Friday, May 31, 2013

പ്രണയം


                                

ന്നെ അറിയാവോ ?

ഇല്ല അല്ലേ  ?

ഞാന്‍ തന്നെ പറഞ്ഞു തന്നേയ്ക്കാം

ഞാന്‍ ആന്‍  റോസ്  സാമുവല്‍

കോളേജില്‍  പഠിയ്ക്കുവാ .ബി.എ. സെക്കന്റ് ഇയര്‍  . എക് ണോമിക്സ്  മെയിന്‍ . മിക്സഡ്‌ 

കോളേജാ കെട്ടോ


എനിയ്ക്കൊരു പ്രശ്നം. കേട്ടാ ചെലപ്പം നിങ്ങള് പറയും ,  എന്റമ്മച്ചി പറേം പോലെ 

രണ്ടങ്ങോട്ടു കിട്ടിയാ തീരണ പ്രശ്നമാ അതെന്ന് .പക്ഷേ അങ്ങനെ പറഞ്ഞു 

തള്ളാനൊക്കുകേലല്ലോ .ആ..... പ്രശ്നം പറഞ്ഞില്ലല്ലോ.


എനിയ്ക്കൊരു മോഹം .ഒന്ന് പ്രണയിയ്ക്കണം...ന്ന് . അതു കേട്ടാ ചെലര്ക്ക്  

പറയാന്തോന്നും, അത് പ്രായത്തിന്റെ കൊഴപ്പമാ എന്ന് .


പക്ഷേ ഇതങ്ങനൊന്നുമല്ല കെട്ടോ.  എനിയ്ക്കാരോടും പ്രണയമൊന്നുമില്ല. ആര്‍ക്കും 

എന്നോടുമില്ല. പിന്നെന്താന്നു വെച്ചാ എല്ലാരും പൊക്കി പൊക്കി പറയണ കാര്യമാ 

പ്രണയം പ്രണയം..... ന്ന്  . ഇതത്ര മഹാസംഭവമാണെങ്കിലേയ്‌  ,എന്താണെന്നൊന്നറിയ 

ണ്ടേ. അത്രേയൊള്ളൂ കാര്യം.


പ്രണയത്തെക്കുറിച്ചറിയാന്‍  ഞാന്‍ കൊറച്ചന്വേഷണങ്ങളൊക്കെ നടത്തി .  സിനിമകള്  

കണ്ടു , കൊറേ നോവല്  വായിച്ചു , പിന്നെ എന്റെ കൂടെ പഠിയ്ക്കണ ധന്യാ നായര്  തന്ന 

പൈങ്കിളി വാരികകള്   ചെലത്  വായിച്ചു. അങ്ങനെ  എന്താ പ്രണയം ന്ന് ചോദിച്ചാ ഒരു 

വിധമൊക്കെ പറയാനൊക്കും.


കൌമാര പ്രണയത്തിനാ കൂടുതല്‍ ട്രെന്‍ഡ് . അങ്ങനെ നോക്കുമ്പം

ഞാനിപ്പത്തന്നെച്ചിരി വൈകിപ്പോയില്ലേ ന്നൊരു സംശയം .


പക്ഷേ വയസ്സായോരും പ്രണയിയ്ക്കും ന്നല്ലേ ബ്ലെസ്സി പറേണത് . മോഹന്‍ലാലും 

ജയപ്രദയും, അനുപം ഖേറും കൂടി എത്ര നന്നായിട്ടാ പ്രണയിച്ചത് . 


കുട്ടികള്‍ക്കുമുണ്ടെന്നേ പ്രണയം. ഞങ്ങടപ്പത്തെ  വീട്ടിലെ ഏഴാം ക്ലാസ്സില്‍  പഠിയ്ക്കണ 

അനഘേടെ ബുക്കിന്റെയുള്ളീന്ന്  പ്രേമലേഖനം കിട്ടീന്നും പറഞ്ഞ്  അവടമ്മ എന്നാ

വഴക്കാരുന്നു ! ‘ വല്ല ചെറുക്കനും കൊണ്ടുത്തരുമ്പം നീയെന്നാത്തിനാടീ വാങ്ങിച്ചേ ’ ന്നും 

ചോദിച്ച് രണ്ടു പൊട്ടിച്ചപ്പം  അവള്   ചോദിയ്ക്കുവാ ‘ എനിയ്ക്കിഷ്ടമായോണ്ടല്ലേ  

വാങ്ങിച്ചേ ,പിന്നെന്തുവാ ’ ന്ന്. ഇന്നലെ പെരുവയറന്‍  പന്നിയെ പൊറത്ത് തൂക്കിയിട്ട 

പോലെ വലിയൊരു ബാഗും മുതുകേ ചൊമന്നു നിസ്സാര ഭാവത്തില്‍  നീണ്ടു നിവര്‍ന്ന്  

അവളങ്ങനെ  സ്കൂളില്‍ പോകുമ്പം  ഞാനറിയാതെ ആരാധനയോടെ നോക്കിപ്പോയി. 

അവളുടെ നോട്ടത്തില്‍  പുച്ഛമുണ്ടായിരുന്നോ...ന്ന്  എനിയ്ക്കൊരു സംശയം.


ഹിന്ദി സിനിമേലെ  പ്രണയമാ  കത്തിച്ചാ കത്തണ പ്രണയം .അവര്‍ക്ക്  

പ്രേമിയ്ക്കാനേയ്‌  തമ്മില്‍ കാണണമെന്നൊന്നുമില്ലെന്നേ. എവിടുന്നോ കേക്കുന്ന ഒരു 

പാട്ടിന്റെ ശകലമോ ,ഒരു തൂവാലയോ ഒക്കെ ധാരാളം. പിന്നെയങ്ങോട്ട്  ഡാന്‍സും, പാട്ടും... 

എന്നാ രസമാ ! എന്നിട്ട്  കോളേജില്‍  പഠിയ്ക്കുമ്പോഴും  അച്ഛന്റേം  അമ്മേടേം കൂടെ 

ടെഡ്ഡി ബെയറിനേം  കെട്ടിപ്പിടിച്ചോണ്ട്  കെടക്കണ പെണ്ണ്  ചെറുക്കന്റെ വെരല് മുറിച്ച്  

ചോര കൊണ്ടൊരു പൊട്ടും തൊട്ട്  കയ്യും പിടിച്ചങ്ങോട്ട്  എറങ്ങിപ്പോകും. എന്തൊക്കെ 

കലാപങ്ങളാ !


തമിഴില്  പിന്നെ ത്യാഗം തന്നെ ത്യാഗം. ത്യജിച്ച്  ത്യജിച്ചങ്ങോട്ട്  ജീവന്‍ തന്നെ 

പോക്കൊട്ടേന്ന്   വെയ്ക്കും. ജീവന്‍ പോയാ പിന്നെങ്ങനാ പ്രണയിയ്ക്കുക?


കൊറച്ചു  കൂടി റീസണബിളായിട്ടുള്ള പ്രണയം മലയാള സിനിമയിലേതാന്നാ എനിയ്ക്ക് 

തോന്നിയത് . കാവ്യേം ദിലീപിനേം പോലെ, അനൂപ്‌ മേനോനേം പ്രിയാ മണിയേം 

പോലെ, ആസിഫിനേം നിത്യേം പോലങ്ങോട്ട്  പ്രേമിയ്ക്കണം.പിന്നെ...ലാല്‍ 

സലാമില്  ലാലേട്ടനോടു ഉര്‍വ്വശി ചുണ്ടും പിളുത്തിക്കോണ്ട്  ഞാനും കമ്മ്യൂണിസ്റ്റാന്നു 

പറേണ കേട്ടപ്പം എനിയ്ക്കങ്ങു സിന്ദാബാദ്  വിളിക്കാന്തോന്നി .


പ്രായോഗികമായി പ്രണയിയ്ക്കണോ  ബഷീറിന്റെ പ്രേമലേഖനം ന്നുള്ള  

നോവലങ്ങോട്ട് വായിച്ചോണ്ടാ   മതി.


എന്റപ്പന്‍ രാത്രി നാല് കാലേലെഴഞ്ഞ്  വന്ന്  അമ്മച്ചിയെ ‘ എടീ ,തടിച്ചി മറിയേ , വീട് 

മുടിയ്ക്കാന്‍ വേണ്ടി കേറി വന്നോളേ......’   എന്നൊക്കെ നാല് വീടപ്പറം  കേക്കാന്‍ 

പാകത്തിന്  വിളിച്ചു  പറഞ്ഞോണ്ട്  പ്രണയിയ്ക്കാറുണ്ട് . അമ്മച്ചിയാണേല്‍  മറിയേം 

ഞാനും തമ്മില് യാതൊരു ബന്ധോമില്ലെന്ന മട്ടില്‍ ഗേറ്റിന്റവിട കെടന്ന്  അപ്പന്‍  

കാണിയ്ക്കണ പരാക്രമങ്ങളും കണ്ടോണ്ട്  തിണ്ണേലങ്ങനെ ഇരുന്നോണ്ട്  പ്രണയിയ്ക്കും. 

വിശുദ്ധ പ്രണയം!


പിന്നെ ,എന്റെ കൂടെ പഠിയ്ക്കണ ദിവ്യേം , മനോജും തമ്മിലുള്ള പ്രണയം  . “ പ്രേമം 

ലോലമായ , തീവ്രമായ ഒരനുഭൂതിയാണ്. പ്രേമിച്ചവനെത്തന്നെ വിവാഹം ചെയ്യണം -

ആരെതിര്‍ത്താലും,  എത്ര ദാരിദ്ര്യമനുഭവിയ്ക്കേണ്ടി വന്നാലും . ഫൈനല്‍ ഇയര്‍  പരീക്ഷ 

കഴിഞ്ഞാല്‍ ആര് സമ്മതിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനോജിനോടോപ്പം പോകും ”  

എന്നൊറപ്പിച്ചു പറഞ്ഞിരുന്ന ദിവ്യേടെ കല്യാണം കഴിഞ്ഞാഴ്ചയാരുന്നു.ആലുക്കാസിന്റെ 

പരസ്യം പോലെ നെറയെ സ്വര്‍ ണ്ണോമിട്ട് അവള്  ഗള്‍ഫുകാരന്‍  മുറച്ചെറുക്കന്റെ കൂടെ 

ചിരിച്ചോണ്ട് നിന്ന്  ഫോട്ടോ എടുക്കുമ്പം മനോജ്‌  ഫസ്റ്റ്  ഇയറിലെ മഞ് ജൂനെ 

നോക്കി കണ്ണിറുക്കണത്  ഞാങ്കണ്ടു .


ഇപ്പം മനസ്സിലായില്ലേ പ്രണയത്തെപ്പറ്റി തിയററ്റിക്കലായി നല്ല നോളെജ്  

എനിയ്ക്കുണ്ടെന്ന് .ഇങ്ങനെ കൊറേ പ്രണയമാതൃകകള്‍  ശേഖരിച്ചു നോക്കിയിട്ടും എന്താ 

പ്രണയത്തിനിത്ര മാഹാത്മ്യം എന്ന്  എനിയ്ക്ക് മനസ്സിലായില്ല കെട്ടോ. എന്നാലും 

കാവ്യാമാധവന്‍ പറയാതെ പണ്ടേ ഞാനറിഞ്ഞു നിനക്കെന്നോടുള്ളൊരു  പ്രണയം 

ന്നൊക്കെ കണ്ണും വിടര്‍ത്തി ചിരിച്ചോണ്ടങ്ങോട്ട്‌  പാടുമ്പം ചുമ്മാ  ഒരു മോഹം . 

അത്രേയൊള്ളൂ . ഞാനൊന്നുമറിഞ്ഞിട്ടുമില്ല , എന്നോടാരുമൊന്നും പറഞ്ഞിട്ടുമില്ല.


ഞാന്‍ പഠിയ്ക്കുന്ന വിഷയം പറഞ്ഞല്ലോ - എക് ണോമിക്സ് . പ്രണയവുമായി യാതൊരു 

ബന്ധോമില്ലാത്ത വിഷയം . സാമ്പത്തിക ഭദ്രതയ്ക്ക്  പ്രണയവും ദാമ്പത്യവുമൊക്കെ 

വിലങ്ങുതടികളല്ലേ .സെക്കന്റ്‌ ലാങ്ഗ്വേജ്  മലയാളമാ. ശാകുന്തളമൊക്കെ 

പഠിയ്ക്കാനുണ്ട്. ചെലപ്പോ ക്ലാസ്സിലിരുന്നുറങ്ങും ,ചെലപ്പോ കാന്റീനില്‍ പോയി വട 

തിന്നും .ഇപ്പം തോന്നുവാ ബാലകൃഷ്ണന്‍ സാറ് ശകുന്തളേടെ പ്രണയത്തെപ്പറ്റി 

പറയുന്നതൊക്കെ കേട്ടിരുന്നേല്  ഇങ്ങനെ ഞാനൊരു മുനികുമാരികയല്ലേ എന്നും 

പറഞ്ഞോണ്ടിരിയ്ക്കേണ്ടി വരില്ലായിരുന്നെന്ന് .  


ഇതൊക്കെ മുമ്പേ തോന്നീരുന്നെങ്കീ ഒരാളോടു ചോദിയ്ക്കാമായിരുന്നു – 

റാണിച്ചേച്ചിയോട് . എന്റെ മൂത്തതാ. ഇനി ചോദിയ്ക്കാനൊക്കത്തില്ല . മൂപ്പത്തി 

ചാടിപ്പോയി. അച്യുതപ്പണിയ്ക്കരടെ  മകന്‍  ഹരീടെ കൂടെ . ഇപ്പം എവിടാന്ന് 

അറികേല . ചേച്ചി എന്നെപ്പോലെയല്ല . ഒരു മിണ്ടാപ്പൂച്ചയാരുന്നു , കലമൊടയ്ക്കേം 

ചെയ്തു. 


‘ ഈ വായാടിപ്പെണ്ണിനെയാരുന്നു പേടി, പറ്റിച്ചത്  മറ്റവളാണല്ലോ ’ എന്ന  അമ്മച്ചി 

എന്നെ തുറിച്ചു നോക്കിക്കൊണ്ട്  പറകേം ചെയ്തു . എന്റപ്പന്‍ മൂക്കറ്റം കുടിച്ച് 

അച്യുതപ്പണിയ്ക്കരടെ  വീടിന്റെ മുന്നേ  ചെന്ന് നിന്ന്  വായേ  വന്നതെല്ലാം വിളിച്ചു 

പറേണത്  കോളേജ് വിട്ടു വരുമ്പം  ഞാന്‍  കണ്ടു . തളര്‍വാതം വന്നു കിടക്കുന്ന 

അച്യുതപ്പണിയ്ക്കരും  താങ്ങിപ്പിടിച്ചോണ്ടിരിയ്ക്കണ  ദേവകിയമ്മേം   കൂടി കരയണ  

കണ്ടപ്പം  ഇത് നല്ല പ്രണയമാണല്ലോ എന്നെനിയ്ക്കു തോന്നി. ‘ ഇനി നീയെന്നാ 

കാണാനാണെടീ അവടെ മിഴിച്ചു നോക്കി ക്കൊണ്ട് നിക്കുന്നെ .നിനക്ക് ചാടിപ്പോവാനിനി  

അവടെ ആങ്കൊച്ചുങ്ങളൊന്നുമില്ല .വാടീ ഇവടെ ’ എന്നൊക്കെ അപ്പന്‍ വിളിച്ചു 

പറഞ്ഞപ്പം  ഞാനോടിച്ചെന്നു. അല്ലേലും ഞാന്‍ നോക്കേണ്ടത്  ആടിയാടി ക്കൊണ്ട്  

നിക്കണ എന്റപ്പന്‍ വീഴാതിരിയ്ക്കാനല്ലേ, അച്യുതപ്പണിയ്ക്കരേയല്ലല്ലോ . എന്തിനാ 

അപ്പനിത്ര കെറുവ്  എന്നെനിയ്ക്കു മനസ്സിലാകുന്നില്ല . അവര്‍ക്കും കാണില്ലേ വെഷമം. 

അവരുടെ ഒരേയൊരു മകന്‍ നസ്രാണി പ്പെണ്ണിന്റെ കൂടെ ചാടിപ്പോയേന് .റാണിച്ചേച്ചീടെ കൂടെപ്പഠിച്ച ജോജിയാണ് ഞാന്‍  കണ്ടേലും വെച്ച്  ഏറ്റവും സുന്ദരന്‍. 

അവന്‍ പിന്നെ എന്റെ കൂടേം  പഠിച്ചു.  അങ്ങനെ എട്ടാം ക്ലാസ് നാലാം കൊല്ലമായപ്പം 

അവന്റപ്പന്‍ പറഞ്ഞു , ‘ എടാ, അപ്പനും അമ്മച്ചിയ്ക്കും സാറമ്മാര്‍ക്കും കൂട്ടുകാര്‍ക്കും 

നിനക്കൊഴികെ എല്ലാര്‍ക്കും നീ പൊത്തകോം ചൊമന്നോണ്ട് പോകുന്ന കാണുമ്പ 

നാണമാകുന്നല്ലോ , എനി മതി , നീ തൂമ്പായെടുത്തോ ’ എന്ന് . കേള്‍ക്കേണ്ട താമസം ആ 

പാവം കുഞ്ഞാടതങ്ങ്  അനുസരിയ്ക്കേം ചെയ്തു. ‘ കാണാന്നന്നായിട്ടെന്നാ കാര്യം 

സിനിമായ്ക്ക്  വിടാനൊക്കുമോ ?എനി പണിയെടുക്കട്ടെ ,അവനും അതാ ഇഷ്ടം ’ എന്ന്  

സാറാമ്മച്ചി , ‘ കൊറേ തലമുറ മുമ്പ് ഞങ്ങള്  സായിപ്പമ്മാരായിരുന്നു, അതാ ജോജി 

ഇങ്ങനെ വെളുത്തു മിനുത്തിരിയ്ക്കുന്നേ 'ന്ന്   വമ്പ്  പറയാറുള്ള  അവന്റമ്മച്ചിയും പറഞ്ഞു . 

അവനെയായാലോ എന്ന്  ഞാനങ്ങനെ ഓര്‍ത്തോണ്ടിരിയ്ക്കുവാരുന്നു. കോളേജ് 

കുമാരിയും ,കൃഷിക്കാരനും തമ്മിലുള്ള പ്രണയം ! ധന്യ തന്ന വാരികേലൊണ്ടാരുന്നു 

അങ്ങനൊന്ന് .അത് വല്യ വീട്ടിലെ പെണ്ണും ,കൂലിപ്പണിക്കാരനുമായിട്ടാ . ഇതിത്രയല്ലേ 

വ്യത്യാസമൊള്ളൂ .ഒരു രസമൊക്കെയുണ്ട് ചിന്തിയ്ക്കാന്‍.


മെനഞ്ഞാന്ന്  കോളേജിപ്പോവുമ്പം ഞാന്‍ ഒരു തുള്ളി വെള്ളം പോലും ചെരുപ്പേലാകരുത് 

എന്ന് കരുതി തോടു ചാടിക്കടക്കാന്‍ നോക്കുകാരുന്നു. തോടിന്റെ നടുക്കെത്തിയപ്പോ ആ 

ശുഷ്കാന്തിയെല്ലാമങ്ങു പോയി ! ചെരുപ്പ്  തെറിച്ചു പോയത് കൊണ്ട് അതുമാത്രം 

നനഞ്ഞില്ല. വരമ്പ് വെട്ടിക്കൊണ്ടു നിന്ന ജോജി ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി 

രുന്നതു  കണ്ടപ്പോ ചെല സാദ്ധ്യതകളൊക്കെ അവിടെ കേടന്നോണ്ട് തന്നെ ഞാന്‍ 

ചിന്തിച്ചു.എന്നെ പിടിച്ചു കേറ്റി  ഒഴുകിപ്പോയ കൊടേം പിടിച്ചു തന്ന് അവന്‍ വന്ന വഴിയേ 

തിരിച്ചു പോകേം ചെയ്തു. ഇനിയെന്നാ ചെയ്യാനാ ? ഞാന്‍ തിരിച്ചു വരുമ്പം 

 തിണ്ണേലെ   ബെഞ്ചേല്‍  കെടക്കണ അപ്പന്‍ ‘ എടീ മറിയേ , ദേണ്ടെ കോളേജുകുമാരി 

തോട്ടിച്ചാടി പഠിപ്പും മതിയാക്കി വന്നേയ്ക്കുന്നു , വിളിച്ചു സല്ക്കരിയ്ക്ക് ’  എന്ന് പറഞ്ഞ് 

തെളച്ച എണ്ണേല്‍  വീണു പൊള്ളി വരുന്ന പപ്പടം മറിച്ചിടും പോലെ കൊടവയറും താങ്ങി 

മലര്‍ന്നു കെടന്നു . ‘ ഇന്ന് പഠിപ്പില്ലേടീ, എന്നാ ആ കപ്പ വെട്ടി അടുപ്പേലിരിയ്ക്കുന്ന 

കലത്തിലിട്ടോ ’ എന്നൊരശരീരി മറിയാമ്മയുടെ ശബ്ദത്തില്‍ കേട്ടു . വേകുന്ന കപ്പയ്ക്ക്  

കാവല്‍ നിക്കുമ്പം  ആ വെള്ളം തെളയ്ക്കുന്ന ശബ്ദത്തിന്   ‘ പ്രിയന് മാത്രം ഞാന്‍ 

തരും മധുരമീ പ്രണയം ’ എന്ന പാട്ടിന്റെ ഈണമാണെന്നെനിയ്ക്ക്  തോന്നി. 

ഞാനങ്ങനെ താടിയ്ക്ക് കൈയും കൊടുത്ത് ചിന്താവിഷ്ടയായി മനസ്സേലാ പാട്ടും 

മൂളിക്കൊണ്ട്  അങ്ങനെ നിക്കുവാരുന്നു. പല്ലവീം, അനുപല്ലവീം കഴിഞ്ഞു തെള  ഒന്ന് 

മുറുകിയപ്പോഴാ അപ്പന്‍   ബെഞ്ചേന്നു വീഴുന്ന ശബ്ദം കേട്ടത് . ‘ അമ്മച്ചിയേ ഓടി വായോ 

അപ്പന്‍   ബെഞ്ചേന്നു വീണു ’ എന്നൊറക്കെ വിളിച്ചപ്പോഴേയ്ക്കും ‘ കെടന്നു കൂവാതെടീ , 

കെട്ടെറങ്ങുമ്പോ അപ്പനങ്ങ്  കേറിക്കെടക്കും. ഇവിടെ പണിയെടുത്ത്  നടു 

വെട്ടിയിരിയ്ക്കുകാ . എനിയ്ക്ക് മേലാ കുനിയാനും പൊക്കാനുമൊന്നും ’ എന്ന് അമ്മച്ചി 

പറഞ്ഞപ്പോ പിന്നെ അങ്ങനെയാകട്ടേന്നു വെച്ചു.


ഞാനത്ര പാവമൊന്നുമല്ല കെട്ടോ . ദുഷ്ടയല്ല എന്ന് മാത്രം .പക്ഷേ, എന്നെ കണ്ടാ

വളരെ പാവമാന്ന് തോന്നും. എന്റെ കണ്ണല്പം മയങ്ങിത്തൂങ്ങിയതായോണ്ടായേയ്ക്കും   . 

കൊച്ചിലേ വികൃതി കാണിയ്ക്കുമ്പം അമ്മച്ചി പറയുമാരുന്നു  ‘ കണ്ണും മയക്കി നില്‍ക്കുന്ന 

ആ നില്പ് കണ്ടാ ആരേലും പറയുവോ എവളാ  അത് ചെയ്തതെന്ന് ,അസത്ത് ’എന്ന് . 

അതുകൊണ്ടു തന്നെയായേയ്ക്കും  ഒരിയ്ക്കല്‍ മനോജ്‌ പറേണത്  ഞാന്‍ കേട്ടു , ‘ ആ 

പെണ്ണ് കാണാനൊക്കെ കൊള്ളാം ,പക്ഷേ ലൈനിടാന്‍  കൊള്ളത്തില്ല . അവടെ 

മൊകത്ത്  നോക്കിയേച്ചാ പിന്നെ കുരിശു വരയ്ക്കാനേ തോന്നത്തൊള്ളൂ ’  എന്ന് . 

അത് പറഞ്ഞപ്പോഴാ ഞാനോര്‍ത്തത് , ഞാനൊരു വലിയ ഭക്തയാ കെട്ടോ . എന്റെ 

വീട്ടില്‍ ഏറ്റവുമധികം നേരം പ്രാര്‍ത്ഥിയ്ക്കാറൊള്ളത്  ഞാനാ . അമ്മച്ചി പറേണത്  

പണിയെടുക്കാതിരിയ്ക്കാനുള്ള സൂത്രമാണെന്നാ . ‘മതിയെടീ കര്‍ത്താവിനെ ഉപദ്രവിച്ചത്, 

എനി എന്നെ കൊറച്ച്  സഹായീരെടീ ’ എന്നും പറഞ്ഞ്  വഴക്കിനു വരും. എന്നാലും 

ഞാന്‍ പ്രാര്‍ത്ഥനയില്‍ കൊറവൊന്നും വരുത്തുകേല . കര്‍ത്താവിനോടാകുമ്പം എല്ലാം 

തൊറന്നങ്ങു പറയാമല്ലോ . പണ്ട് ഞാനൊരു  സ്വര്‍ണ്ണക്കുരിശു ലോക്കറ്റ് വേണമെന്ന്  

പറഞ്ഞ്  അപ്പനോട്  വാശി പിടിച്ചാരുന്നു . ‘ഓ, നെന്റപ്പന്‍ കുടിച്ച കാശോണ്ടാരുന്നേല് 

പത്ത് പവന്‍ വാങ്ങാമാരുന്നു . നടക്കാത്ത കാര്യമാ പെണ്ണേ ’  എന്ന്  അമ്മച്ചി  

പറഞ്ഞപ്പം ഞാന്‍ കർത്താവിനോടൊരു  കണ്ടീഷന്‍ വെച്ചു. ഒന്നുകേലെന്റെ അപ്പന്  

കുരിശു വാങ്ങിത്തരാനൊള്ള  മനസ്സൊണ്ടാക്കി കൊടുക്കണം ,അല്ലേല്   കുരിശു 

വേണമെന്ന മോഹം എന്റെ മനസ്സേന്നെടുത്തു കളഞ്ഞേയ്ക്കണം. ഞാമ്പറഞ്ഞാ 

കര്‍ത്താവ്  കേക്കാതിരിയ്ക്കുമോ ? കർത്താവെന്റെ  മനസ്സേന്നു ആ മോഹമങ്ങോട്ടു 

കളഞ്ഞു തന്നു .അതങ്ങനാ. എനിയ്ക്ക് ചെയ്യാന്‍ പറ്റാത്തതൊക്കെ  ഞാന്‍ കര്‍ത്താവിനെ 

ക്കൊണ്ട്  ചെയ്യിയ്ക്കും .


ധന്യയാ പറഞ്ഞത് അവര്‍ക്ക്  പ്രണയത്തിന്റെ ഒരു ദൈവമുണ്ടെന്ന്  . അവളൊരു 

പുരാണപുസ്തകമെനിയ്ക്ക്  കാണിച്ചു തന്നു .അതില് നെറയെ ശ്രീകൃഷ്ണന്റെ 

കഥകളാരുന്നു .  വൃന്ദാവനോം, ഗോപികമാരും, ആട്ടോം, പാട്ടും – എന്നാ രസമാ 

വായിയ്ക്കാന്‍ ! എനിയ്ക്ക് കർത്താവിനോടു പാവം തോന്നിപ്പോയി.


ഓ.... പറഞ്ഞു വന്ന കാര്യമങ്ങു വിട്ടുപോയി . എന്റെ സ്ഥിരം കൊഴപ്പമാ ഇത്. 

എന്തെങ്കിലുമൊരു കാര്യം ചിന്തിയ്ക്കാന്‍ തൊടങ്ങിയാപ്പിന്നെ നിർത്താത്ത ചിന്ത തന്നെ.  

ഒടുക്കം കാര്യമങ്ങോട്ടു മറന്നു പോകും. പ്രണയത്തിന്റെ കാര്യമാണല്ലോ 

പറഞ്ഞോണ്ടിരുന്നത് .എന്റെ കണ്‍ഫ്യൂഷന്‍ തീരുന്നില്ലല്ലോ .അങ്ങോട്ടുമിങ്ങോട്ടും 

പ്രണയമില്ല , പ്രണയം തോന്നുന്നില്ല , എന്നാല്‍ പ്രണയിയ്ക്കണമെന്നൊരു താല്പര്യമുണ്ടു 

താനും . കാര്യമറിഞ്ഞാലല്ലേ , പലപ്പോഴും ഞാമ്പറയാറൊള്ള പോലെ , ‘ ഓ ഇത്രേയുള്ളോ , 

ഇതൊന്നും വേണ്ടെന്നേ ’ എന്ന്  എനിയ്ക്ക് പറയാന്തോന്നൂ . ഇതങ്ങനെ മനസ്സേ കെടന്നു 

കളിയ്ക്കുകാ . ആരോടെങ്കിലും പറയാനൊക്കുവോ .എന്നാ ശരിയായി . റാണിച്ചേച്ചി 

ചാടിപ്പോയേന്റെ പുകിലടങ്ങീട്ടില്ല.


ഒടുക്കം ഞാനങ്ങോട്ടു തീരുമാനിച്ചു , കർത്താവിനോടു തന്നെ പറഞ്ഞേയ്ക്കാമെന്ന് . 

അത്താഴത്തിനു മുന്നേ മുട്ടു കുത്തി നിന്ന്  പ്രാര്‍ത്ഥിയ്ക്കുമ്പം ഞാന്‍ 

ർത്താവിനോടെല്ലാം വിസ്തരിച്ചു തന്നെയങ്ങ്  പറഞ്ഞു . എത്ര പറഞ്ഞിട്ടും തീരുന്നില്ല ,  

കണ്‍ഫ്യൂഷന്‍ മാറുന്നില്ല . ഇടയ്ക്കിടെ ഞാന്‍ പതിയെ  കണ്‍  മിഴിച്ചു നോക്കി ,  

കര്‍ത്താവിന്റെ മുന്നേത്തന്നെയല്ലേ നില്‍ക്കുന്നേന്നൊരു  സംശയം തോന്നീട്ടേയ്‌ . 

പിന്നെ ഞാന്‍ രണ്ടും കല്പിച്ചങ്ങോട്ടു പറഞ്ഞു – ഒന്നുകില്‍ നീയെന്നെയങ്ങോട്ടു 

പ്രണയിപ്പിയ്ക്കണം അല്ലേല്  ഈ മോഹം എന്റെ മനസ്സേന്നങ്ങോട്ടെടുത്തു 

കളഞ്ഞേയ്ക്കണം ന്ന് . പറഞ്ഞു തീര്‍ന്ന സമാധാനത്തില്  കണ്ണ് തുറന്നു നോക്കിയപ്പം 

എനിയ്ക്കൊരു സംശയം, കര്‍ത്താവിന്റെ മൊകത്തൊരു  അമ്പരപ്പുണ്ടോന്ന് . ഇനിയെന്നാ 

ചെയ്യും ...? 

6 comments:

 1. നല്ല കഥ
  എന്നിട്ട് എന്തുസംഭവിച്ചുകാണും?
  പ്രണയിച്ചോ അതോ മോഹം മാഞ്ഞുപോയോ?

  ReplyDelete
  Replies
  1. നന്ദി
   എനി റോസിക്കൊച്ചിന്റെ കാര്യം കര്‍ത്താവ് തന്നെയങ്ങ് തീരുമാനിയ്ക്കട്ടെ. പ്രാര്‍ത്ഥിയ്ക്കാനല്ലേ ഒക്കൂ.അല്ലാതെന്നാ ചെയ്യാനാ.

   Delete
 2. ഇതിലെ ഒരുവരിമാത്രം പകര്‍ത്തട്ടെ..
  എന്നാ രസമാ
  വായിയ്ക്കാന്‍ !

  ReplyDelete
  Replies
  1. സരസമായ അഭിപ്രായം.നന്ദി

   Delete
 3. പ്രണയത്തിന്റെ നാനാവശങ്ങളും വിശകലനം ചെയ്തു എഴുതിയ കഥ അസ്സലായി.

  ReplyDelete