Saturday, March 30, 2013

അമ്മക്കിളികള്‍


ആറ്റു വക്കത്ത് ചാഞ്ചാടി നിക്കണ കാട്ടുപൂവൊന്നു ചോദിച്ചു 

രാവിലെ തിരക്കിട്ട് പോയോരെ ഇത്ര വൈകീട്ടും കണ്ടീലല്ലോ

മാനത്തമ്പിളിപ്പൂ  വിരിഞ്ഞപ്പോ മണ്ണില്‍ മുല്ലപ്പൂ  കണ്‍ തുറന്നു

നേരം പോയൊരു നേരമായിട്ടും എന്തിത്ര മെല്ലെ വരുന്നു കൂട്ടര്‍ 
കൂട്ടിലെത്ര പണിയുണ്ടിനിയും , മക്കളെന്തു ചെയ്യുന്നു ആവോ
 എന്നൊക്കെ തമ്മില്‍  പ്രാരാബ്ധങ്ങള്‍  ചൊല്ലി കിതച്ചു  ചേക്കേറുവാനെത്തുന്നു     

അന്തിയാവുമ്പോ കൂടണയുന്നോരാറ്റക്കിളിയമ്മ കേഴുന്നു

തീറ്റ തേടി ഞാന്‍ പോയി വന്നപ്പോ തൂക്കണാം കൂടെങ്ങും കാണുന്നില്ല

ലോഗ്യം കൂടി അടുത്തു  വന്നവന്‍ കുഞ്ഞിനേം തന്നിട്ട് പോയല്ലോ

താന്തോന്നിപ്പയ്യനോ അച്ഛനെപ്പോലെ മെയ്യനങ്ങാത്ത കുഴിമടിയന്‍

എത്ര പാടുപെട്ടാണു  ഞാനിപ്പുറമ്പോക്കില്‍ കൂടൊന്നു കെട്ടിവെച്ചു

നാടു തെണ്ടി ഞാന്‍ പോയി വന്നപ്പോ കൂടില്ല മരമില്ല ഒന്നുമില്ല

ചുണ്ടില്‍ നെൽക്കതിരേന്തി വരുന്നൊരു തത്തമ്മയാധി പിടിച്ചു ചൊല്ലി 

മൂത്ത പെണ്ണെങ്ങും പാറി നടപ്പുണ്ട്  ചീത്തപ്പേരൊന്നും വന്നീടൊല്ലേ

പഞ്ചവര്‍ണ്ണക്കിളിപ്പെണ്ണു നന്നല്ല കൊഞ്ചി നടപ്പതു കണ്ടോരുണ്ടേ 

കൂട്ടുകാരിയവളാണ് പിന്നെ എന്തുപറഞ്ഞിട്ടെന്തു കാര്യം

കാലം നന്നല്ല ശീലം മാറ്റണമെന്നു പറഞ്ഞാലും കേള്‍ക്കില്ല

മിണ്ടാപ്പെണ്ണാണ്  നമ്മുടെ പാവം അമ്പലപ്രാവിന്റെ കൊച്ചുമോള്

തോട്ടുവക്കത്ത് തൂവല്‍ പറിഞ്ഞും കീറിമുറിഞ്ഞും കിടന്നൊരിയ്ക്കൽ

ചെമ്പരുന്തന്നു റാഞ്ചിയപ്പോ കണ്ടു നിന്നല്ലോ കൂട്ടരെല്ലാം

കേട്ടു തളര്‍ന്നൊരു  കാക്കമ്മ പിന്നെ നെഞ്ചു പൊട്ടിക്കരഞ്ഞു ചൊല്ലി

കൊക്കു   വിടർത്താനാകുന്നതേയുള്ളൂ  ചിറകു വിരിയുന്നതേയുള്ളൂ

കാണാനഴകില്ല , പാടാനറിയില്ല എങ്കിലുമെന്നും കരുതല്‍ വേണം

ആ മുട്ടാളന്റെ കൈയില്‍ പെടാതെയെന്‍ മക്കളെ കാക്കണേ കാവിലമ്മേ

കൊക്കി കൊക്കി നടക്കണ ചേലൊത്ത കോഴിയമ്മയും ചൊല്ലുന്നു

മക്കളൊക്കെ വലുതായി പക്ഷേ കൊത്തിയാട്ടാനുശിരില്ല 

നെറ്റിപ്പൂവും അങ്കവാലും ഒത്തോരു ചേവന്‍  വരട്ടെ , കാക്കാം

അപ്പഴും വേണലോ പെണ്‍ പണമല്ലെങ്കില്‍ പെണ്ണിന്റെ കാര്യം കഴിഞ്ഞില്ലേ

മാനത്തെങ്ങും മുകിലില്ല പിന്നെ മണ്ണിലെങ്ങനെ നാള്‍ കഴിയ്ക്കും

കാടുമില്ലല്ലോ   കാട്ടാറുമില്ലല്ലോ  , ഇറ്റു കുടിനീരെങ്ങുമില്ല

നീരാണെങ്കിലും മണ്ണിന്റെ മക്കള്‍ ചുട്ടു ചാവുന്നു , കഷ്ടമല്ലേ

പീലി പോലും കരിഞ്ഞു പോകുന്നു ,  കോപം പൂണ്ടു മയിലമ്മ

പകലെല്ലാം മാനത്തു പാറി നടക്കുന്നു കൂര്‍ത്ത കൊക്ക് , നഖമുനകള്‍

രാത്രിയായാലിരുട്ടില്‍ തിളങ്ങുന്നു  മിന്നുന്ന കണ്ണുകള്‍ തീക്കനല്‍  പോല്‍

ആവതുണ്ടോ ചിറകില്‍  പൊതിഞ്ഞിട്ടെപ്പോഴും കാക്കാന്‍  നമുക്കിവരെ 

ആവലാതി പറഞ്ഞു തീരില്ല അമ്മക്കിളികള്‍ക്കുറക്കമില്ല

ആറ്റുവക്കത്ത് ചാഞ്ചാടി നിക്കണ കാട്ടുപൂവൊന്നും മിണ്ടിയില്ല

മാനത്തമ്പിളി പോലെ ചിരിയ്ക്കണ  മുല്ലപ്പൂവിന്റെ കണ്‍ നിറഞ്ഞു7 comments:

 1. ഉറക്കമില്ലാത്ത അമ്മക്കിളികളുടെ പാട്ട് ഏറെ നന്നായിട്ടുണ്ട്
  നല്ല താളവും ഉണ്ട് അര്‍ത്ഥവും ഉണ്ട്

  ReplyDelete
 2. പോകൂ പോകൂ അമ്മ മനസ്സേ
  തീയിൽ വീഴാം ഞങ്ങൾ ഹവിസ്സായ്
  കാലം നൽകും നിനക്കിനിയും
  ഓമൽക്കിടാങ്ങൾ കാടുണർത്താൻ
  നൂറു നുറുങ്ങായ് മുറിയും മനസ്സോ-
  ടമ്മക്കിളിയുടെ ചിറകടി പൊങ്ങീ വാനിൽ..!!!

  അമ്മ മനസ്സുകളുടെ തേങ്ങൽ ഭംഗിയായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

  ശുഭാശംസകൾ...

  ReplyDelete
 3. നന്ദി

  വരികള്‍ വളരെ ഹൃദ്യം

  ReplyDelete
 4. നിളയെ ഓര്‍ക്കും,ഈ വരികളിലൂടെ..

  ReplyDelete
 5. ആ വരികൾ ഒരു സിനിമാഗാന ശകലമാണ്. ശ്രീ.അനിൽ പനച്ചൂരാൻ എഴുതിയത്.സന്ദർഭത്തിനു യോജിച്ചപ്പോൾ 
  ഞാനങ്ങു പകർത്തി. എന്റെ മിക്ക കമന്റുകളും ഇങ്ങനെ തന്നെ.തെറ്റിദ്ധാരണ ഒഴിവാകാനാണ് ഇതെഴുതിയത്. നന്ദി..

  ശുഭാശംസകൾ....

  ReplyDelete