Tuesday, January 1, 2013

വൃദ്ധസദനം     ബോസിന്റെ ക്യാബിനില്‍ നിന്നിറങ്ങിനടക്കുമ്പോള്‍ ആരുടെയും നേര്‍ക്ക്‌ നോക്കിയില്ല. 

അവരെല്ലാമറിയുന്നുണ്ടാകും എന്തിനാണ് വിളിപ്പിച്ചതെന്ന് . പിഴവുകള്‍ പതിവാണീയിടെ. 

ദിവസം തുടങ്ങുന്നത് തന്നെ അസ്വസ്ഥമായ, ഉറക്കച്ചടവുള്ള മനസ്സോടെയാണ്. 

ലാപ്ടോപ്പില്‍ അന്നത്തെ മലയാളം ദിനപത്രത്തിന്റെ താളുകള്‍ മറിയുമ്പോള്‍ കണ്ണുകള്‍ 

പേടിയോടെ പോകുന്നത് അപകടവാര്‍ത്തകളുടെ നേര്‍ക്ക്‌. ചരമത്തിന്റെ പേജ് 

നോക്കാറേയുണ്ടായിരുന്നില്ല പണ്ട്. പക്ഷേ ഇപ്പോള്‍.....


     “ തനിയ്ക്കിതെന്തുപറ്റി ? കൂട്ടത്തോടെ പിരിച്ചുവിടലിന്റെ കാലമല്ലേ ? ആ സമയത്ത് 

ഇങ്ങനെ ശ്രദ്ധക്കുറവു കാണിച്ചാലോ ? ” സ്നേഹത്തോടെയെങ്കിലും കുറ്റപ്പെടുത്തലിന്റെ 

സ്വരത്തോടെ ഗീത ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. കൂട്ടുകാരുടെയൊക്കെ കണ്ണുകളിലെ 

ഭാവം അതു  തന്നെയായിരുന്നു. അവര്‍ക്കറിയാം എന്താണ് തന്റെ പ്രശ്നമെന്ന്. മല്ലൂസ് 

കോര്‍ണര്‍  എന്ന് തങ്ങള്‍ തന്നെ പേരിട്ട സ്ഥലത്താണ് ഉച്ചഭക്ഷണത്തിനിത്തിരിനേരം 

ഒത്തു ചേര്‍ന്നിരുന്നത്. എന്തും നിഷേധിയുടെ മട്ടില്‍ മാത്രം പറഞ്ഞിരുന്ന ജോസഫ് 

ഉടനെ പരിഹാരവും കണ്ടെത്തി. “ ഇതിനൊക്കെ ഇങ്ങനെ തല പുണ്ണാക്കിയാലോ ? 

കൊണ്ടുപോയി  വൃദ്ധസദനത്തിലാക്കണം. അല്ലാതെ പിന്നെ !”. സ്ത്രീധന പ്രശ്നവും 

സ്വത്തുതര്‍ക്കവും കണ്ടുവളര്‍ന്ന അയാള്‍ക്കങ്ങനെയേ പറയാനാവൂ. പക്ഷേ 

തനിയ്ക്കോ....

     
     മകള്‍ പഠിയ്ക്കാന്‍ മിടുക്കിയാണെന്ന് കണ്ടാണ്‌  അച്ഛന്‍  പാടവും പറമ്പുമെല്ലാം 

പണയം വെച്ചും പഠിപ്പിയ്ക്കാന്‍ തയ്യാറായത്. ബന്ധുക്കള്‍ പലരും 

കൊക്കിലൊതുങ്ങാത്തത് കൊത്താനുള്ള ശ്രമമാണെന്ന് പറഞ്ഞു അച്ഛനെ 

പരിഹസിച്ചിരുന്നു. ചെറിയച്ഛന്‍ തന്റെ മകളെ പോലെ ടി.ടി.സി. യ്ക്കയച്ചാല്‍ മതിയെന്ന് 

പറഞ്ഞതാണ്. അച്ഛനതൊന്നും ശ്രദ്ധിച്ചതേയില്ല. എഞ്ചിനീയറിംഗിനുതന്നെ ചേര്‍ത്തു . 

ഭൂമിയും വീടുമെല്ലാം പണയത്തിലാകുന്നത് താനറിയുന്നുണ്ടായിരുന്നു. പക്ഷേ 

അച്ഛനൊരിയ്ക്കലും ആ കഷ്ടപ്പാടുകളെക്കുറിച്ച് തന്നോടു പറഞ്ഞില്ല. നന്നായി 

പഠിയ്ക്കണമെന്നോ ജോലി നേടണമെന്നോ നിര്‍ബന്ധിച്ച് തന്നെ ആധി പിടിപ്പിച്ചില്ല. 

ഒരു കണക്കും പറഞ്ഞില്ല. എപ്പോഴും ധൈര്യം തരാനേ ശ്രമിച്ചിട്ടുള്ളൂ. എന്നിട്ടും 

വിചാരിച്ചപോലെ പഠിയ്ക്കാനായില്ലെങ്കിലോ, ജോലി കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് 

വേവലാതിയായിരുന്നു അക്കാലം മുഴുവന്‍.

     
     ബാംഗ്ലൂരൊരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടിയപ്പോഴേ  അച്ഛനു വിഷമമായിരുന്നു. 

എറണാകുളത്തോ തിരുവനന്തപുരത്തോ ജോലിയ്ക്ക് ശ്രമിച്ചാല്‍ പോരെ, ഇത്രയും ദൂരം 

പോണോ എന്നൊക്കെ സംശയിച്ചുവെങ്കിലും ഒടുവില്‍ സമ്മതിച്ചു. കടങ്ങളോരോന്നായി 

വീട്ടി  പാടവും പറമ്പുമെല്ലാം തിരിച്ചു കിട്ടിയപ്പോള്‍ അച്ഛന്റെ സന്തോഷമൊന്നു 

കാണണമായിരുന്നു. നല്ലൊരവസരം കൈവന്നപ്പോള്‍ അമേരിയ്ക്കയിലെ 

കമ്പനിയിലേയ്ക്ക് മാറുകയായിരുന്നു. ഇഷ്ടമില്ലെങ്കിലും ഉയരാനുള്ള അവസരങ്ങള്‍ 

കിട്ടുമ്പോള്‍  പാഴാക്കരുതെന്ന് പറഞ്ഞു അച്ഛന്‍  പ്രോത്സാഹിപ്പിച്ചു.


     വിവാഹാലോചനയുമായി  വന്നപ്പോള്‍ വിനോദിനോടു പറഞ്ഞത് ഒരൊറ്റ 

നിബന്ധനയാണ്. അച്ഛനെയും അമ്മയെയും കൈയൊഴിയാന്‍ തനിയ്ക്കാവില്ല. 

സാമ്പത്തികമായും സഹായിയ്ക്കേണ്ടി വരും. അവര്‍ക്കെന്താവശ്യമുണ്ടെങ്കിലും തനിയ്ക്ക് 

അവരുടെ അടുത്തെത്താന്‍ പറ്റണം - എതിര്‍ക്കുമെന്ന് പ്രതീക്ഷിച്ചാണ് പറഞ്ഞത് . 

പക്ഷെ, കുട്ടിക്കാലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ടിരുന്ന വിനോദിന് ഒട്ടും 

ആലോചിയ്ക്കാതെ തന്നെ സമ്മതിയ്ക്കാന്‍ കഴിഞ്ഞു.


     കടബാദ്ധ്യതകളെല്ലാമൊഴിഞ്ഞു അല്പമൊന്നു സ്വസ്ഥമായതാണ്. “ അപ്പോഴാണ്  

അമ്മയൊന്നു വഴുക്കി വീണു. കാലിനു 

ചെറിയൊരു ഒടിവുണ്ട്. വിവരം 

പറഞ്ഞൂന്നേയുള്ളൂ. 

നീയിപ്പോ വര്വൊന്നും വേണ്ട ”. എന്ന് ഒരു 

ദിവസം അച്ഛന്‍  ഫോണില്‍ പറഞ്ഞത്. 

കൂടുതല്‍ ശമ്പളം കിട്ടുന്ന മറ്റൊരു 

കമ്പനിയിലേയ്ക്ക് മാറാനവസരം ലഭിച്ച 

സമയമായിരുന്നു അത്. പക്ഷേ, പുതിയ 

കമ്പനിയില്‍   പ്രവേശിച്ചാലുടനെ ലീവെടുക്കാനാവില്ല. ആ ജോലി വേണ്ടെന്നു വെച്ചു. “ 

കുറച്ചു ദിവസം വീട്ടില്‍ പോയി നിന്നോളൂ. അമ്മൂന്റെ കാര്യൊക്കെ ഞാന്‍ 

നോക്കിക്കൊള്ളാം ” എന്ന് വിനോദ് പറഞ്ഞപ്പോള്‍ പിന്നെ സംശയിച്ചില്ല. ഒരു 

മാസക്കാലം അമ്മയുടെ കൂടെത്തന്നെയായിരുന്നു. അവസാനം   അച്ഛന്‍  പറഞ്ഞു : 

“ വന്നിട്ടിപ്പോ കൊറേ ദിവസായില്യെ. ഇനി പൊയ്ക്കോളൂ. അമ്മടെ കാര്യം നോക്കാന്‍ 

ഇനി ഞാന്‍ മതി  ”. ഒട്ടും മനസ്സുണ്ടായിട്ടല്ല തിരിച്ചു പോന്നത്. പോരുമ്പോള്‍ ചെറിയച്ഛന്‍  

അവിടെയുണ്ടായിരുന്നു. "മക്കള് അമേരിയ്ക്കക്കാരാവുമ്പോ വയസ്സായ 

അച്ഛനുമമ്മയ്ക്കുമൊക്കെ ഒടുക്കം വല്ല വൃദ്ധസദനവും തന്നെയാവും ഗതി അല്ലെ" എന്ന് 

പറഞ്ഞു  ചെറിയച്ഛന്‍  ഉറക്കെ ചിരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ദേഷ്യം  

കടിച്ചിറക്കിക്കൊണ്ട് പോന്നതാണ്. പക്ഷേ അന്നുതൊട്ട് ഉള്ളിലൊരു പേടി തുടങ്ങി. 

പണ്ടത്തെ പണിക്കാരൊന്നുമല്ല, ഇപ്പോള്‍ യാതൊരു പരിചയവുമില്ലാത്തവരാണ് . ഏതു 

തരക്കാരാണെന്നേ അറിയില്ല. തൊടിയില്‍ പണിയെടുക്കാന്‍ വരുന്നവര്‍ മുതല്‍ 

ഹോംനേഴ്സ് വരെ ആരെയും വിശ്വസിയ്ക്കാന്‍ പറ്റാത്ത കാലമാണ്. വീട്

കേടുപാടുകളെല്ലാം മാറ്റി നന്നാക്കാനും ഭംഗിയാക്കാനും പണമയച്ചിരുന്നു. 

പണിക്കാരൊക്കെ തമിഴന്മാരാണെന്നു കേട്ടപ്പോഴേ പേടിയായി. 

അരപ്പവന് വേണ്ടിയും പണത്തിനു വേണ്ടിയുമൊക്കെ വൃദ്ധദമ്പതിമാരെ തലയ്ക്കടിച്ചു 

കൊന്നു,  കഴുത്തറുത്ത് കൊന്നു എന്നൊക്കെ പത്രവാര്‍ത്ത കാണുമ്പോള്‍ ആധി 

തുടങ്ങും.കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞാണ്  അമ്മയ്ക്ക് കുറച്ചു ആഭരണങ്ങള്‍  വാങ്ങിയത്. 

അപ്പോള്‍ മാത്രമേ അമ്മയുടെ കാതിലും കഴുത്തിലും കാണാന്‍ പാകത്തിന് എന്തെങ്കിലും 

ആഭരണങ്ങള്‍ ഉണ്ടായിട്ടുള്ളൂ. അതഴിച്ചു വെച്ചോളൂ . എപ്പോഴും ഇടണ്ട എന്ന് പറയാന്‍ 

മനസ്സ് വന്നില്ല.


     “ കഥേം പറഞ്ഞിരിയ്ക്കാതെ വേഗം ആ പാല് കുടിയ്ക്കൂ. സ്കൂളില്‍ പോവാന്‍ 

നേരായില്ല്യെ ” എന്ന് പറഞ്ഞപ്പോഴാണ് അമ്മു പാലിന്റെ ഗ്ലാസെടുത്തത്‌. ഒരിറക്ക് 

കുടിച്ചിട്ട് വാഷ്ബേസിന്റെ  അടുത്തേയ്ക്കോടുന്നത് കണ്ടു. “ എനിയ്ക്കേയ്  ഷുഗര്‍   

കംബ്ലൈന്റൊന്നൂല്ല്യാട്ടോ ” എന്ന് അവള്‍ പറഞ്ഞപ്പോഴാണ് പാലില്‍ 

പഞ്ചസാരയിടാന്‍ താന്‍ മറന്നിരിയ്ക്കുന്നുവെന്നു മനസ്സിലായത്‌. അച്ഛന്റെയും മകളുടെയും 

ചിരിയില്‍ പങ്കു ചേര്‍ന്നുവെങ്കിലും തന്റെ മനസ്സ് പലപ്പോഴും 

പാളിപ്പോകുന്നുവെന്നറിയുകയായിരുന്നു.ഓഫീസിലെത്തിയപ്പോള്‍ ജോലിയിലും 

ശ്രദ്ധിയ്ക്കാനാകുന്നില്ല. “ ഇത് തന്റെ മാത്രം പ്രശ്നമൊന്നുമല്ല. ഇവിടത്തെ മിക്കവരുടെയും 

കാര്യം ഇങ്ങനെയൊക്കെത്തന്നെയാണ് ” എന്ന് ഗീത പറഞ്ഞുവെങ്കിലും 

ആശ്വസിയ്ക്കാനാകുന്നില്ല. വളരെ കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയുമുള്ള ഒരു സ്റ്റാഫ്‌ എന്ന 

നിലയ്ക്കുള്ള അംഗീകാരം തനിയ്ക്ക് ഓഫീസിലുണ്ടായിരുന്നു. ആ വിശ്വാസം കൊണ്ടാണ് 

അമ്മയ്ക്ക്  വയ്യ എന്ന് പറഞ്ഞപ്പോള്‍ ലീവ് കിട്ടിയത്. പക്ഷെ ഇപ്പോള്‍ ആ 

അംഗീകാരമാണ് ഉലഞ്ഞുകൊണ്ടിരിയ്ക്കുന്നത്.


     “അച്ഛനും അമ്മയ്ക്കും അങ്ങട് പോന്നൂടെ. അവടെ ഒരു ബുദ്ധിമുട്ടൂണ്ടാവില്ല്യ. അന്യ 

നാടാണ്ന്നൊന്നും കരുതണ്ട. അവടെ നിറയെ 

മലയാളികളുണ്ട്. കൂട്ടുകാരെ കിട്ടാനും 

പ്രയാസൊന്നുംണ്ടാവില്ല്യ ”- പോരുന്നതിനു മുമ്പ് ഒന്ന് 

സൂചിപ്പിച്ചുനോക്കിയിരുന്നു. പറയാന്‍ തുടങ്ങിയപ്പോഴേ 

അച്ഛന്റെ മുഖം മങ്ങി. “ ഞങ്ങള്‍ക്കിവിടെ ഒരു 

കഷ്ടപ്പാടൂംല്യ. പറയത്തക്ക അസുഖങ്ങളൂല്യ. 

ഇവിടെയാവുമ്പോ നല്ല അയല്‍പക്കങ്ങളുണ്ടല്ലോ. 

ഇവിടത്തെ സുഖൊന്നും അവടെ കിട്ടില്യ. നീയ് 

സമാധാനായി പൊയ്ക്കോ ” എന്നായിരുന്നു അച്ഛന്റെ 

മറുപടി. അതിലും കൂടുതലായൊന്നും അമ്മയ്ക്കും 

പറയാനുണ്ടാവില്ല.


     “ ഇപ്പഴും അമ്മ മധുരംട്ടിട്ടില്യ ” രാത്രി കിടക്കാന്‍ നേരത്ത് കൊടുത്ത പാലിന്റെ ഗ്ലാസ്‌ 

മേശപ്പുറത്തു വെച്ച് അമ്മു മുഖം വീര്‍പ്പിച്ചിരുന്നു. രാവിലത്തെപ്പോലെ ചിരിയ്ക്കാന്‍ 

വിനോദിനായില്ല, തനിയ്ക്കും. അമ്മുവിന്‍റെ കാര്യങ്ങളിലും താന്‍ വീഴ്ച 

വരുത്തിത്തുടങ്ങിയല്ലോ. എന്നും സന്ധ്യയ്ക്ക് അല്പനേരമിരുന്നു അമ്മുവിനെ പാട്ടുടീച്ചര്‍ 

പഠിപ്പിച്ച കീര്‍ത്തനങ്ങളെല്ലാം പ്രാക്ടീസ് ചെയ്യിയ്ക്കാറുള്ളതാണ്. പണ്ട് പാട്ട് 

പഠിയ്ക്കാന്‍ കഴിയാത്തതിന്റെ നിരാശ തീര്‍ക്കാനുള്ള വിദ്യയാണെന്ന് വിനോദ് 

കളിയാക്കാറുണ്ട്. ശരിയാണ്. അമ്മു മടി കാണിച്ച് ചിണുങ്ങിയാലും എന്നും സന്ധ്യയ്ക്ക് 

നിര്‍ബന്ധമായി നാമം ചൊല്ലിയ്ക്കും. ഇതൊക്കെ വേണോ എന്ന് വിനോദ് 

സംശയിച്ചപ്പോള്‍ താന്‍ സമ്മതിച്ചില്ല. ഏതു പരിതസ്ഥിതിയില്‍ ജീവിച്ചാലും വേണ്ടില്ല, 

നമ്മുടെ സംസ്കാരത്തിന്റെ ചില അംശങ്ങളെങ്കിലും അവളിലുണ്ടാകണം. അല്ലെങ്കില്‍ 

അവള്‍ മനുഷ്യനാകില്ല കമ്പ്യൂട്ടറാകും എന്നൊക്കെ താന്‍ വാദിച്ചു. മലയാളം എഴുതാനും , 

വായിയ്ക്കാനും , ശരിയ്ക്കു പറയാനും പഠിപ്പിച്ചു. തനിയ്ക്കറിയാവുന്ന ചില ശ്ലോകങ്ങളും. 

ഇപ്പോള്‍ കുറച്ചു ദിവസമായി എല്ലാം മുടങ്ങിപ്പോകുന്നു. അവള്‍ക്കെന്നും ഉറങ്ങാന്‍ നേരത്ത് 

കഥ വേണം.ആദ്യമൊക്കെ ഉണ്ണികൃഷ്ണന്റെ കഥയായിരുന്നു. ഒരിയ്ക്കല്‍ തന്റെ 

കുട്ടിക്കാലത്തെപ്പറ്റി പറഞ്ഞപ്പോള്‍ പിന്നെ അതുമതിയെന്നായി. ചെമ്മലശ്ശേരിയും, 

ആലഞ്ചേരിചിറ്റുവിളക്കും, പുഴയും, കുളവും, നീന്തലറിയാത്ത കുട്ടികള്‍ക്കുവേണ്ടി 

അച്ഛനുണ്ടാക്കിയ കുട്ടിക്കുളവുമൊക്കെ കഥയാക്കുമ്പോള്‍ അവളുടെ കുഞ്ഞിക്കണ്ണങ്ങനെ  

വിടരും. ബാത്ടബ്ബില്‍ ഒന്നൊന്നര മണിക്കൂറ് കിടന്നും തുള്ളിക്കളിച്ചും കുളിയ്ക്കുന്ന 

അവള്‍ക്കിതൊക്കെ കേട്ടാല്‍ അസൂയ തുടങ്ങും. കുറച്ചൊരു നഷ്ടബോധമുണ്ടാകട്ടെ എന്ന് 

വിചാരിച്ചു താന്‍ വിശദമായി പറയുകയും ചെയ്യും. അവളറിയണം, അവള്‍ക്കെന്തൊക്കെ 

സൌഭാഗ്യങ്ങള്‍ നഷ്ടമാകുന്നുവെന്ന് . “ അമ്മെന്തിനാ നിയ്ക്ക്  നിളാന്നു പേരിട്ടത് ? ” 

ഒരിയ്ക്കലവള്‍  ചോദിച്ചു. നിള 

എന്താണെന്ന് പറഞ്ഞുകൊടുത്തപ്പോള്‍ 

അവള്‍ക്കുണ്ടായ 

ഒരു ഗമ !


    “ എന്തുപറ്റിയെടോ തനിയ്ക്ക് ? കുട്ടീടെ 

മുമ്പില് വെച്ച് ഇങ്ങനെ കരഞ്ഞാലവള്   

പേടിയ്ക്കില്ല്യെ ? താനിങ്ങനെ ഓരോന്ന് ചിന്തിച്ചുകൂട്ടി വല്ല അസുഖോം 

വരുത്തിവെയ്ക്കും. നമുക്ക് നാളെത്തന്നെ അച്ഛനെ വിളിച്ചു സംസാരിയ്ക്കാം. ഇങ്ങട്ട് 

വരാന്‍ ഞാനും പറയാം. തന്റെ അവസ്ഥയറിഞ്ഞാല്‍  അച്ഛനും അമ്മേം 

സമ്മതിയ്ക്കാതിരിയ്ക്കില്ല. എന്ത് പറയണമെന്നാലോചിച്ചുറപ്പിച്ചിട്ടു വന്നു കിടക്കൂ ” . 

തന്നെ ചിന്തിയ്ക്കാന്‍ വിട്ടിട്ടു വിനോദ് അമ്മുവിനേയും കൊണ്ട് പോയി. അവളെ 

ഉറക്കാനുള്ള ശ്രമത്തിലാണ്. “ അമ്മയ്ക്ക് തലവേദന്യാ. അമ്മു വാശി പിടിയ്ക്കാതെ നല്ല 

കുട്ടിയായി ഉറങ്ങൂ. ഇന്ന് അച്ഛന്‍ കഥ പറഞ്ഞുതരാം”. അവള്‍ സമ്മതിയ്ക്കുന്നില്ല. 

“ വേണ്ട. അമ്മൂന് അമ്മടെ കഥ മതി. അമ്മേം മുത്തശ്ശനും കൂടി  ആലഞ്ചേരിചിറ്റുവിളക്കിന് 

പോയ  കഥ വേണം”.


     വിനോദ് പറഞ്ഞ പോലെ ഒന്നുപറഞ്ഞു നോക്കാം. ഇന്നുവരെ അച്ഛനും അമ്മയും ഒരു 

കാര്യത്തിനും തന്നെ വിഷമിപ്പിച്ചിട്ടില്ല. ആദ്യമായി അവര്‍ തനിയ്ക്കൊരു 

ധര്‍മ്മസങ്കടമുണ്ടാക്കിത്തരുന്നത്‌ ഈ കാര്യത്തിനാകുമോ ? നാളെ വിനോദിനെ കൊണ്ടു 

തന്നെ സംസാരിപ്പിയ്ക്കണം. തന്നോടു പറയും പോലെ മരുമകനോടു അവര്‍ തടസ്സം 

പറയാന്‍ സാദ്ധ്യതയില്ല. നാളെയാവട്ടെ. കിടന്നേയ്ക്കാം. ഉറങ്ങാന്‍ പറ്റുമോ ആവോ ?  

അമ്മു അമ്മയെ കിട്ടാത്തതുകൊണ്ട് ഒരു തലയിണയും കെട്ടിപ്പിടിച്ചുകിടന്നുറക്കമാണ്. 

ഉറക്കത്തില്‍ ചെറുതായൊന്നു ചിരിച്ചു. ചിലപ്പോള്‍ 

ചെമ്മലശ്ശേരിയും, ചിറ്റുവിളക്കും, കുന്തിപ്പുഴയുമൊക്കെ സ്വപ്നം 

കാണുകയാവാം. അച്ഛനും അമ്മയും ഇപ്പോള്‍ എന്താവും 

ചെയ്യുന്നതെന്നൂഹിയ്ക്കാന്‍ ഒരു പ്രയാസവുമില്ല. അച്ഛന്‍  

തെങ്ങിന്‍ചുവടൊന്നു വൃത്തിയാക്കി, കയ്പ്പയ്ക്ക 

പറിയ്ക്കാറായോ എന്നും അമരപ്പന്തലിനു കുഴപ്പമൊന്നു 

മില്ലല്ലോ എന്നും നോക്കി പറമ്പിലാകെ നടക്കുന്നുണ്ടാകും. 

അമ്മ അടുപ്പിന്‍തിണ്ണയിലിരുന്നു വേദനിയ്ക്കുന്ന കാല്‍ ഒരു 

സ്റ്റൂളിലേയ്ക്ക് കയറ്റിവെച്ച് കൂട്ടാനുള്ള കഷണം 

നുറുക്കുകയാവും. മറ്റൊരു രൂപത്തിലും അവര്‍ സ്വപ്നത്തിലേയ്ക്കു  കടന്നുവരരുതേ  എന്ന്   

പ്രാര്‍ത്ഥിച്ചുകൊണ്ട് കിടക്കാം. നാളെയാവട്ടെ........( സമകാലിക മലയാളം വാരിക 2011 മാര്‍ച്ച് 25 ) 

9 comments:

 1. അച്ഛനേം അമ്മയേം സ്നേഹിക്കുന്നവര്‍കെ ഇതുപോലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കഥ എഴുതാനാവൂ. വളരെ ഇഷ്ടമായി. ആസംസകള്‍.

  ReplyDelete
 2. മനോഹരകഥ
  സ്നേഹകഥ
  നമ്പൂതിരിയുടെ വര!!!!

  ReplyDelete
 3. ആശയം നല്ലത് തന്നെ...

  സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

  ReplyDelete
  Replies
  1. നന്ദി.
   തീര്‍ച്ചയായും

   Delete
 4. അതിഭാവുകത്വമില്ലാത്ത അനുഭവങ്ങള്...കഥ നന്നായി

  ReplyDelete