Saturday, February 16, 2013

സായന്തനം


       

     ജോസേട്ടന്‍ തക്ക സമയത്തെത്തി വേണ്ടതെല്ലാം ചെയ്തതുകൊണ്ട് വലിയ

പ്രശ്നങ്ങളില്ലാതെ രക്ഷപ്പെട്ടു. എങ്കിലും അന്വേഷണോദ്യോഗസ്ഥന്‍ നിങ്ങള്‍ക്ക് 

പറയാന്‍ പല എക്സ്ക്യൂ സസും കാണും. “എന്നാലും  മിസ്‌റ്റര്‍  നന്ദന്‍ നിങ്ങളെ

പോലെ എജുക്കേറ്റഡ്  ആയ ചെറുപ്പക്കാര്‍ ഇങ്ങനെ പ്രവര്‍ത്തിയ്ക്കുക എന്ന്

വെച്ചാല്‍ കഷ്ടമാണ്. മേലാല്‍ ഇത്തരം അവസരങ്ങളുണ്ടാകാതെ ശ്രദ്ധിയ്ക്കൂ.”

എന്ന് പറഞ്ഞപ്പോള്‍ നിന്ന നില്പില്‍ താഴ്ന്നു പോകും പോലെയാണ്

തോന്നിയത്. ഒന്നും പറയാനാകാതെ നില്‍ക്കുമ്പോള്‍ ജോസേട്ടന്‍ കൂട്ടിക്കൊണ്ടു

പോയത് വീക്കെന്‍ഡിലെ പതിവ് സ്ഥലത്തേയ്ക്കു  തന്നെ. ബാറില്‍ ജോസേട്ടന്‍

കുടിയ്ക്കുന്നത് നോക്കിയിരിയ്ക്കുകയായിരുന്നു  എന്നും നന്ദന്റെ പതിവ്.

എന്തോ ഒരുള്‍പ്രേരണയാലെന്നപോലെ അന്ന് നന്ദന്‍ ഗ്ലാസ്സിനു വേണ്ടി കൈ

നീട്ടി. ഒരു ചോദ്യഭാവത്തില്‍ നോക്കിക്കൊണ്ട്‌ ജോസേട്ടന്‍ പറഞ്ഞു. “ മനസ്സിലായി

എന്താ നിന്റെ വിചാരമെന്ന്  .ഞാനിത് കുടിയ്ക്കുന്നതേയ് ശീലം കൊണ്ടാ .ഒരു

സുഖത്തിന് . അല്ലാതെ വിഷമം മാറ്റാനല്ല. ഇത് കുടിച്ചത് കൊണ്ട് ഒരു വിഷമവും

ഇന്നോളം മാറിയിട്ടുമില്ല. അതു  കൊണ്ട് എന്റെ അമ്പലവാസിച്ചെറുക്കാ നീ

അച്ഛന്‍  വളര്‍ത്തിയ പോലെ മിടുക്കന്‍ കുട്ടനായിട്ടങ്ങോട്ടു ജീവിച്ചാല്‍ മതി.പുതിയ

ശീലങ്ങളൊന്നുമുണ്ടാക്കേണ്ട” . നന്ദന്റെ നീട്ടിയ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട്

ജോസേട്ടന്‍ തുടര്‍ന്നു. “നീ വാ നന്ദാ. അവിടെ ലില്ലിച്ചേച്ചി

കാത്തിരിയ്ക്കുന്നുണ്ടാകും . ഞങ്ങള്‍ തീര്‍ത്ത് തരാം നിന്റെ വിഷമങ്ങളൊക്കെ”.

രാവിലെ പതിവ് പോലെ ഓഫീസിലേയ്ക്കിറങ്ങിയതാണ്. അപ്പോഴേയ്ക്കും ഫോണ്‍  

വന്നു.കോളനിയുടെ പ്രസിഡന്റാണ് വിളിച്ചത്. വേഗം വരണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. 

വീടിനു  മുമ്പിലൊരാള്‍ ക്കൂട്ടം കണ്ടപ്പോള്‍ ഉള്ളു പിടഞ്ഞു. 

“ദൈവമേ.....അച്ഛനെന്തെങ്കിലും..” .

ലോക്കല്‍ ചാനലിന്റെ ആളുകളും സ്ഥലത്തെത്തിയിട്ടുണ്ട്. “പ്രായമായ അച്ഛനെ വീട്ടില്‍

പൂട്ടിയിടുക നിന്ദ്യമായ പതിവ് ഇവിടെ ആവര്‍ത്തിച്ചിരിയ്ക്കുന്നത് വിദ്യാസമ്പന്നനും

ഉദ്യോഗസ്ഥനുമായ ഒരു ചെറുപ്പക്കാരനാണ്. പേര് വെളിപ്പെടുത്താത്ത ഒരഭ്യുദയകാംക്ഷി

വിവരമറിയിച്ചതിനെ തുടര്‍ന്നു ഞങ്ങള്‍ ആ വൃദ്ധനെ മോചിപ്പിയ്ക്കാനെത്തിയിരിയ്ക്കുക

യാണ്.” വിശദവിവരങ്ങള്‍ തേടി മൈക്കും പല ചോദ്യശരങ്ങളും നീട്ടിക്കൊണ്ട് 

ചുറുചുറുക്കുള്ള റിപ്പോര്‍ട്ടര്‍മാര്‍, വിവരമറിഞ്ഞെത്തിയ സന്നദ്ധസംഘടനകള്‍ , 

പ്രതികരണശേഷിയുള പൊതുജനം – അമ്പരന്നു നില്‍ക്കുമ്പോള്‍ അവരെ അകറ്റി 

നിര്‍ത്താന്‍  ശ്രമിച്ചു കൊണ്ട് വന്ന  പോലീസുദ്യോഗസ്ഥര്‍. ചോദ്യങ്ങള്‍, ഉപദേശങ്ങള്‍ , 

താക്കീതുകള്‍ . അപ്പോഴേയ്ക്കും  ജോസേട്ടനും വിമലും വന്നു. ജോസേട്ടന്‍ പരിചയമുള്ള 

ആരെയൊക്കെയോ വിളിച്ചു  വിവരമറിയിച്ച് ഇടപെടുവിച്ചതുകൊണ്ട് രക്ഷപ്പെട്ടു.

ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴേ ലില്ലിച്ചേച്ചി ഗേറ്റ് തുറക്കാനോടിയെത്തി.

വിവരമറിഞ്ഞിട്ടുണ്ടെന്നു മുഖഭാവം കണ്ടപ്പോഴേ മനസ്സിലായി. ടി.വി. യില്‍ 

കണ്ടിട്ടുണ്ടാകും.' ലില്ലി , നന്ദനൊരു ചായയെടുക്ക് ’ എന്ന് പറഞ്ഞുകൊണ്ട് പതിവുപോലെ 

ജോസേട്ടന്‍ തുടങ്ങി. എന്ത് വിഷമമുണ്ടായാലും ഇവരോടൊപ്പം അല്‍പസമയം 

ചെലവഴിയ്ക്കുമ്പോള്‍ അത് പരിഹരിയ്ക്കപ്പെടുമെന്നത് നന്ദന്റെ സ്ഥിരം അനുഭവമാണ്. 

സരസമായി വഴക്കിടുകയും  എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് ഒരുമിച്ചു നിന്ന് 

നേരിടുകയും ചെയ്യുന്ന ദമ്പതിമാര്‍.

ചായക്കപ്പ് നീട്ടിക്കൊണ്ടു മുഖവുരയൊന്നുമില്ലാതെ ലില്ലിച്ചേച്ചി പറഞ്ഞു “ നന്ദാ വിഷമി     

യ്ക്കാതിരിയ്ക്ക് .എന്തിനും ഒരു പോംവഴിയില്ലേ ”

“ നന്ദാ ,ആരായിരിയ്ക്കും ഈ അഭ്യുദയകാംക്ഷി ?” ജോസേട്ടന്‍ ഒരു സംശയത്തോടെ

ആരാഞ്ഞു. കുറെ സമയമായി നന്ദന്റെ മനസ്സിലും ഇടയ്ക്കിടെ ഉയര്‍ന്നുവന്ന 

ചോദ്യമായിരുന്നു  അത്. ജിത്തു ? ഗോപിക? ഈശ്വരാ ഗോപികയാകരുതേ എന്നൊരു 

പ്രാര്‍ത്ഥന  നന്ദന്റെ മനസ്സിലുയര്‍ന്നു. തന്നോടൊരിയ്ക്കലെങ്കിലും കലഹിച്ചവര്‍ ഇവര്‍ 

മാത്രമാണ്. “ പോട്ടെ അതാരോ ആകട്ടെ. നീ തെറ്റ് ചെയ്തിട്ടില്ലെന്നു 

എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് നിനക്ക്   കുറ്റബോധത്തിന്റെയും 

അപമാനത്തിന്റെയുമൊന്നും ഒരാവശ്യവുമില്ല. പറയുന്നോരെന്തും പറഞ്ഞോട്ടെ. നീയത് 

ശ്രദ്ധിയ്ക്കാനേ പോണ്ട.പക്ഷേ ഇനിയും ഇത്തരം സാഹചര്യങ്ങളൊഴിവാക്കണ്ടേ . നിന്റെ 

ഈ ടെന്‍ഷന് ഒരു പരിഹാരം വേണ്ടേ നന്ദാ ’’

“പരിഹാരൊക്കെ നമ്മളെത്ര പ്രാവശ്യം പറഞ്ഞതാ ഇച്ചായാ. നന്ദന്‍ കേക്കാഞ്ഞിട്ടല്ലേ”

ലില്ലിച്ചേച്ചി ഉണര്‍ന്നു കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ മടിയില്‍ വെച്ചുകൊണ്ട്

സംസാരത്തില്‍ പങ്കുചേര്‍ന്നു.

“ നിനക്കറിയാമോ നന്ദാ, ഞാന്‍ ലില്ലിയേം കെട്ടി നേരെ ഹണിമൂണിനെന്നും പറഞ്ഞു

ചുറ്റിയടിയ്ക്കുകയൊന്നുമല്ല ചെയ്തത്. എന്റപ്പച്ചന്‍ അത്യാസന്നമായി കിടക്കുന്ന

സമയമായിരുന്നു അത്. എന്റെ കെട്ട് കഴിഞ്ഞേപ്പിന്നെ അപ്പച്ചന്‍ ഒരാവശ്യത്തിനും

ജോസൂട്ടീന്നു വിളിച്ചിട്ടില്ല. എന്ത് കാര്യത്തിനും ലില്ലിയേ വിളിയ്ക്കൂ. അത്ര കാര്യമായിട്ടാ

അവളപ്പച്ചനെ നോക്കിയത് ”   ജോസേട്ടന്‍ പറഞ്ഞുകൊണ്ടേയിരുന്നു. “നമ്മള്

നിക്കണ്ടോടത്ത് നിക്കണം. നിക്കണ്ടോടത്ത്  നിര്‍ത്ത്വേം  വേണം. ഓരോരുത്തര്‍ക്കും

അര്‍ഹിയ്ക്കുന്നത് കൊടുക്കണം .കൂട്വേമരുത് , കൊറയ്വേമരുത്. എന്നാലേ എത്ര വലിയ

കുടുംബമായാലും സ്വര്‍ഗ്ഗമായ്ക്കോളും”.

“ ഇച്ചായന്റെ ഈ പ്രമാണമുണ്ടല്ലോ നന്ദാ ” ലില്ലിച്ചേച്ചി കളിയാക്കിക്കൊണ്ട് തുടര്‍ന്നു 

“വളരെ  ശരിയാ. എന്റെ കുടുംബത്തില് എന്നും വഴക്കാരുന്നു. കണ്ടും കേട്ടും മടുത്തു ഞാന്‍

കുടുംബജീവിതമേ വേണ്ടെന്നു വെച്ചതാ. മഠത്തേ ചേരണമെന്ന് പറഞ്ഞോണ്ടിരുന്ന 

എന്നെ  എന്റപ്പനാ അങ്ങനെ നിന്നെ ചേട്ടമ്മാരുടെ ഉപദ്രവത്തിനു വിട്ടു കൊടുക്കു 

കേലെന്നും  പറഞ്ഞു കെട്ടിച്ചുവിട്ടത്. ഇന്നും അപ്പനേം അമ്മച്ചിയേം കാണാന്‍ ഒരു 

ദിവസം അങ്ങോട്ടു  ചെന്നാ സമാധാനമായിട്ടല്പനേരം അവിടെ ഇരിയ്ക്കാന്‍ പറ്റത്തില്ല. 

വയ്യാണ്ട് കിടക്കുന്ന അമ്മച്ചീടടുത്തു യാത്ര പറയാന്‍  ചെല്ലുമ്പോ ഞാങ്കരയും. അപ്പൊ 

തൊടങ്ങും നാത്തൂമ്മാര്  “ഓ ലില്ലിക്കുട്ടിയ്ക്കെന്നാ പോകാനിത്ര വെഷമം .ഞങ്ങള് 

നോക്കുന്നതൊന്നും പോരാഞ്ഞിട്ടായിരിയ്ക്കും അല്യോ ” എന്ന്.  അവസാനം അമ്മച്ചി 

“ നീ പൊയ്ക്കോ മോളെ. ഇവിടെ ചേട്ടത്തിമാരുണ്ടല്ലോ .ജോസൂട്ടിയെ 

ബുദ്ധിമുട്ടിയ്ക്കെണ്ടാ ” എന്നും പറഞ്ഞു എന്നെ അയയ്ക്കും. പക്ഷേ എത്ര 

വെഷമിച്ചോണ്ടായാലും വേണ്ടില്ല ഇവിടെ വന്നു ഈ കൊച്ചുങ്ങടെ  ചിരി കാണുമ്പം 

അതൊക്കെയങ്ങു മറക്കും ”

ശരിയാണ് .ഓമനത്തമുള്ള രണ്ടു പെണ്‍കുട്ടികള്‍ .ഇരട്ടക്കുട്ടികളാണ് . ഒരാള്‍ 

ലില്ലിച്ചേച്ചിയുടെ മടിയില്‍ വിരലും നുണഞ്ഞു ഇനിയും ഉറങ്ങണോ എന്ന് 

ആലോചിച്ചിട്ടെന്നപോലെ കിടക്കുന്നു. മറ്റേയാള്‍ ജോസേട്ടന്റെ മുട്ടില്‍ പിടിച്ചു 

മടിയിലേയ്ക്ക് വലിഞ്ഞു കയറാനുള്ള ശ്രമത്തിലാണ്.

"കെട്ടിച്ചു വിടാനൊത്തിരി ഒരുക്കിവെയ്ക്കേണ്ടി വരും. എന്നാലും എനിയ്ക്ക് കര്‍ത്താവ് 

തന്ന മാലാഖക്കുഞ്ഞുങ്ങളാണെടാ ഇവര് ”. കുഞ്ഞുങ്ങളെ ഒരുമിച്ചു ചേര്‍ത്ത് പിടിച്ചു 

കൊണ്ട് ജോസേട്ടന്‍ പറയാറുണ്ട്‌. 

“ നിനക്ക് കേക്കണോ നന്ദാ”   ഒരു ഏഷണിയുടെ  സുഖത്തോടെ ജോസേട്ടന്‍ 

പറയുകയാണ് 

“ നിന്റെ ലില്ലിച്ചേച്ചി ഇടയ്ക്ക് എന്നോടു വഴക്കിനു വരുമ്പോ ഞാന്‍ പറയും ലില്ലീ നീ 

നിന്റെ  കുടുംബത്ത് പോയി ഒരാഴ്ച നിന്നിട്ട് പോരേന്നു .അതോടെ തീരും അവടെ 

വക്കാണം ”.

ഭര്‍ത്താവിന്റെ പരിഹാസം രസിച്ചാസ്വദിയ്ക്കുന്ന ലില്ലിച്ചേച്ചിയെ കണ്ടപ്പോള്‍ പെട്ടെന്ന്

ഗോപിക ഓര്‍മ്മയില്‍ വന്നു. അവളെയൊന്നു കണ്ടിട്ട് കുറെ ദിവസമായി. അവസാനമായി

കണ്ടപ്പോള്‍ അവള്‍  ദേഷ്യപ്പെട്ടാണ് തിരിച്ചുപോയത്.

“ എന്താ നന്ദേട്ടന്റെ തീരുമാനം .നിശ്ചയിച്ചുറപ്പിച്ചിട്ടു കൊല്ലം മൂന്നായി. ആള്‍ക്കാരുടെ

ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ മാറിത്തുടങ്ങി. അച്ഛനു വയ്യാത്തോണ്ടാന്നൊന്നും പറഞ്ഞാ

അവര്‍ക്ക് മതിയാവില്യ .നന്ദേട്ടാ,  ഞാന്‍ പറഞ്ഞില്യേ .ഞാന്‍ നോക്കിക്കോളാം

അച്ഛനെ.ഞാനൊരു ദുഷ്ടയൊന്നുമല്ല. എനിയ്ക്കൂണ്ടു അച്ഛനും അമ്മ്യോക്കെ .ഇനിയീ

കാര്യോം പറഞ്ഞോണ്ട് ഞങ്ങളാരും വരുംന്ന് കരുതണ്ട. ഒരു തീരുമാനംഎടുത്തിട്ടു 

അറിയിച്ചാ മതി ”. ആദ്യമായാണ്‌ അവളുടെ വാക്കുകള്‍ക്കിത്ര കനമുണ്ടെന്നു തോന്നിയത്.

“ ഗോപിക നല്ല കൊച്ചല്ലേ നന്ദാ നീ അവളെ വിളിച്ചോണ്ടിങ്ങു പോര് . ആര്‍ഭാടോന്നും

വേണ്ടെങ്കി വേണ്ടാ . പിന്നെ നിനക്ക് സ്വസ്ഥായിട്ടു ജീവിക്കേം ചെയ്യാം. ജോലിയ്ക്കും

പോവാം.”- ലില്ലിച്ചേച്ചി പതിവ് പല്ലവി ആവര്‍ത്തിച്ചു തുടങ്ങി. ജോസേട്ടന്റെ ശക്തമായ

പിന്തുണയും.

ഗോപിക അച്ഛന്റെ സുഹൃത്തിന്റെ മകളാണ്. മൂന്നു വര്‍ഷം  മുമ്പാണ്. ജോലി കിട്ടിയിട്ട്

അധികമായിട്ടില്ല. തന്നെയും കൂട്ടി ആ വീട്ടിലെത്തിയ ശേഷമാണ് അച്ഛന്‍  കാര്യം 

പറയുന്നത്. തിരിച്ചെത്തിയ ശേഷം അച്ഛനോട് ചോദിച്ചു.

“ അച്ഛനെന്തു പണിയാ കാണിച്ചത്. എനിയ്ക്ക് വയസ്സ് ഇരുപത്തഞ്ചല്ലേ ആയിട്ടുള്ളൂ.

ആള്‍ക്കാര് കളിയാക്കും ”.

“അതിനിപ്പോ ത്തന്നെ കല്യാണം കഴിയ്ക്കണമെന്ന് ഞാന്‍ പറഞ്ഞ്വോ .ഒരു രണ്ടുമൂന്നു

കൊല്ലങ്ങ്ടു കഴിയട്ടെ. കുട്ടീടെ പഠിത്തോം കഴിയണലോ .കുറെ കാലായില്ലേ നന്ദൂ ,നമ്മള് 

രണ്ടു പേര് മാത്രം ഇങ്ങനെ.....ഇനിയൊരു പെണ്‍കുട്ടി കൂടി വരട്ടെ. പിന്നെ, നീ വല്യ 

ആളായി.ഇപ്പൊ നെന്റെ കൂടെ കളിയ്ക്കാന്‍ ഒരു രസോംല്യ. നിയ്ക്ക് ചെറിയ കുട്ട്യോള് 

വേണം കളിയ്ക്കാന്‍ ”.

അച്ഛന്‍  കളിയാക്കാനുള്ള പുറപ്പാടാണെന്നു കണ്ടപ്പോള്‍ വിട്ടുകൊടുത്തില്ല. “ പിന്നേ...ന്റെ

കുട്ട്യോള് ന്നെപ്പോല്യോന്നും ആവില്യ. മഹാ വികൃതികളായിരിയ്ക്കും. അവരച്ഛനെ നട്ടം

തിരിയ്ക്കും.”

“അതൊക്കെ ഞാന്‍ നോക്കിക്കോളാം. നെന്നെ നന്നായി വളര്‍ത്താംച്ചാലേയ് നെന്റ 

കുട്ട്യോളെ  നോക്കാനും ന്നെ ക്കൊണ്ട് പറ്റും. നീയതൊന്നും അന്വേഷിയ്ക്കാനേ വരണ്ട.”        

അച്ഛന്‍  മനസ്സിലെന്തൊക്കെയോ കണ്ടിട്ടെന്ന  പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷെ അപ്പോഴേയ്ക്കും........

ഒരു ദിവസം അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരുടെ മകന്‍ ,സ്കൂള്‍ വിട്ടു വന്നു 

വാനില്‍ നിന്ന് പുറത്തിറങ്ങിയതെയുള്ളൂ , അച്ഛന്‍  ഓടിച്ചെന്നു “ എന്താ നന്ദൂ ഇന്നിത്ര 

വൈകിയത് ? അച്ഛന്‍  പേടിച്ചൂലോ. വെശ്ക്ക്ണില്ല്യെ നെനക്ക് .വായോ. അച്ഛന 

എലയടണ്ടാക്കി വെച്ചിട്ട്ണ്ട് ” എന്നൊക്കെ പറഞ്ഞു അവന്റെ കൈയില്‍ കയറിപ്പിടിച്ചു 

വലിച്ചു. സാധാരണ പതുക്കെ നടക്കാറുള്ള അച്ഛന്‍  എത്ര വേഗത്തിലാണിറങ്ങിപ്പോയത് ! 

“ അച്ഛനെന്തായിക്കാണിയ്ക്കണ്  ,ആ കുട്ടിയെ വിടൂ”  എന്നൊക്കെ പറഞ്ഞു ബലമായി 

പിടിച്ചുമാറ്റി അപ്പോഴെയ്ക്ക് ഓടിവന്ന കുട്ടിയുടെ അച്ഛനമ്മമാരുടെ കയ്യിലവനെ ഏല്പിച്ച്  

മാപ്പ് ചോദിച്ചു. അവര്‍ സാരമില്ല,വയസ്സായ ആളല്ലേ എന്നൊക്കെ പറഞ്ഞുവെങ്കിലും 

അവരുടെ കണ്ണില്‍ സംശയത്തിന്റെയും പേടിയുടെയുമൊക്കെ ലാഞ്ഛന കണ്ടു. അവര്‍  

അച്ഛനെ ഒരു ഭ്രാന്തനെപ്പോലെയാണോ കണ്ടത് ? ആലോചിച്ചപ്പോള്‍ വിഷമം തോന്നി.

അങ്ങനെയാണ് ഒരു ഹോംനേഴ്സിനെ വെയ്ക്കാമെന്നു തീരുമാനിച്ചത് . ഒരു 

ചെറുപ്പക്കാരന്‍.

നിബന്ധനകളൊന്നും ഇഷ്ടമായില്ലെങ്കിലും പകല്‍  അച്ഛനൊരു കൂട്ടാകുമല്ലോ എന്നുമാത്രം

വിചാരിച്ചു. അച്ഛനെ കുളിപ്പിച്ച് മാറാനുള്ള ഷര്‍ട്ടും മുണ്ടും എടുത്തുകൊടുത്ത് രാവിലത്തെ

ഭക്ഷണവുമെടുത്തുവെച്ചു ഓഫീസില്‍ പോയതായിരുന്നു. അപ്പോഴേയ്ക്കും അയാളുടെ 

ഫോണ്‍ വന്നു. “ നന്ദന്‍ സാറെ, അച്ഛനെ കാണാനില്ല. ഞാനിതാ ടി.വി.യിലേയ്ക്കൊന്നു 

നോക്കീതേള്ളൂ . അതിനിടയില്‍ ആളെ കാണാതായി. സാറ് വേഗം വാ ” . 

ഓഫീസിലെത്തിയിരുന്നില്ല . വേഗം തിരിച്ചുചെന്നു.  അച്ഛനു പരിചയമുള്ള 

വഴികളിലൂടെയൊക്കെ അലഞ്ഞു നടന്നു. അവസാനം ഉച്ചയായപ്പോഴാണ്  

അമ്പലത്തിലേയ്ക്ക് തിരിയുന്ന ഇടവഴിയില്‍ നിരന്നിരിയ്ക്കുന്ന ഭിക്ഷക്കാരുടെ ഇടയില്‍ 

കണ്ടത്. രാവിലെ ഉടുപ്പിച്ച ബാത്ത് ടവല്‍ മാത്രമാണ് വേഷം. ആളുകള്‍ ശ്രദ്ധിയ്ക്കും മുമ്പ്  

അച്ഛനെ അവിടെ നിന്ന് എഴുന്നേല്പിച്ചു കൊണ്ടുവരണമെന്ന് മാത്രമേ വിചാരമുണ്ടായുള്ളൂ .  

പിടിച്ചുവലിച്ച് കൊണ്ടുവരുമ്പോള്‍ ആകെ ഒരമ്പരപ്പായിരുന്നു അച്ഛനു. കൈയിലെന്തോ 

മുറുകെപിടിച്ചിരുന്നു. വിരലുകള്‍ വലിച്ചകത്തിയപ്പോള്‍ കണ്ട രണ്ടു ഒറ്റരൂപാത്തുട്ടുകള്‍ 

എടുത്ത് വലിച്ചെറിഞ്ഞ്  ‘ അച്ഛനെന്തോക്കെയാ  ചെയ്യണ് ’ എന്ന് ചോദിച്ചപ്പോഴെയ്ക്കും 

കരഞ്ഞു പോയി. അപ്പോള്‍ എന്തിനെന്നറിയാതെ അച്ഛന്‍  ചിരിച്ചു. അന്നത്തെ ദിവസം 

മുഴുവന്‍ ആ ചിരിയായിരുന്നു. അരമണിക്കൂര്‍ നേരത്തെ സേവനത്തിനു ഒരു മാസത്തെ 

ശമ്പളവും കൊടുത്ത് ഹോംനേഴ്സിനെ അപ്പോള്‍ത്തന്നെ  പറഞ്ഞയച്ചു. അന്നുതൊട്ടാണ് 

ഓഫീസില്‍ പോകുമ്പോള്‍ വീട് പുറത്ത് നിന്നും പൂട്ടിത്തുടങ്ങിയത്.


അമ്മയുണ്ടായിരുന്നെങ്കില്‍ .... ജീവിതത്തിലാദ്യമായാണ് തോന്നുന്നത്. അച്ഛന്റെ കാര്യങ്ങള്‍ 

ശ്രദ്ധിച്ച് കൂടെയുണ്ടാകുമായിരുന്നു. തനിയ്ക്കിത്ര വേവലാതിപ്പെടേണ്ടി വരില്ലായിരുന്നു.

“ നിയ്ക്ക് വെയ്ക്കുംച്ചാ ഞാന്‍ പോയി നിക്വായിരുന്നു അവന്റെ കൂടെ. അമ്മല്യാത്ത 

കുട്ട്യേം നോക്കി അവന്‍ ങ്ങനെ ബുദ്ധിമുട്ട്വല്ലേ. ബടെ താമസിച്ചാ മതി. പക്ഷേ കുട്ടീടെ 

പഠിത്തത്തിനു അവട്യാത്രെ നല്ലത്. പട്ടാളത്ത് ന്നു പിരിഞ്ഞു വന്നപ്പളേയ്ക്കും അവടെ 

ബാങ്കില് ഉദ്യോഗോം കിട്ടീലോ ”. വിശേഷം ചോദിയ്ക്കുന്ന പണിക്കാരികളോടു അച്ഛന്‍ 

പെങ്ങള്‍ പറഞ്ഞുകൊണ്ട് നില്‍ക്കുന്നത് പണ്ട് നാട്ടില്‍ പോകുമ്പോഴെല്ലാം  കേട്ടിട്ടുണ്ട്.  

വളരെ സുന്ദരമായിരുന്നു അച്ഛന്റെ നാട്. നിറയെ പാടവും തൊടിയും പുഴയുമൊക്കെയായി. 

ഒഴിവുകാലങ്ങള്‍ മിക്കവാറും അവിടെയാണ് കഴിച്ചുകൂട്ടിയിരുന്നത്. അച്ഛന്‍  കൈയില്‍  

കിടത്തി നീന്തല്‍ പഠിപ്പിച്ചിരുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.അമ്മയില്ലാത്ത കുട്ടിയെ 

ഓമനിയ്ക്കാന്‍ അച്ഛന്‍പെങ്ങളും ചെറിയച്ഛനും മത്സരിച്ചിരുന്നു.

പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞിരിയ്ക്കുന്ന കാലത്താണ് ഒരു ദിവസം അച്ഛന്‍  

അമ്മയെക്കുറിച്ച് പറഞ്ഞത്. അമ്മയ്ക്കിഷ്ടമല്ലാത്ത വിവാഹമായിരുന്നു. വീട്ടുകാരുടെ

നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് താന്‍ വിവാഹത്തിനു തയ്യാറായതെന്ന് അമ്മ അച്ഛനോട് 

ആദ്യമേ പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളെ മറക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. ഒരു

കുട്ടിയുണ്ടായ ശേഷവും പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ അമ്മ തന്റെ

സന്തോഷത്തിനനുസരിച്ചു തന്നെ ജീവിയ്ക്കാന്‍ തീരുമാനിച്ചു.  അമ്മ എവട്യാണെങ്കിലും

സന്തോഷായിരിയ്ക്കട്ടെ അല്ലെ, പാവം”  തന്റെ മുഖത്തേയ്ക്കു നോക്കി അച്ഛന അങ്ങനെ

പറഞ്ഞത് താന്‍ അമ്മയെ വെറുക്കരുത് എന്നു കരുതിയിട്ടാകു. അമ്മ പണ്ടേ മരിച്ചു പോയി

എന്നായിരുന്നു അന്നോളം കരുതിയിരുന്നത്. ഇതേ വീട്ടില്‍ അമ്മ

തങ്ങളോടൊപ്പമുണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍  അമ്മ അടുത്തുണ്ടെന്നു തോന്നിപ്പോയി.

അച്ഛനറിയാതെ വീട്ടിലാകെ ഒരു തിരച്ചില്‍ നടത്തി. അമ്മയുടെ മണമുള്ള ഒരു സാരി, ഒരു

ഫോട്ടോ...... അച്ഛന്റെ മടിയിലിരിയ്ക്കുന്ന തന്റെ ഒരു ഫോട്ടോ കണ്ടു. പകുതി

കീറിയതായിരുന്നു അത്. മറുപകുതിയില്‍ അമ്മയുണ്ടായിരുന്നിരിയ്ക്കും.അച്ഛന്‍  കീ

റിക്കളഞ്ഞതാകുമോ. പോകുമ്പോള്‍  അമ്മ കീറിയെടുത്തിരിയ്ക്കാനാണ് സാദ്ധ്യത.

പിന്നീടൊരിയ്ക്കലും അച്ഛന്‍  അമ്മയെപ്പറ്റി സംസാരിച്ചിട്ടില്ല. പക്ഷേ പല രാത്രികളിലും 

താന്‍ ഉറക്കം നടിച്ചു കിടക്കുകയാണെന്നറിയാതെ  അച്ഛന്‍  ജനാല തുറന്നിട്ട് മുറ്റത്തെ 

നിശാഗന്ധിപ്പടര്‍പ്പിലേയ്ക്ക്  നോക്കി നില്‍ക്കുന്നത്  കണ്ടിട്ടുണ്ട് . രാവിലെയാകുമ്പോള്‍ 

വാടിത്തൂങ്ങി നില്‍ക്കുന്ന ആ പൂക്കളൊരിയ്ക്കലും  നന്ദനിഷ്ടമായിരുന്നില്ല. ഒരിയ്ക്കല്‍ 

അച്ഛനോട്ചോദിച്ചു  “അത് വെട്ടിക്കളയട്ടെ അച്ഛാ  .ആകെ പടര്‍ന്നിരിയ്ക്കുന്നു. വല്ല 

പാമ്പും വന്നാലോ”

“വേണ്ട നന്ദൂ .അച്ഛനത് വേണം .അച്ഛനിഷ്ടാണ്.” എന്ന് മാത്രം പറഞ്ഞു. അതങ്ങനെ 

ആകെ പടര്‍ന്നു നിന്നു. നിറയെ പൂക്കളുമായി.ജനല്‍പ്പടിയില്‍ ആ പൂക്കള്‍ 

നോക്കിയിരിയ്ക്കുമ്പോള്‍ അച്ഛന്റെ കണ്ണുകളില്‍ തനിയ്ക്ക് മനസ്സിലാകാത്ത ഒരു ഭാവം 

കാണാറുണ്ട്.ഒന്നും അറിഞ്ഞില്ലെന്നു നടിയ്ക്കുകയായിരുന്നു.

“നന്ദാ, നേരം സന്ധ്യയായി. നീയെണീയ്ക്ക് .ഞാന്‍ വീട്ടില്‍ കൊണ്ട് പോയാക്കാം”. 

ജോസേട്ടന്‍ പറഞ്ഞു. "വേണ്ട ജോസേട്ടാ ഞാന്‍ പൊയ്ക്കോളാം .ഒരോട്ടോ വിളിച്ചാല്‍ 

പത്ത് മിനിറ്റല്ലേ വേണ്ടൂ.” എന്ന് പറഞ്ഞാണിറങ്ങിയതെങ്കിലും ഒരു ചാറ്റല്‍മഴയും 

തണുത്ത കാറ്റും കണ്ടപ്പോള്‍ നടക്കാന്‍ തോന്നി. പെട്ടെന്നാണ് ഫോണ്‍ റിങ് ചെയ്തത്. 

വിമലാണ്. “നന്ദാ, നീയെവിടെയാ? എനിയ്ക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് ”. 

വീട്ടിലേയ്ക്കുള്ള വഴിയിലാണെന്ന് പറഞ്ഞപ്പോള്‍ വിമല്‍ പറഞ്ഞു. “ നീയാ ജങ്ഷനടുത്ത്   

നിക്ക്.ഞാനങ്ങോട്ടു വരാം.”

എന്താണാവോ വിമലിന് പറയാനുള്ളത് . ജോസേട്ടന്‍ കഴിഞ്ഞാല്‍ താനെല്ലാ കാര്യവും 

ചര്‍ച്ച ചെയ്യാറുള്ള ഒരു സുഹൃത്താണ് വിമല്‍. ജോസേട്ടനെപ്പോലെയല്ല. ഏതു കാര്യ 

ത്തിനും അറുത്തുമുറിച്ചൊരു   പരിഹാരം നിര്‍ദ്ദേശിയ്ക്കുന്ന പ്രകൃതമാണ് വിമലിന്റെത്. 

ജോസേട്ടനാണ് കുറച്ചുകൂടി പക്വതയോടെ  കാര്യങ്ങളെ സമീപിയ്ക്കാറുള്ളത്. പറഞ്ഞ

സ്ഥലത്തെത്തിയപ്പോഴെയ്ക്കും വിമല്‍ ബൈക്കിലെത്തിക്കഴിഞ്ഞു. "നന്ദാ ,ഞാനിന്നു

വിന്വേട്ടനോടു നിന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞിരുന്നു. വിന്വേട്ടനൊരു കാര്യം പറഞ്ഞു.

കേള്‍ക്കുമ്പോഴെയ്ക്കും നീ അപ്സെറ്റാകേണ്ട.ആദ്യമൊക്കെ  വിഷമം തോന്നുമെങ്കിലും

അതാണ്‌ തത്ക്കാലം നിനക്ക് സമാധാനിയ്ക്കാനുള്ള മാര്‍ഗ്ഗം . ദാ.. ഈ ഇടവഴിയിലൂടെ 

അഞ്ചുമിനുട്ട് പോയാല്‍ ഒരു ഇന്സ്റ്റിട്ട്യൂ ഷനുണ്ട് - സായന്തനം ” . നന്ദന്റെ 

ചോദ്യഭാവത്തിലുള്ള അമ്പരന്ന നോട്ടം കണ്ടു വിമല്‍ തുടര്‍ന്നു “ നീ  നോക്കുകയൊന്നും 

വേണ്ട. ഓള്‍ഡ്‌ ഏയ്ജ് ഹോം തന്നെ. വിന്വേട്ടന്റെ ഒരു സുഹൃത്താണ് അതിന്റെ 

മാനേജര്‍. വിന്വേട്ടന്‍  വിളിച്ചു കാര്യമെല്ലാം പറഞ്ഞിട്ടുണ്ട്. നമുക്കിപ്പോള്‍ തന്നെ അങ്ങോട്ട്‌ 

പോകാം. സംസാരിച്ച ശേഷം തീരുമാനമെടുത്താല്‍ മതി ”. എതിര്‍ക്കാനവസരം 

കൊടുക്കാതെ വിമല്‍ നന്ദനെ പിടിച്ചു ബൈക്കില്‍ കയറ്റി.

“ തുടങ്ങിയിട്ടിപ്പോള്‍ ഒന്നര വര്‍ഷമായി. അധികവും പ്രവാസികളുടെ പേരന്റ്സ്‌ 

ആണിവിടെ. അല്ലാതെയുമില്ലാതില്ല. എല്ലാവരും അസുഖമുള്ളവരോ , അവശരോ ഒന്നുമല്ല. 

വീട്ടിലെ ലോണ്‍ലിനെസ്സ് തന്നെ പ്രധാന പ്രശ്നം. ഇവിടെയാവുമ്പോള്‍ ഏകദേശം 

സമപ്രായക്കാരെ സുഹൃത്തുക്കളായി കിട്ടും. വ്യായാമത്തിനും കളിയ്ക്കാനുമൊക്കെയുള്ള 

സൌകര്യങ്ങളുണ്ട്. നല്ലലൈബ്രറിയുണ്ട്. യോഗയും മെഡിറ്റെഷനുമൊക്കെ 

ശീലിപ്പിയ്ക്കുന്നുമുണ്ട്. എല്ലാവര്‍ക്കും പരമാവധി ഹാപ്പി ആയിരിയ്ക്കാനുള്ള സാഹചര്യം 

ഒരുക്കിയിട്ടുണ്ട്. അസുഖമുള്ളവര്‍ക്ക് പെട്ടെന്ന് വൈദ്യസഹായം കിട്ടാനുള്ള 

സൌകര്യമുണ്ട്. ധാരാളം അറ്റന്‍ഡേഴ്സുമുണ്ട്. ഓരോരുത്തര്‍ക്കും ബാത്ത് അറ്റാച്ഡ്  

റൂമുണ്ട്  . നല്ല വൃത്തിയും. ഉടമസ്ഥന്‍ ഗള്‍ഫിലാണ്. അച്ഛനമ്മമാരെ ഏല്പിച്ചു 

പോകുന്നതല്ലേ .നല്ലൊരു തുക മക്കള്‍ സംഭാവനയായി വേറെയും  തരാറുണ്ട്.  

അന്തേവാസികളുടെ ജന്മദിനം പ്രമാണിച്ച് അന്നദാനം നടത്താറുണ്ട്. വേറെയും

ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളും. അഞ്ചേക്കറിലാണീ സ്ഥലം നില്‍ക്കുന്നത്. ടൌണിന്റെ

തിരക്കും ശല്യങ്ങളുമൊന്നുമില്ലാത്ത എന്നാല്‍ ടൌണില്‍ നിന്നൊട്ടും അകലെയല്ലാത്ത ഒരു

സ്ഥലം. അങ്ങനെയൊരു പ്രത്യേകത കൂടി ഈ സ്ഥലത്തിനുണ്ടല്ലോ ”-മാനേജര്‍ 

നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. "കുറെയൊക്കെ  കണ്ടല്ലോ. പകലാണ് 

വന്നിരുന്നതെങ്കില്‍ വിസ്തരിച്ചു കാണാമായിരുന്നു." കാര്യമൊക്കെ ശരിതന്നെ. എന്നാലും 

ഒരു കച്ചവടക്കണ്ണുണ്ട് എന്ന് തോന്നിപ്പോയി.

ഇത്രയും സൌകര്യങ്ങള്‍ പ്രൊവൈഡ് ചെയ്യുന്നുണ്ടല്ലോ. എമൌണ്ട് അല്പം

കൂടുതലായിരിയ്ക്കും. മിസ്‌റ്റര്‍  നന്ദന് അതൊരസൌകര്യമായിരിയ്ക്കില്ലല്ലോ ? എന്ന്

മാനേജര്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍  വല്ലായ്മ തോന്നി. അച്ഛനു സുഖവും സംരക്ഷണവും

കൊടുക്കാനായില്ലെങ്കില്‍  കാശ് കൂട്ടിവെയ്ക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.  നന്ദന്‍ ഒന്നും

മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ വിമല്‍ പറഞ്ഞു തുടങ്ങി. “ എന്തായിത് നന്ദാ, ഇതത്ര

ക്രൂരമായ കാര്യമൊന്നുമല്ല. ഇവിടത്തെ കാര്യങ്ങള്‍  നീ കണ്ടതല്ലേ .അച്ഛനിവിടെ സെയ്ഫ് 

ആയിരിയ്ക്കും. പിന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ അച്ഛനിതൊന്നും മനസ്സിലാകുക

പോലുമില്ല.  അതുകൊണ്ട് അദ്ദേഹത്തിനു സങ്കടമാകുമെന്നു ചിന്തിയ്ക്കേണ്ട കാര്യമില്ല. 

ഇന്ന് രാവിലത്തെ അനുഭവങ്ങള്‍  ഇനിയുമാവര്‍ത്തിയ്ക്കാതിരിയ്ക്കണ്ടേ ?”

വിമലിന്റെ ആത്മാര്‍ത്ഥതയെ സംശയിയ്ക്കേണ്ട കാര്യമില്ല. അവന്‍ തന്റെ സങ്കടങ്ങള്‍

കണ്ടാണ്‌ സഹായിയ്ക്കാനെത്തിയിരിയ്ക്കുന്നത്. എങ്കിലും....... പിന്നെ മര്യാദയോര്‍ത്ത് 

നന്ദന്‍ മാനേജരോട് പറഞ്ഞു. "എമൌണ്ടിന്റെ കാര്യമൊന്നും പ്രശ്നമില്ല. എനിയ്ക്ക് എന്റെ

അച്ഛന്റെ സുഖവും സുരക്ഷിതത്വവുമാണ് പ്രധാനം. ഇന്നേ വരെ ഞങ്ങള്‍ വേര്‍പിരിഞ്ഞു

നിന്നിട്ടില്ല....” തൊണ്ടയിടറാന്‍ തുടങ്ങിയപ്പോള്‍ നന്ദന്‍ സ്വയം നിര്‍ത്തി. "ഛെ .... എന്താ 

നന്ദന്‍ .ഇത്ര ഇമോഷണലാവേണ്ട കാര്യമൊന്നുമില്ല. അച്ഛനിവിടെ ഒരു കുറവുമുണ്ടാകില്ല. 

നന്ദന് എപ്പോള്‍ വേണമെങ്കിലും അച്ഛനെ വന്നു കാണാം.” എന്നൊക്കെ പറഞ്ഞു 

മാനേജര്‍ സാന്ത്വനിപ്പിച്ചുവെങ്കിലും അയാളുടെ സ്വരത്തില്‍ പരിഹാസത്തിന്റെ 

ലാഞ്ഛനയില്ലേ   എന്ന് നന്ദന് തോന്നി. ഒരുപക്ഷെ തന്റെ കുറ്റബോധം കൊണ്ട് 

തോന്നിയതായിരിയ്ക്കാം.  “ഏതായാലും നന്ദന്‍ നാളെ വരൂ. ഒരു സമാധാനക്കേടും 

വേണ്ട.ഞങ്ങളൊക്കെയില്ലേ.”ചിരപരിചിതരെപ്പോലെയാണ് മാനേജര്‍ 

സംസാരിയ്ക്കുന്നത്.

“ നീ വാ നമുക്കൊരു കാപ്പി കുടിച്ചിട്ട് പോകാം.” എന്ന് പറഞ്ഞ വിമല്‍ കോഫീഹൌസി 

ലേയ്ക്ക് പിടിച്ചു കയറ്റി. കോഫീമഗ്ഗും കൈയില്‍ പിടിച്ച് നന്ദനോടു വീണ്ടും

വിമല്‍ പറഞ്ഞു കൊണ്ടിരുന്നു. “ നന്ദാ, നീയിങ്ങനെ ഗ്ലൂമിയായിരുന്നിട്ടു കാര്യമില്ല. ഇത്തരം

സന്ദര്‍ഭങ്ങളില്‍ വിവേകത്തോടു കൂടി പ്രവര്‍ത്തിയ്ക്കണം. അവനവന്റെ കാര്യം നോക്കാന്‍ 

കഴിവുണ്ടാകണം.  നീയിത്രയൊക്കെ ബുദ്ധിമുട്ടിയിട്ടെന്തു കാര്യം? അവസാനം പഴി

കേള്‍ക്കാമെന്ന് മാത്രം. അതിപ്പോ ശരിയ്ക്കനുഭവിച്ചറിഞ്ഞില്ലേ. ഞാന്‍ നിന്റെ

നന്മയോര്‍ത്താണ് പറയുന്നത്. സ്വന്തം ജീവിതം ഇങ്ങനെ കളഞ്ഞിട്ട് കാര്യമില്ല. 

നീയിങ്ങനെ ടെന്‍ഷനടിച്ച് വീടും ഓഫീസും മാത്രമായി ജീവിയ്ക്കുന്നത് കാണുമ്പോള്‍ 

കഷ്ടം തോന്നാറുണ്ട്. കാലം കാത്തു നില്‍ക്കില്ലെടാ....”

വിമല്‍ വീട്ടില്‍ കൊണ്ടുപൊയാക്കാമെന്നു പറഞ്ഞുവെങ്കിലും സമ്മതിച്ചില്ല. ഇനിയല്പം

ദൂരമേയുള്ളൂ. മഴച്ചാറല്‍ നിന്നിരിയ്ക്കുന്നു. പതുക്കെ നടന്നു പോകാമെന്ന് പറഞ്ഞു. പിന്നെ

വിമല്‍ നിര്‍ബ്ബന്ധിച്ചില്ല. “ ബീ പ്രാക്ടിക്കല്‍ ,അതെ എനിയ്ക്ക് പറയാനുള്ളൂ .ഓക്കേ.

ഗുഡ്നൈറ്റ്‌ ”.  അവന്‍ യാത്ര പറഞ്ഞു പോയി.

“ ആരോഗ്യവും പണവും ഇത് രണ്ടുമാണ് ബന്ധങ്ങളെ നിലനിര്‍ത്തുന്നത് .

ഇതിലൊന്നില്ലാതായാല്‍ കാണാം ബന്ധങ്ങള്‍ അകന്നകന്നു പോകുന്നത് ”. മുമ്പെപ്പോഴോ

അച്ഛന്‍  പറഞ്ഞിരുന്നു . അത് സത്യമാണെന്ന് കുറച്ചു കാലമായി മനസ്സിലാക്കി 

ക്കൊണ്ടിരിയ്ക്കുകയാണ്. മുമ്പൊക്കെ എന്ത് വിശേഷമുണ്ടെങ്കിലും ഇരുവരും 

നാട്ടിലെത്തുമായിരുന്നു. എല്ലാ ആഘോഷങ്ങളിലും പങ്കുകൊള്ളും. ഇപ്പോള്‍ 

അങ്ങനെയൊന്നും ചെയ്യാനാകുന്നില്ലല്ലോ. മുമ്പെങ്ങനെയായിരുന്നു എന്നാരും 

ചിന്തിയ്ക്കില്ലല്ലോ.ഇപ്പോഴെങ്ങനെ എന്നുമാത്രമേ നോക്കൂ. ഇനി പ്രയോജനമില്ലെന്ന് 

തോന്നിയത് കൊണ്ടാകാം പല ബന്ധങ്ങളും അകന്നകന്നു പോയത്.

ആരെങ്കിലും സദാ കൂടെയുണ്ടെങ്കില്‍  അതുതന്നെ അച്ഛന്റെ അസുഖത്തിനൊരു

പ്രതിവിധിയാവും. ഒരു ദിവസം  അച്ഛനാരോടോ സംസാരിയ്ക്കുന്നത് കേട്ട് ചെന്ന്

നോക്കിയതാണ്. “ നന്ദു മിടുക്കനാ. നന്നായി പഠിയ്ക്കും. അവനെ വലിയ

നിലയിലെത്തിയ്ക്കണം” . “ അച്ഛനാരോടാ സംസാരിയ്ക്കുന്നത്. ന്റെ പഠിത്തൊക്കെ

കഴിഞ്ഞു ജോലിയായില്ലേ ”? തന്റെ ആ ചോദ്യം കേട്ട ഭാവം പോലും ആ 

മുഖത്തുണ്ടായില്ല. നിശാഗന്ധിപ്പടര്‍പ്പിലേയ്ക്ക് നോക്കിയാണ് വര്‍ത്തമാനം. അന്ന് 

മുഴുവന്‍ അതാവര്‍ത്തിച്ചു കൊണ്ടേയിരുന്നു . “ സാരമില്ല നന്ദന്‍. അതീ അസുഖത്തിന്റെ 

ഒരു സ്വഭാവമാണ്. കഴിയുന്നത്ര ലോണ്‍ലിനെസ്സ്  ഫീല്‍ ചെയ്യാതിരിയ്ക്കാന്‍ 

ശ്രദ്ധിയ്ക്കുക. അജിറ്റേറ്റഡ് ആകാനും അഗ്ഗ്രെസ്സീവ് ആകാനുമൊക്കെ സാദ്ധ്യതയുണ്ട്. 

ശ്രദ്ധിയ്ക്കുക. അല്ലാതൊന്നും ചെയ്യാനില്ല ”- ഡോക്ടര്‍ പറഞ്ഞിരുന്നു. വിശ്വസിയ്ക്കാന്‍ 

സാധിച്ചില്ല. അച്ഛനെ ഒരിയ്ക്കലും ചെറുതായിപ്പോലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല .

ഒരിയ്ക്കല്‍ ഒരു ഇന്റര്‍വ്യൂ വിന്  ബാംഗ്ലൂരില്‍ പോയപ്പോള്‍ ഒരു സീനിയര്‍ സയന്റിസ്റ്റ് 

റെസ്യൂ മി  കണ്ടു ഇങ്ങോട്ടന്വേഷിച്ചു വന്നപ്പോള്‍ അത്ഭുതം തോന്നി. “ ഞാനും തന്റെ

അച്ഛനും ഒന്നിച്ചു പഠിച്ചതാ. മിടുക്കനായിരുന്നു അച്ഛന്‍ .എക്സ്‌ട്രാ ബ്രില്യന്റ്  .പ്രത്യേകിച്ച്

മാത്സില്‍  . വല്ലാത്തൊരു തല ! ഒരിയ്ക്കലും മറികടക്കാനെനിയ്ക്ക് കഴിഞ്ഞിട്ടില്ല. 

പഠിത്തം കഴിഞ്ഞ ശേഷം തമ്മില്‍കണ്ടിട്ടില്ല. ഇപ്പോള്‍ എവിടെയാണെന്നറിഞ്ഞല്ലോ. 

നാട്ടില്‍ വരുമ്പോള്‍ കാണാമെന്നു അച്ഛനോട് പറയൂ ”. അച്ഛനെ ഈ നിലയില്‍ അദ്ദേഹം 

കാണാനിടവരല്ലേ  എന്നാണിപ്പോള്‍ പ്രാര്‍ത്ഥിയ്ക്കുന്നത്.

ജോസേട്ടന്റെയും വിമലിന്റെയും വാക്കുകള്‍ മാറി മാറി മനസ്സില്‍ വന്നുകൊണ്ടിരുന്നു. 

എന്താണ് ചെയ്യേണ്ടത് ? മുമ്പൊരിയ്ക്കല്‍ ഒരു പ്രൊമോഷനോടു കൂടി ബാംഗ്ലൂരിലേയ്ക്ക്  

ട്രാന്‍സ്ഫര്‍ കിട്ടിയതായിരുന്നു. അന്ന് അച്ഛനസുഖമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും 

അച്ഛനെ ഒറ്റയ്ക്ക് വിട്ടിട്ടു പോകാന്‍ മനസ്സ് വന്നില്ല. അച്ഛന്‍  കൂടെ വരില്ല, തന്നെ 

നിര്‍ബന്ധിച്ചു പറഞ്ഞയയ്ക്കുകയും ചെയ്യും. അതുകൊണ്ട് ആ  പ്രൊമോഷന്‍ 

സ്വീകരിച്ചില്ല.

അച്ഛനോടക്കാര്യം പറയാനേ പോയില്ല. പക്ഷെ ജിത്തു..... താന്‍ പോയാല്‍ തന്റെ

സ്ഥാനത്തേയ്ക്കൊരു  കയറ്റം ആഗ്രഹിച്ചിരുന്നവനാണവന്‍. കാന്റീനില്‍ വെച്ച് 

പരസ്യമായികലഹത്തിനു വരിക തന്നെ ചെയ്തു “ കൊണ്ട് കളയെടാ നിന്റെ തന്തയെ 

വല്ലോടത്തും. ലോകത്തെങ്ങും കാണില്ല ഇങ്ങനെയൊരു തന്തേം മോനേം.

കെട്ടിപ്പിടിച്ചോണ്ടിരുന്നോ.തിന്ന്വേമില്ല. തീറ്റ്വേമില്ല.” അവന്‍ വല്ലാതെ കാടു 

കയറിയപ്പോള്‍ പ്രതികരിയ്ക്കാതിരിയ്ക്കാനായില്ല.  ജോസേട്ടന്‍ അന്നൊരുപാട് വഴക്ക് 

പറഞ്ഞു. “ അവന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാം. അതിലേറെ ചീത്തയാ അവന്റെ  

വായിലെ നാവ്. നീയങ്ങനാണോ .അവനോന്റെ നെല നോക്കണ്ടേ ” പക്ഷേ 

തനിയ്ക്കൊരു കുറ്റബോധവും തോന്നിയില്ല. നന്ദനും പ്രതികരിയ്ക്കാനറിയുമെന്നു അവന്‍ 

മനസ്സിലാക്കട്ടെ. അതിന്റെ പ്രതികാരം അവന്‍ തീര്‍ത്തതാകുമോ ?

നല്ലവണ്ണം ഇരുട്ട് വീണു തുടങ്ങി. ഒരിയ്ക്കലും ഇത്രയും വൈകിയിട്ടില്ല. സാധാരണ

ഓഫീസ്ടൈം കഴിഞ്ഞാല്‍ നേരെ വീട്ടിലേയ്ക്കാണ്  പോകാറുള്ളത്. ചെന്ന്കയറുമ്പോള്‍

അച്ഛന്‍  കട്ടിലിലിരുന്നു ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരിയ്ക്കുകയാവും. 

മുന്നിലെയും, പിന്നിലെയും, അടുക്കളയുടേയും വാതിലുകള്‍ മാത്രമേ പൂട്ടാറുള്ളൂ. 

ഡൈനിങ്ങ്‌ ടേബിളിലെ ഫ്ലാസ്കിലെ ചായ ചിലപ്പോള്‍ എടുത്തു കുടിച്ചിട്ടുണ്ടാകും. 

ഇന്നിപ്പോള്‍ എന്തൊക്കെയാണാവോ ചെയ്തിട്ടുണ്ടാകുക? വീടാകെ ഇരുട്ടിലാണ്. 

അകത്തു കയറി ലൈറ്റിട്ടു. അച്ഛന്‍  പതിവു പോലെ പുറത്തുനോക്കിയിരുപ്പാണ്. 

നിശാഗന്ധിപ്പൂക്കള്‍ വിടര്‍ന്നുവരുന്നുണ്ട് .പാഡ്  താങ്ങാവുന്നതിലധികം നനഞ്ഞു മുണ്ടും 

ബെഡ് ഷീറ്റുമെല്ലാം വൃത്തികേടായത് അറിഞ്ഞിട്ടേയില്ല.ഒരു ദിവസത്തിന്റെ മുഴുവന്‍ 

ക്ഷീണവും അപ്പോഴാണ്‌ തോന്നിയത്. നിര്‍ബ്ബന്ധിച്ചു കൊണ്ടുപോയി മേലുകഴുകിച്ച്  

മുണ്ടും വിരിപ്പുമൊക്കെ മാറ്റിക്കിടത്തി. അപ്പോഴൊക്കെ അച്ഛന്‍ നിശ്ശബ്ദനായിരുന്നു. 

ഇന്ന് കാര്യമായൊന്നും കഴിച്ചിട്ടുണ്ടാവില്ല. ആര് കൊടുക്കാനാ? 

അച്ഛനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നില്ലേ താന്‍ ? വേഗം അല്പം 

പൊടിയരിക്കഞ്ഞിയുണ്ടാക്കി കൊടുത്തു. “ അച്ഛാ  , ഞാനൊരു കാര്യം പറയട്ടെ ” നന്ദന്റെ 

ചോദ്യം കേട്ടപ്പോള്‍ അച്ഛന്‍ വായിലൊഴിച്ച കഞ്ഞി ഇറക്കാതെ പകച്ചു നോക്കി. “ നാളെ 

നമുക്കൊരു സ്ഥലം വരെ പോകാം. നല്ലൊരു സ്ഥലം. അവിടെ ധാരാളം ആള്‍ക്കാരുണ്ട്. 

നല്ല കൂട്ടുകാര്‍. നല്ല ഭക്ഷണം .അച്ഛനവിടെ  ഒരു കൊറവൂണ്ടാവില്യ. അച്ഛന്‍  അവടെ 

ഒറ്റയ്ക്കാവില്യ ”.നോട്ടത്തിലോ ഭാവത്തിലോ യാതൊരു മാറ്റവുമുണ്ടായില്ല. പക്ഷേ പിന്നെ 

കഞ്ഞി കുടിയ്ക്കാന്‍  കൂട്ടാക്കിയില്ല.

നല്ല വിശപ്പ്‌ തോന്നിയിരുന്നെങ്കിലും നന്ദനും ഒന്നും കഴിയ്ക്കാന്‍ തോന്നിയില്ല. ഉമ്മറത്തെ 

ആട്ടുകട്ടിലില്‍ കിടന്നുകൊണ്ട് നന്ദന്‍ അച്ഛനു നേരെ നോക്കി. അതെ ഇരിപ്പാണ്.

ക്ഷീണിച്ചിട്ടുണ്ട് അച്ഛന്‍ . മുഖഭാവം തന്നെ മാറിപ്പോയി. ഉമ്മറത്തെ ചുവരില്‍ അച്ഛന്റെ ഒരു

പഴയ ഫോട്ടോയുണ്ട്. മിലിട്ടറിയിലായിരുന്ന കാലത്തെടുത്തത്. കോട്ടും

ടൈയുമൊക്കെയിട്ടിരിയ്ക്കുന്ന അച്ഛന്റെ ആ ഫോട്ടോ നോക്കിയിരിയ്ക്കലായിരുന്നു

കുട്ടിക്കാലത്ത് തന്റെ പ്രധാന വിനോദം.ആ ഉയരവും ഗാംഭീര്യവുമൊക്കെ  വലുതാകുമ്പോള്‍

തനിയ്ക്കും കിട്ടുമെന്ന് കരുതി. ആ ഇരിപ്പും ഭാവവുമൊക്കെ പലപ്പോഴും അനുകരിച്ചു

നോക്കിയിട്ടുണ്ട്. പക്ഷേ വലുതായപ്പോള്‍ താനത് പോലെയായില്ല. അച്ഛന്റെയത്ര 

ഉയരമില്ല. ആ മുഖഭാവവും കിട്ടിയില്ല. താനമ്മയെപ്പോലെയായിരിയ്ക്കണം. പെട്ടെന്ന് 

മനസ്സില്‍ ഒരു നടുക്കം തോന്നി. താനമ്മയെപ്പോലെയാണോ? അച്ഛനെ 

ഉപേക്ഷിയ്ക്കുകയാണല്ലോ താനും ചെയ്യുന്നത് ? അച്ഛനു തന്നെ 

ബോര്‍ഡിങ്ങിലാക്കാമായിരുന്നല്ലോ .  മോനെ നോക്കാനെന്നു പറഞ്ഞു ഒരു കല്യാണം 

കഴിയ്ക്കാമായിരുന്നില്ലേ . വിട്ടുകളയാതെ മുറുകെ പിടിച്ച് നെഞ്ചോടു ചേര്‍ത്ത് 

വളര്‍ത്തിയില്ലേ ? എന്നിട്ടും.....

അമ്മ വരുമെന്ന് അച്ഛന്‍  പ്രതീക്ഷിച്ചിട്ടില്ല. കുറച്ചായി താന്‍ ചിന്തിയ്ക്കാറുണ്ട്. 

വാടിത്തളര്‍ന്ന് തൂങ്ങിയ നിശാഗന്ധിപ്പൂ പോലെ ഒരു നാള്‍ അമ്മ കുറ്റബോധത്തോടെ , 

അപമാനത്തോടെ വന്നാല്‍.....

സായന്തനത്തിന്റെ ജനാലയ്ക്കപ്പുറത്ത് അച്ഛനു നോക്കിയിരിയ്ക്കാന്‍

നിശാഗന്ധിപ്പൂക്കളുണ്ടാകുമോ ? നന്ദന്‍ അച്ഛന്റെയരികിലേയ്ക്ക് ചെന്ന് പതുക്കെ അച്ഛനെ

വിളിച്ചു. അമ്പരപ്പ് നിറഞ്ഞ ആ കണ്ണുകളിലേയ്ക്ക് നോക്കി നന്ദന്‍ പറഞ്ഞു. “ അച്ഛാ ,

നമുക്കെങ്ങോട്ടും പോണ്ട . പറയുന്നോരെന്തും പറഞ്ഞോട്ടെ .ഞാനിനിയും അച്ഛനെ 

പൂട്ടിയിടും. ഇവിടെ നമ്മള്‍ മാത്രം മതി. അച്ഛനും ഞാനും പിന്നെ..... 

ഈ നിശാഗന്ധിയും ”.  എന്തോ അച്ഛന്‍  ചിരിച്ചു. ലോകത്തിലേയ്ക്കേറ്റവും  

നിഷ്ക്കളങ്കമായ ചിരിയാണതെന്ന് നന്ദന് തോന്നി. 

എല്ലാ സങ്കടങ്ങളും തുടച്ചു മാറ്റുന്ന ചിരി.  

5 comments:

  1. ഹോ, മാരത്തോണ്‍ കഥ

    ReplyDelete
  2. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ . മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു ഇക്കഥ. ആശംസകള്‍.

    ReplyDelete