Saturday, April 6, 2013

സൂര്യകാന്തിഒടുവിലെ നിശാവാതവും പോയ്മറഞ്ഞപ്പോള്‍

ഒരു നേര്‍ത്ത കിരണമെന്നെ തൊട്ടുണർത്തുമ്പോള്‍

വിടരാന്‍ മടിച്ചു നില്‍ക്കുമിതളുകള്‍ മെല്ലെ

വിരിഞ്ഞു തുടങ്ങുമ്പോള്‍  വിസ്മയിച്ചു പോയെന്തേ !

സ്വപ്നമാണെന്നോര്‍ത്താദ്യം ,അല്ല , സത്യമാണല്ലോ

സൂര്യദേവന്‍ സാകൂതമെന്നെ നോക്കി  നില്‍ക്കുന്നു

സ്വയമറിയാതെയോ ദേവന്റെ കടാക്ഷമി-

സ്സാധുവെ ദയയാലെ വെറുതെ നോക്കിയതോ

ഭയമോ ലജ്ജയോ മറ്റെന്താണെന്നറിയില്ല

ഭവാനെ കാണുമ്പോള്‍ ഞാനകന്നേ നിന്നുവെന്നും  

എങ്കിലുമങ്ങു പോയതിന്‍ ശേഷമെന്‍ കണ്ണുകള്‍

എങ്ങും പിന്തുടരുന്നതവിടുന്നറിഞ്ഞെന്നോ

കർമ്മസാക്ഷിയാം ദേവന്‍ കാണാതിരുന്നീടുമോ

കാത്തിരിയ്ക്കും കാട്ടുപൂവിൻ വ്യർത്ഥചാപല്യങ്ങള്‍

പിന്നെയുമായിരം കരം നീട്ടി ദേവനെത്തേ

പുണരുവതെന്നെ മാത്രമെന്നു ഞാന്‍ നിനച്ചു . 

ആകെയിതള്‍ വിടര്‍ത്തി നിറന്നുല്ലസിയ്ക്കുവാന്‍

ആരാധിയ്ക്കുവാനെന്നുമാനന്ദം പകരുവാന്‍

പുതുമയോടെന്നും വിസ്മയക്കാഴ്ച്ചകള്‍  തീര്‍ക്കാന്‍

പിന്നെയിതളടര്‍ന്നു മണ്ണോടു ചേരാനിതേ

പൂവിന്‍ ജന്മമെന്നൊരു നിയോഗം മറന്നു ഞാന്‍

പൂജിയ്ക്കാനെന്നെ ദേവന്നു മാത്രമായർച്ചിച്ചു . 

സാദ്ധ്യമല്ലൊരിയ്ക്കലും ദേവകാമിനിയാകാന്‍

സൂര്യപത്നിയായ്  തേരില്‍ സഹയാത്രികയാകാന്‍

എന്നറിഞ്ഞിട്ടും ഞാന്‍ സ്വയമെന്നെ ശാസിച്ചിട്ടും

എന്മനസ്സനര്‍ഹപദം  തേടിപ്പോവതെന്തേ

എന്നുമാ പൂര്‍വ്വദിങ്മുഖം മെല്ലെ തുടുക്കവേ

എന്നിലെയിതളുകള്‍ പതിയെ കണ്‍  മിഴിയ്ക്കും

ചാരത്തു നില്‍ക്കും തോഴര്‍  കുശലം പറയുമ്പോള്‍

ദൂരെയെന്‍ ദേവന്‍  സൌവര്‍ണ്ണദീപ്തനായെത്തുമ്പോള്‍

പറയും വാക്കു  പൂര്‍ണ്ണമാക്കാതെയെന്‍  വദനം

പ്രിയനേ താങ്കള്‍ക്കൊത്തു നീങ്ങുവാന്‍ തുടങ്ങുമ്പോള്‍

അരികെ കൂട്ടര്‍ ചൊല്ലും കളിവാക്കുകളൊന്നു-

മല്ല , ഞാന്‍ കേൾപ്പതങ്ങോതും സ്നേഹമന്ത്രം മാത്രം

സൂര്യാംശുവെന്നെന്നും തഴുകിയെന്‍ കപോലങ്ങള്‍

സൌവര്‍ണ്ണാരുണദീപ്തം , സഖിമാരാരായുന്നു

“ എങ്ങനെ നിനക്കീ വിധം കാന്തിയും നിറവും

ഞങ്ങള്‍ക്കാര്‍ക്കുമില്ലല്ലോ ദിവ്യമീ തേജോവര്‍ണ്ണം ”    

എങ്ങനെ പറയും ഞാന്‍ സൂര്യരാഗപരാഗ –

മങ്ങണിയിച്ചതാണീയിതളുകളിലാകെ . 

ഒരു ചെന്തീക്കനൽ  പോലങ്ങിരുളില്‍  മറയെ

ഒരു മാത്ര നോക്കിയെന്‍ കണ്ണുകളടഞ്ഞു പോയ്‌ . 

ഉഗ്രകിരണന്‍ ഭവാനുജ്ജ്വലിച്ചെത്തീടവേ

ഉയരുമെന്‍ കണ്ണുകളിമ വെട്ടാതെ മന്ദം . 

തപ്തരശ്മികളസഹ്യമെന്നന്യര്‍  ചൊല്ലുമ്പോള്‍ 

തരളം ശീതളസ്പര്‍ശമെന്നേ ഞാനറിഞ്ഞു  

ഒരു ശോണകിരണമായ്  നീളും മിഴിയിതള്‍

ഒരു മാത്രയെന്നെ തലോടി കടന്നുപോകെ

അനുഗമിയ്ക്കാന്‍ ക്ഷണമേകിയെന്‍  ദേവന്‍ പോകെ   

അനുസരിയ്ക്കാതിരിയ്ക്കാനെനിയ്ക്കായീടുമോ

മായികം ഭവാന്‍ തീര്‍ത്ത മൂകരാഗലോലമാം

മോഹനിദ്രയില്‍  നിന്നുണരുവാന്‍  കഴിയാതെ

സ്വര്‍ണ്ണസ്യന്ദനത്തില്‍  രാജസപ്രഭാവനെത്തേ

സ്വയമറിയാതെ ഞാന്‍ ധ്യാനലീനയായ്  നിന്നു

“അറിയുന്നില്ലേ ഭവാന്‍ സൂര്യകാമിനിയെന്ന

അപവാദം കേട്ടവള്‍  അപമാനിതയിവള്‍

പാവനമത്രേ സ്നേഹം, പരിപൂജിതം പക്ഷേ

പ്രണയം പരിഹാസ്യമായിത്തീരുവതെന്തേ”

എന്നു ഞാന്‍ പരിഭവം പറയെ ദേവനപ്പോള്‍

എന്റെ നിറകണ്ണുകള്‍  തഴുകി പറഞ്ഞീടും

" ഒരിയ്ക്കലും നമുക്കൊത്തു ചേരാനാകില്ലെന്നാല്‍

ഒരു നാളും വേര്‍പിരിഞ്ഞകലാനുമാകില്ല

വിണ്ണില്‍  ഞാനുജ്ജ്വലിയ്ക്കെ മണ്ണില്‍  നീ വിളങ്ങീടും

വിമൂകമീ പ്രണയം ദിവ്യം ദൈവകല്പിതം "

ആര്‍ക്കുമറിയില്ലല്ലോ ജന്മാന്തരബന്ധമി –

തത്രയും ഗാഢം , തീവ്രം ,ബന്ധുരം ,സനാതനം

നിന്ദിതയെന്നാലും ദേവശോഭയണിഞ്ഞവൾ 

നിര്‍വൃത ഞാന്‍  സൂര്യകാന്തിയെന്‍  ജന്മം സഫലം    

6 comments:

 1. മനോഹരമായ കവിത  “ദേവനെത്തേ”
  “രാജസപ്രഭാവനെത്തേ”
  എന്ന രണ്ടു പ്രയോഗം മാത്രം അത്ര മനോഹരമായില്ല
  എത്തവേ എന്നല്ലേ വേണ്ടത്?

  ReplyDelete
 2. ആരുടെ കനകമനോരഥമേറി
  ആരുടെ രാഗപരാഗം തേടി
  നീലഗഗന വനവീഥിയിൽ നിൽപ്പൂ
  നിഷ്പ്രഭനായ് നിൻ നാഥൻ..?

  വളരെ നല്ല കവിത. മനോഹരമായി എഴുതി.

  ശുഭാശംസകൾ....

  ReplyDelete