Saturday, November 10, 2012

പെയ്തൊഴിയാതെ
          കുറച്ചു കടന്നുപോയി. തനിയ്ക്കല്പം നിയന്ത്രിയ്ക്കാമായിരുന്നു. പക്ഷെ, അപ്പോള്‍ 

തലയ്ക്കു തീപ്പിടിച്ച പോലെയായിരുന്നു. ഒട്ടും ആലോചിയ്ക്കതെയാണല്ലോ വാക്കുകള്‍ 

ഉതിര്‍ന്നു വീണത്‌. ഒരു ഭാവഭേദവുമില്ലാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ കലി                    

ഇരട്ടിച്ചു. ഉണ്ണിയെയുമെടുത്ത് അവള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഒന്ന് തടയാന്‍ കൂടി 

തോന്നിയില്ല. പിറകില്‍ വാതില്‍ ഊക്കോടെ അടയുന്ന ശബ്ദം അവള്‍ 

കേട്ടിരിയ്ക്കണം.സ്വതവേ വാശിക്കാരിയാണ്‌. ഇത്രയേറെ പറയുക 

കൂടി ചെയ്തിട്ട് ഇനി അവള്‍ തിരിച്ചു വരുമെന്ന് എങ്ങനെ പ്രതീക്ഷിയ്ക്കും? 

തന്റെ തന്നെയാണ് കുറ്റം. അവളെ ഇത്രയേറെ മനസ്സിലാക്കിയിട്ടും ഇങ്ങനെ ക്രൂരമായി 

പെരുമാറാന്‍ തോന്നിയല്ലോ .ഉണ്ണിയെ കൊണ്ടുപോകരുതെന്നു നിര്‍ബന്ധിച്ചി

രുന്നെങ്കില്‍ അവളെ ഒരുപക്ഷെ പിടിച്ചുനിര്‍ത്താമായിരുന്നു.   അതിനൊന്നും അപ്പോള്‍ 

തോന്നിയതുമില്ല.

        പുറത്ത് മഴ നനുത്തു  പെയ്യുന്നു. അതയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇങ്ങനെ 

മഴ പെയ്തുകൊണ്ടിരുന്ന ഒരു ദിവസമാണവളെ ആദ്യമായി കണ്ടത്. പിരിമുറുക്കമുള്ള 

മുഖഭാവം കണ്ടപ്പോള്‍ അവഗണിയ്ക്കാനാണ് തോന്നിയത്. അഹങ്കാരി

യാണെന്ന് തോന്നി. ക്രമേണ അടുത്തപ്പോള്‍ ആ ധാരണ മാറി. പിന്നീട് 

ഉള്ളുതുറന്നു സംസാരിച്ചിരുന്ന ഓരോസന്ദര്‍ഭത്തിലും ഈ മഴയുണ്ടായിരുന്നു, ഒരു 

പശ്ചാത്തലമായിട്ട്. ഒന്നിനും ഒരു കുറവില്ല്ലാഞ്ഞിട്ടും വേണ്ടപ്പെട്ടവരെ ല്ലാമുണ്ടായിട്ടും 

അനാഥത്വമനുഭവിയ്ക്കുന്ന ആ മനസ്സിന്റെ ആഴം താന്‍ കണ്ടറിഞ്ഞു. കൂടുതല്‍ 

 കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ തോന്നി തന്റെ സ്വന്തമാക്കി സ്നേഹിയ്ക്കാനും 

തന്നെ സ്വന്തമാക്കി സ്നേഹിയ്ക്കാനും അവള്‍ മതിയെന്ന്. വിലക്കുകളു 

യര്‍ന്നപ്പോള്‍, ഒരു രാത്രി അവള്‍ ആരുമറിയാതെ അവള്‍ തന്റെ കൂടെ വന്നു. വീട്ടില്‍  

നിന്നും വിളിച്ചിറക്കിക്കൊണ്ടുവരാന്‍ ധൈര്യം കാണിച്ചെങ്കിലും വഴിനീളെ ഒന്നും                 

മിണ്ടാന്‍   കഴിഞ്ഞില്ല, ഇരുവര്‍ക്കും. ചാറ്റല്‍മഴയുടെയും വണ്ടിയുടെ ഇഴഞ്ഞ 

ശബ്ദത്തിന്റെയും ഇടചേര്‍ന്ന താളം  ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക്  അവളുടെ 

പെയ്തൊഴിയാത്ത മുഖത്തേയ്ക്ക്ഒരല്പം കുറ്റബോധത്തോടെ നോക്കാതിരിയ്ക്കാനായില്ല. 

ഗൌരവത്തിനല്ലാതെ മറ്റൊരു ഭാവത്തിനും അവളിലിടമുണ്ടെന്നു പൂര്‍ണ്ണമായി 

മനസ്സിലായത്‌, തന്റെ തോളില്‍   തല ചായ്ച്ചു  അവള്‍ തേങ്ങിയപ്പോളായിരുന്നു. തന്നെ 

മനസ്സിലാക്കി സ്നേഹിയ്ക്കാന്‍  ഒരാളുണ്ടെന്ന വിശ്വാസവും ആശ്വാസവും ആ ഭാവത്തില്‍ 

തുളുമ്പിയിരുന്നു.

               ഒരൊളിച്ചോട്ടത്തിന്റെ  വ്യാകുലത മുഴുവന്‍ നീങ്ങിക്കഴിഞ്ഞ് , ഒരു ദിവസം 

ജനലരികില്‍ നനഞ്ഞ ചെടികളും  നോക്കി നില്‍ക്കുമ്പോഴാണ് മഴയുടെ പ്രത്യേകത 

ഇരുവരും കണ്ടുപിടിച്ചത്. ഉണ്ണി ജനിച്ചതും ഇങ്ങനെയൊരു മഴയില്‍ 

നനഞ്ഞ ദിവസമായിരുന്നു.

            
          ഇപ്പോള്‍ അവള്‍ എന്ത് ചെയ്യുകയായിരിയ്ക്കും? വീട്ടിലേയ്ക്ക്  പോകുമെന്ന്   

പ്രതീക്ഷി യ്ക്ക വയ്യ. ചെന്നാലും അവരങ്ങോട്ടു കയറ്റുമോ? നനുത്ത് ചാറുന്ന മഴ 

അയാളുടെ  അസ്വസ്ഥതയ്ക്കാഴം കൂട്ടി.  ഈ മഴ തങ്ങളുടെ വേര്‍പാടിന്റേ 

തായിരിയ്ക്കുമോ? കഴിഞ്ഞ രണ്ടു വര്‍ഷം ജീവിതത്തില്‍  ഒരിയ്ക്കലും അനുഭവിച്ചിട്ടി 

ല്ലാത്തത്രസ്നേഹവും, സന്തോഷവുമാണവള്‍ ആരോരുമില്ലാത്ത തനിയ്ക്ക് നല്കിയത്. 


അതിനി വെറും ഓര്‍മ്മകളാവുമോ? വെറുതെ നിസ്സാരകാര്യത്തിനു വേണ്ടി അവളെ ഇത്ര 

വേദനിപ്പിയ്ക്കേണ്ടിയിരുന്നില്ല. എങ്കിലും അവള്‍ക്കു തന്നെ അങ്ങനെയങ്ങ് മറക്കാന്‍ 

കഴിയുമോ? അവളിനി തിരിച്ചുവന്നില്ലെങ്കില്‍....?

          
           എവിടെ അന്വേഷിയ്ക്കും? നേരം വൈകിത്തുടങ്ങി. വെറും കൈയോടെ 

യാണവള്‍ പോയിരിയ്ക്കുന്നത്. ഉണ്ണി കരയുന്നുണ്ടാകുമോ ? ...ഉണങ്ങാനിട്ട തുണികള്‍ 

നിറയെ നനവിന്റെ പുള്ളികളുമായി കാറ്റിലാടുന്നതും നോക്കി അയാള്‍ നിന്നു, എന്ത് 

ചെയ്യണമെന്നറിയാതെ.പുറത്താരോ വന്നിട്ടുണ്ട്. കോളിങ്ങ് ബെല്ലിന്റെ ശബ്ദം- കിളി 

ചിലച്ചു, നിര്‍ത്താതെ. ഒട്ടുനേരത്തിനു ശേഷം അയാള്‍ വാതില്‍ തുറന്നു. പാറിപ്പറന്ന 

മുടിയില്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തുള്ളികള്‍ തുടച്ചുമാറ്റിക്കൊണ്ട് അവള്‍ ! അമ്മയുടെ 

സാരിത്തലപ്പു തലയില്‍ നിന്നും തട്ടിമാറ്റി ഉണ്ണി ചിരിച്ചു കൊണ്ട് അയാളുടെ നേര്‍ക്ക്‌ 

കൈനീട്ടി ചാഞ്ഞു. ഒരു നിമിഷത്തേയ്ക്ക് പരസ്പരം നോക്കാനവര്‍ക്ക്  കഴിഞ്ഞില്ല. 

പിന്നെ......

പുറത്ത് മഴ  പെയ്തൊഴിയുകയായിരുന്നു. അകത്തും.    


മാതൃഭൂമി വാരാന്തപ്പതിപ്പ് 1992 ഫെബ്രുവരി 9(മഴയുടെ സംഗീതം എന്ന പേരില്‍)

12 comments:

 1. എഴുത്ത് നന്നാകുന്നുണ്ട്. ആശംസകള്‍....................,......

  ReplyDelete
 2. ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം കിടക്കും

  നല്ല എഴുത്ത്

  ReplyDelete
 3. വൈകുന്നേരം നല്ല മഴ കണ്ട ഒരു ഫീൽ. നന്നായിട്ടുണ്ട്

  ReplyDelete
 4. മഴയും തണുപ്പും ഒരു കഥാപാത്രമാവുന്ന കഥ. ഒത്തിരി ഇഷ്ടമായി.

  ReplyDelete
 5. ഇന്ന് ദുബായിലും മഴ പെയ്തിരിന്നു നല്ല എഴുത്ത് ആശംസകള്‍

  ReplyDelete