Sunday, June 16, 2013

ഓർമ്മകളേ ഒരു വാക്ക്


       


ഓർമ്മകളേ  ഒരു വാക്കു  ചൊല്ലട്ടെ ഞാൻ 
ഓർക്കരുതെന്നു പറഞ്ഞകന്നെങ്കിലും 
ഒരുപാടു പറയുവാനുണ്ടെനിയ്ക്കെന്നാലു 
മൊന്നുമിനിയുരിയാടാതിരിയ്ക്കാം ഞാൻ 
നിങ്ങൾക്കണയാനൊരുക്കിയോരിക്കൂട്  
നിശ്ശൂന്യമായിരിയ്ക്കട്ടെയെന്നെന്നും


അരുമയായെൻ തോളിലേറ്റി നടന്നവ 
ഒരുമയായെൻ തോളണഞ്ഞു ചിരിച്ചവ 
സാദരമെൻ മനസ്സില് പ്രതിഷ്ഠിച്ചവ 
സസ്നേഹമെന്നെ പുണർന്നു  മുകർന്നവ 
ആരവങ്ങൾ, നിറക്കൂട്ടുകൾ ,നിറവുകൾ 
ആകെയങ്ങുത്സവമാക്കിയ കൂട്ടുകാർ 
സസുഖമെൻ ചുറ്റുമായ്‌ പാറിക്കളിച്ചവ 
സ്വപ്നശലഭങ്ങൾ പോലെ മറഞ്ഞു പോയ്‌ 


വർണ്ണങ്ങൾ വരകളും മാഞ്ഞുപോയെങ്ങനെ 
എവിടെ ഞാനിനിയെന്റെ ചിത്രങ്ങളെഴുതും 
സ്നിഗ്ദ്ധമാ സ്മരണകൾ എന്തിനെന്നറിയാതെ 
വിടപറയാതെയകന്നു പോയെങ്കിലും 
സ്നേഹിച്ചിരുന്നു, സ്നേഹമാശിച്ചിരുന്നു ഞാൻ 
വെറുമൊരു പ്രതീക്ഷവെറുതെയോരാശ  
കാലമാ നിനവുകൾ മായ്ച്ചതവസാന 
കാലത്തനായാസയാത്രയ്ക്കു വേണ്ടിയോ  


ഇവിടെത്ര ദൂരം കഴിഞ്ഞെന്നറിയില്ല 
ഇനിയെത്ര ദൂരമുണ്ടെന്നുമറിയില്ല 
ഇതളടരുന്ന ഹൃദയത്തുടിപ്പിനും 
ഇടറുന്ന ചുവടിന്നുമേതുമറിയില്ല
മോഹങ്ങളില്ലാതെ മമതകളില്ലാതെ 
മുക്തമായൊരു മനസ്സുമായ് പോകുവാൻ 
ഇടറാതെ പതറാതെ കണ്ണുകൾ നിറയാതെ 
ഉഴറാതെ സ്വസ്ഥമാ യാത്രയ്ക്കൊരുങ്ങുവാൻ 
പാഥേയമില്ലാതെ, ജന്മബോധം മാത്ര 
മേന്തിടാമാത്മപിണ്ഡാർപ്പണത്തിന്നായി 


ഇപ്പകലറുതിയിൽ സമയമെൻ കാതിൽ 
ഇതാണന്ത്യമാത്രയെന്നു നിമന്ത്രിയ്ക്കേ 
ഒരു നോക്കു  പോലും പരിഭവമില്ലാതെ 
ഒരു വാക്കു  പോലും പരാതി ചൊല്ലാതെ 
ഒടുവിലെ പടവിൽ വന്നെത്തി നിൽക്കുമ്പോൾ 
ഒരു പിൻ വിളിയ്ക്കു ഞാൻ കാതോർക്കുകില്ല 


ഒരു വാക്കിലൊരു നേർത്ത ചിരിയിലൊരു 
വേളയിൽ പ്രിയമായിരുന്നുവോ നിങ്ങൾക്കു  ഞാൻ 
എങ്കിലെന്നാർദ്ര സ്മൃതികളേ നന്ദി 
എന്നമൃതസ്മൃതികളേ നിങ്ങൾക്കു  നന്ദി  
       




       





4 comments:

  1. കാലം ഘനീഭൂതമായ് നിൽക്കുമക്കര-
    ക്കാണാക്കയങ്ങളിലൂടെ,
    എങ്ങോട്ടു പോയി ഞാൻ..?
    എന്റെ സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ..?
    നിങ്ങൾ വരില്ലയോ കൂടെ..?

    നന്നായി എഴുതി

    ശുഭാശംസകൾ...

    ReplyDelete
  2. അമൃതസ്മൃതികള്‍ ദീപ്തം

    ReplyDelete