Friday, January 18, 2013

ഇനിയും സ്നേഹിയ്ക്കാന്‍


                                           
                                        1   
        പതുക്കെ പതുക്കെ ആളൊഴിഞ്ഞു തുടങ്ങി.പരസ്പരം യാത്ര പറഞ്ഞും പറയാതെയും
മിക്കവരും പടിയിറങ്ങി.പുറത്ത് കുറച്ചാളുകള്‍  അവിടവിടെ കൂട്ടമായി നിന്നിരുന്നു.
അവിശ്വസനീയതയും അത്ഭുതവും  സഹതാപവും ഊഹങ്ങളുമെല്ലാം  അവര്‍ക്കിടയില്‍
വീര്‍പ്പടക്കി പിറുപിറുത്തു. വീടിന്റെ അകത്തളം ശൂന്യമായിരുന്നു.

        “സോറി മിസ്റ്റര്‍ ശേഖരമേനോന്‍ .അങ്ങിപ്പോള്‍ സംസാരിയ്ക്കാന്‍ കഴിയുന്ന
ഒരവസ്ഥയിലല്ലെന്നറിയാം.എങ്കിലും എനിയ്ക്കെന്റെ ഡ്യൂട്ടിചെയ്യാതിരിയ്ക്കാനാവില്ലല്ലോ.”
ഔപചാരികതയുടെ പഴക്കം പറ്റിയ വാക്കുകള്‍ ഉരുവിടുന്ന മടുപ്പ് ആ
അന്വേഷണോദ്യോഗസ്ഥന്റെ മുഖത്ത്‌ തെളിഞ്ഞു.

        “ഞാന്‍ ശിഖയുടെ റൂമൊന്നു പരിശോധിച്ചോട്ടെ” . ആ ചോദ്യത്തിനും
മറുപടിയൊന്നുമുണ്ടാകില്ലെന്നറിയുന്നതുകൊണ്ടാകാം അയാള്‍ തല കുനിച്ചു  കൈകളില്‍
താങ്ങിയിരിയ്ക്കുന്ന ശേഖരമേനോന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടും പോലെ വേഗം
അകത്തേയ്ക്ക്  നടന്നു.

        ശിഖയുടേതെന്നു തോന്നിയ ഒരു മുറിയിലേയ്ക്ക് അയാള്‍ കയറി. അതുവരെ അവളെക്കുറിച്ച് കേട്ടതൊക്കെ ശരിയെന്നു ശരിയെന്നു തോന്നിയ്ക്കുന്ന ലളിതമായ ഒരു മുറി. ചുമരില്‍ ഒരു ഫ്രെയ്മ്   ചെയ്തു വെച്ച മ്യൂറല്‍ പെയിന്റിങ്  ഒഴികെ മറ്റലങ്കാരങ്ങളൊന്നുമില്ല. ഒരു മൂലയില്‍മേശപ്പുറത്തു കൃഷ്ണന്റെ ഒരു പ്രതിമ കണ്ടു. കുറച്ചപ്പുറത്ത്‌ ശിഖയുടെ ഒരു ഫോട്ടോ ലാമിനേറ്റ് ചെയ്തു വെച്ചിരുന്നു. ജനല്‍ തുറന്നപ്പോള്‍  പതിവ് സന്ദര്‍ശനത്തിനെന്ന പോലെ ജനലില്‍ചാഞ്ഞു നിന്ന ഒരു പനിനീര്‍ച്ചെടി അകത്തേയ്ക്ക് തല നീട്ടി.  പ്രതീക്ഷിച്ച ആളെ കാണാഞ്ഞിട്ടാകണം ഇന്നലെ വിരിഞ്ഞ ഒരു ചെമ്പനീര്‍പ്പൂ  വാടിയ മുഖം ജനല്‍ക്കമ്പിയില്‍ ചാരി തിരിഞ്ഞു നിന്നു.

        എന്തെങ്കിലും ഒരു തുമ്പു കിട്ടാനായി അയാളുടെ കണ്ണുകള്‍ പരതിക്കൊണ്ടേയിരുന്നു. ശിഖ ഒരു എഞ്ചിനിയറിങ്  ഗ്രാജ്വേറ്റായതുകൊണ്ട് ഒരു ലാപ്ടോപ് പ്രതീക്ഷിയ്ക്കാമെന്നു അയാള്‍ കരുതി. ചുമരലമാരയില്‍  കുറെ വസ്ത്രങ്ങളും പുസ്തകങ്ങളുമല്ലാതെ മറ്റൊന്നും കണ്ടില്ല. പെട്ടെന്ന് കൃഷ്ണവിഗ്രഹത്തിന്റെ തൊട്ടടുത്ത് ഒരു മൊബൈല്‍ ഫോണ്‍  കണ്ടത്  അയാള്‍ക്ക്  കുറച്ചാശ്വാസം നല്‍കി. തിടുക്കത്തോടെ  കോള്‍ ലിസ്റ്റും മെസ്സെജുമൊക്കെ പരിശോധിച്ചു.നെയ്മ്   ലിസ്റ്റില്‍ ആകെ ഒരു പേരെ ഉണ്ടായിരുന്നുള്ളൂ – അനിരുദ്ധ്  . ഡയല്‍ഡ്  നമ്പേഴ്സിലും,റിസീവ്ഡ്  കോള്‍സിലും  അനിരുദ്ധ് . ഇന്‍ ബോക്സിലും സെന്‍റ് മേസേജസിലും അനിരുദ്ധ് . കഴിഞ്ഞ മാസം തൊട്ടാണ് ആ നമ്പറുമായുള്ള ബന്ധം തുടങ്ങിയിരിയ്ക്കുന്നത്. ഇന്നലെ രാത്രിയും ഒരു എസ് .എം.എസ്  അയച്ചിട്ടുണ്ട്. ഒരു ഗുഡ് നൈറ്റ് മാത്രം .

        കുറച്ചു മുമ്പ്  ആ വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു വേലക്കാരിയെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അയാള്‍ ഓര്‍ത്തെടുത്തു. ശിഖയുടെ ഭാവിവരനാണ് അനിരുദ്ധ് .ഒന്നരമാസം മുമ്പായിരുന്നു എന്‍ഗേയ്ജ്മെന്റ് .മുംബൈയിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റാണയാള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്‌. ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞുമാറി നിന്നിരുന്ന ആ യുവാവിനെ അയാളോര്‍ത്തു. അനിരുദ്ധ് എത്താന്‍ വേണ്ടിയാണ് കാത്തിരുന്നത്. അനിരുദ്ധിനെ മാത്രമേ കാത്തിരിയ്ക്കേണ്ടതുണ്ടായിരുന്നുള്ളൂ.

        ശിഖയുടെ  കൃഷ്ണപ്രതിമ തനിയ്ക്ക് നേരെ കള്ളച്ചിരി തൂകുന്നതായി തോന്നി അയാള്‍
അസ്വസ്ഥനായി.

                                                                2
        “എനിയ്ക്കറിയില്ല... ഞാനൊരു കാരണവും കാണുന്നില്ല...മിനിഞ്ഞാന്നും
സംസാരിച്ചതാണ്...ഇന്നലെ രാത്രി എസ് .എം.എസ്  കിട്ടിയിരുന്നു .. ഒരു സൂചനയും കിട്ടിയില്ല ...തന്നില്ല”.

        അനിരുദ്ധിന്റെ അപൂര്‍ണ്ണവിരാമങ്ങളിലേയ്ക്ക് അയാള്‍ നോട്ടം തീക്ഷ്ണമായി
 ആഴ്ത്തിയിറക്കി. “ എന്തുകൊണ്ട് എസ് .എം.എസ്  ? വിളിയ്ക്കാഞ്ഞതെന്തുകൊണ്ട് ”?

        “ശിഖ നേരത്തെ ഉറങ്ങുന്ന പ്രകൃതമായതു  കൊണ്ട് ചില ദിവസങ്ങളില്‍ സംസാരിയ്ക്കാന്‍ കഴിയാറില്ല. അപ്പോഴും എസ് .എം.എസ്  അയയ്ക്കാറുണ്ട്. ഇന്നലെ എനിയ്ക്ക് നൈറ്റ്‌ഡ്യൂട്ടിയായിരുന്നു. അതുകൊണ്ട് ഞാനും വിളിച്ചില്ല.” ആ മറുപടിയില്‍ പഴുതൊന്നും കിട്ടുന്നില്ലല്ലോ എന്നയാള്‍ നിരാശനായി.

        “മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഡോക്ടര്‍ ഇത്ര ഇന്‍ട്രോവേര്‍ട്ടായ  ശിഖയെ വിവാഹം  ചെയ്യാന്‍ തീരുമാനിയ്ക്കാന്‍ കാരണം...?”

        “ഒരു മാരീഡ് ലൈഫിനു സ്മാര്‍ട്ട്നെസ് അത്ര അത്യാവശ്യമാണെന്നു ഞാന്‍ കരുതുന്നില്ല. എന്റെ കണ്‍സെപ്റ്റ് അനുസരിച്ചുള്ള കുട്ടിയാണ് ശിഖ എന്ന് തോന്നിയത് കൊണ്ട് ഞാന്‍സമ്മതിച്ചു. ഞങ്ങളുടെ വെയ്‌വ് ലെങ്തും ഒന്നായിരുന്നു”.
        
        “ എന്തൊക്കെയായിരുന്നു നിങ്ങള്‍ സ്ഥിരമായി സംസാരിച്ചിരുന്ന വിഷയങ്ങള്‍? എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടോ? ” അയാള്‍ വീണ്ടും സാദ്ധ്യതകളുടെ
മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് കണ്ണോടിച്ചു.

        “നെവര്‍ ...” അനിരുദ്ധ്  നീരസത്തോടെ  ആ ചോദ്യത്തെ കുടഞ്ഞെറിയാന്‍
ശ്രമിയ്ക്കുംപോലെ പറഞ്ഞു. പിന്നെ നിയന്ത്രണം പാലിച്ചു കൊണ്ട് തുടര്‍ന്നു. “അങ്ങനെ
കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. ജോലി ചെയ്യാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞിരുന്നു.
അതെനിയ്ക്കും താല്പര്യമുള്ള കാര്യമായിരുന്നു. അവള്‍ കുടുംബത്തെപ്പറ്റിയാണ് അധികവും
സംസാരിച്ചിരുന്നത്.പ്രത്യേകിച്ച് കുട്ടികളെ പറ്റി.’’

        “കുട്ടികളെ പറ്റിയോ? അത് വളരെ സ്ട്രെയ്ഞ്ച്  ആയിരിയ്ക്കുന്നല്ലോ? ഒരു പെണ്‍കുട്ടിയ്ക്ക് തന്റെ ഭാവിവരനോടു മറ്റെന്തൊക്കെ സംസാരിയ്ക്കാനുണ്ടാകും? " 
ആ അസ്വാഭാവികതയിലേയ്ക്ക് അയാള്‍ തന്റെ സംശയമൂന്നി.

        “ ഇറ്റ്സ് ക്വയറ്റ് നാച്വറല്‍ . അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാണ് ശിഖ. ആ കുറവുകള്‍ കുട്ടികളിലൂടെ നികത്തണമെന്ന് അവളാഗ്രഹിച്ചിരിയ്ക്കണം’’. ശിഖയുടെ ഹൃദയത്തുടിപ്പുകള്‍ ആ വാക്കുകളിലൂടെ അനിരുദ്ധ്  അറിഞ്ഞിരുന്നുവെന്നയാള്‍ക്ക് തോന്നി.

        അനിരുദ്ധ്  അസ്വസ്ഥനായിരുന്നു. ഒരെത്തും പിടിയും കിട്ടാത്തവണ്ണം അയാള്‍ കൈവിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്തു. ആ വിരലുകളിലൊന്നില്‍  ശിഖയുടെ പേരെഴുതിയ മോതിരമുണ്ടായിരുന്നു. ഒരു ഡോക്ടറുടെ അളന്നു മുറിച്ച വാക്കുകളാണ് അനിരുദ്ധില്‍  നിന്നും കേട്ടതെങ്കിലും അതിലെ ആത്മാര്‍ത്ഥതയും നഷ്ടബോധവും ആ ഉദ്യോഗസ്ഥന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അയാളുടെ വിവാഹം കഴിഞ്ഞു രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. കാര്‍ക്കശ്യം വെടിഞ്ഞു കൊണ്ട് അയാള്‍ ചോദിച്ചു.
“അനിരുദ്ധ്  എപ്പോഴാണ് തിരിച്ചുപോകുന്നത് ”?

        “ നെക്സ്റ്റ് ഫ്ലൈറ്റില്‍ . ഇനി...ഇനി ഒന്നുംചെയ്യാനില്ലല്ലോ ?”
അനിരുദ്ധ്  സംയമനം പാലിയ്ക്കാനേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടപ്പോള്‍ അയാള്‍
ഇനിയൊന്നും ചോദിയ്ക്കേണ്ടെന്നു വെച്ചു . അല്ലെങ്കിലും ഇനിയൊന്നും ചോദിയ്ക്കാനില്ലല്ലോ .

        ആര്‍ക്കും പരാതിയില്ല. ആര്‍ക്കുമൊന്നും പറയാനില്ല. ആര്‍ക്കുമൊന്നും അറിയുകയുമില്ല. ആ ശൂന്യത സൃഷ്ടിച്ചു കൊടുത്ത ജാള്യതയോടെ  അയാള്‍ ചമയങ്ങള്‍ മിക്കവാറും പൂര്‍ത്തിയാക്കി ചലനമറ്റു നില്‍ക്കുന്ന ആ വീടിന്റെ പടികളിറങ്ങി. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ അതൊരു കല്യാണവീടാകേണ്ടതായിരുന്നു. ശിഖയുടെ മുറിയുടെ നേര്‍ക്ക്‌ അറിയാതെ അയാളുടെ കണ്ണുകള്‍ നീണ്ടു. ജനലഴികള്‍ക്കിടയിലൂടെ കൃഷ്ണന്റെ കള്ളച്ചിരി അയാള്‍ അപ്പോള്‍ കൂടുതല്‍ വ്യക്തമായി കണ്ടു.
                                                           
                                                                        3
        “ മിത്രേ ”
        വര്‍ഷങ്ങള്‍ക്കു ശേഷം ആ വിളി കേട്ടപ്പോള്‍ സുമിത്രയുടെ കണ്ണുകള്‍ പെട്ടെന്നൊന്നു തിളങ്ങി. പിന്നെ ചിരിച്ചു. ആ പഴയ കണ്ണീര്‍ച്ചിരി. 
        “ മിത്രേ ”
        ശേഖരമേനോന്‍ പിന്നെയും വിളിച്ചു. അപ്പോള്‍ സുമിത്രയുടെ കണ്ണുകള്‍  കൂടുതല്‍ ആര്‍ദ്രമായി. പ്രസവത്തിനു രണ്ടു ദിവസം മുമ്പ് അയാള്‍ തന്റെ ഹാന്‍ഡ് ക്യാമറയിലെടുത്ത ഫോട്ടോയായിരുന്നു അത്. കണ്ണുകളിലെ നിര്‍വൃതിയും ആ തളര്‍ന്ന പുഞ്ചിരിയും – അതാണയാളുടെ  മിത്ര. ഒരു പക്ഷെ ആ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ കരുതിയിരുന്നുവോ അയാള്‍ തന്നെ ഇനി ഇങ്ങനെ മാത്രമേ കാണൂ എന്ന്.

       ശിഖയുടെ മുറിയിലിരുന്ന ഫോട്ടോ ആരോ സുമിത്രയുടെ ഫോട്ടോയ്ക്ക് കുറച്ചപ്പുറത്ത്‌
കൊണ്ടുവെച്ചിരുന്നത് ഇരുട്ടില്‍  അയാള്‍ ശ്രദ്ധിച്ചില്ല. അധികം സംസാരിയ്ക്കാതെ വീട്ടുജോലികള്‍ വേഗം ചെയ്തു തീര്‍ത്ത് പോകാറുള്ള വേലക്കാരി പതിവില്ലാത്ത വിധം അന്ന് സുമിത്രയുടെ ഫോട്ടോയ്ക്ക്മുന്നില്‍ ഒരു നിലവിളക്ക് കത്തിച്ചു വെച്ചിരുന്നു.

     അയാള്‍ ഒരു ആടുന്ന കസേര സുമിത്രയ്ക്കഭിമുഖമായി നീക്കിയിട്ട്‌ ഇരുന്നു. സാധാരണ  അയാള്‍ അതുപയോഗിച്ചിരുന്നില്ല. അതിലിരുന്നാടാന്‍ അയാള്‍ക്കിഷ്ടമായിരുന്നില്ല.
അയാള്‍  വീണ്ടും സുമിത്രയുടെ കണ്ണുകളിലേയ്ക്ക് നോക്കി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു
ശേഷമാണ് അയാളവളെ നോക്കുന്നത്, കാണുന്നത്.
         “കുറെ കാലമായില്ലേ മിത്രേ നമ്മള്‍ എന്തെങ്കിലും പറഞ്ഞിട്ട് ”. അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന താല്പര്യത്തിലേയ്ക്ക് അയാളുടെ മനസ്സൊഴുകി. “ അന്ന് മോളെ എന്റെ കൈയിലേല്പിച്ച് നീ പോയപ്പോള്‍ നമ്മുടെ വീട്ടുകാര്‍  പറഞ്ഞതെന്തെന്നോ എല്ലാവരെയും ധിക്കരിച്ചതിന്റെ ഫലം കിട്ടിയതാണെന്ന് !
        ശേഖരാ, ഇതൊരു പെണ്‍കുഞ്ഞാണ് . നിനക്കിവളെ ഒറ്റയ്ക്ക് വളര്‍ത്താനാവില്ല .നീ ഇവള്‍ക്ക് വേണ്ടിയൊരു വിവാഹം കഴിയ്ക്ക് എന്ന് പലരും പറഞ്ഞു. ചിലര്‍ നിര്‍ബ്ബന്ധിച്ചു. ഞാന്‍ സമ്മതിച്ചില്ല.പക്ഷെ മിത്രേ, നിന്നെയോര്‍ത്തല്ല ഞാന്‍ അങ്ങനെ ചെയ്തത്. മോളെ പങ്കു വെയ്ക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല. നീ പറഞ്ഞിരുന്നില്ലേ നമ്മുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തൊരു പേര് വേണം മോള്‍ക്കിടാനെന്നു. ഞാനതും ചെയ്തില്ല. അവളെ എന്റേത് മാത്രമാക്കി.”
        ലൈറ്റിടാന്‍ അയാള്‍ മറന്നിരുന്നു. ജനല്‍പ്പാളികളിലൂടെ കടന്നുവന്ന സന്ധ്യയുടെ ചുവന്ന വെളിച്ചത്തില്‍ സുമിത്രയുടെ മുഖം തിളങ്ങിയപ്പോള്‍ അയാള്‍ കണ്ണുകളടച്ചു.
        “ മോള്‍ക്കൊരു കുറവും വരാതിരിയ്ക്കാനാണ് ഞാന്‍ ലക്ഷ്മിയെ കണ്ടുപിടിച്ചത് .പ്രസവിച്ച ഉടനെ കുഞ്ഞു മരിച്ചുപോയ ഒരു വിധവ, അനാഥ. ലക്ഷ്മിയുടെ പാല് കുടിച്ചാണ് ശിഖ വളര്‍ന്നത്. ലക്ഷ്മിയെ ആയ എന്ന് തന്നെ വിളിയ്ക്കണമെന്ന് ഞാന്‍ മോളെ നിര്‍ബ്ബന്ധിച്ചു. പക്ഷെ ഒരിയ്ക്കല്‍ അവള്‍ അമ്മേ  എന്ന് വിളിയ്ക്കുന്നതും അവരവളെ മാറോടണച്ച് തലോടുന്നതും ഞാന്‍ കണ്ടു. ശിഖ വലുതായി, ഇനി ഒരു ആയയുടെ ആവശ്യമില്ലെന്നു പറഞ്ഞു പിറ്റേന്ന് തന്നെ ഞാന്‍ ലക്ഷ്മിയെ പിരിച്ചയച്ചു ”.
        
        സുമിത്രയുടെ കണ്ണുകളില്‍  ദേഷ്യം തെളിയുന്നുണ്ടോ എന്ന് അയാള്‍ സൂക്ഷിച്ചു നോക്കി.എല്ലാമുപേക്ഷിച്ച്  അവള്‍ അയാളോടൊപ്പമെത്തിയത് മഴയില്‍ നനഞ്ഞ ഒരു ദിവസമായിരുന്നു.അതിലേറെ ആര്‍ദ്രമായ ആ കണ്ണുകളിലേയ്ക്ക് നോക്കി അന്നയാള്‍ പറഞ്ഞിരുന്നു, നമ്മളൊരു കുറവുമില്ലാതെ ജീവിയ്ക്കുമെന്ന് . അതേ  കണ്ണുകള്‍ തന്നെ അയാള്‍ ഇപ്പോഴും കണ്ടു.

        “ മിത്രേ, നിനക്കറിയാമോ ശിഖയ്ക്ക് കൂട്ടുകാരാരുമുണ്ടായിരുന്നില്ല. അതും ഞാന്‍
സമ്മതിച്ചിരുന്നില്ല. ആരുമായും ഒരു കോണ്‍ടാക്റ്റുമുണ്ടാകാതിരിയ്ക്കാന്‍ ഞാനവള്‍ക്ക്
കമ്പ്യൂട്ടറും മോബൈലുമൊന്നും വാങ്ങികൊടുത്തില്ല. പഠിത്തം കഴിഞ്ഞിട്ടും ജോലിയ്ക്കയച്ചില്ല. ഒരു ദിവസം നിന്റെ കൂട്ടുകാരി ലീലയെ ഞങ്ങള്‍ കണ്ടിരുന്നു. 
ശിഖയെ ചേര്‍ത്ത് പിടിച്ച് അവളുടെ മുടിയില്‍ തലോടിക്കൊണ്ട് അവര്‍ പറഞ്ഞു 
മോള്‍ക്ക്‌ അച്ഛന്റെ ഛായയാണെങ്കിലും സുമിത്രയുടെ മുടി അങ്ങനെത്തന്നെ കിട്ടിയിട്ടുണ്ടെന്ന്. ശരിയായിരുന്നു. നിന്റെ പോലെ ചുരുണ്ട് മുട്ടോളമുള്ള മുടി അവള്‍ക്കുമുണ്ടായിരുന്നു. അവള്‍ക്കതേറെ ഇഷ്ടമായിരുന്നു. പിറ്റേന്ന് ഞാന്‍ 
ആദ്യമായി ശിഖയെ ഒരു ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോയി. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ മുടി നീട്ടിവളര്‍ത്താറില്ല  എന്ന് ഞാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. പാവം, എന്റെ മനസ്സ് കണ്ടിട്ടോ എന്തോ അവള്‍ എന്നോടൊന്നും എതിര്‍ത്തു പറഞ്ഞിരുന്നില്ല.
        “ ശേഖരന്റെ മകളെ കണ്ടുപഠിയ്ക്കണം .ഇങ്ങനെയാവണം പെണ്‍കുട്ടികള്‍ .
സുമിത്രയുണ്ടെങ്കില്‍ പോലും ഒരുപക്ഷെ മോള്‍ ഇത്ര നന്നാവില്ലായിരുന്നു എന്ന് പലരും
പറയുന്നത് കേട്ട് ഞാന്‍ അഭിമാനിച്ചു.”
        തുടരാനാകാതെ വലിഞ്ഞുമുറുകിയ മുഖത്തോടെ അയാള്‍ കസേരയിലേയ്ക്കു ചാഞ്ഞുകിടന്നു. ഊക്കിലാടിക്കൊണ്ടേയിരുന്നു.
        “ഇങ്ങനെ വിഷമിയ്ക്കല്ലേ” എന്ന് മിത്രയുടെ കണ്ണുകള്‍ അയാളെ സാന്ത്വനിപ്പിച്ചു.
“ നിര്‍ത്തല്ലേ, ഇനിയും പറയൂ”എന്ന അപേക്ഷാഭാവം കൂടി കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു.
  
        “ അനിരുദ്ധ്  ശിഖയ്ക്ക് തികച്ചും അനുയോജ്യനായിരുന്നു. അത് കൊണ്ടാണ്
മുംബൈയിലാണെങ്കിലും ആ ബന്ധം ആകാമെന്ന് വെച്ചത് . കല്യാണനിശ്ചയം കഴിഞ്ഞ 
രണ്ടാഴ്ചയ്ക്കു ശേഷമായിരുന്നു ശിഖയുടെ പിറന്നാള്‍. നിശ്ചയം കഴിഞ്ഞ തറവാട്ടിലേയ്ക്ക് പോയ അനിരുദ്ധ്  പിറന്നാളിന് വന്നിരുന്നു.ഒരു മൊബൈല്‍ഫോണാണ് അവന്‍ ശിഖയ്ക്ക് സമ്മാനമായി കൊടുത്തത്, എന്റെ സമ്മതത്തോടെത്തന്നെ. ദിവസവും സംസാരിയ്ക്കാനുംഅവനെന്നോടു അനുവാദം ചോദിച്ചു. ശിഖ വളരെ ഒതുങ്ങിയ പ്രകൃതമല്ലേ , വിവാഹത്തിനു മുമ്പ് തന്നെ ഒരു പരിചയമുണ്ടാകുന്നത് നല്ലതാണല്ലോ എന്ന് ഞാനും കരുതി.

        പക്ഷേ മിത്രേ , അവള്‍ അവനു വേണ്ടി നീക്കി വെയ്ക്കുന്ന അല്‍പസമയം പോലും എനിയ്ക്ക് സഹിയ്ക്കാന്‍ കഴിഞ്ഞില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കില്‍ - സഹായിയ്ക്കാന്‍ നമുക്ക് ബന്ധുക്കളാരുമില്ലല്ലോ , പുതിയ ബന്ധങ്ങള്‍ ഞാനുണ്ടാക്കിയതുമില്ല – വല്ലാതെ ക്ഷീണിച്ചു പോകുന്ന എന്നെ ശിഖ പലപ്പോഴും ഓര്‍മ്മിപ്പിച്ചു. ‘ അച്ഛാ  ബി.പി.യും ഷുഗറും കൊളസ്ട്രോളും ഒക്കെയുള്ളതാണ് .ഈ ഉറക്കമൊഴിയ്ക്കല്‍ പാടുള്ളതല്ലെന്നു ഡോക്ടര്‍ പറഞ്ഞിട്ടുള്ളതല്ലേ . വേണമെങ്കില്‍ ടാബ് ലെറ്റ്‌  ഒന്നുകൂടിയാവാമെന്നും പറഞ്ഞിരുന്നു ’എന്നുപറഞ്ഞ്  അവള്‍ രണ്ടു സ്ലീപിങ്ങ്പില്‍സ്   എന്റെ നേര്‍ക്ക്‌ നീട്ടുമ്പോള്‍ എന്റെ മനസ്സ് പതറി.ഞാനുറങ്ങുമ്പോള്‍ അവള്‍ കൂടുതല്‍ സമയം അനിരുദ്ധുമായി സംസാരിയ്ക്കുമോ എന്ന് .

        റിട്ടയര്‍മെന്റിനു ശേഷം മുംബൈയിലേയ്ക്ക് താമസം മാറ്റാമെന്ന് എന്നോടു അനിരുദ്ധ് പറഞ്ഞിരുന്നു. അതുകൊണ്ട് ശിഖയുടെ വേര്‍പാടിനെ കുറിച്ച് ഞാനാദ്യം അത്ര ചിന്തിച്ചില്ല.പക്ഷെ ദിവസങ്ങള്‍ കഴിയുംതോറും അവള്‍ എന്റേതല്ലാതാകുന്നുവെന്നു എനിയ്ക്ക് തോന്നി.അതുകൊണ്ടാണ് മിത്രേ , ഞാന്‍ എന്റെ ഉറക്കഗുളികകള്‍ അവളുടെ പാലില്‍ ചേര്‍ത്തത്.

        മുറിയിലേയ്ക്ക് കടന്നുവന്ന സന്ധ്യയുടെ കുളിര്‍ത്ത  ഒരിളം കാറ്റില്‍ ദീപനാളം സുമിത്രയുടേയും ശിഖയുടേയും മുഖങ്ങളിലേയ്ക്കു മാറി മാറി പ്രകാശം പ്രകാശം നീട്ടിക്കൊണ്ടു ആടിയുലഞ്ഞു. അപ്പോള്‍ ഒരു ഞെട്ടലോടെ അയാള്‍ കണ്ടു . ശിഖയുടെ കണ്ണുകള്‍ ...അതിലെ കണ്ണീര്‍ച്ചിരി മിത്രയുടേതുപോലെ... ഇത് ഞാനിതുവരെ കണ്ടില്ലല്ലോ എന്നയാള്‍ വിഹ്വലനായി.

        “ മിത്രേ , ശിഖ എന്റേത് മാത്രമായിരിയ്ക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ ഇപ്പോള്‍ അവള്‍ നിന്റെ അടുത്താണല്ലോ ” .എന്തോ ഒരബദ്ധം പറ്റിയ പോലെ അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. എപ്പോഴോ ആട്ടം നിര്‍ത്തി നിശ്ചലമായ കസേരയില്‍ സുമിത്രയുടേയും ശിഖയുടേയും കണ്ണീര്‍ച്ചിരിയ്ക്ക് മുന്നില്‍ അയാള്‍ നിശ്ചലനായി ഇരുന്നു.

                                           .......................................

9 comments:

 1. അവിശ്വസനീയമായ കഥ

  ReplyDelete
 2. മോശമായില്ല, ഇനിയുമെഴുതുക

  ReplyDelete
 3. വായനക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്ന രചനാശൈലി.പക്ഷെ കഥയുടെ അവസാനം.....മകളെ കൊന്നതിന് അച്ഛന് പറയുന്ന ന്യായം സമ്മതിക്കാം.മകളുടെ മരണശേഷം മകളെ അത്രമേല് സ്നേഹിക്കുന്ന അച്ഛന് ജീവിച്ചിരിക്കുന്നതിന് കഥാകാരിക്ക് എന്ത് ന്യായമാണ് പറയാനുളളത്....

  ReplyDelete
  Replies
  1. നന്ദി
   "എപ്പോഴോ ആട്ടം നിര്‍ത്തി നിശ്ചലമായ കസേരയില്‍ സുമിത്രയുടേയും ശിഖയുടേയും കണ്ണീര്‍ച്ചിരിയ്ക്ക് മുന്നില്‍ അയാള്‍ നിശ്ചലനായി ഇരുന്നു".ആ അച്ഛന്‍ ജീവിച്ചിരിയ്ക്കുന്നുണ്ടോ?

   Delete