്ചീരുന്നത് ഇതായി 

രുന്ന്വോ?” എന്നയാളൊരു വല്ലായ്മയോടെ ചോദിച്ചപ്പോള്‍ “അല്ലാണ്ടെ പിന്നെ? 

സുമയ്ക്കൊക്കെ അറിയാം, അമ്മയ്ക്കും അറിയാം ന്നാ തോന്നണ് ” എന്നായിരുന്നു 

സുഗന്ധിയുടെ മറുപടി. അമ്മയും പെങ്ങളും ഭാര്യയും കൂടി തന്നെ പറ്റിച്ചതോര്‍ത്തപ്പോള്‍  

അന്നയാള്‍ക്ക് ചിരി വന്നു. പക്ഷേ ഇന്ന് മകള്‍ തന്നെ പറ്റിയ്ക്കുന്നുണ്ടോ എന്നോര്‍ത്ത 

പ്പോള്‍ അയാള്‍ക്ക്‌ ചിരിയ്ക്കാന്‍ കഴിഞ്ഞില്ല.  


‘മകളെ ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്ന് ’  എന്നു പറഞ്ഞ ജലജട്ടീച്ചറോടയാള്‍ക്ക് 

ദേഷ്യമാണാദ്യം തോന്നിയത്. പക്ഷേ അല്പമൊന്നു ശ്രദ്ധിച്ചതോടെ അയാളുടെയുള്ളില്‍ 

വലിയൊരാധി വളര്‍ന്നു തുടങ്ങി. അവളുടെ വല്ലാത്ത ദേഷ്യവും അനുസരണക്കേടുമാണ് 

ആദ്യം അയാളുടെ ദൃഷ്ടിയില്‍ പെട്ടത്. രാവിലെ സുഗന്ധി ദോശയും ചമ്മന്തിയും

ഡൈനിങ് ടേബിളില്‍ കൊണ്ട് വെച്ചപ്പോള്‍ നീലിമ അവളുടെ പ്ലേറ്റ് തട്ടി മാറ്റി മുഖം 

വീര്‍പ്പിച്ചു കൊണ്ട് എഴുനേറ്റു പോയി. ഉടനെ സുഗന്ധി കുറച്ചു ഫ്രൈഡ് റൈസ് ഉണ്ടാക്കി 

“നാടന്‍ പലഹാരങ്ങളൊന്നും കുട്ടികള്‍ക്കിഷ്ടാവ്ണില്യ . ഇതാവുമ്പോ ഇഷ്ടാണ്. 

പച്ചക്കറ്യൊക്കെ അകത്തു പെട്വേം ചെയ്യൂലോ” എന്നു പറഞ്ഞ് അവളുടെ മുറിയിലേയ്ക്ക് 

കൊണ്ടു പോയി കൊടുത്തു. പലപ്പോഴും അവള്‍ ഭക്ഷണം കഴിയ്ക്കുന്നത് അവളുടെ 

റൂമിലിരുന്നാണ്. മുമ്പൊക്കെ സ്കൂളില്‍ നിന്ന് വന്നാല്‍ അവള്‍ സ്കൂളിലെ വിശേഷങ്ങള്‍ 

വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിയ്ക്കാറുണ്ടായിരുന്നു. കുറച്ചായി ആ പതിവ് നിര്‍ത്തിയി 

രിയ്ക്കുന്നു. അവളുടെ ക്ലാസ്, ടീച്ചര്‍മാര്‍,  കൂട്ടുകാര്‍ - യാതൊന്നും തനിയ്ക്കറിയില്ലല്ലോ 

എന്നയാള്‍ ഓര്‍ത്തു. ദിവസവും ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിയ്ക്കണ 

മെന്നും സ്കൂളിലെ വിശേഷങ്ങളൊക്കെ പറയണമെന്നും അയാള്‍ മകളോട് സൌമ്യമാ 

യൊന്നു പറഞ്ഞു നോക്കി . “വൈ?  ഐ ഡോണ്ട് ലൈക് ദീസ് കൈന്‍ഡ്  ഓഫ് 

ഫോര്‍മാലിറ്റീസ്.  ഡാഡ് യു നോ നത്തിങ് . പ്ലീസ് ഡോണ്ട്  ഡിസ്റ്റേബ്  മീ . ഓകെ”   

അവള്‍ വെറുപ്പ്‌ കലര്‍ന്ന ദേഷ്യത്തോടെ പറഞ്ഞു. ഒന്നും കഴിയ്ക്കാതെ റൂമിലേയ്ക്ക്

പോയ അവളുടെ പിറകെ സുഗന്ധി ഭക്ഷണവും കൊണ്ട് പോകുന്നത് കണ്ടു. അച്ഛനോട് 

അങ്ങനെയൊന്നും പറയരുതെന്ന് അവള്‍ ഉപദേശിച്ചു കാണും. ഉറക്കെയുള്ള കലഹ 

ത്തിന്റെ ശബ്ദം അയാളുടെ കാതുകളിലേയ്ക്കെത്തി. അതിനു ശേഷം നീലിമ സ്വന്തം 

റൂമിലിരുന്നേ ഭക്ഷണം കഴിച്ചിട്ടുള്ളൂ.


മകളുടെ പിറന്നാളിന് പുതിയ ഉടുപ്പ് വാങ്ങാനൊരുങ്ങിയപ്പോള്‍  അവള്‍ പറഞ്ഞു “ആരും 

കൂടെ വരണ്ട. ഞാനെന്റെ ഫ്രന്‍സിന്റെ കൂടെ പോയി വാങ്ങിക്കോളാം” . അവള്‍ വാങ്ങി 

ക്കൊണ്ടു വന്ന ഇറുകിക്കിടക്കുന്ന ജീന്‍സും ടീഷര്‍ട്ടും കണ്ടു അയാള്‍ക്കറപ്പു തോന്നി. 

സുഗന്ധി “ഇതൊക്കെയാണത്രേ ഇപ്പോഴത്തെ ഫാഷന്‍ . ടീവീലോക്കെ കാണുന്നില്ലേ” 

എന്ന് തന്റെ വിഷമം മറച്ചു വെച്ച് കൊണ്ട് പതിയെ പറഞ്ഞു. ഈ വേഷത്തില്‍ അവളെ 

മറ്റുള്ളവര്‍ എങ്ങനെ കാണുമെന്നോര്‍ത്ത് അയാള്‍ നടുങ്ങിപ്പോയി. “ വൈകുന്നേരത്തെ 

പാര്‍ട്ടിയ്ക്കിടാന്‍ മോള്‍ക്ക് അച്ഛനൊരു ചുരിദാര്‍ വാങ്ങിത്തരാമെന്ന് അയാള്‍ പറഞ്ഞ 

പ്പോള്‍  “വൈകുന്നേരത്തെ പാര്‍ട്ടിയോ? ഇനിയും, ആള്‍ക്കാരെ വിളിച്ചു കൂട്ടി അച്ഛന്റേയും 

അമ്മയുടേയും നടുക്ക് നിന്ന് കെയ്ക്ക് മുറിച്ച് ബര്‍ത്ത്ഡേ ആഘോഷിയ്ക്കാന്‍ ഞാനെ 

ന്താ ചെറിയ കുട്ടിയാണോ? മീ & യു മാളിലെ ഹോള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഞാനും എന്റെ 

ഫ്രന്‍സും മാത്രം”. അവളുടെ ഉറച്ച സ്വരത്തെ പ്രതിരോധിയ്ക്കാന്‍ തന്റെ ദുര്‍ബ്ബല ശബ്ദ 

ത്തിനാകില്ലെന്ന് അയാള്‍ക്ക് മനസ്സിലായി. സന്ധ്യ മയങ്ങിയ സമയത്ത് പാര്‍ട്ടി കഴിഞ്ഞു 

തിരിച്ചെത്തിയ മകളുടെ അടുത്ത് അയാള്‍ കുറച്ചു സമയം ചുറ്റിപ്പറ്റി നിന്നു. പ്രത്യേകിച്ച് 

ഗന്ധമൊന്നുമില്ലെന്ന് അയാള്‍ വലിയൊരു സമാധാനത്തോടെ വിലയിരുത്തി. പക്ഷേ 

ഗന്ധമൊന്നുമില്ലാത്ത മദ്യമുണ്ടാകുമോ എന്നൊരു വേവലാതിയിലേയ്ക്ക് അയാളുടെ 

മനസ്സ് ഇടയ്ക്കിടെ ഇടറി വീണു. 


“ഹായ് , സുദിന്‍ ,അയാം നീല്‍ ” എന്ന് പരിചയപ്പെടുത്തിക്കൊണ്ട് അവളൊരിയ്ക്കല്‍ 

ഫോണില്‍ സംസാരിയ്ക്കുന്നത് അയാള്‍  കേട്ടു. താനേറെ ആഗ്രഹിച്ചിട്ട പേര് അംഗ 

വൈകല്യത്തോടെ മുന്നില്‍ നില്‍ക്കുന്നതായി തോന്നി അയാള്‍ക്ക്. ഈ സുദിന്‍ ആരായിരി 

യ്ക്കും എന്ന സംശയം അതിലേറെ അയാളെ വിഹ്വലനാക്കി.  നേരിട്ട് ചോദിയ്ക്കാന്‍ 

ധൈര്യം വരുന്നുമില്ലല്ലോ എന്നയാള്‍ പരിതപിച്ചു.


മക്കളുടെ  അടിപിടി അവസാനിപ്പിയ്ക്കാനാണ് രണ്ടുപേര്‍ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ 

അയാള്‍ വാങ്ങിക്കൊടുത്തത്. രാത്രി മകളുടെ റൂമിന്റെ വാതിലിന്റെ അടിയിലൂടെ കാണുന്ന 

വെളിച്ചം അയാളെ കണക്കറ്റ് പേടിപ്പിച്ചു. ഇത്രയും വൈകി അവളെന്തു ചെയ്യുകയായിരി 

യ്ക്കും? പഠിയ്ക്കുകയാണോ, അതോ ആരോടെങ്കിലും ചാറ്റ് ചെയ്യുകയായിരിയ്ക്കുമോ? – 

ആ വെളിച്ചത്തിന്റെ പിറകെ പോയാല്‍ മറ്റെന്തെങ്കിലും വെളിച്ചത്തു വരുമോ എന്നയാള്‍ 

ഭയന്നു. മകള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്ന് ഉറങ്ങുകയായിരിയ്ക്കുമെന്നൊന്നും ചിന്തി 

യ്ക്കാന്‍ അയാള്‍ക്ക് തോന്നിയതേയില്ല. അവളുടെ കമ്പ്യൂട്ടറും, സ്റ്റഡി ടേബിളും , അലമാ 

രയും, ബുക്കുമെല്ലാം അവളറിയാതെ പരിശോധിയ്ക്കണമെന്ന് അയാളാഗ്രഹിച്ചു. പക്ഷേ 

മകളറിഞ്ഞാല്‍ താന്‍ അവളുടെ കണ്ണില്‍ വളരെ മോശക്കാരനാകുമോ എന്നോര്‍ത്ത് 

അയാള്‍ പിന്മാറി. തളര്‍ന്നുറങ്ങുന്ന സുഗന്ധിയോട് ഒന്നും പറയാന്‍ അയാള്‍ക്ക് മനസ്സ് 

വന്നില്ല.


“ഈ മാര്യേജ് എന്ന ഇന്‍സ്റ്റിറ്റ്യൂഷനോടു തന്നെ എനിയ്ക്ക് മടുപ്പാണ്. ഭര്‍ത്താവ്, ഇന്‍ 

ലോസ്, കുട്ടികള്‍ - ദ സേയ്മ് ഓള്‍ഡ്‌ റിപ്പീറ്റിഷന്‍ . ലിവിങ് റ്റുഗെതര്‍  ആണ് ഞാന്‍ 

പ്രിഫര്‍ ചെയ്യുന്നത് .” ടി.വി.യില്‍ ഒരു ചര്‍ച്ചയില്‍ ഒരു പെണ്‍കുട്ടി ആവേശത്തോടെ 

പറഞ്ഞതു കേട്ട് നീലിമ മുമ്പൊരിയ്ക്കല്‍ കയ്യടിച്ചതോര്‍ത്ത്  അയാളിപ്പോള്‍   

അസ്വസ്ഥനായി.


തന്റെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ആരോടെങ്കിലും എല്ലാം തുറന്നു പറഞ്ഞുകൊണ്ട് 

തേടണമെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ ആരോടു പറയും? പറഞ്ഞാല്‍ അവരത് 

രഹസ്യമാക്കി വെയ്ക്കുകയൊന്നുമില്ലല്ലോ. ഒരു നല്ല കൌണ്‍സിലിങ് കൊടുത്താല്‍ 

അവളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടേയ്ക്കുമെന്നൊരു വിചാരത്തോടെ അയാള്‍ 

കൌണ്‍സെലര്‍മാരെ അന്വേഷിച്ചു. പ്രശസ്തരായ രണ്ടുപേരെ കണ്ടെത്തി. 

അതിലൊരാള്‍ പുരുഷനാണ്. അയാളുടെ അടുക്കലേയ്ക്ക് മകളെ അയയ്ക്കാന്‍ ആ 

അച്ഛന് മനസ്സ് വന്നില്ല. മറ്റെയാള്‍ സ്ത്രീയാണെങ്കിലും അന്വേഷിച്ചപ്പോഴാണ് അവര്‍ 

സുകുമാരന്റെ ഭാര്യയുടെ അനുജത്തിയാണെന്നറിഞ്ഞത്. ഒരു തീരുമാനമെടുക്കാന്‍ 

കഴിയാതെ അയാള്‍ കുഴങ്ങി.


വലിയ  ദേഷ്യമൊന്നും വേണ്ട, ഒരു ചെറിയ നീരസത്തോടെ താനോ സുഗന്ധിയോ ഒന്നു 

നോക്കിയാല്‍ മതി, ഏറെ നേരം തേങ്ങിത്തേങ്ങിക്കരയുമായിരുന്നു നീലിമ . എപ്പോഴാണ് 

അവളിങ്ങനെ മാറിയതെന്ന് ,എവിടെയാണ് താളം പിഴച്ചതെന്ന് എത്ര ആലോചിച്ചിട്ടും 

അയാള്‍ക്ക്  കണ്ടെത്താനായില്ല. മക്കള്‍ രണ്ടുപേരും ഒരുമുറിയില്‍ ത്തന്നെ കിടക്കട്ടെ 

എന്ന് അയാള്‍ പറഞ്ഞത് എ.സി.യുടെ ഉപയോഗം കുറയ്ക്കാനാണെന്നു പറഞ്ഞു മക്കള്‍ 

പരിഹസിച്ചുവെങ്കിലും അവരെപ്പോഴും ഒന്നിച്ച് സ്നേഹത്തോടെ ജീവിയ്ക്കട്ടെ എന്നായി 

രുന്നു മനസ്സില്‍. പക്ഷേ ഒരു രാത്രി നീലിമ അനുജനെ മുറിയില്‍ നിന്നും പുറത്താക്കി 

വാതിലടച്ചു, മേലില്‍ അങ്ങോട്ട്‌ കയറരുതെന്ന് വിലക്കുകയും ചെയ്തു. അതവളുടെ 

സ്വാര്‍ത്ഥതയായേ അന്നയാള്‍ക്ക് തോന്നിയുള്ളൂ. പക്ഷേ ഇപ്പോഴയാള്‍ക്ക് അതോര്‍ത്ത് 

ഭയം തോന്നുകയാണ്. അവനെന്തെങ്കിലും അരുതാത്ത പ്രവൃത്തി... അങ്ങനെ ആലോചി 

യ്ക്കാന്‍ പോലും കഴിയാതെ അയാള്‍ വിറച്ചു. നീരദ് നീലിമയെ ആക്രമിയ്ക്കുന്ന കാഴ്ച , 

അപ്പോള്‍ അവന്റെ കുട്ടിത്തം വിടാത്ത മുഖത്ത് തെളിഞ്ഞ പൌരുഷത്തിന്റെ പുതിയ 

നീചഭാവങ്ങള്‍... അയാളുടെ സ്വപ്നത്തില്‍ ആവര്‍ത്തിച്ചു വന്നു.


ഓല മെടഞ്ഞ തട്ടിക കൊണ്ട് ആകെയുണ്ടായിരുന്ന ചെറിയ മുറിയില്‍ ഒരു മുറി കൂടി 

പണിത് അനുജത്തിയ്ക്ക് ഉറങ്ങാനും ഉടുപ്പ് മാറ്റാനും പ്രൈവസിയുണ്ടാക്കി കൊടുത്ത് 

ഒരാങ്ങളയുടെ കടമ നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ  കഴിഞ്ഞ കാലം പിന്നിട്ട് ദൂരം 

കുറെ കഴിഞ്ഞിരിയ്ക്കുന്നു. അടച്ചുറപ്പില്ലാത്ത ആ  വീട്ടില്‍ കഴിയുമ്പോഴുണ്ടായിരുന്ന 

സുരക്ഷിതത്വബോധം പോലും ആവശ്യത്തിലധികം വലിപ്പവും ഉറപ്പുമുള്ള ഈ വീട്ടില് 

കിട്ടുന്നില്ലല്ലോ എന്നയാള്‍ സങ്കടപ്പെട്ടു. ജനാര്‍ദ്ദനന്‍ മുതലാളിയുടെ സത്യസന്ധതയായി 

രുന്നു അയാളുടെ ഉയര്‍ച്ചയുടെ അടിത്തറ. അയാളുടെ വിദ്യാഭ്യാസയോഗ്യത നോക്കിയല്ല, 

തട്ടിപ്പും വെട്ടിപ്പുമില്ലാതെ കൃത്യമായി ജോലി ചെയ്യുന്ന ആത്മാര്‍ത്ഥത കണക്കിലെടുത്താ 

ണ്  ആളുകള്‍ സ്ഥിരമായി പണിയേല്പിച്ചു കൊണ്ടിരുന്നത്. കൂറ്റന്‍ ഷോപ്പിങ് കോംപ്ലക്സു 

കള്‍ മാത്രമല്ല, ചെലവു കുറഞ്ഞ , ഉറപ്പും ഭംഗിയുമുള്ള കൊച്ചു വീടുകളും അയാള്‍ പണിതു 

കൊടുത്തു. അതാണയാളെ  സദാ തിരക്കുള്ള എഞ്ചിനീയര്‍ സച്ചിദാനന്ദനാക്കി മാറിയത്. 

പക്ഷേ താന്‍ പണിതുയര്‍ത്തിയ സ്വപ്നസൌധം അടിത്തറയോളം വിള്ളല്‍ വീണു 

തകര്‍ന്നു വീഴാനൊരുങ്ങുന്ന കാഴ്ച ഒരു ദീര്‍ഘദര്‍ശിയെപ്പോലെ അയാളറിഞ്ഞു. മറ്റെല്ലാ 

ഭാവങ്ങളും പോയിപ്പോയി ഭയം എന്ന ഒരൊറ്റ ഭാവത്തിലേയ്ക്ക് താനൊതുങ്ങുന്നതായി 

അയാള്‍ക്ക് തോന്നി.  


നീലിമയും നീരദും കൂടി കലഹിയ്ക്കുന്ന ശബ്ദം കേട്ടാണ് ഒരു ദിവസം അയാള്‍ മുകളി 

ലേയ്ക്ക് കയറിച്ചെന്നത്. സുമയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നു കൊടുത്ത 

ടാബ് കിട്ടാനാണ്‌ വഴക്ക്. “യൂ ഡോണ്ട് തിങ്ക്‌ ദാറ്റ്‌ അയാം  എ ഫൂള്‍ , ഐ നോ എവരി 

തിങ് , ഞാന്‍ അച്ഛനോട് പറയും” അവന്റെ ഭീഷണിയ്ക്കു മുന്നില്‍ നിവൃത്തിയില്ലാതെ 

താഴ്ന്ന് അവളാ ടാബ് അവനു കൊടുത്ത് വാതില്‍ വലിച്ചടച്ച് തന്റെ പ്രതിഷേധമറിയിച്ചു. 

എന്തു പറഞ്ഞാണ് നീരദ് അവളെ ഭീഷണിപ്പെടുത്തിയത്? അയാള്‍ അവനെ അടുത്ത് 

വിളിച്ച് വളരെ സൌമ്യമായിത്തന്നെ കാര്യം തിരക്കി. “നതിങ് ഡാഡ്” അവന്‍ 

ചുമലുകളിളക്കിക്കാണിച്ച് അയാളുടെ മുഖത്തേയ്ക്കൊന്നു നോക്കുക പോലും ചെയ്യാതെ 

സ്ഥലം വിട്ടു. 


ബില്‍ഡിങ് മെററീരിയല്‍സ്, ഇന്റീരിയര്‍ ഡെക്കറേഷന്‍, കണ്‍സ്ട്രക്ഷന്‍ - ഇവയെക്കുറി 

ച്ചറിവു തരുന്ന സൈറ്റുകള്‍; മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ സുഹൃത്തുക്കളുമായി ഇ മെയില്‍ 

ബന്ധം – ഇവയിലൊതുങ്ങുന്നു അയാളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം. കൌമാരപ്രായക്കാരു 

ടെ ലീലാവിലാസങ്ങള്‍ വീഡിയോ അടക്കമുള്ള അശ്ലീല വെബ്സൈറ്റുകളെപ്പറ്റി അയാള്‍ 

കേട്ടിട്ടുണ്ട്. പക്ഷേ എങ്ങനെ അവിടെ എത്തിച്ചേരുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. 

ആരോടും ചോദിച്ചു മനസ്സിലാക്കാന്‍ അഭിമാനം അയാളെ സമ്മതിച്ചതുമില്ല. നീലിമയുടെ 

ചിത്രങ്ങള്‍ അങ്ങനെയൊന്നും വന്നിട്ടുണ്ടാവരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു . നീരദിനെ  ഒരു 

ഫുള്‍സ്ലീവ് ഷര്‍ട്ടിട്ടു കണ്ടാല്‍ക്കൂടി അയാള്‍ പേടിച്ചു, കയ്യിലുള്ള പാടുകള്‍ മറയ്ക്കാനാകു 

മോ എന്ന്. കുത്തിവെപ്പായും പുകയായുമുള്ള മയക്കുമരുന്നുകളെക്കുറിച്ചേ അയാള്‍ക്കറിയാ 

മായിരുന്നുള്ളൂ. 


“നോക്കൂ” , ഒരു ദിവസം മൊബൈലും കയ്യില്‍ പിടിച്ച് സുഗന്ധി അയാളുടെ അടുത്തുവന്നു. 

“ഇതില് വാട്സ് ആപ്പ് കിട്ട്വോ? ഇന്നലെ നമ്മള് സജീവിന്റെ റിസപ്ഷന് പോയപ്പോ 

അവടെ കൊറേ പേര് എന്നോടു ചോദിച്ചു, വാട്സ് ആപ്പിലൊന്നും കാണണില്യലോ, 

എടുത്തില്ലേന്ന് . ഇപ്പൊ ഫെയ്സ് ബുക്കൊക്കെ പഴഞ്ചനായീത്രേ . ഫോട്ടോ കാണാം, 

ചാറ്റീയാം, പോസ്റ്റീയാം ന്നൊക്കെ പറയണ്ണ്ടായിരുന്നു. ഇതിലൊന്ന് ശര്യാക്കിത്തര്വോ?” 

സുഗന്ധി മൊബൈലും നീട്ടി മുന്നില്‍നിന്നപ്പോള്‍ അയാളവളെ പകച്ചു നോക്കി. “എന്താ, 

തെരക്കാണോ? ന്നാ പിന്നെ മതി” എന്നും പറഞ്ഞ് അവള്‍ പോയി.  


വര്‍ക്ക് സൈറ്റുകളില്‍ മാറി മാറി ഓടിനടന്നു വൈകി മാത്രം വീട്ടിലെത്തിയിരുന്നതും 

എല്ലാം പാവം സുഗന്ധിയെ ഒറ്റയ്ക്കേല്പിച്ചതും ഒട്ടും കാര്‍ക്കശ്യം കാണിയ്ക്കാതിരുന്ന 

തുമൊക്കെ വലിയ തെറ്റായിപ്പോയെന്നയാള്‍ക്ക് തോന്നി. അന്നും പതിവുപോലെ വീട്ടി 

ലെത്തിയ അയാളോട് സുഗന്ധി വല്ലാത്ത പരിഭ്രമത്തോടെ പറഞ്ഞു, “അതേയ്, പെണ്ണ് 

നീം എത്തീട്ടില്യ. ഡാന്‍സ്‌ ക്ലാസ്സിലും ചെന്നിട്ടില്യാത്രേ” അയാളത് കേള്‍ക്കാത്ത ഭാവ 

ത്തില്‍ മുറിയില്‍ക്കയറി വാതിലടച്ചു. തിരക്കിട്ട് ജലജട്ടീച്ചറുടെ നമ്പറെടുത്തു. “സര്‍, ഞാന്‍ 

വിളിയ്ക്കണമെന്നു വിചാരിച്ചിരിയ്ക്കുകയായിരുന്നു. എങ്ങനെയുണ്ട് വൈഫിന്? ദിവ്യാ 

രമേശ്‌ ലീവ് ലെറ്റര്‍ കൊണ്ടുത്തന്നപ്പോഴാണ് വിവരമറിഞ്ഞത് . കാര്‍ഡിയാക് പ്രോബ്ല 

മാണല്ലേ? രാവിലെ ഒന്നു ഫോണ്‍ ചെയ്തു  പറയാമായിരുന്നു. പിന്നെ സാറിന്റെ സൈന്‍ 

കണ്ടതു കൊണ്ട് തല്‍ക്കാലം സാരമില്ലെന്നു വെച്ചു. സ്കൂളിന്റെ റൂള്‍ അങ്ങനെയായത് 

കൊണ്ട് പറഞ്ഞതാണേ, പ്ലീസ് ഡോണ്ട് മിസ്‌ അണ്ടര്‍  സ്റ്റാന്‍ഡ് ”  ജലജട്ടീച്ചറുടെ 

വാക്കുകള്‍ തന്റെ സങ്കല്പങ്ങളുടേയും, യാഥാര്‍ത്ഥ്യത്തിന്റേയും അതിര്‍വരമ്പുകള്‍ മായ്ച്ചു 

കളയുന്നതായി അയാള്‍ക്ക് തോന്നി. “കുഴപ്പമില്ല” എന്നു മാത്രം പറഞ്ഞു അയാള്‍ 

ഡിസ്കണക്റ്റ് ചെയ്തു. വല്ലാത്തൊരു പരിഭ്രാന്തിയോടെ അയാള്‍ തന്റെ ഫയലുകള്‍ 

എടുത്തു പരിശോധിച്ചു , ചെക്ക് ലീഫുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്  ഉറപ്പു വരുത്തി. 

ഇനിയെന്ത് ചെയ്യും...? കോണ്‍ട്രാക്ടര്‍ രമേശന്‍... തന്റെ കീഴില്‍ നിന്ന് ജോലി പഠിച്ച 

താണയാള്‍ . വിശ്വസിയ്ക്കാമെന്നാണ് തോന്നിയിട്ടുള്ളത്. ചോദിച്ചു നോക്കാം . തിരക്കി 

ട്ടിറങ്ങിപ്പോകുന്ന ഭര്‍ത്താവിനോട്, “സച്ച്യേട്ടാ, മോളെത്തീട്ടില്യ. ഒന്നു നോക്കൂ.” എന്ന് 

പരിഭ്രമത്തോടെ സുഗന്ധി കരഞ്ഞു. “ ഓ! ഞാനത് പറയാന്‍ മറന്നു പോയി. അവള്‍ ഒരു 

സ്റ്റഡി ടൂറിനു പോയിരിയ്ക്കുകയാണ്. സ്കൂളില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. ഞാന്‍ 

പൈസ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞേ വരൂ” എന്നയാള്‍ ധൃതിയിലെന്നവണ്ണം 

പറഞ്ഞൊപ്പിച്ചു. “ഹാവൂ, സമാധാനായി. സച്ച്യേട്ടന് മറക്കാന്‍ കണ്ട ഒരു കാര്യേ. 

ഞാമ്പേടിച്ചൊരു  പേടി. അപ്പൊ ഡ്രസ്സൊക്കെ വേണ്ടേ?” അതായി സുഗന്ധിയുടെ 

അടുത്ത വേവലാതി. “അതൊക്കെ അഡ്ജസ്റ്റ് ചെയ്തോളാമെന്നു പറഞ്ഞു. സൈറ്റിലൊ 

രത്യാവശ്യം. ഞാനിപ്പോള്‍ വരാം” എന്നു പറഞ്ഞ് അയാള്‍ ഓടിയിറങ്ങി.    


“രമേശാ, മോളെ ഒന്ന് വിളിയ്ക്കൂ, സ്കൂളിലെ ഒരു കാര്യം ചോദിയ്ക്കാനാണ്.” ആകെ 

തളര്‍ന്ന് ചുമരും ചാരിനിന്നുകൊണ്ട് അയാള്‍  പറഞ്ഞത് ഒരു കരച്ചില്‍ പോലെയാണ് 

രമേശന്‍ കേട്ടത്. “അവള്‍ക്കു നാളെ എക്സാമാ. ധാരാളം പഠിയ്ക്കാനുണ്ടത്രേ” വിളി 

യ്ക്കാന്‍ പോയ ഭാര്യ തിരിച്ചു വന്നപ്പോള്‍  “ദിവ്യാ, മര്യാദയ്ക്കിങ്ങോട്ടു വരുന്നതാണ് 

നല്ലത് ” എന്ന് രമേശന്‍ ശബ്ദമുയര്‍ത്തി. ‘ഇവനിത്രയും ശബ്ദമോ’ എന്നയാള്‍ അമ്പര 

ന്നു. മുഖത്തേയ്ക്കു നോക്കാതെ തല താഴ്ത്തി നില്‍ക്കുന്ന ദിവ്യയെ അയാള്‍ പുറത്തേ 

യ്ക്ക് വിളിച്ചു കൊണ്ടുപോയി. “മോളേ, സത്യം പറ, നീലിമ എവിടെ”? അയാള്‍ മുഖവുര 

യൊന്നുമില്ലാതെ ചോദിച്ചു.“അറിയില്ല” അവള്‍ മുഖമുയര്‍ത്താതെത്തന്നെ പഞ്ഞു. 

“മോള്‍ക്കറിയാം, ഞാനവളുടെ അച്ഛനല്ലേ ,ഒന്നു പറ. നാളെ ഞാനവളെ ഏതവസ്ഥയി 

ലാണ് കാണേണ്ടി വരിക”? ഒരു വിലാപം പോലെയുള്ള ആ ചോദ്യം കേട്ടപ്പോള്‍ അവള്‍ 

മുഖമുയര്‍ത്തി ഒരു തേങ്ങലോടെ പറഞ്ഞു,”നീലിമ എങ്ങോട്ടോ പോയിരിയ്ക്കുകയാണ്. 

ലീവ് ലെറ്റര്‍ കൊടുക്കണമെന്ന് നിര്‍ബ്ബന്ധിച്ചതു കൊണ്ടാ ഞാനത് ചെയ്തത്. 

അല്ലെങ്കില്‍ അവളെന്നെ ഉപദ്രവിയ്ക്കും. എനിയ്ക്കവളെ പേടിയാ. ഇപ്പോള്‍ ഞങ്ങള്‍ 

തമ്മില്‍ പണ്ടത്തെ അടുപ്പമൊന്നുമില്ല. അവള്‍ പലപ്പോഴും എന്നോട് മിണ്ടാറേ ഇല്ല . 

ഞാന്‍ പറയുന്നതൊന്നും അവള്‍ക്കിഷ്ടവുമല്ല”. കാര്യങ്ങള്‍ ഏകദേശം മനസ്സിലായ 

പോലെ അയാള്‍ ചോദിച്ചു, “ ആരുടെ കൂടെയാ പോയിരിയ്ക്കുന്നത്?” സ്കൂളിന്റെ 

അടുത്ത് ഇന്റര്‍നെറ്റ് കഫെ നടത്തുന്ന ആള്‍ക്കാര്‍. അവര്‍ മൂന്നു പേരുണ്ട് . ഒരാളുടെ പേര് 

സുദിന്‍ എന്നാണ്. മറ്റുള്ളവരെ എനിയ്ക്കറിയില്ല.” പെട്ടെന്ന് തേങ്ങല്‍ മാറ്റി ഉറച്ച ശബ്ദ 

ത്തില്‍ അവള്‍ പറഞ്ഞു , “അങ്കിള്‍ , നീലിമയുടെ പോക്ക് അപകടത്തിലേയ്ക്കാണ്. 

അവള്‍ ആദ്യം ഇങ്ങനെയൊന്നുമായിരുന്നില്ല. ആ ഡെയ്സിയുമായി കൂട്ടുകൂടിയതിനു 

ശേഷമാ ഇങ്ങനെയായത്. ഡെയ്സിയുടെ നമ്പര്‍ എന്റെ കയ്യിലുണ്ട്. അവളാ നമ്പര്‍ 

എല്ലാര്‍ക്കും കൊടുക്കുകയും വിളിയ്ക്കാന്‍ നിര്‍ബ്ബന്ധിയ്ക്കുകയും ചെയ്യാറുണ്ട്. എന്റെ 

സംശയം അതാ മൂന്നു പേരിലൊരാളുടെ നമ്പറാണോ എന്നാണ്. അങ്കിള്‍ ഒന്നു ട്രൈ 

ചെയ്തു നോക്കു. എങ്ങനെയും നീലിമയെ രക്ഷിയ്ക്കണം. അവളിങ്ങനെ ആകേണ്ട 

വളല്ല.” ദിവ്യ കൊടുത്ത നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത് അയാള്‍ തിരിഞ്ഞു നടക്കു 

മ്പോള്‍  അവള്‍ വീണ്ടും അയാളെ വിളിച്ചു. “അങ്കിള്‍ ഞാനിത് ആരോടും പറയില്ല, എന്റെ 

പേരന്റ്സിനോടു പോലും.” രമേശന്റെ ഉയര്‍ന്ന ശബ്ദത്തിന്റെ ഗുണവും അര്‍ത്ഥവും ആ 

നിമിഷം  അയാള്‍ക്ക് മനസ്സിലായി.


പല തവണ ശ്രമിച്ചിട്ടും കിട്ടിയില്ല. റെയ്ഞ്ച് ഇല്ലാത്ത എവിടെയോ ആണവരെന്ന് 

അയാള്‍ക്ക് മനസ്സിലായി. തുടരെത്തുടരെ ശ്രമിച്ചപ്പോള്‍ എപ്പോഴോ ഫോണ്‍ റിങ് 

ചെയ്തു തുടങ്ങി. കുറേ കഴിഞ്ഞപ്പോഴാണ് ആരോ ഫോണെടുത്തത്. ഇഴഞ്ഞ ശബ്ദം. 

കുടിച്ചിട്ടായിരിയ്ക്കുമോ? “നീലിമയ്ക്ക് കൊടുക്കൂ” എന്ന് മാത്രം അയാള്‍ പറഞ്ഞു. 

“നീയെവിടെയാ?” എന്ന ചോദ്യത്തിന് “ഓ അന്വേഷണം തുടങ്ങി അല്ലേ? ഒളിച്ചോടി 

യതൊന്നുമല്ല. എന്നാല്‍ ടവര്‍ നോക്കി പോലും കണ്ടുപിടിയ്ക്കരുതെന്നു കരുതി  ഫോണ്‍ 

സ്വിച്ച് ഓഫ് ചെയ്യുമായിരുന്നല്ലോ. ഞാനെന്റെ ഫ്രന്‍സുമൊത്ത് ഒരു യാത്രയിലാണ്. ജസ്റ്റ്‌ 

ടൂ ഡെയ്സ്. സുദിന്റെ ബര്‍ത്ത്ഡേ സെലിബ്രേഷന്‍. വെറുതെ ബഹളം വെച്ച് മറ്റുള്ള 

വരെ അറിയിയ്ക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നന്ന്. എനിയ്ക്ക് എന്തായാലും പ്രശ്നമൊന്നു 

മില്ല.” എന്നൊരു മടുപ്പ് നിറഞ്ഞ ശബ്ദത്തില്‍ അവള്‍ ഒറ്റയടിയ്ക്ക് പറഞ്ഞു തീര്‍ത്തു.

“ നിനക്കൊന്നു പറയാമായിരുന്നില്ലേ?” എന്ന് മാത്രമേ അയാള്‍ക്ക് ചോദിയ്ക്കാന്‍ 

കഴിഞ്ഞുള്ളു. “പറഞ്ഞാല്‍...വിടുമോ? അല്ലെങ്കിലും എന്തിനു പറയണം? അയാം നോട്ട് 

എ കിഡ്. എന്റെ കാര്യം ഞാന്‍ തീരുമാനിയ്ക്കും.  ഞാന്‍ വെയ്ക്കുന്നു. ഇനി 

വിളിയ്ക്കണ്ട.” അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യുമ്പോള്‍ അപ്പുറത്ത് നിന്നുയര്‍ന്ന 

പരിഹാസം  കലര്‍ന്ന ഒരു കൂട്ടച്ചിരിയുടെ അലകള്‍  അയാളുടെ വിറയ്ക്കുന്ന 

മനസ്സിലേയ്ക്ക് നുരഞ്ഞു കയറി.


“സച്ച്യേട്ടാ ഇങ്ങനെ ഒറങ്ങാതിരുന്നാ വല്ല അസുഖോം പിടിയ്ക്കും. കണ്ടില്ല്യേ 

ഇപ്പത്തന്നെ തല മുക്കാലും നരച്ചു. നമുക്ക് സുഖായി ജീവിയ്ക്കാന്‍ വേണ്ടതൊക്കെ 

ണ്ടല്ലോ. ഇങ്ങനെ സ്വയം മറന്ന് അദ്ധ്വാനിച്ചാ പറ്റില്ല്യാട്ടോ .എപ്പ നോക്ക്യാലും പണി. 

അല്ലാത്തപ്പോ ആലോചന.” സുഗന്ധിയുടെ ആവലാതി കേട്ടപ്പോള്‍ മനസ്സ് കരഞ്ഞു. ഇവ 

ളൊന്നുമറിയുന്നില്ലല്ലോ... നീരദ് തനിയ്ക്കെല്ലാമറിയാമെന്ന ഭാവത്തിലൊന്നുനോക്കി. 

ഇതൊക്കെ പ്രതീക്ഷിച്ചതാണെന്ന മട്ടില്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോവുകയും 

ചെയ്തു.


മകള്‍ വന്നാല്‍ അവളോടു എങ്ങനെ പെരുമാറണം, എന്തു പറയണമെന്ന ചിന്തയിലായി 

രുന്നു അയാള്‍. പലപാടാലോചിച്ചിട്ടും അയാള്‍ക്കൊരു തീരുമാനത്തിലെത്താന്‍ കഴി 

ഞ്ഞില്ല. അവളി പ്പോള്‍ എന്ത് ചെയ്യുകയായിരിയ്ക്കുമെന്നോര്‍ത്ത് അയാള്‍ക്കുറക്കം വന്നി 

ല്ല. ഒരു പെണ്‍കുട്ടിയേയും കൊണ്ട് യാത്രയ്ക്കിറങ്ങിയവര്‍ വെറുതെ പരസ്പരം നോക്കി 

യിരുന്ന് ഒരുല്ലാസയാത്രയും നടത്തി തിരിച്ചു പോരുമെന്ന് അയാള്‍ക്ക് തോന്നിയില്ല. രണ്ടു 

ദിവസത്തെ യാത്ര ,ഭക്ഷണം, വസ്ത്രം ഇവയ്ക്കൊക്കെയുള്ള പണം അവര്‍ തിരിച്ചൊ 

ന്നും പ്രതീക്ഷിയ്ക്കാതെ ചെലവാക്കുമെന്ന് എങ്ങനെ കരുതും?പുറംലോകമറിഞ്ഞാല്‍ ... 

ഒരു കൂട്ട ആത്മഹത്യയേ വഴിയുള്ളൂ. മക്കളെ മര്യാദയ്ക്ക് വളര്‍ത്തണം എന്നാക്രോശി 

ച്ചുകൊണ്ട് ഒരായിരം ചൂണ്ടു വിരലുകള്‍ തങ്ങള്‍ക്കു നേരെ നീളുന്നതായയാള്‍ക്ക് തോന്നി.

പെട്ടെന്നയാളുടെ  മനസ്സൊന്നാളി, ഈശ്വരാ മുകുന്ദേട്ടനറിഞ്ഞാല്‍... എപ്പോഴും 

ആത്മവിശ്വാസം തന്നു കൂടെ നില്‍ക്കാറുള്ള ആളാണ്‌.  “ക്വാളിഫിക്കേഷന്‍ കുറവാണെന്ന് 

വെച്ച് നീ ആര്‍ക്കും  പിന്നിലല്ല. കരിയറില്‍ നീ അപ് ടു ഡേറ്റ് ആണ്. അതാണ്‌ നിന്റെ 

വിജയരഹസ്യവും. നീ എന്നേ എസ്റ്റാബ്ലിഷ്ഡ് ആയിക്കഴിഞ്ഞു. സ്വന്തമായി ഒരു 

കണ്‍സ്ട്രക്ഷന്‍ കമ്പനിയെക്കുറിച്ച് ഇനിയും ആലോചിയ്ക്കാത്തതെന്താ ? ഒന്നും 

പേടിയ്ക്കാനില്ല. ഞാന്‍ കൂടെയുണ്ടാകും.” അങ്ങനെയൊക്കെ പറഞ്ഞു കേള്‍ക്കുന്നതേ 

ഭാഗ്യമാണ്.  മുകുന്ദേട്ടനെപ്പോലെ അത്രയും ഉയര്‍ന്ന പൊസിഷനില്‍ നില്‍ക്കുന്ന ഒരാള്‍ 

തന്നോടു സംസാരി യ്ക്കുന്നതു തന്നെ അത്ഭുതം. “ഒക്കെ ചെയ്യാന്‍ പ്ലാനുണ്ട് മുകുന്ദേട്ടാ, 

പക്ഷേ ഇപ്പോള്‍ വേണ്ട. കുട്ടികള്‍ വലുതാവട്ടെ. നീലിമ ഒരു ആര്‍ക്കിടെക്റ്റാകട്ടെ. 

നീരദിനെ സിവില്‍ എഞ്ചിനീയര്‍ ആക്കണം. എന്നിട്ടു വേണം... അര്‍ഹതയുള്ളവര്‍ തന്നെ 

ആ സ്ഥാനത്തിരിയ്ക്കട്ടെ.” ആ മോഹം തുറന്നുപറഞ്ഞത്  മുകുന്ദേട്ടനോട് മാത്രമാണ്. 

സുഗന്ധിയോടു പറഞ്ഞാല്‍ അവള്‍ അപ്പോഴേ മനക്കോട്ട കെട്ടാന്‍ തുടങ്ങും.“ആയ്ക്കോട്ടെ

നിന്റെ ഇഷ്ടം പോലെ, പക്ഷേ നീലിമയെ എനിയ്ക്ക് വേണം . അതിനൊരെതിരും 

പറയരുത്.” മുകുന്ദേട്ടന്‍ ഓര്‍മ്മിപ്പിച്ചു. “ഒരെതിര്‍പ്പുമില്ല സന്തോഷമേയുള്ളൂ. മുകുന്ദേട്ടന്‍ 

എടുത്തോളൂ.” ഒരു സംശയവും കൂടാതെ വാക്കു കൊടുത്തു. ഇതില്പരം ഭാഗ്യമെന്തു വേണം? 

മുകുന്ദേട്ടന്റെ മകന്‍  ആദര്‍ശ്  മെഡിസിനു പഠിയ്ക്കുകയാണ്. എല്ലാം കൊണ്ടും മിടുക്കന്‍. 

മുകുന്ദേട്ടനും രമച്ചേച്ചിയ്ക്കും പെണ്മക്കളില്ല്ലാത്തതു കൊണ്ട് പണ്ടേ നീലിമയെ വലിയ 

ഇഷ്ടമാണ്. ആ സന്തോഷമെല്ലാം മനസ്സിലടക്കി വെച്ചതേയുള്ളൂ. സുഗന്ധിയോടു

പോലും പറഞ്ഞില്ല. എങ്ങാനും നീലിമ അറിഞ്ഞാല്‍ അവളുടെ ശ്രദ്ധ പഠിത്തത്തില്‍ 

നിന്നും മാറിപ്പോയെങ്കിലോ എന്ന് പേടിച്ചു. ഇപ്പോള്‍ തോന്നുന്നു അവളിതറിഞ്ഞിരുന്നുവെ 

ങ്കില്‍ ഇങ്ങനെ വഴി തെറ്റിപ്പോകില്ലായിരുന്നുവെന്ന് . മുകുന്ദേട്ടനിതറിഞ്ഞാല്‍, രമച്ചേച്ചിയ 

റിഞ്ഞാല്‍... സാമ്പത്തികസ്ഥിതി നോക്കിയിട്ടില്ല, തറവാട് നോക്കിയിട്ടില്ല... തന്നോടുള്ള 

മമത, നീലിമയോടുള്ള ഇഷ്ടക്കൂടുതല്‍ - മറ്റൊന്നും അവര്‍ ചിന്തിച്ചിട്ടില്ല. ആ വിവരം 

കെട്ട പെണ്ണ് എല്ലാം തുലച്ചു കളഞ്ഞല്ലോ... ഇനി ഒന്നും, ഒരു ഭാഗ്യവും പ്രതീക്ഷിയ്ക്കാ 

നില്ല .


ഉറക്കം  പിടിയ്ക്കും മുമ്പേ എന്തോ ഓര്‍ത്തെന്ന പോലെ സുഗന്ധി തിരിഞ്ഞു കിടന്നു 

ചോദി ച്ചു. “സച്ച്യേട്ടന്‍ അവള്‍ക്ക് പുത്യ മൊബൈല് വാങ്ങിക്കൊടുത്തൂല്ലേ .ഇന്നലെ 

രാത്രി ചോറും കൊണ്ട് ചെന്നപ്പഴാ ഞാനതവള്‍ടെ കയ്യില് കണ്ടത്. അച്ഛന്‍ സര്‍പ്രൈസ് 

ഗിഫ്റ്റ് തന്നൂന്നാ അവള് പറഞ്ഞത്. ഇപ്പെന്തിനാ ഗിഫ്റ്റ്? കാക്കൊല്ല പരീക്ഷടെ റിസള്‍ട്ട് 

അറിഞ്ഞ്വോ? എന്താ എന്നോടൊന്നും പറയാതിരുന്ന്? എന്നെ കണ്ടപ്പോ അവളത് 

ഒളിപ്പിച്ചു വെയ്ക്കാന്‍ നോക്കി. നീരദാന്ന്  കരുതീട്ടാവും. ന്നാ ചെക്കന്വോന്നു വാങ്ങിക്കൊ 

ടുക്കായിര്ന്നില്യേ ? ഇനി അതിന്റെ പേരിലാവും അടിപിടി...അതേയ് ഇനി ഓരോന്നാ 

ലോചിച്ചു കെടക്കാതെ വേഗം ഒറങ്ങാന്‍ നോക്കൂ. നിയ്ക്ക് വയ്യ, വല്ലാത്ത ക്ഷീണം...” 

നിമിഷങ്ങള്‍ക്കുള്ളില്‍ സുഗന്ധി ഉറങ്ങുകയും ചെയ്തു. അപ്പോള്‍...അവളുടെ കയ്യില്‍ 

മൊബൈലുണ്ടായിരുന്നു. അവരാരെങ്കിലും കൊടുത്തതാകും.


“അച്ഛാ, തെറ്റ് പറ്റിപ്പോയി , എന്നെ രക്ഷിയ്ക്കൂ അച്ഛാ ,എനിയ്ക്ക് പേടിയാവുന്നു”  എന്ന് 

ഒന്നും ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന തന്റെ കാല്‍ക്കല്‍ വീണു കരയുന്ന നീലിമയും 

വാര്‍ത്താ ചാനലുകളുടെ അനേകം മൈക്കുകളോടൊപ്പം അവള്‍ക്കു നേരെ നീളുന്ന 

ചോദ്യശരങ്ങളും കൌതുകവും അവജ്ഞയും നിറഞ്ഞ കണ്ണുകളും അയാളുടെ ഉറങ്ങാത്ത 

കണ്ണുകളില്‍ പേടിസ്വപ്നങ്ങളുടെ ഘോഷയാത്രയായി.


“ആ... കഴിഞ്ഞ്വോ സ്റ്റഡി ടൂറ് ? എങ്ങനെണ്ടായിരുന്നൂ?” അമ്മയുടെ ചോദ്യത്തിനു 

മറുപടി പറയാതെ നീലിമ അവളുടെ മുറിയിലേയ്ക്ക് കയറിപ്പോയി. പെട്ടെന്നെന്തോ 

ഒരാവേശം കയറിയ പോലെ അയാള്‍ അവളുടെ പിറകെ ചെന്നു. അവളടയ്ക്കാനൊരു 

ങ്ങിയ വാതില്‍ തള്ളിത്തുറന്ന് അയാള്‍ അകത്തു കയറി. 'നടക്കെടീ' എന്ന് ആക്രോശിച്ചു 

കൊണ്ട് അയാള്‍ അവളുടെ കവിളത്താഞ്ഞടിച്ചു. എങ്ങനെ ഈ ശബ്ദവും കരുത്തും 

തന്നിലുണ്ടായി എന്ന് അയാള്‍ക്കു തന്നെ മനസ്സിലായില്ല. എങ്ങോട്ട് എന്നൊരു ചോദ്യം 

അലക്ഷ്യമായെറിഞ്ഞ് അവള്‍ നിന്നു. ‘ഡോക്ടറുടെ അടുത്തേയ്ക്ക് ’ എന്നയാള്‍ പറഞ്ഞ 

പ്പോള്‍ , “അയാം നോട്ട് എ സില്ലി ഗേള്‍ , ഞങ്ങള്‍  ന്യൂജെന്‍ ഗേള്‍സിന് ഒരബദ്ധവും 

പറ്റാതിരിയ്ക്കാനുള്ള പ്രീകോഷന്‍സ് എടുക്കാനറിയാം.” എന്ന് തികഞ്ഞ അവജ്ഞ 

നിറഞ്ഞ ഒരു ചിരിയോടെ അവളത് നിഷേധിച്ചു. അവള്‍ പറഞ്ഞ പ്രീകോഷന്‍സിന്റെ  

അര്‍ത്ഥവും അര്‍ത്ഥവ്യാപ്തിയും ചിന്തിച്ച്  അയാള്‍ തരിച്ചു നിന്നു. “എനിയ്ക്കൊരു ഡോക്ട 

റേയും കാണേണ്ട . എനിയ്ക്കാരേയും ഒന്നും വിശ്വസിപ്പിയ്ക്കേണ്ട ബാധ്യതയുമില്ല. 

അയല്‍വാസിയോട് ഒന്നു സംസാരിച്ചതിന്റെ പേരില്‍ ഒരഷ്ടിയ്ക്കു വകയില്ലാത്ത 

വനെക്കൊണ്ട് കെട്ടിച്ച പാരമ്പര്യവും പറഞ്ഞ് എന്റെയടുത്ത് വരണ്ട. ഇന്‍ഫീരിയോരിറ്റി  

കോംപ്ലക്സ് മാത്രമുള്ള ഒരു നട്ടെല്ലില്ലാത്തവന്റെ കൂടെ എന്നെ അയച്ച് ഒഴിവാക്കാമെന്ന 

വിചാരവും വേണ്ട. അടക്കത്തിന്റെയും ഒതുക്കത്തിന്റെയും പേരുപറഞ്ഞ് പെണ്‍കുട്ടികളെ 

വീട്ടിലടച്ചിടുന്ന കാലമൊക്കെ പോയി, ഇന്ന് ആണ്‍കുട്ടികളെ പോലെത്തന്നെ 

പെണ്‍കുട്ടികളും തോന്നുന്നതൊക്കെയും ചെയ്ത് ജീവിയ്ക്കും. അതു കൊണ്ടവര്‍ക്കൊരു 

നഷ്ടവും വരാനില്ല. ഉണ്ടായാല്‍ത്തന്നെ അതൊരു നഷ്ടമായി കണക്കാക്കുകയുമില്ല. 

പിന്നെ...” കവിളൊന്നമര്‍ത്തി  തടവിക്കൊണ്ട് അവള്‍ തുടര്‍ന്നു “ഞാനൊന്ന് വിരല്‍ 

ചൂണ്ടിയാല്‍ മതി നാളെ മുതല്‍  നാണം കെട്ട്  പോലീസ് സ്റ്റേഷനിലും കോടതിയിലും 

കയറിയിറങ്ങേണ്ടി വരും. അച്ഛന്‍-മകള്‍ ബന്ധത്തിന്റെ സെന്‍റിമെന്‍സൊന്നും  പറഞ്ഞിട്ട് 

കാര്യമില്ല. കാര്യം മനസ്സിലായല്ലോ. ബെറ്റര്‍ യു കീപ്‌ മം”    ഒന്നും പറയാനാകാതെ, 

ചെയ്യാനാകാതെ തിരിച്ചിറങ്ങിയ  അയാളുടെ നീറുന്ന മനസ്സിലേയ്ക്ക് അവള്‍ 

തുടരെത്തുടരെ എറിഞ്ഞ തീഗോളങ്ങള്‍ ആളിക്കത്തിയ ശേഷം കെട്ടടങ്ങി. കുറേ 

മാസങ്ങള്‍ക്ക് ശേഷം അയാള്‍ക്ക് ആദ്യമായി മനസ്സില്‍ എന്തെന്നറിയാത്ത ഒരു വലിയ 

ശൂന്യത തോന്നി. പതിയെ അയാള്‍ മനസ്സിലാക്കി, തന്നില്‍ നിന്നും പേടി വിട്ടൊഴിഞ്ഞി 

രിയ്ക്കുന്നുവെന്ന്. ഇനി ഒന്നിനേയും ഭയക്കാനില്ലെന്ന് , ഇനി തനിയ്ക്ക് ഭയപ്പെടാന്‍ 

പോലും കഴിയില്ലെന്ന് വിരല്‍ത്തുമ്പുകളിലൂടെ കയറി വന്ന് തന്നെയാകമാനം പൊതിയുന്ന 

മരവിപ്പില്‍ അയാള്‍ സ്വയമറിഞ്ഞു.
                                         


                                            ........................................................