Sunday, October 21, 2012

മഴ




മഴ പെയ്യുന്നു 
മഴ  പെയ്യുന്നത്  മണ്ണിലോ  മനസ്സിലോ ....?
ചിലപ്പോള്‍  വരണ്ട് 
ചിലപ്പോള്‍   പച്ചച്ച് 
ചിലപ്പോള്‍  പൂവണിഞ്ഞ്
പിന്നെ  കല്ലും  മുള്ളും  പുതച്ച്.....
മഴ  പെയ്യുന്നത്  മനസ്സില്‍ത്തന്നെ.
മഴ  പണ്ട്  വിളിച്ചിരുന്നു 
പാദസ്സരമണിഞ്ഞ  കുഞ്ഞിക്കാലുകളെ 
വെള്ളത്തില്‍  തുള്ളിക്കളിയ്ക്കാന്‍  
ആരോരുമറിയാതെ  
കണ്ണിറുക്കി   വിളിച്ചിരുന്നു 
പുതുമഴ  പെയ്ത്
പുതുമണ്ണിന്റെ  ഗന്ധം  നിറച്ചുതന്നു 
നനഞ്ഞുനില്‍ക്കുന്ന  പൂക്കളിറുത്തുതന്നു.
പിന്നെ,
ഒരു  വര്‍ഷര്‍ത്തുവിന്റെ  മുഴുവന്‍  കുളിരേന്തി
തനിച്ചു  ചിരിച്ചു  നടക്കാന്‍ 
പുലര്‍മഴ നനച്ചീറനാക്കിയ  പൂക്കളില്‍ 
മാധവത്തിന്റെ  മായക്കാഴ്ചകള്‍  നിരത്തി 
മഴനൂലുകള്‍  സ്വപ്‌നങ്ങള്‍  നെയ്തൊരുക്കി 
നിറച്ചാര്‍ത്തണിയിച്ചു  തന്നു .
അന്ന്  മഴയ്ക്ക്‌   പൂക്കളുടെ  ഗന്ധമായിരുന്നു.
പിന്നെ ,
നിശ്ശബ്ദമായ  ഒരലമുറ  പോലെ  പെയ്ത് 
നഷ്ടങ്ങളുടെ   ആഴക്കടല്‍  കാണിച്ചു  തന്നു.
രാമഴയില്‍  കുതിര്‍ന്ന  നിലാവു  പോലെ  ശാന്തമായി 
പെയ്തൊഴിഞ്ഞ് സാന്ത്വനമായി .
അപ്പോള്‍  മഴയ്ക്ക്‌  ചന്ദനത്തിന്റെ   ഗന്ധമായിരുന്നു .
ഉള്‍ത്തുടിപ്പനങ്ങാതെ  നില്‍ക്കെ 
പെട്ടെന്ന്  കൈവിരലുകള്‍  കവര്‍ന്ന്
ഒരു  പെരുമഴയായി   തിമര്‍ത്ത്
തുണയായി  വന്നു 
പുഴയായൊഴുകി
കടലാഴങ്ങള്‍  തേടി.

6 comments:

  1. കൊള്ളാം വരികൾ. ഇനിയുമെഴുതുക

    ReplyDelete
  2. ആഴങ്ങള്‍ തേടി ഇനിയും ഒഴുകട്ടെ ഈ നിള............

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......

    ReplyDelete