Sunday, November 4, 2012

സ്വപ്‌നങ്ങള്‍









സ്വപ്‌നങ്ങള്‍ 

മോഹങ്ങളുടെ  ചുവടുമാറ്റങ്ങളാണ്

ഒരു ദിനാന്തത്തിന്റെ പൂര്‍ണ്ണവിരാമത്തിനുശേഷം

ഒരുപാട് അപൂര്‍ണ്ണവിരാമങ്ങളവശേഷിപ്പിച്ചുകൊണ്ട്

ഇമകളില്‍  വിരലൂന്നി

നഷ്ടബോധങ്ങളിലേയ്ക്ക്  എറിഞ്ഞുകൊടുത്ത്

പ്രലോഭനങ്ങളുടെ വര്‍ണ്ണത്തൂവലുകള്‍ പൊഴിച്ചിട്ട്

സൗഗന്ധികങ്ങളുടെ സൗരഭ്യം പരത്തി

സമ്മോഹനമെയ്ത്

കള്ളച്ചിരിയോടെ അകലുന്ന മോഹിനി

സ്വപ്‌നങ്ങള്‍ 

അസ്വസ്ഥതകളുടെ പുനര്‍ജ്ജനികളാണ്

ഒരു രാവുടനീളം

നിഴലനക്കങ്ങളായി

മനസ്സില്‍ കയറിക്കൂടി

കീറിപ്പൊളിച്ച്  മുറിവേല്പിച്ച്

എല്ലാം തട്ടിമറിച്ചിട്ട്

ഭീതിദമായ അലങ്കോലങ്ങളിലേയ്ക്ക്

കണ്ണുനട്ടിരിയ്ക്കുമ്പോള്‍

ചാരിതാര്‍ഥ്യത്തോടെ

അവജ്ഞയോടെ

ചിരിച്ചിറങ്ങിപ്പോകുന്ന താന്തോന്നി

സ്വപ്‌നങ്ങള്‍ 

പ്രത്യാശകളുടെ മൃദുനിസ്വനങ്ങളാണ്

ഉദയാസ്തമയങ്ങളുടെ വിടവുകളടച്ച്

കൈകളില്‍ ചേര്‍ത്തമ്മാനമാടി

നിറങ്ങള്‍   വാരിച്ചാര്‍ത്തി

മനസ്സിന് ചിറകുകളണിയിച്ച്

ശലഭങ്ങളായി ചുറ്റിപ്പറന്ന്‍

ഇനിയും വരാമെന്ന്‍

കണ്ണുകളില്‍ നിന്ന് കണ്ണുകളിലേയ്ക്ക്

രഹസ്യവാഗ്ദാനങ്ങളെറിഞ്ഞ്

ദിവാസ്വപ്‌നങ്ങളിലേയ്ക്കാഴ്ത്തി

നൂപുരങ്ങളൂരിയെടുത്ത്

മൃദുപദങ്ങളോടെ അരങ്ങൊഴിയുന്ന ദേവത

സ്വപ്‌നങ്ങള്‍ 

മനസ്സിന്റെ കുഞ്ഞുങ്ങളാണ്

സുകൃതജന്മങ്ങള്‍...

ശപ്തസന്തതികള്‍...

പ്രഹേളികകള്‍...

സമസ്യകള്‍...

ആശിസ്സുകള്‍...

6 comments:

  1. സ്വപ്നങ്ങൾ കൊള്ളാമല്ലോ...!

    ReplyDelete
  2. സ്വപ്‌നങ്ങള്‍

    മോഹങ്ങളുടെ ചുവടുമാറ്റങ്ങളാണ്
    സ്വപ്നങ്ങള്‍ വെളുത്ത പഞ്ഞിക്കുതിരകളാണ്
    സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികളാണ്
    ഇന്ദ്രനീലം കൊണ്ട് മാനത്ത് തീര്‍ത്ത ഗന്ധര്‍വരാജാങ്കണത്തിലെ അപ്സരകന്യകളാണ്


    നല്ല കവിതയായിരുന്നു കേട്ടോ

    ReplyDelete