Saturday, March 2, 2013

മദേഴ്സ് ഡേ


                                                     (സംവാദ കഥ)

                                              


അയ്യേ !  ഇത്  ഇന്നലത്തെ സാമ്പാറ്  ഫ്രിഡ്ജ് ന്നെടുത്ത്  ചൂടാക്കിയതാ. അമ്മയ്ക്കെന്താ 
ഒരു നാളികേര ചട്ണി അരച്ചാല് ?

അത്ര വിസ്തരിച്ച്  വേണംന്നുള്ളോരു രാവിലെ നേരത്തെ എണീറ്റ്  അടുക്കളേ  കേറണം. അങ്ങന്യാ  പ്രായായ പെണ്‍കുട്ടികള് . ഏഴു മണിയാവുമ്പോ എണീറ്റ്‌ വരും. കഴിയ്ക്കാന്‍ തയ്യാറായിട്ട്.

ഞാനിന്നലെ വൈക്യാ  കെടന്ന്  .റെക്കോര്‍ഡ്‌  വരയ്ക്കാന്‍ണ്ടായിരുന്നു. രാത്രി രണ്ടു മണിയായി കെടന്നപ്പോ .അല്ലാ , കുളിച്ചിട്ടില്യെ  ? മൊഖത്തും കയ്യില്വോക്കെ   സാമ്പാറും , അരിമാവ്വൊക്കെ ഒണങ്ങിപ്പിടിച്ചിരിയ്ക്ക്ണൂ  .ഒന്ന് കുളിക്ക്യാ.എന്നിട്ട് അമ്പലത്തിലൊക്കെ ഒന്ന് പോവാ.

അതെന്താ പുതിയൊരു ചിട്ട ?

ഏയ്, വിശേഷിച്ചോന്നൂണ്ടായിട്ടല്ല. അങ്ങന്യൊക്കെ ചെയ്താ മനസ്സ് നന്നാവും . ചീത്ത വിചാരങ്ങളൊന്നൂണ്ടാവില്ല്യ .

അതിനു എനിയ്ക്കിപ്പെന്താ ചീത്ത വിചാരം?

അതോണ്ടല്ലേ എന്നെ എപ്പഴും ചീത്ത  പറയണ് . 

അതെന്റെ മനസ്സിന്റെ കൊഴപ്പം കൊണ്ടല്ല. നെന്റെ കയ്യിലിരുപ്പിന്റെ വിശേഷം കൊണ്ടാ. നീയിപ്പോ എന്നെ നന്നാക്കാന്‍ നോക്കണ്ട. അവനോന്റെ കാര്യം ശരിയ്ക്കു നോക്ക്യാ  മതി. നെന്നേം കൂടി പറഞ്ഞയച്ചിട്ടു വേണം നിയ്ക്കൊന്നു കുളിയ്ക്കാന്‍ . 

പിന്നേ, അച്ഛനും ഞാനും പടിയെറങ്ങ്യാ അപ്പൊ അമ്മ  ആ ദിവാനില് കെടന്നങ്ങ്ട്  തൊടങ്ങും ടി.വി .കാണാന്‍. ഈ അമ്മ കാരണാ  കറന്റ് ബില്ല് കൂടണത്. എന്നിട്ട്  എന്റെ ലാപ്ടോപ്പിനേം, മോബൈലിനേം കുറ്റം പറയും .

ആണെങ്കിലേയ്  നന്നായിപ്പോയി .

ആ...അമ്മേ ഞാന്‍  ന്ന് വരാനിത്തിരി വൈകും ട്ടോ . 

മൂന്നരയ്ക്ക്  ക്ലാസ്  കഴിയില്ലേ . നാലരയ്ക്ക്  വീടെത്തണം . 

എന്തിന്റെ സൂക്കടാ അമ്മയ്ക്ക് . ഇത്ര കടുംപിടുത്തം നന്നല്ലാ ട്ടോ . 

നാട്ടില് നടക്കണത്  മുഴുവന്‍ അങ്ങനത്തെ കാര്യങ്ങളാ .

അതിനിങ്ങനെ ടെന്ഷനടിച്ചിട്ടെന്താ കാര്യം? അതും പറഞ്ഞു ആരെങ്കിലും വീട്ടിന്റെ ഉള്ളില്‍ അടച്ചിരിയ്ക്ക്ണ് ണ്ടോ   ? നമ്മള്  ശ്രദ്ധിയ്ക്കാനുള്ളത് നമ്മള് ശ്രദ്ധിയ്ക്ക്യ . അത്രേന്നെ.

നെണക്കതൊക്കെ പറയാം . പ്രായായ പെണ്‍കുട്ടികള് ള്ള അമ്മമാരടെ ആധി നെനക്ക്  മനസ്സിലാവില്യ .

എന്നാ ന്റെ  വ്യാകുലമാതാവ്  ഞാന്‍ വരണ വരെ ആധീം പിടിച്ചോണ്ടിരുന്നോളൂ . 

തമാശേം പരിഹാസോം ഒന്നും വേണ്ട. നാലരയ്ക്ക് വീട്ടിലെത്തിയില്ലെങ്കിലേയ്  കാര്യം വേറെണ്ട് .

പറ്റില്യ . എനിയ്ക്കിന്നു ഷോപ്പിങുണ്ട് . 

ഷോപ്പിങൊന്നും  വേണ്ട . എന്താ വേണ്ടതെന്നു അച്ഛനോട് പറഞ്ഞാ മതി. അച്ഛന്‍ വാങ്ങിത്തരും.

ഇതച്ഛന്‍  വാങ്ങണ്ടതല്ല . എനിയ്ക്ക് തന്നെ സെലക്റ്റ്  ചെയ്യണം .

ഇന്നലെ അച്ഛനോട് രഹസ്യായി  എന്തൊക്കെയോ ഡിമാന്‍ഡ്  ചെയ്യണത്  കേട്ടൂലോ. അത്  പോരാഞ്ഞിട്ടിപ്പോ വേറെന്താ ?

എനിയ്ക്കൊരു അനാര്‍ക്കലി ചുരിദാര്‍  വേണം. പുതിയ മോഡല്‍ വന്നിട്ടുണ്ട്. ഇന്നാളു വനിതേല്  കണ്ടില്ലേ . അടുത്താഴ്ച മീരച്ചേച്ചിടെ കല്യാണത്തിനിടാനാ.

അന്ന് പിറന്നാളിന് വാങ്ങീത്  ഒരു പ്രാവശ്യല്ലേ ഇട്ടിട്ടുള്ളൂ . അതിട്ടാല്‍ മതി . അന്നങ്ങന്യാണലോ പറഞ്ഞത് , ഇപ്പെന്താ ഒരു മാറ്റം ?

പോരാ. കല്യാണത്തിനു പഴേതിട്ടിട്ടു  ഞാന്‍ പോവില്ല്യ.

ബന്ധുക്കള് പലരടേം കല്യാണണ്ടാവും . ഓരോ കല്യാണത്തിനും പുതിയതന്നെ ഇടണംന്നു വാശി പിടിയ്ക്കാന്‍ നീയെന്താ  കോടീശ്വരപുത്ര്യാ ?

എന്നാ അമ്മ അവരോടു പറയൂ കല്യാണം കഴിയ്ക്കണ്ടാന്നു. നിങ്ങക്ക് ഒരുപാട്  മക്കളൊന്നൂല്ല്യലോ .ഒന്നന്ന്യല്ലെള്ളൂ . പിന്നെന്താ മേടിച്ചു തന്നാ ?

ഒന്നേള്ളൂച്ചാ  ഒലയ്ക്ക്യോണ്ട് തല്ലണംന്നാ . 

അതിനിവിടെ ഒലയ്ക്കല്യാലോ . മിക്സീം , ഗ്രൈന്‍ഡറും   , ഫുഡ്‌  പ്രൊസസ്സറുമൊക്കെയല്ലേ. പരസ്യത്തില്‍ കാണുന്നതൊക്കെ വാങ്ങിത്തന്ന്  അച്ഛന്‍  അമ്മയെ മടിച്ച്യാക്കിയിരിയ്ക്ക്യാ.

എന്നാ ഇനി ഒരൊരലും , ഒലയ്ക്കേം, അമ്മീം , ആട്ടുകല്ലുമൊക്കെ മേടിയ്ക്കാം . ഇടിയ്ക്കാനും ,പൊടിയ്ക്കാനും, അരയ്ക്കാന്വൊക്കെ പഠിച്ചോ .

തന്നത്താനങ്ങ്ട്  ചെയ്താ മതി . അപ്പൊ കാണാം ഈ ഗുണ്ടുമണി  സ്ലിം ബ്യൂട്ടി ആകുന്നത് . എന്തായാലും എനിയ്ക്ക് പോക്കറ്റ് മണി കിട്ടിയ നാലായിരം രൂപ തരൂ.. 

നാലായിരം രൂപ ! അതൊന്നും പറ്റില്യ. അത്ര കോസ്റ്റ്ലി  ആയതൊന്നും എപ്പഴും വാങ്ങ്യാ  പറ്റില്യ . വൈകീട്ട് ഞാനും വരാം . ഞാന്‍ സെലക്റ്റ്  ചെയ്തു തരാം.

അമ്മ സെലക്റ്റ്  ചെയ്തതു ഞാനിടാം. ഒരു ഇരുപതു കൊല്ലം കഴിഞ്ഞിട്ട്. പിശുക്കനും, പിശുക്കീം കൂടി തിരുമ്മിത്തിരുമ്മി  തന്ന അഞ്ഞൂറു രൂപയല്ല ഞാന്‍ ചോദിച്ചത്. അമ്മാമന്മാരും, വല്ല്യമ്മേം കൂടി തന്ന നാലായിരം രൂപയാ. പിന്നേയ്  .......ഒരു കാര്യം കൂടി . ഇന്ന് വൈകുന്നേരം ഫ്രൈഡ് റൈസും , ചില്ലി ഗോബീം , പായസോം  വേണം.

അഞ്ചു മണിയ്ക്ക് മുമ്പ്  വീടെത്ത്വോന്ന്  നോക്കട്ടെ. ഇല്ലെങ്കില്‍ കഞ്ഞി വെയ്ക്കും . അത്രേന്നെ .

അത് കെട്ട്യോനും കെട്ട്യോളും കൂടിയങ്ങ്ട്  കുടിച്ചാ മതി . എനിയ്ക്ക്    ഫ്രൈഡ് റൈസും , ചില്ലി ഗോബീം , പായസോം  തന്നെ  വേണം.

വൈകുന്നേരം വന്നിട്ട്  എന്റെ കൂടെ അടുക്കളേ കേറ്  . ന്നെ ക്കൊണ്ട് വയ്യ. ഒറ്റയ്ക്ക് പണിയെടുക്കാന്‍ .

ഏയ് .എനിയ്ക്കും അച്ഛനും വൈകുന്നേരം മറ്റൊരെന്‍ഗേയ്ജ് മെന്റുണ്ട്  , ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി.

അതെന്താ ഒരു ഞാനും അച്ഛനും . അമ്മെന്താ വെറുത്യാ ?

യെസ് , അമ്മയെ കൂട്ടില്യ. 

അച്ഛനും മകളും എപ്പോഴും ഐക്യമുന്നണ്യാ . ഞാനാ പത്തുമാസം ചുമന്നു പെറ്റത്

അയ്യേ  ! അതച്ഛനെക്കൊണ്ട്   പറ്റുമോ? അമ്മടെ ഈ മുരട്ടുസ്വഭാവം കാരണാ . പ്രായായ പെണ്മക്കളുടെ അടുത്ത്  ഫ്രന്റ്ലി ആയി പെരുമാറണം. ന്യൂ  ജനറേഷന്‍  അങ്ങന്യാ.

ന്യൂ  ജനറേഷന്‍....  ഞാനിപ്പോ ശരിയ്ക്കൊന്നു പെരുമാറിയാ  നീയ്  വര്‍ത്തമാനം നിര്‍ത്തി വേഗം കോളേജില്‍ പോകും.

ഓ! ശരി. പോയേയ്ക്കാമേ . ആ ..കോളേജിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത് . ഞങ്ങള്‍ടെ പുതിയ സാറില്ലേ. പ്രദീപ് സാറ് .ഞാനിന്നാള്   പറഞ്ഞില്ലേ, ദുല്‍ക്കര്‍  സല്‍മാനെപ്പോലെണ്ടെന്നു . ആ സാറ്  എന്നോടു പറഞ്ഞു...

എന്താ പറഞ്ഞത് ? അദ്ധ്യാപകരെപ്പോലും വിശ്വസിയ്ക്കാന്‍ പറ്റാത്ത കാലമാ . സാറ്  എന്താ നിന്നോടു പറഞ്ഞത് ? ഒന്ന് വേഗം പറയണുണ്ടോ..

അതോ...അതേയ് ....അമ്മേ... സാറ് പറയാണേയ് ..

നിന്ന് കളിയ്ക്കാതെ വേഗം പറയണുണ്ടോ നീയ്

റെക്കോര്‍ഡ്‌  വേഗം കമ്പ്ലീറ്റ് ചെയ്ത്  കാണിച്ചില്ലെങ്കില്‍ ക്ലാസ്സില്‍ കയറ്റില്യാന്ന്  ... എന്താ അമ്മടെ മൊഖത്തൊരു ഗൌരവം? ഞാന്‍ റെക്കോര്‍ഡ്‌  കമ്പ്ലീറ്റ് ചെയ്യാത്തോണ്ടോ? അതോ പ്രതീക്ഷിച്ച ഉത്തരം കിട്ടാത്തേന്റെ  വൈക്ലബ്യോ  ?

ഇനീം  പുറപ്പെട്ടു കഴിഞ്ഞില്ലേ

പിന്നേ ... പുറപ്പെട്ടു. ദാ ... കുര്‍ത്ത  ലൂസാണ്, കഴുത്തിറങ്ങിയിട്ടില്ല , സ്ലിറ്റിനു നീളം കുറവാണ് , ഷോള്‍  ശരിയ്ക്കിട്ടിട്ടുണ്ട്. പോരേ .  ഇനി ഒരു പര്‍ദ്ദ കൂടി ഇട്ടാലോ

മതി മതി .വര്‍ത്തമാനം കുറച്ചു കൂട്ണ്ണ്ട് . സൂക്ഷിച്ച്  പോണം . ഷട്ടറിട്ട ബസ്സില്‍  കേറരുത് . യാത്രക്കാരുണ്ടോ ന്ന്  നോക്കീട്ടേ കേറാവൂ . 

പിന്നേ... ആളൊഴിഞ്ഞ ബസ്സങ്ങനെ തലങ്ങും  വെലങ്ങും ഓട്വല്ലേ . ഫുട് ബോര്‍ഡില്  നിന്നിട്ടാ പോകുന്നത്. അച്ഛനൊരു  സ്കൂട്ടി വാങ്ങിത്തരാംന്നു കഷ്ടിച്ച് സമ്മതിച്ചതാ. അമ്മ ഒടക്കു വെച്ചതോണ്ടാ. അല്ലെങ്കിലെനിയ്ക്കിപ്പോ സുഖായി പോവായിരുന്നു.

അത്ര സുഖിയ്ക്കണ്ടാ. ബസ്സില്‍ പോയാ മതി. ഞങ്ങളൊക്കെ കോളേജിലേയ്ക്കങ്ങന്യാ പോയിരുന്ന്  . 

അതിനു അമ്മ കോളേജില്‍  പഠിച്ചിട്ട്ണ്ടോ?

ഏയ് ... ബി.ഏം  എം .ഏം ഒക്കെ യൂനിവേഴ്സിറ്റി  വീട്ടില്‍ കൊണ്ടുതന്നതാ . 

ബി.എ, എം.എ എന്നൊക്കെ ബലം പിടിച്ച് പറഞ്ഞിട്ട്  കാര്യമില്ല. ജോലിയ്ക്ക് പോണം. സ്വയംപര്യാപ്തത വേണം. അങ്ങന്യാ പെണ്ണുങ്ങള് . അമ്മയ്ക്ക്  വനിതാപോലീസിന്റെ  ജോലിയാ ചേരുന്നത് .

ഒന്ന് പോവൂ കുട്ടീ . നേരം വൈകുംന്നൊരു വിചാരല്യലോ ? എല്‍. കെ. ജി. യില്‍ പഠിയ്ക്കുന്ന കാലം തൊട്ട്  ഒന്ന് പറഞ്ഞയയ്ക്കാന്‍  പാടുപെടണതാ  . ഇത്രയായിട്ടും ഒരു 
മാറ്റോല്യലോ  

അതങ്ങനെ മാറാന്‍ പറ്റുമോ? ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ശരി... ഞാന്‍ പോയിത്തന്നേയ്ക്കാം. ആ ദിവാനിലേയ്ക്ക്  ചെരിയണേനു മുമ്പ് വാതിലൊക്കെ ശരിയ്ക്കടച്ചില്ലേന്നൊന്നു നോക്കണേ. വല്ല ബണ്‍ടീ ചോറും വന്നാലോ.

ഓ ! ഉപദേശോന്നും വേണ്ടാ. എന്റെ കാര്യം നോക്കാന്‍  നിയ്ക്കറിയാം.

പിന്നേ, നമ്മള്  ത്ധാന്‍സീ റാണ്യല്ലേ . വല്ല രാവണനും വന്നു തട്ടിക്കൊണ്ടു പോയാലോ ?വയസ്സായീ ന്നൊന്നും ആശ്വസിയ്ക്കാൻ  പറ്റി ല്ല്യ .ഇപ്പഴത്തെ രാവണന്മാരൊക്കെ വളരെ ബ്രോഡ് മൈൻഡഡാ . ഇപ്പൊ  ജനിച്ചതു തൊട്ട്  അന്ത്യശ്വാസം വലിയ്ക്കുന്നതു വരെ ഏതു പെണ്ണായാലും ഒരു പാർഷ്യാലിറ്റീമില്യ .  വൈകുന്നേരം അച്ഛന്‍  ചോദിയ്ക്കുമ്പോ ഞാനെന്തു പറയും? എനിയ്ക്കുത്തരവാദിത്തംണ്ടേ  യ്‌ . പറയാണ്ടിരിയ്ക്കാന്‍ പറ്റില്ല. ഓ.കെ. ഞാന്‍ പോണു . വാതിലടച്ചോളൂ.

അഞ്ചു മണിയ്ക്ക് വീട്ടിലെത്തീല്യെങ്കില്‍   ഞാന്‍  ഗേറ്റ്  പൂട്ടിയിടും

ഞാന്‍ ചാടിക്കടക്കും. പിന്ന്യല്ലേ... ഹോസ്റ്റലിലും കൂടി ആറരയാ സമയം .

.......................................................................................................................

.......................................................................................................................

ക്ലോക്ക്  നോക്കിക്കോളൂ. അഞ്ചിന്  അഞ്ചു മിനുട്ട് .

ഓ ! അനാര്‍ക്കല്യൊക്ക്യായിട്ടാണല്ലോ വരവ് . കാണിയ്ക്ക്. നോക്കട്ടെ.

അങ്ങനിപ്പോ കാണണ്ട. സമയമാവുമ്പോ കാണിച്ചു തരാം.

എന്തിനാ റൂമിന്റെ വാതിലടച്ചത് . ഞാന്‍ നെന്നോടു  പറഞ്ഞിട്ടുണ്ട് വാതിലടച്ചിരിയ്ക്കരുത് ന്ന്  . എന്താ അവടെ  ചെയ്യണ്  ?
..............................................................................................

അതാ , അച്ഛന്‍  വന്നു.

എന്താ, അതിനിത്ര ശബ്ദമുണ്ടാക്കാന്‍ള്ള് . അച്ഛനെ ആദ്യായിട്ടാ കാണണ്  ?നെറയെ പായ്ക്കറ്റുകളുണ്ടല്ലോ  . പറയണതൊക്കെ വാങ്ങിക്കൊടുത്തോളൂ. . അതിന്റെ അഹങ്കാരം ചില്ലറയൊന്നുമല്ല പുത്രിയ്ക്ക്  . എന്താ എല്ലാം നെന്റെ  റൂമിലേയ്ക്ക് കൊണ്ടുപോണത്  ?ഇവിടെ വെച്ചാ മതി. അത്ര രഹസ്യൊന്നും  വേണ്ട.... നിങ്ങളിങ്ങനെ കൊഞ്ചിച്ചോണ്ടിരുന്നോളൂ  .കെട്ടിയ്ക്കാറായ പെണ്ണാ .ഒരടക്കോം ഒതുക്കോല്യ . 

അത്യോ ! എന്നാ ഇപ്പോത്തന്നെ കെട്ടിച്ചോളൂ..  പഠിത്തൊക്കെ പിന്ന്യാവാം. പ്രദീപ് സാറിനെത്തന്നെയായാലോ? എന്നാപ്പിന്നെ റെക്കോര്‍ഡ്‌ വരച്ചില്യാന്നു  ചീത്ത പറയില്യ. . സാറിനെക്കൊണ്ടന്നെ വരപ്പിയ്ക്ക്യേം  ചെയ്യാം.

മതി തര്‍ക്കുത്തരം വല്ലാതെ കൂടുണ്‌ ണ്ട് . ഗുരുക്കന്മാരെ ദൈവങ്ങളെപ്പോലെ കാണണം ന്നാ.

അതമ്മ പറഞ്ഞത്  ശര്യാ . എന്റെ ഫ്രന്റ്സൊക്കെ സാറിനെ ധ്യാനിച്ചോണ്ടാ ഇരിയ്ക്കണത് . ഞാനും ആ ധ്യാനത്തിലങ്ങ് ട്  കൂട്യാലോന്നാലോചിയ്ക്ക്യാ . 

നിങ്ങളിതൊക്കെ കേട്ട് ചിരിച്ചോണ്ട്  നിന്നോളൂ . പെണ്‍കുട്ട്യോളടെ അച്ഛനാവുമ്പോ കുറച്ച് ഗൌരവോക്കെ വേണം. പെണ്ണിനെല്ലാം തമാശ്യാ .

ഈ അമ്മയ്ക്ക്  സെന്‍സ്  ഓഫ്  ഹ്യൂമര്‍  തീരെയില്യ . അതേയ് , ഇനി അച്ഛനോട് ഗുസ്തിയ്ക്കൊരുങ്ങണ്ട . നമുക്കാ രഹസ്യ അറയിലേയ്ക്ക് പോവാം.

ഇതെന്താ , ഈ അലങ്കാരങ്ങളൊക്കെ ! ബര്‍ത്ത്ഡേ പാര്‍ട്ടി  ണ്ടെന്നു പറഞ്ഞത്  ഇവടെ വെച്ചാ?

അതെ . ഇന്നേയ്‌  എന്റെ അമ്മേടെ പിറന്നാളാ. അതിന്റെ പാര്‍ട്ടിയാ നടക്കാന്‍ പോണ് .

അയ്യോ  ! നിയ്ക്കത്  തീരെ  ഓര്‍മ്മണ്ടായില്യ .  

ആ ... അതോര്‍മ്മിപ്പിയ്ക്കാനല്ലേ ഈ  ഞാന്‍ ... ദാ  പിടിച്ചോളൂ  ഒരു  ജൂട്ട് സില്‍ക്ക് സാരി. ഹാപ്പി ബര്‍ത്ത്ഡേ ടു  യൂ . അച്ഛാ  ഇത് കണ്ട്വോ , വനിതാപോലീസ്  ചിരിയ്ക്കുണൂ .

ആരോ വന്നിട്ട്ണ്ടല്ലോ. നീതു ആന്റി എത്തിയെന്നാ തോന്നുന്നത്. ബാബുവങ്കിളും  ണ്ടാവും . അവരാണിന്നത്തെ നമ്മുടെ ചീഫ് ഗസ്റ്റ്. അച്ഛനൊന്നു ഉമ്മറത്തേയ്ക്ക് ചെല്ലൂന്നേ. ഞങ്ങളാ  ഡൈനിങ്ങ്‌ ടേബിളൊന്നു ഒരുക്കട്ടെ. ഫ്രൈഡ് റൈസും , ചില്ലി ഗോബീം , പായസോം  റെഡിയല്ലേ അമ്മേ  . അതോ കഞ്ഞിയാണോ.

ഒക്കെ റെഡി. എന്നാലും നീയിത് രാവിലെത്തന്നെ പറഞ്ഞിരുന്നൂച്ചാ  ഞാനൊരു സദ്യ ഒരുക്ക്വായിരുന്നൂലോ . കഷ്ടായിപ്പോയി.

അത് സാരല്യ . അത് പിന്നെ അമ്മ നിയ്ക്ക് മാത്രായി ഉണ്ടാക്കി ത്തന്നാ മതി .ഞായറാഴ്ച  ഉച്ചയ്ക്ക്  .  നമുക്കിപ്പോ കെയ്ക്ക് മുറിയ്ക്കാം. വെള്ളം എറക്കീട്ടന്നെ വയറു നിറഞ്ഞു. പിന്നേയ്‌ ... സാരി ഇഷ്ടായ്വോ ?  മീരച്ചേച്ചിടെ കല്യാണത്തിനു ഉടുക്കാം ല്ലേ. സാരി എന്റെ മാത്രം വകയാ ട്ടോ. അച്ഛന്‍ എന്തോ വാങ്ങീട്ട്ണ്ട് . ചെറിയ  പായ്ക്കറ്റാ . ഡയമണ്ടാന്നു തോന്നുന്നു. ഞാന്‍ ചോദിച്ചിട്ട് കാണിച്ചു തന്നില്ല . അതോണ്ടല്ലേ ഞാനാ രഹസ്യം പൊളിച്ചത്     . ദാ ..വ്യാകുല മാതാവ് പിന്നേം ചിരിയ്ക്കുണൂ . 

6 comments:

  1. കേള്‍ക്കാന്‍ രസമുള്ള ഇന്ന് ചിലയിടത്തെല്ലാം നടക്കുന്ന സംഭാഷങ്ങള്‍ മാത്രമായി ഒതുക്കിയിരിക്കുകയാണല്ലോ.

    ReplyDelete
  2. കുറേ സംഭാഷണങ്ങള്‍ ................. കുഴപ്പമില്ല :(

    ReplyDelete