Friday, May 10, 2013

അലിഖിതമായ സദാചാരനിയമങ്ങള്‍


      

 

        കോളിംഗ്  ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴേ ലയയ്ക്ക് മനസ്സിലായി വിവേകാണ്  

അതിഥിയെന്നു . ആര് സ്വിച്ചില്‍ വിരലമർത്തിയാലും ഒരേ ശബ്ദമാണുണ്ടാകുകയെങ്കിലും 

വിവേകിന്റെ മനസ്സിലെ തരംഗങ്ങള്‍  തന്റെ മനസ്സിലുണർത്തുന്ന തരംഗദൈര്‍ഘ്യമാണ് 

ആ തിരിച്ചറിവിന് കാരണമെന്ന്  ലയ സ്വയമൊരു കണ്ടു പിടിത്തം  നടത്തിയിട്ടുണ്ട്. 

വാതില്‍ തുറന്നപ്പോള്‍ ഊഹിച്ച പോലെ അമ്പരന്ന ഭാവവുമായി വിവേക്. 

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഒരത്ഭുതവുമില്ലല്ലോ എന്ന ആ അമ്പരപ്പിനെ വക 

വെയ്ക്കാതെ ലയ അയാളെ സ്വീകരണ മുറിയിലേയ്ക്ക്  ക്ഷണിച്ചു. ഞാന്‍ വന്ന 

സമയം ശരിയായില്ല, വൈകിപ്പോയി അല്ലേ അവളെ ഒന്ന് നോക്കി പിന്നെ നോക്കാതെ 

അയാള്‍ പറഞ്ഞു. ഓ ! തന്റെ ഈ ടു പീസ്‌  ഹൌസ്  കോട്ടാണ് കാരണം. ' ഇരിയ്ക്കൂട്ടോ 

ഇപ്പൊ വരാം' എന്ന് പറഞ്ഞു അകത്തെയ്ക്കോടി ഏതെങ്കിലുമൊരു സാരി 

വലിച്ചുവാരിയുടുത്ത് ഒരു സോഫയുടെ  പിറകില്‍ വന്നുനിന്നു താന്‍ സംസാരിയ്ക്കുമെന്ന 

പ്രതീക്ഷയാണ്  ആ വാക്കുകള്‍ക്കു പിന്നിലെ മനോഭാവമെന്നു മനസ്സിലാക്കിയ ലയ 

കാലിന്മേല്‍ കാല്‍  കയറ്റിവെച്ച്  സോഫയിലേയ്ക്കു ചാരിക്കിടന്നു വിവേകിനെ നോക്കി.


വര്‍ഷങ്ങള്‍ക്കു ശേഷം വിവേക്.....വീണ്ടും... അല്പമൊരു പരിഷ്കാരം...മുടിയില്‍.. 

വേഷത്തില്‍.. അത്രമാത്രം.

 കുറച്ചു ചായയാകാമല്ലേ , കട്ടന്‍ ? 

വിവേക് വേണമെന്നു പറഞ്ഞില്ല. വേണ്ടെന്നും.

ചായക്കപ്പെടുത്ത്  ചുണ്ടില്‍  വെച്ചതും പൊള്ളിയ പോലെ പിൻവലിച്ചു. ചായയുടെ 

തണുപ്പിലേയ്ക്കുള്ള പ്രയാണത്തിനുള്ള കാത്തിരിപ്പെന്ന പോലെ നിര്‍വ്വികാരമായ ഒരിരിപ്പ് 

നിനക്കൊരിയ്ക്കലും മാറാനാവില്ല  വിവേക്, ഒരിയ്ക്കലും.


 താന്‍ തന്നെ വേണം വര്‍ത്തമാനം തുടങ്ങാനെന്നറിയാവുന്നത് കൊണ്ട്  ലയ 

സംസാരിച്ചു തുടങ്ങി. മുംബൈയിലെ ജീവിതം, ജോലി തുടങ്ങിയ പതിവ് ശൈലിയിലുള്ള 

ചോദ്യങ്ങള്‍  . വളരെ കുറച്ചു വാക്കുകളിലായി മറ്റെവിടെയോക്കെയോ നോക്കിക്കൊണ്ട്  

വിവേക് മറുപടി പറഞ്ഞു. ഇടയ്ക്ക് സാമാന്യ മര്യാദയുടെ പേരിലെന്നപോലെ അവളുടെ 

വിശേഷങ്ങളും ചോദിച്ചു.    


     “ എനിയ്ക്ക്  ചുറ്റും  വിശേഷങ്ങളല്ലേ . കാലം മാറുന്നു. തലമുറകള്‍ മാറുന്നു. എപ്പോഴും 

പുതുമ തന്നെ. സദാ ട്രെന്‍ഡി ആയിരിയ്ക്കുകയെന്നത്  അസാധ്യമെന്നു തോന്നുന്നു. 

സിനിമ തന്നെ എന്റെ ഇപ്പോഴത്തെയും പാഷന്‍ . പക്ഷേ ഒന്നുംഅത്രയ്ക്കിഷ്ടമാകു 

ന്നില്ല. നമ്മള്‍ ആവേശത്തോടെ കണ്ടിരുന്ന പദ്മരാജന്റെയും  എം.ടി. യുടെയും 

സിനിമകള്‍ ഒ. എന്‍. വി.-രവി ബോംബെ കൂട്ടുകെട്ടിന്റെ പാട്ടുകള്‍  - ഇപ്പോള്‍ 

അങ്ങനെയുള്ള സിനിമകളൊന്നുമില്ല. പഴശ്ശിരാജ കണ്ടോ? എനിയ്ക്കിഷ്ടപ്പെട്ടില്ല. 

വടക്കന്‍ വീരഗാഥ കണ്ട അനുഭവത്തിന്റെ ഒരംശം പോലും കിട്ടിയില്ല. ഗ്രാഫിക്സ് 

സിനിമയുടെ ഒറിജിനാലിറ്റിയെ വല്ലാതെ ബാധിയ്ക്കുന്നു. ഇപ്പോഴൊക്കെ ന്യൂ ജനറേഷന്‍ 

സിനിമയല്ലേ. തികച്ചും ആസുരം. ഇപ്പോഴത്തെ ചെറുപ്പക്കാരെ  ശ്രദ്ധിച്ചിട്ടുണ്ടോ . 

പെണ്‍കുട്ടികളെക്കാള്‍  ഫാഷന്‍  ഭ്രമം ആണ്‍കുട്ടികള്‍ക്കാണെന്ന് തോന്നുന്നു. അവര്‍ 

താടിയിലും മുടിയിലും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍...! കഷ്ടം തോന്നും ”.


     വിവേകിന്  ലയയുടെ  വര്‍ത്തമാനം ശ്രദ്ധിയ്ക്കാന്‍  താല്പര്യം തോന്നിയില്ല .പണ്ടും 

അവള്‍ അങ്ങനെയായിരുന്നു.സ്വന്തമായ അഭിപ്രായങ്ങളുണ്ട്. അത്  വെട്ടിത്തുറന്നു 

പറയുകയും ചെയ്യും. ഒരു വിഷയം കിട്ടിയാല്‍  അതെപ്പറ്റി  വിശകലനം ചെയ്യാന്‍ തുടങ്ങും . 

സാഹിത്യകൃതികള്‍  സിനിമയാക്കുന്നതിനെക്കുറിച്ചായിരുന്നു ഒരിയ്ക്കല്‍ സംസാരിച്ചത്.


എനിയ്ക്കിഷ്ടമല്ല ലയ തീർത്തു പറഞ്ഞു. ഓരോ കൃതിയും വായിയ്ക്കുമ്പോള്‍ 

നമ്മുടെ മനസ്സില്‍ ചില വിഷ്വല്‍സുണ്ടാകുന്നുണ്ട്. സിനിമ പലപ്പോഴും അതൊക്കെ 

തകര്‍ത്തു കളയും. ദൈവത്തിന്റെ വികൃതികളിലെ  അല്‍ഫോന്‍സച്ചനെ സ്ക്രീനില്‍ നീണ്ടു 

മെലിഞ്ഞ രഘുവരനായി  കണ്ടപ്പോള്‍ മടുപ്പാണ് തോന്നിയത്  ” .


അന്ന്  താനെതിർത്തു  പറയുകയുണ്ടായി  സാഹിത്യകാരന്റേയും സംവിധായകന്റേയും 

ക്രിയേറ്റിവിറ്റി രണ്ടാണ്. സംവിധായകന്‍ അത്  റീക്രിയേറ്റ്  ചെയ്യുമ്പോള്‍  തന്റേതായ 

താല്പര്യങ്ങള്‍  കൂടി അതില്‍ കലരുന്നു. അതത്ര നിഷേധിയ്ക്കേണ്ട കാര്യമായി എനിയ്ക്ക് 

തോന്നുന്നില്ല ”.


അവള്‍ സമ്മതിച്ചു തരില്ല. മേ ബീ . എങ്കില്‍ ആ ക്രിയേഷന്‍  പ്രേക്ഷകന്റെ ആസ്വാദന 

നിലവാരത്തെ തൃപ്തിപ്പെടുത്തും വിധം ന്യായീകരിയ്ക്കത്തക്കതായിരിയ്ക്കണം. 

രണ്ടാമൂഴമൊന്നും ഒരിയ്ക്കലും സിനിമയാക്കാതിരുന്നാല്‍  മതിയായിരുന്നു. നമ്മുടെ 

മനസ്സില്‍ എം. ടി. പകര്‍ന്നു തന്ന ബിംബങ്ങള്‍ പാടേ  തകര്‍ന്നു പോകും.


സംസാരം നിർത്തണമെങ്കില്‍  മറ്റേതെങ്കിലും വിഷയത്തിലേയ്ക്ക്  അവളുടെ ശ്രദ്ധ 

വഴി തിരിച്ചു വിടുക തന്നെ വേണമായിരുന്നു .  സ്വപ്നവീടിന്റെ കാര്യം എടുത്തിടുകയേ 

വേണ്ടൂ.     നമുക്കൊരു കോണ്ക്രീറ്റ്  ബിൽഡിങ്ങൊന്നും വേണ്ട. വളരെ ഇക്കോ 

ഫ്രന്റ്ലി, ആയ, മരവും മുളയുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ ഒരു കൊച്ചു വീട്. മുമ്പില്‍ 

മുറ്റമാകെ തണല്‍ പരത്തി നില്‍ക്കുന്ന ഒരു വലിയ മാവ് . ഒരു വശത്ത്  നീയൊരു 

പൂന്തോട്ടമുണ്ടാക്കിക്കോ .പിന്നെ ഒരു താമരക്കുളം. കുറച്ച് ഉരുളന്‍ കല്ലൊക്കെ വെച്ച്  ഒരു 

കൊച്ചരുവിയുമുണ്ടാക്കാം . വീടിനു പിന്നില്‍  ഒരടുക്കളത്തോട്ടം . പിന്നെ കുറെ മരങ്ങള്‍. 

രാവിലെ കിളികളുടെ ശബ്ദം കേട്ടുണരാം. ഒരു കൊച്ചു കാടു തന്നെ. പിന്നെ, ഒന്നു  കൂടി 

വേണം. ഇതു  പോലൊരു പൂമരം. റോഡില്‍ നിന്ന് നോക്കിയാല്‍ ആര്‍ക്കും 

കാണാനാകാത്ത വിധം . നമുക്കെന്തിനാ ഡൈനിംഗ്  റൂം? ഭക്ഷണം എപ്പോഴും ആ 

പൂമരച്ചോട്ടിലിരുന്നാവാം ” . വാചാലത കൈമാറ്റം ചെയ്തപോലെ ലയ അപ്പോള്‍ 

നീശ്ശബ്ദയായിരിയ്ക്കും. ചുരിദാറിന്റെ ഷോളൂരി തലയില്‍ കെട്ടി അവളാ പൂമരത്തിന്റെ 

താണ കൊമ്പിലങ്ങനെ ചാരിക്കിടക്കും. മരങ്ങള്‍ക്കിടയിലൂടെ ഓടി

മാവിന്‍കൊമ്പിലൂഞ്ഞാല്‍  കെട്ടിയാടി , അരുവിയിലെ വെള്ളം മുത്തു ചിതറും പോലെ 

തെറിപ്പിച്ച്  അവളങ്ങനെ സ്വപ്നസഞ്ചാരത്തിലാകും.


അച്ഛനും അമ്മയും ? ” ഇടയില്‍ക്കയറിയുള്ള ആ ചോദ്യം ലയയെ അല്പമൊന്നസ്വസ്ഥ 

യാക്കി. സുഖമായിരിയ്ക്കുന്നു. വീട്ടില്‍ പോയിരുന്നു. ഒരു നാല് മാസം മുമ്പ്. വരും വഴി 

നമ്മുടെ കോളേജ്  കണ്ടു. ക്യാമ്പസ്  ഹരിതവല്‍ക്കരണമെന്ന പേരില്‍ നമ്മളന്നു കുറെ 

ചെടികളും മരങ്ങളുമൊക്കെ വെച്ചു  പിടിപ്പിച്ചിരുന്നില്ലേ ? നമ്മള്‍  രണ്ടുപേരും ചേര്‍ന്ന് വെച്ച 

ആ മൂവാണ്ടന്‍ മാവ് പടര്‍ന്നു പന്തലിച്ച്  നിറയെ പൂക്കളും ഉണ്ണിമാങ്ങകളുമായി നില്‍ക്കുന്നത് 

കണ്ടു ” . അന്ന് വിവേകിന്റെ പിറന്നാളായിരുന്നു എന്ന കാര്യം അവള്‍ മന:പൂര്‍വ്വം 

പറഞ്ഞില്ല. അയാളുടെ പ്രതീക്ഷയോടെയുള്ള നോട്ടം അവള്‍ കാണാത്ത ഭാവം നടിച്ചു.  

അന്ന്  വിവേക് പറഞ്ഞിരുന്നു, ഓരോ പിറന്നാളിനും  നമുക്ക് വൈകുന്നേരം ക്യാമ്പസ് 

വിജനമാകുമ്പോള്‍  വന്നു ഈ മാവ് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നത്  കാണണമെന്ന് – 

എന്നും ഒന്നിച്ചാകുമെന്ന വിശ്വാസത്തില്‍ .


കോഴ്സും, പരീക്ഷയുമൊക്കെ കഴിഞ്ഞ്  ഒരു ഗെറ്റ് ടുഗെതര്‍  എന്ന പേരില്‍ 

കൂട്ടുകാരെല്ലാമൊത്തുകൂടിയിരുന്നു.  അത്യാവശ്യമായൊരു കാര്യം പറയാനുണ്ടെന്നടക്കം 

പറഞ്ഞ്  പതിവു  പോലെ പൂമരച്ചോട്ടിലേയ്ക്ക്  മാറിയിരുന്നു. അന്ന്, ഒരവസാന 

ശ്രമമെന്ന പോലെ എത്ര നിര്‍ബന്ധിച്ചു . പക്ഷേ.....


താമസിയ്ക്കാന്‍ ഒരു വീടു  പോലുമില്ലാത്ത ഞാന്‍ എങ്ങനെ ഒരു പെണ്ണിനെ 

സംരക്ഷിയ്ക്കും? സുരക്ഷിതമായ ഒരു താവളമെങ്കിലും വേണ്ടേ ? ” ഒരു 

ഭീരുവിനെപ്പോലെയാണ്  വിവേക് അന്ന്  സംസാരിച്ചത് .


ഒരു വീടില്ല എന്നത്  ഒരു കുറവല്ല. നമ്മള്‍  രണ്ടുപേരും പഠിച്ചവരാണ് . ബി. ടെക് . 

ഹോള്‍ഡേഴ്സിനു ഇക്കാലത്ത്  ഒരുവിധം നന്നായി ജീവിയ്ക്കാനുള്ള വരുമാനമുള്ള ഒരു 

ജോലി കിട്ടാന്‍ പ്രയാസമൊന്നുമില്ല . വീടില്ലെങ്കിലും സ്ഥലമുണ്ടല്ലോ . നിന്റെ അച്ഛനും 

അമ്മയും ഉറങ്ങുന്നതെന്ന് നീ പറയാറുള്ള ആ മണ്ണില്‍  തന്നെ നമുക്ക്  വീട് പണിയാം. 

ഇതൊന്നും ആദ്യമായിട്ടല്ലല്ലോ ഞാന്‍ നിന്നോടു പറയുന്നത് . ഇനി വെച്ചു താമസിപ്പിച്ചാല്‍  

പറ്റില്ല . ഇപ്പോള്‍ ഒരു തീരുമാനം  പറയണം ”.


പക്ഷേ ലയാ , ഇപ്പോള്‍ വന്ന പ്രൊപ്പോസല്‍  .... നിന്റെ അച്ഛനമ്മമാരെ 

വേദനിപ്പിച്ചുകൊണ്ട്...വിവേക് പതിവ് പോലെ സംശയിച്ചു  സംശയിച്ചു  കൊണ്ട്  

പറഞ്ഞു തുടങ്ങിയപ്പോള്‍ നിയന്ത്രിയ്ക്കാനായില്ല.


എന്റെ അച്ഛനും അമ്മയും എത്രത്തോളം വേദനിയ്ക്കുമെന്നെനിയ്ക്കറിയാം. ഇപ്പോള്‍  

വന്ന പ്രൊപ്പോസല്‍  ഒരു ഡോക്ടറുടേതാണ് . ഏതൊരു  നല്ല അച്ഛനും അമ്മയും 

മക്കള്‍ക്ക്‌  അങ്ങനത്തെ പ്രൊപ്പോസല്‍സാണ്  പ്രിഫര്‍  ചെയ്യുക. എന്ന് വെച്ച്  എന്റെ 

അഭിപ്രായം എന്റെ അച്ഛനും അമ്മയും തള്ളിക്കളയില്ല. ഞാനിതു  വരെ അവരോടൊന്നും 

പറയാതിരുന്നിട്ടില്ല. നീയൊരു സുഹൃത്തു   മാത്രമല്ലെന്ന് ഞാനവരോടു പറയാതിരുന്നത്  

നിന്റെ ഈ സംശയ സ്വഭാവം കാരണമാണ്. നീയൊരുറപ്പു പറ. എന്നിട്ട് വേണം 

എനിയ്ക്കവരോടു സംസാരിയ്ക്കാന്‍. നീയന്നെന്നെ പ്രൊപ്പോസ്  ചെയ്യുകയാണുണ്ടായത്. 

അതാണെന്നെ ഇമ്പ്രെസ്സ്  ചെയ്തത്. അത്  വെറുമൊരു പ്രണയാഭ്യര്‍ത്ഥന 

യായിരുന്നെങ്കില്‍  ഞാന്‍ ശ്രദ്ധിയ്ക്കുക പോലുമില്ലായിരുന്നു. ഇത്ര ധൈര്യമില്ലെങ്കില്‍  

പിന്നെ എന്തിനിതിനൊക്കെ ഒരുങ്ങിയിറങ്ങി ? ഇപ്പോള്‍ നിനക്കുറപ്പു പറയാന്‍ 

കഴിഞ്ഞില്ലെങ്കില്‍  നമുക്കിവിടെ വെച്ചവസാനിപ്പിയ്ക്കാം . ഇനി തമ്മില്‍ കാണരുത്. 

അച്ഛൻ നാളെ പ്രമോദിന്റെ വീട്ടുകാരോട്  മറുപടി പറയും. പിന്നെ രണ്ടു വീട്ടുകാരേയും 

അവമാനിച്ചുകൊണ്ട് ഞാനിറങ്ങി വരുമെന്നൊന്നും പ്രതീക്ഷിയ്ക്കണ്ട”.


വരരുതെന്ന് നിര്‍ബന്ധിച്ചിട്ടും വിവേക് വിവാഹത്തിനു വന്നു. ആ വിവാഹ വേഷത്തില്‍ 

തന്നെ കണ്ടാലേ താന്‍  മറ്റൊരാളുടെ  ഭാര്യയായിക്കഴിഞ്ഞെന്ന തോന്നലുണ്ടാകൂ എന്നൊരു 

നനഞ്ഞ ന്യായവും പറഞ്ഞു. പിന്നെ, പ്രമോദുമായുണ്ടായ സൗഹൃദം, ഇടയ്ക്കിടെയുള്ള 

സന്ദര്‍ശനം പ്രമോദിന് വിവേകിനെ ഒരുപാടിഷ്ടപ്പെട്ടു.പക്ഷെ ആ വരവും ദൈന്യ 

ഭാവവുമൊക്കെ തനിയ്ക്കരോചകമായി തോന്നുകയാണുണ്ടായത്.


ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ, തനിയ്ക്കും ഒരു കൂടു കൂട്ടണ്ടേ ഓര്‍ക്കാപ്പുറത്ത് 

പ്രമോദ് ചോദിച്ചപ്പോള്‍ വിവേക് അന്ധാളിച്ചു പോയി. പിന്നെ പതിവു  പോലെ വീടില്ല

സ്ഥിരം ജോലിയായിട്ടില്ല.....പിന്നെയെങ്ങനെയാ എന്നൊക്കെ പറഞ്ഞു തുടങ്ങി.


പ്രമോദിന് ധാരാളം സുഹൃത്തുക്കളുണ്ടല്ലോ .ആരോടെങ്കിലും ഒന്ന് റെക്കമെന്റ്  

ചെയ്തുകൂടെ ,വിവേകിന് വേണ്ടി എന്ന് താനന്ന് ചോദിച്ചത് വിവേകിനെ ഒഴിവാക്കാന്‍ 

വേണ്ടി തന്നെയായിരുന്നു. 


ഇവിടെ കിട്ടാന്‍ പ്രയാസം . മുംബൈയ്ക്ക്  പോകാന്‍ തയ്യാറാണെങ്കില്‍ നോക്കാം .  

ആര്‍ക്കിടെക്ചറാണല്ലോ സബ്ജെക്റ്റ് . ഇന്റീരിയർ ഡിസൈനിങ്ങും കൂടി നന്നായി 

അറിയാമെങ്കില്‍  അവിടെ അവസരങ്ങള്‍ ധാരാളമാണത്രേ ”. എന്ന്  പ്രമോദ് 

പറഞ്ഞപ്പോള്‍ വിവേകിന് മറുപടിയുണ്ടായിരുന്നില്ല.


വിവേകിന് ഡിസൈനിങ്  നന്നായി അറിയാം, പക്ഷെ അതൊക്കെ കണ്‍സ്ട്രക്റ്റ്  

ചെയ്യാനുള്ള കഴിവിന്റെ കാര്യത്തില്‍ ഉറപ്പു പറയാനാവില്ല എന്ന് താന്‍ പറഞ്ഞപ്പോള്‍ 

വിവേക്  തല കുനിച്ചിരിയ്ക്കുകയായിരുന്നു. അത് കേട്ട് പ്രമോദ് പൊട്ടിച്ചിരിച്ചു. ലയ 

വിവേകിനെ നല്ലവണ്ണം അളന്നു വെച്ചിട്ടുണ്ടല്ലോ, വിവേക്  ഇങ്ങനെ ഇന്‍ട്രോവേര്‍  

ട്ടായാല്‍  പറ്റില്ല . കുറച്ചൊക്കെ തന്റേടം വേണം. എടോ, തന്നെപ്പോലൊരു പെണ്ണിനേ 

ഈ പാവത്താനെ മേയ്ക്കാന്‍  പറ്റൂ എന്നൊരു വാക്ക് തന്റെ നേരെയും പ്രമോദ്  

നീട്ടിയപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നത് വിവേകായിരുന്നു.


ലയ ഓര്‍ത്തു . എപ്പോഴോ ഒരിയ്ക്കല്‍ പ്രമോദ് ചോദിച്ചിരുന്നു. എന്തിനാ 

വിവേകിനെയിങ്ങനെ വാക്കുകള്‍ കൊണ്ട് കീറിമുറിയ്ക്കുന്നതെന്ന് . കടിച്ചമർത്തിയ 

വാക്കുകളുടെ ഭാരം കൊണ്ട്  കിതച്ചപ്പോള്‍ പ്രമോദ്  മുടിയില്‍ തലോടിക്കൊണ്ട്  

സാന്ത്വനിപ്പിച്ചു. ദേഷ്യം കൊണ്ടായാലും , സങ്കടം കൊണ്ടായാലും താനസ്വസ്ഥ 

യാകുമ്പോള്‍  പ്രമോദ് അങ്ങനെയാണ്  സമാധാനിപ്പിച്ചിരുന്നത്. വല്ലാത്തൊരു 

സുരക്ഷിതത്വബോധം അപ്പോള്‍ തോന്നിയിരുന്നു.


ഒരഞ്ചു വർഷം  മുമ്പായിരുന്നു ഇതൊക്കെ. ആദ്യമൊക്കെ പ്രമോദിനു മെയില്‍  

അയയ്ക്കുമായിരുന്നു. മുടങ്ങാതെ എല്ലാ വെഡ്ഡിങ് ആനിവേഴ്സറിയ്ക്കും അയച്ചിരുന്ന 

ഗ്രീറ്റിംഗ് കാര്‍ഡുകളായിരുന്നു വിവേകിനെ ഓര്‍മ്മിപ്പിച്ചത് .ഫെയ്സ് ബുക്കിലേയ്ക്ക്  

അവന്‍ അയച്ച ഫ്രന്റ് റിക്വസ്റ്റ്  താന്‍ മന:പൂര്‍വ്വം ആക്സെപ്റ്റ്‌  ചെയ്തില്ല. വീണ്ടും അഞ്ചു 

വര്‍ഷങ്ങള്‍ക്കു ശേഷം വിവേക് മുന്നില്‍....


ഇതെന്താ, ഇത് തനിയ്ക്ക് തീരെ ഇഷ്ടമില്ലാത്ത ഏര്‍പ്പാടായിരുന്നല്ലോ ? ആകാശത്ത് 

പറന്നു നടക്കേണ്ടവയെ കൂട്ടിലാക്കരുതെന്നൊക്കെ പണ്ട്  നീ പറഞ്ഞിരുന്നല്ലോ ” – 

അപ്പോഴാണ്‌ വിവേക് വരാന്തയുടെ ഒരു വശത്ത് വെച്ചിരുന്ന ലവ് ബേര്‍ഡ്സിന്റെ 

ചിലയ്ക്കല്‍ കേട്ട് തിരിഞ്ഞു നോക്കിയത്.


കൂട്ടില്‍ കിടന്നു ശീലിച്ചാല്‍ പിന്നെ അവയ്ക്ക് വിശാലമായ ആകാശം കാണുമ്പോഴാകും 

ആകെയൊരമ്പരപ്പ്  . മനസ്സില്‍ അപ്പോഴേയ്ക്കും സ്വയമറിയാതെ ഒരു കൂടൊരുങ്ങി 

യിട്ടുണ്ടാകും .ആ കൂടിലൊതുങ്ങി പറയാനുള്ളതൊക്കെ സ്വയം ചിലച്ചു തീര്‍ക്കാമല്ലോ 

പ്രതിഷേധം കൂടുമ്പോഴാണ്  ലയ സാഹിത്യ ഭാഷയില്‍ സംസാരിയ്ക്കാറുള്ള 

തെന്നോർത്ത്  വിവേക് അസ്വസ്ഥനായി. ഇത് രണ്ടു കിളികളേ  ഉള്ളല്ലോ വിവേക് 

വിഷയം മാറ്റാന്‍ ശ്രമിച്ചു. ലയ തീരെ താല്‍പര്യമില്ലാതെ ഒന്ന് മൂളി. “ ഇതിലൊന്ന് 

ഇല്ലാതെയായാലോ വളരെ ആര്‍ദ്രമായ സ്വരത്തിലായിരുന്നു വിവേക് അത് 

ചോദിച്ചത്. താനാഗ്രഹിയ്ക്കുന്ന ഞെട്ടല്‍ ലയയിലുണ്ടായത്  അയാളെ സംഭ്രമിപ്പിയ്ക്കുക 

മാത്രമല്ല സന്തോഷിപ്പിയ്ക്കുകയും ചെയ്തുവെന്ന് കണ്ടപ്പോള്‍  ലയയ്ക്ക്  ഒട്ടൊരാശ്വാസ 

മായി. പകരം മറ്റൊരു കിളിയെ ആ കൂട്ടില്‍ കയറ്റാന്‍ ഞാനുദ്ദേശിയ്ക്കുന്നില്ല എന്ന 

ലയയുടെ വാക്കുകളുടെ ആന്തരാര്‍ത്ഥങ്ങളിലേയ്ക്ക്  ആഴ്ന്നിറങ്ങാന്‍ ശ്രമിച്ചിട്ടും 

കഴിയാതെ അയാള്‍ വിവശനായി.


നിനക്കറിയില്ലേ എനിയ്ക്ക് നിശ്ശബ്ദത ഇഷ്ടമല്ലെന്ന്  . ഒന്നുകില്‍ എനിയ്ക്ക് 

സംസാരിയ്ക്കണം ,അല്ലെങ്കില്‍ ആരുടെയെങ്കിലും സംസാരം കേള്‍ക്കണം .എന്റെ 

ലോണ്‍ലിനെസ്സിനു ഇവരാണ് കൂട്ടുകാര്‍ . മണ്‍കലത്തില്‍  ഇത്തിരി വെള്ളം, ഒരു 

ചെറിയ പാത്രത്തിലല്പം ഗോതമ്പ്  മണികള്‍ - അവര്‍ സംതൃപ്തരാണ് അവയുടെ ഇളം 

മഞ്ഞ നിറത്തിലേയ്ക്കും കഴുത്തിലെ കറുത്തു നേര്‍ത്ത വരകളിലേയ്ക്കും ചിറകുകളിലെ 

പച്ചപ്പിലേയ്ക്കുമൊക്കെ തെന്നി നീങ്ങുന്ന ലയയുടെ കണ്ണുകളിലെ കൌതുകം കണ്ടപ്പോള്‍ 

വിവേകിനെന്തോ  പെട്ടെന്ന് വല്ലാത്ത നഷ്ടബോധം തോന്നി.

കൊതുകിന്റെ ശല്യം കൂടുതലാണ് എന്ന് പറഞ്ഞു ലയ മുന്‍വാതില്‍  അടയ്ക്കാനൊരുങ്ങിയ 

പ്പോള്‍ വിവേക് ഒരു വെമ്പലോടെ തടുത്തു – ‘വേണ്ട വേണ്ട ,നല്ല തണുത്ത കാറ്റ് 

വരുന്നുണ്ട്. പിന്നെ, നിന്റെ കിളികളുടെ ശബ്ദം കേള്‍ക്കുകയുമാവാം”. എന്ന്  അയാള്‍ 

ഒരു കാരണം പറഞ്ഞപ്പോള്‍  ലയയ്ക്ക് ചിരി വന്നു. മാന്യത പാലിയ്ക്കണമെന്നു 

നിര്‍ബ്ബന്ധമുള്ള ഒരാണിനു പെണ്ണിനെ പലപ്പോഴും പേടിയ്ക്കേണ്ടി  വരുന്നു. പണ്ടും 

വിവേക് അങ്ങനെയായിരുന്നു. ഒരിത്തിരി ഒഴിവുസമയം കിട്ടിയാല്‍  ക്യാമ്പസിലെ 

ആളൊഴിഞ്ഞ ഇടത്തേയ്ക്കേ പോകൂ. അങ്ങനെയാണ്  അധികമാരും  കടന്നു വരാത്ത 

പിന്‍ഗേയ്‌റ്റിനടുത്ത്  പടര്‍ന്നു നിന്ന പൂമരം പതിവു സ്ഥലമായത്. പാര്‍ക്ക് , ബീച്ച്

സിനിമ...എന്നൊക്കെ താന്‍ പല മോഹങ്ങളും പറഞ്ഞാലും ' ഏയ്‌ ,അതൊന്നും ശരിയല്ല '

എന്ന് പറഞ്ഞൊഴിയും. പ്രണയം അത്ര വലിയ തെറ്റാണോ .ഈ ലോകത്ത്  ആരും 

പ്രണയിയ്ക്കുന്നവരില്ലേ ,ആരെങ്കിലും കണ്ടാലെന്താ കുഴപ്പംഎന്നൊക്കെ താന്‍ 

ചോദിയ്ക്കും .ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ . പക്വതയുടെ കട്ടിക്കുപ്പായം മനസ്സിനെ 

അണിയിച്ച് കഴുത്തോളം കുടുക്കിട്ടു മുറുക്കി വെച്ചിരിയ്ക്കുന്ന അവനോടൊന്നും പറഞ്ഞിട്ട്  

കാര്യമില്ലായിരുന്നല്ലോ .

മൊബൈല്‍  കലപില കൂട്ടിയപ്പോള്‍  വിവേക്  ശബ്ദം താഴ്ത്തി എന്തോ പറഞ്ഞു സ്വിച്ച്

ഓഫ്  ചെയ്തു വെച്ചു. റിങ് ടോണാണ്  ലയ ശ്രദ്ധിച്ചത് .ദില്‍ ഹൂം ഹൂം കരെ ഘബ് രായെ

എന്ന പാട്ട് . പണ്ടേ വിവേകിനേറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നു അത്. തനിയ്ക്കും. ആ

പാട്ടിനെപ്പറ്റി പറയുമ്പോള്‍  അതിന്റെ ഭാവത്തേയും ഭൂപേന്‍ ഹസാരികയുടെ

കംപോസിങ്ങിനെപ്പറ്റിയുമൊക്കെ അവന്‍  വാചാലനാകുമായിരുന്നു. 


ലയ ഇപ്പോള്‍  വര്‍ക്ക്  ചെയ്യുന്നുണ്ടല്ലേ . പ്രമോദിന്റെ വിലക്കുകളെല്ലാം നീങ്ങിയോ ” 

പുറത്തെ ബോര്‍ഡ്  വിവേകിന്റെ കണ്ണില്‍ പെട്ടിട്ടുണ്ടാകും. ചെറിയ  ചെറിയ 

പ്രോജക്ടുകള്‍ , കാര്യമായിട്ടൊന്നുമില്ല .ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോള്‍ ഒരല്പം 

കൂടെയിരുന്നു സംസാരിയ്ക്കാനും ചിരിയ്ക്കാനും കഴിഞ്ഞില്ലെങ്കില്‍  പിന്നെന്തു ജീവിതം . 

അതുകൊണ്ട് ഞാന്‍ ജോലി വേണ്ടെന്നു വെച്ചു എന്നേയുള്ളൂ . പിന്നെ, സ്വന്തമായി 

ചെയ്യുമ്പോള്‍ എന്തും സ്വന്തം നിയന്ത്രണത്തിലാണല്ലോ ”.വിവേകിന്റെ കണ്ണുകള്‍ 

അവിടമാകെ അലഞ്ഞു നടന്നു. പുറത്തെ ഗാര്‍ഡന്‍....! - പലപ്പോഴായി ലയ പറഞ്ഞിട്ടുള്ള 

മോഹങ്ങള്‍  മുന്നില്‍ കണ്ടപ്പോള്‍  മനസ്സില്‍ ഒരൊറ്റക്കിളി ചിലച്ചു , എല്ലാം 

നഷ്ടപ്പെട്ടല്ലോ എന്ന വ്യാകുലതയോടെ.


ലയ വിവേകിന്റെ കൈകളില്‍ നോക്കിയിരുന്നു. എപ്പോഴും വിവേകിന് കൈയിലൊരു 

കര്‍ച്ചീഫ് നിര്‍ബ്ബന്ധമായിരുന്നു.അതിന്റെ അറ്റം വിരലുകളില്‍ ചുറ്റിയും അഴിച്ചുകൊണ്ടു 

മിരിയ്ക്കും. “ നിന്റെ മനസ്സിലെ ഇപ്പോഴത്തെ ചിന്തയെന്താണെന്നെനിയ്ക്ക് 

ശരിയ്ക്കുമറിയാം.നിന്റെയാ ചുറ്റലിന്റെയും, അഴിയ്ക്കലിന്റെയും ഫ്രീക്വെന്‍സി 

കാണുമ്പോള്‍  എന്ന് പണ്ട് ഇടയ്ക്കിടെ പറഞ്ഞു ലയ അയാളെ കളിയാക്കാറുണ്ടായിരുന്നു. 

എന്നാല്‍ ശരി ,പറ എന്ന്   വിവേക് ഒരിയ്ക്കലും പറഞ്ഞില്ല. അവളത്  ശരിയായി 

ത്തന്നെ പറയുമെന്ന ഭയം അയാള്‍ക്കെപ്പോഴുമുണ്ടായിരുന്നു.


പ്രമോദ് വരാന്‍ വൈകുമായിരിയ്ക്കുമല്ലേ . നൈറ്റ്‌ ഡ്യൂട്ടിയുണ്ടോ എന്ന്  വിവേക് 

വാച്ചില്‍ നോക്കിക്കൊണ്ട്‌  പറഞ്ഞപ്പോള്‍ ലയ അയാളുടെ മുഖത്തേയ്ക്കുറ്റു  നോക്കി. 

“ നല്ല മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നു തോന്നുന്നു. എന്നാല്‍ മഴയ്ക്ക്‌ മുന്‍പേ 

ഞാനിറങ്ങട്ടെ . പ്രമോദിനോട്  ഞാനന്വേഷിച്ചതായി പറയൂ. ഇനിയൊരിയ്ക്കല്‍ 

അയാളുള്ളപ്പോള്‍ വരാം, ഫോണ്‍  ചെയ്തിട്ട് എന്ന് പറഞ്ഞ് എന്തോ തിരക്കുള്ള പോലെ 

അയാള്‍ പോകാനൊരുങ്ങി. മറുപടിയൊന്നും പറയാതെ യാത്രയാക്കാന്‍ ലയ 

പിറകെയിറങ്ങി.  ഗേയ്‌റ്റ്  കടന്നു ആ ഇടവഴി നടന്നു തീരും മുമ്പേ വിവേക് തിരിഞ്ഞു 

നോക്കുമെന്ന് അവൾക്കറിയാമായിരുന്നു. ആ പകച്ച ഭാവവും നോട്ടവും കാണാതിരി 

യ്ക്കാനായി മാനത്തുദിച്ച പൂര്‍ണ്ണചന്ദ്രനേയോ  ബാല്‍ക്കണിയിലെ പൂച്ചട്ടിയില്‍  

നിറയെ പൂത്തു നില്‍ക്കുന്ന ഹൈഡ്രാഞ്ചിയയേയോ ആണ്  താന്‍  നോക്കുന്നതെന്ന്  

തോന്നും വണ്ണം മുകളില്‍ അകലങ്ങളിലേയ്ക്കു നോക്കി  ഒരു ചെറുചിരിയോടെ ലയ 

നിന്നു. പെട്ടെന്ന്  അവളുടെ ഉള്ളിലുയര്‍ന്ന തരംഗങ്ങള്‍  വിവേക്  ഒരിയ്ക്കലും ഇനി 

തന്നെ തേടി വരില്ലെന്ന്  മന്ത്രിച്ചപ്പോള്‍  അവള്‍ക്കു ഉള്ളിലെന്തോ വലിഞ്ഞു പൊട്ടും 

പോലെ തോന്നി.


വിവേക് പൂര്‍ണ്ണമായും പോയിക്കഴിഞ്ഞുവെന്നു  ബോദ്ധ്യം വന്നപ്പോള്‍  ലയ ഗേയ്‌റ്റടച്ചു 

പൂട്ടി കൂട്ടിനുള്ളില്‍  മുരണ്ടു കൊണ്ടിരുന്ന ഫ്രന്റിനെ  പുറത്തേയ്ക്കിറക്കി. പ്രമോദ്  

കൊണ്ടുവന്നതാണീ ഫ്രന്റിനെ. തനിയ്ക്ക് നായയെ വളർത്താനൊന്നും വയ്യെന്ന് 

പ്രതിഷേധിച്ചു നോക്കി. ഞാനില്ലാത്ത സമയം തനിയ്ക്ക് സ്വസ്ഥമായുറങ്ങണമെങ്കില്‍  

ഈ ലവ്  ബേര്‍ഡ്സിന്റെ ചിലയ്ക്കലല്ല വേണ്ടത്  ഫ്രന്റിന്റെ കുര തന്നെയാണ് ’ 

എന്നായിരുന്നു മറുപടി. ഫ്രന്‍റ്  എന്ന പേരും പ്രമോദ് തന്നെ തെരഞ്ഞെടുത്തതാണ്. ഇത് 

നമ്മുടെ സുഹൃത്തല്ലേ. ഭീകരമായ പേരൊന്നും  വേണ്ട ’. എന്നൊരു ന്യായവും 

പറഞ്ഞു.എതിര്‍ത്തു പറയാനൊന്നും കിട്ടാത്ത ന്യായങ്ങളാണ് പ്രമോദ്  എപ്പോഴും 

പറയുക. പറ്റിയ ഫ്രന്‍റ് എന്ന് പറഞ്ഞു താന്‍ കളിയാക്കിയപ്പോഴും  ആസ്വദിച്ച് 

ചിരിച്ചതേയുള്ളൂ. ചെവിയൊന്നു കൂര്‍പ്പിച്ചു പിടിച്ച് ചുറ്റും നോക്കി ഒന്ന് കിതച്ച് തന്റെ 

കാലിന്മേല്‍ ഉരുമ്മുന്ന ഫ്രന്റിന്റെ തലയില്‍ ലയയൊന്നു തടവി. ഇനി ധൈര്യമായി 

ഉറങ്ങിക്കോ, ഞാനുണ്ടിവിടെ എന്ന മട്ടില്‍ ഒരു സന്നദ്ധഭടനെ പോലെ  ഫ്രന്‍റ്  

തലയുയർത്തിപ്പിടിച്ച് നിന്നു.


ഉമ്മറവാതില്‍ പൂട്ടി ബെഡ് റൂമിലെത്തിയ ലയ എ.സി. ഓണ്‍  ചെയ്ത്  ടെമ്പറേചര്‍  

ലെവല്‍  മിനിമൈസ്  ചെയ്ത്  ബെഡ്ഡിലിരുന്നു. ഒരു തലയിണയെടുത്ത്  മടിയില്‍ വെച്ച്  

അല്പമൊരാശ്വാസത്തോടെ അവള്‍ കണ്ണടച്ച് ചാരിക്കിടന്നു. പിന്നെ പതുക്കെ വിളിച്ചു. 

“ പ്രമോദ് ” ! തന്നെ നോക്കി ചിരിയ്ക്കുന്ന അയാളോട്  അവള്‍ ചോദിച്ചു. തനിയ്ക്ക് 

മനസ്സിലായിട്ടുണ്ടോ  ഞാനും വിവേകും തമ്മിലുള്ള ബന്ധം എന്തായിരുന്നെന്ന് ? ”

അയാള്‍ വീണ്ടും കണ്ണിറുക്കി ചിരിച്ചു. ഉണ്ടല്ലേ, ഞാനൂഹിച്ചു . എന്റെ വാക്കുകളില്‍ നിന്ന് 

തന്നെയാവും അല്ലേ ? താന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ വാക്കുകളുടെ 

ഹൃദയത്തുടിപ്പുകളറിയാന്‍  സ്റ്റെത്ത്  വേണ്ട, ഒരു പാവം മനസ്സ് മാത്രം മതിയെന്ന് . 

പലപ്പോഴും കരുതിയിട്ടുണ്ട്  ഗാര്‍ഡനില്‍ ടീപോയ്ക്ക് മുന്നില്‍ മൂന്നു കോണുകളിലായിരുന്നു 

ചായ കുടിയ്ക്കുമ്പോള്‍  വളരെ നിസ്സാരമെന്ന പോലെ പെട്ടെന്നീ കാര്യമങ്ങോട്ടു 

പറയണമെന്ന് ,എന്നിട്ട് നിങ്ങള്‍ രണ്ടുപേരുടെയും മുഖഭാവങ്ങള്‍  നന്നായി നോക്കി 

ക്കാണണമെന്നും .പക്ഷേ വിവേക്, അത് അവനു വലിയൊരു തകര്‍ച്ചയായേയ്ക്കും. 

അതുകൊണ്ട്  മാത്രം ഞാനത് പറഞ്ഞില്ല. അവനോടെനിയ്ക്ക് പ്രതിഷേധമുണ്ട്. 

പ്രകടിപ്പിയ്ക്കാറുമുണ്ട്.പക്ഷേ ഇതു വയ്യ എന്നു തോന്നി. എങ്കിലും 

എനിയ്ക്കറിയാമായിരുന്നുപറയാതെത്തന്നെ താനത്  മനസ്സിലാക്കിയിട്ടുണ്ടാവുമെന്നു ”.


പ്രമോദ്, എനിയ്ക്കിനിയും പറയാനുണ്ട്. വിവേകിനെ എനിയ്ക്കൊരിയ്ക്കലും മറക്കാന്‍ 

കഴിയില്ല, പൊറുക്കാന്‍ കഴിയുമായിരിയ്ക്കാം. പക്ഷേ , അവനെന്റെ മുന്നില്‍ 

വരാതിരിയ്ക്കണം, ഒരിയ്ക്കലും ”. പ്രമോദിന്റെ വിരലുകള്‍ മുടിയില്‍ തഴുകുന്നതറിഞ്ഞു  

അവള്‍ അല്പമൊന്നു സ്വസ്ഥയായി. ഞാന്‍ തന്നെപ്പറ്റി വിവേകിനോടൊന്നും പറഞ്ഞില്ല. 

പറഞ്ഞാല്‍....ഒരു തീരുമാനമെടുക്കേണ്ട സമയത്ത്  പിന്‍ വാങ്ങി നിന്നതിന്റെ 

നഷ്ടബോധം അവന്റെ മനസ്സില്‍ ഒരുപാടുണ്ട്. ഇനി അവന്‍ അതാവർത്തിയ്ക്കില്ല ”.


അതല്ലേ ലയാ  നല്ലത്. താനിനിയിങ്ങനെയൊറ്റയ്ക്ക്  എത്ര കാലമെന്ന് വെച്ചാ ... 

വിവേക് നല്ലവനാണ്. ഇടയ്ക്ക് കടന്നു വന്ന കുറച്ചു വര്‍ഷങ്ങള്‍ ഓര്‍മ്മയില്‍ നിന്നും  

മായ്ച്ചു കളഞ്ഞ്  നിങ്ങള്‍ക്ക്  ഇനിയും തുടരാവുന്നതല്ലേയുള്ളൂ പ്രമോദിനങ്ങനെയേ 

പറയാന്‍ കഴിയൂ. പക്ഷേ , മനസ്സ്  അതാഗ്രഹിയ്ക്കുന്നുണ്ടെങ്കിലും അനുവദിയ്ക്കുന്നില്ല.


വേണ്ട പ്രമോദ് , അവന്‍ പൊയ്ക്കോട്ടേ. അവന്റെ സ്വപ്‌നങ്ങള്‍ പടുത്തുയര്‍ത്താന്‍  

കൂട്ടായി മറ്റാരെങ്കിലുമെത്തിക്കോളും . നമുക്കിനിയുമിങ്ങനെ ജീവിയ്ക്കാം. ഉമ്മറത്തെ

 ചുവരില്‍ എന്‍ ലാര്‍ജ്  ചെയ്ത ഫോട്ടോ , നിത്യവും പൂമാല ഇതൊക്കെയല്ലേ 

സാമ്പ്രദായിക രീതികള്‍  ? അതൊക്കെ വേണ്ടെന്നു വെച്ച്  തന്നെ ഞാന്‍ നമ്മുടെ 

മുറിയിലേയ്ക്ക്  , എന്റെ സ്വകാര്യതയിലേയ്ക്ക് കൊണ്ടുവന്നത്  ഇനിയും സമയമുണ്ടല്ലോ 

എന്ന് കരുതി പറഞ്ഞു പൂര്‍ത്തിയാക്കാത്ത , പറയാത്ത പലതുമുണ്ട്  . ഇനിയുള്ള 

കാലത്തേയ്ക്ക്, ഈ കൂട്ടിലിരുന്നു നമുക്ക് കൊക്കുകളുരുമ്മി , ചിറകുകളുരുമ്മി 

അതൊക്കെയങ്ങനെ ചിലച്ചു കൊണ്ടിരിയ്ക്കാമെന്നോർത്താണ്  ”. 


പെട്ടെന്ന് ആര്‍ത്തലച്ചു  വന്ന ഒരു പെരുമഴ എങ്ങനെ തുടങ്ങിയെന്നും എങ്ങനെ 

ഒടുങ്ങുമെന്നുമറിയാതെ പെയ്തിറങ്ങിയപ്പോള്‍ കാര്‍മേഘങ്ങളേ വകഞ്ഞു മാറ്റിക്കൊണ്ട്  

കാറ്റിന്റെ വിരലുകള്‍  മഴനൂലിഴകളെ തഴുകി സാന്ത്വനിപ്പിച്ചു.                            ....................................................................
  12 comments:

 1. കഥ കൊള്ളാം .. നന്നായിട്ടുണ്ട്

  ReplyDelete
 2. ചുവരില്‍ എന്‍ ലാര്‍ജ് ചെയ്ത ഫോട്ടോ , നിത്യവും പൂമാല – ഇതൊക്കെയല്ലേ

  സാമ്പ്രദായിക രീതികള്‍ ? അതൊക്കെ വേണ്ടെന്നു വെച്ച് തന്നെ ഞാന്‍ നമ്മുടെ

  മുറിയിലേയ്ക്ക് , എന്റെ സ്വകാര്യതയിലേയ്ക്ക് കൊണ്ടുവന്നത് ഇനിയും സമയമുണ്ടല്ലോ
  ... കഥ ഇഷ്ടമായി ... ആശംസകള്‍.

  ReplyDelete
 3. നല്ല കഥ

  പൂമരച്ചോട്ടിലിരുന്ന് ഭക്ഷനം കഴിയ്ക്കുന്നതൊക്കെ കൊള്ളാം
  മേലെ കാക്കയോ മറ്റോ ഇരുപ്പുണ്ടോന്ന് നോക്കണേ..!!

  ReplyDelete
 4. കഥ നന്നായിട്ടുണ്ട്

  ReplyDelete
 5. നഷ്ടപെട്ട സ്നേഹം വീണ്ടും നഷ്ടപെടുതുന്നത് ഒരു സുഖമുള്ള വേദന തന്നെയാണ് ..... വളരെ ലളിതമായി അവതരിപ്പിച്ചു നല്ല ആവിഷ്കാരം ആശംസകള്‍ ...

  ReplyDelete