Monday, December 10, 2012

താളപ്പിഴകള്‍


        വായിയ്ക്കുന്നത് എത്രാമത്തെ പ്രാവശ്യമാണെന്ന് അറിഞ്ഞുകൂട . 

എന്തെല്ലാമോ ചിന്തകള്‍ക്കിടയ്ക്ക് കത്ത് നിവര്‍ത്തലും വായിയ്ക്കലും 

മടക്കലും പല പ്രാവശ്യം കഴിഞ്ഞിരിയ്ക്കണം. ഇനിയൊരു തവണ കൂടി 

വായിയ്ക്കേണ്ട ആവശ്യമില്ലാത്ത വിധം കത്തിലെ വരികള്‍ 

ഹൃദിസ്ഥമായിക്കഴിഞ്ഞിരിയ്ക്കുന്നു – അവയുടെ ഈണത്തിനും താളത്തിനും 

മാറ്റമുണ്ടാകാറില്ലല്ലോ. മറുപടി എന്തുവേണമെന്ന് മാത്രമാണറിയാത്തത്. 

ഒഴികഴിവുകള്‍ നിരത്തിക്കാണിച്ചിട്ടും ,അല്പം കടുത്ത ഭാഷ തന്നെ 

പ്രയോഗിച്ചിട്ടും വരികള്‍ക്കിടയിലൂടെ സ്നേഹം തുളുമ്പുന്ന മുഖവുമായി , 

ചുണ്ടുകളില്‍ സാന്ത്വനവുമായി അപേക്ഷയുമായി അമ്മ അയാള്‍ക്ക്‌ മുന്നില്‍ 

വന്നു - ഒഴിവുസമയങ്ങള്‍ സ്മരണകളുടെ ശൃംഖലകള്‍ക്കിടയില്‍ 

കുടുക്കിക്കിടത്താന്‍. കൂടിക്കുഴഞ്ഞ ചിന്തകളിലും ,ഓര്‍മ്മകളിലും 

കിടന്നുഴലുന്നതിനിടയ്ക്ക് പലപ്പോഴും ഒരു തീരുമാനത്തിലെത്തിയിട്ടു -

ണ്ടെങ്കിലും അവസാനം താന്‍ തീരുമാനിച്ചുറച്ചതെന്തെന്നു തന്നെ 

മറന്നുപോകുന്ന ഒരവസ്ഥയിലെത്തിച്ചേരുകയാണ് പതിവ്.

        എന്തിനിങ്ങനെ രണ്ടുപേരും  രണ്ടു സ്ഥലങ്ങളില്‍  ഒറ്റയ്ക്കൊറ്റയ്ക്ക് 

കഴിഞ്ഞുകൂടുന്നു എന്ന് മിക്കപ്പോഴും ആലോചിച്ചിട്ടുണ്ട്. അമ്മ 

കൂടെയുണ്ടായിരുന്നെങ്കില്‍..... പക്ഷേ തളര്‍ന്ന മനസ്സും കുനിഞ്ഞ 

ശിരസ്സുമായി അമ്മയുടെ മുന്നില്‍ .......അതുവയ്യ. എന്നും അമ്മ തന്നെ 

ജയിച്ചവനായിത്തന്നെ കാണണമെന്നു  കുട്ടിക്കാലം മുതല്‍ക്കേയുള്ള 

നിര്‍ബന്ധമായിരുന്നു. അച്ഛന്റെ സ്നേഹത്തിന്റെ കുളിരും ചൂടും നഷ്ടപ്പെട്ട 

അമ്മയ്ക്ക് അത് മാത്രമേ ആശ്വാസം നല്‍കൂ എന്നറിയാമായിരുന്നു. ഒന്നിനും 

നിര്‍ബ്ബന്ധിയ്ക്കാത്ത അമ്മ എപ്പോഴും ചിരിച്ചു. എങ്കിലും പലപ്പോഴും 

ചേര്‍ത്തുപിടിച്ച് ഉമ്മ വെയ്ക്കുമ്പോള്‍  ആ നനവ് ചുണ്ടുകളുടേതു 

മാത്രമല്ലെന്നറിഞ്ഞിരുന്നു. ഇടയ്ക്കെപ്പോഴോ വലിയ ആളായി എന്ന 

ബോധത്തോടെ അമ്മയില്‍ നിന്നകന്നുതുടങ്ങിയപ്പോഴും , എന്നും നേരത്തെ 

അമ്മ കിടക്കവിട്ടെഴുന്നേല്‍ക്കുമ്പോള്‍ അമ്മയറിയാതെ ആ ചൂടില്‍ മുഖം 

പൂഴ്ത്തി കിടക്കുമായിരുന്നു.
        
        പണ്ടേ തീരുമാനിച്ചുറച്ചതായിരുന്നു ജീവിതത്തില്‍ അമ്മയ്ക്കൊഴികെ 

മറ്റാര്‍ക്കും സ്ഥാനമില്ലെന്ന് . എപ്പോഴും മനസ്സിലുണ്ടാകുമായിരുന്ന ചെറിയ 

താല്പര്യങ്ങളും, മോഹങ്ങളും അപ്പോഴേ തൂത്തുമാറ്റി. പക്ഷേ അമ്മയുടെ 

ആഗ്രഹവും നിര്‍ബ്ബന്ധവും.....താനതിനെ എതിര്‍ക്കാനോ , വാദിയ്ക്കാനോ 

ശ്രമിച്ചതുമില്ല. പുതിയ നിറക്കൂട്ടുകള്‍ക്കിടയിലും ശൂന്യമായ ഒരു വെളുത്ത 

പാടു പോലെ അമ്മ തെളിഞ്ഞു നിന്നു. പിന്നീട് ചില അപസ്വരങ്ങള്‍ക്കി 

ടയില്‍  നിറക്കൂട്ടുകള്‍ ഒന്നൊന്നായലിഞ്ഞു തീര്‍ന്നപ്പോള്‍....... ജീവിതത്തില്‍ 

പലപ്പോഴും താളപ്പിഴകളുണ്ടായിട്ടുണ്ടെങ്കിലും പരാജയബോധം മനസ്സില്‍ 

പടര്‍ന്നതന്നാദ്യമായിട്ടായിരുന്നു. അന്നുതൊട്ടാണമ്മയുടെ ഈണവും താളവും 

പിഴയ്ക്കാതെയുള്ള കത്തുകളുടെ ആവര്‍ത്തനങ്ങള്‍ തന്നെത്തേടിയെത്തി -

ത്തുടങ്ങിയതും. അമ്മയ്ക്കു തന്നെക്കാളധികം തനിയ്ക്ക് അമ്മയെയാണാ -

വശ്യം എന്ന് അമ്മയും മനസ്സിലാക്കിക്കഴിഞ്ഞിരിയ്ക്കുന്നു. തന്റേതായ 

തിരക്കുകളും അസ്വാസ്ഥ്യങ്ങളും ഇവിടെ ഉപേക്ഷിച്ച് വീണ്ടും ആ 

മടിത്തട്ടിലേയ്ക്കണയാന്‍ മനസ്സുഴറാഞ്ഞിട്ടല്ല, തളര്‍ന്ന മനസ്സുമായി മുന്നില്‍ 

ചെന്നാല്‍ ആ ചിരിയില്‍ നിഴല്‍ വീണേയ്ക്കുമോ എന്ന് ഭയന്നു. ഒറ്റയ്ക്കാണ് 

ഭേദമെന്നു തോന്നി. തന്നെ ഉപദ്രവിയ്ക്കാനും തനിയ്ക്ക് ഉപദ്രവിയ്ക്കാനും 

ഈ മനസ്സുണ്ടല്ലോ. തിരക്കൊഴിഞ്ഞ നേരങ്ങളില്‍ മനസ്സ് സ്വപ്നങ്ങളില്‍നിന്ന് 

യാഥാര്‍ത്ഥ്യത്തിലേയ്ക്കും തിരിച്ചും കൂടുമാറ്റം നടത്തിക്കൊണ്ടിരിയ്ക്കുന്നു.

        സ്നേഹത്തിന്റെ കുളിരേന്തിയ നീണ്ട വിരലുകളുടെ സ്പര്‍ശനം, 

മടിയിലിരുന്നു കളിയ്ക്കുന്ന വികൃതിക്കുട്ടന്റെ കൊഞ്ചലുകള്‍,                        

സങ്കല്പത്തില്‍ മാത്രം വന്നുദിച്ചിട്ടുള്ള കുഞ്ഞുമോളുടെ 

തൊണ്ണുകാട്ടിച്ചിരി....എല്ലാം അസ്തമിയ്ക്കുമ്പോള്‍......സ്നേഹം നിറം 

കൊടുത്ത കുറച്ചക്ഷരങ്ങള്‍ - സാന്ത്വനമന്ത്രം.... മുങ്ങിത്താഴ്ന്നുതാഴ്ന്നു 

പോകവേ........ വഴുതിപ്പോയ ഞെട്ടലോടെ കണ്ണുതുറന്നു നോക്കുമ്പോള്‍..... 

ഊര്‍ന്നു വീണ കത്തെവിടെയെന്നന്വേഷിയ്ക്കുമ്പോള്‍ മനസ്സ് 

പരതിയുഴറിയത് തീരുമാനിച്ചുറച്ചതെന്തെന്നായിരുന്നു.
( തുളസീദളം സെപ്തംബര്‍ 1993 )

8 comments:

 1. ജീവിതാനുഭവങ്ങളുടെ തീരാച്ചുമടുകള്‍ ഇറക്കിവക്കാന്‍ മനോരാജ്യങ്ങളില്‍ എന്തെല്ലാം അത്താണികള്‍ .നല്ല എഴുത്ത്.പക്ഷെ,അക്ഷരങ്ങളുടെ വലിപ്പക്കൂടുതലും വരികള്‍ക്കിടയിലെ മരുഭൂമികളും വായനാസുഖം കളയുന്നു.

  ReplyDelete
 2. ഒരു തൂവല്‍ സ്പര്‍ശം പോലെ അമ്മയുടെ സ്നേഹം. നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
 3. ബ്ലോഗ് ഒന്നു റീഡിസൈൻ ചെയ്താൽ , ഫോണ്ട് കുറച്ചാൽ അൽപ്പം കൂടി വായനാ സുഖംലഭിക്കും. കഥ നന്ന്

  ReplyDelete
 4. സുമേഷിന്റെ അഭിപ്രായം ശരിയെന്നു തോന്നുന്നു.

  ReplyDelete
  Replies
  1. ഇരുവരുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു.ബ്ലോഗിങ്ങ് പരിചയമാവുന്നതേയുള്ളൂ.ശ്രമിയ്ക്കാം.നന്ദി

   Delete