Saturday, November 9, 2013

മ്യാവൂ

                                          മ്യാവൂ

     

     

     ഇതിലപ്പുറത്തേയ്ക്കിനി ഇടമില്ല ,ലോകം ഇവിടെ അവസാനിയ്ക്കുന്നു എന്ന മട്ടില്‍  ഘനഗംഭീരമായ നിര്‍വ്വികാരതയോടെ നില്‍ക്കുന്ന രണ്ടു പടുകൂറ്റന്‍ വീടുകളുടെ ഇടയിലുള്ള വഴിയും വീടുകളുടെ മുറ്റവും ചേര്‍ത്ത്  പന്തല്‍ കെട്ടി അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ് ക്ലിയോപാട്ര നഗര്‍ . മുമ്പ് വളരെയധികം ഈസ്തെററിക് സെന്‍സുള്ള കലാകാരന്മാര്‍  താമസിച്ചിരുന്ന കോളനിയായിരുന്നുവത്രേ ഇത്. അങ്ങനെയാണീ കോളനിയ്ക്കീ പേര് വന്നത്. കലാകാരന്മാര്‍ ഒരിടത്ത് തന്നെ ഉറച്ചു നില്‍ക്കില്ല്ല എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാനാകണം അവരെല്ലാം അവിടം വിട്ടു പോയി. പകരം വന്നവരില്‍ ഭൂരിപക്ഷവും  സൌന്ദര്യബോധം അനാശാസ്യമായ എന്തോ ആണെന്ന് കരുതിയാലേ ബുദ്ധിജീവികളാകൂ എന്ന ധാരണ വെച്ചു പുലര്‍ത്തുന്ന വിഭാഗത്തില്‍  പെടുന്നവരായിരുന്നു . എല്ലാ വര്‍ഷവും ഒരു ചടങ്ങെന്നോണം നടത്തുന്ന ആന്വല്‍  ഡേ ആഘോഷിയ്ക്കാന്‍ കോളനിവാസികള്‍  എല്ലാവരും എത്തിയിരിയ്ക്കുകയാണ് .  കലാപരിപാടികള്‍ക്കായി ഒരുങ്ങി നില്‍ക്കുന്ന കുട്ടികളും ,കൌമാരപ്രായക്കാരുമൊഴി ച്ചാല്‍  മറ്റെല്ലാവരുടെയും ആവശ്യം വര്‍ത്തമാനം തന്നെ. അങ്ങനെ എല്ലാവരും വീടും പൂട്ടി ബുഫേ ഡിന്നറിനു തയ്യാറായി ദന്തഗോപുരങ്ങളില്‍ നിന്ന് മുററത്തേയ്ക്കിറങ്ങി വന്ന അവസരത്തില്‍  സമാന്തരമായി മറ്റൊരു യോഗം അരങ്ങേറാന്‍  തയ്യാറെടുക്കുകയായി രുന്നു.

പണ്ടത്തെ സൌന്ദര്യാരാധകര്‍ നിര്‍മ്മിച്ചു വെച്ച  കുട്ടികള്‍ക്കുള്ള പാര്‍ക്കായിരുന്നു സമ്മേളനസ്ഥലം. പൂര്‍വ്വപുണ്യത്തിന്റെ സ്മാരകമെന്ന പോലെ കേടു വന്ന സീസോയും, പൊട്ടിപ്പൊളിഞ്ഞ സ്ലൈഡറും, തുരുമ്പെടുത്ത ഊഞ്ഞാലുകളും , അനക്കമറ്റ ഫൌണ്ടനുമൊക്കെ തിരുശേഷിപ്പുകളായി ബുദ്ധി ജീവികളെ നോക്കി പല്ലിറുമ്മി തല താഴ്ത്തി നില്‍ക്കുന്ന ആ അരങ്ങിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്  പൂച്ചകളാണ് . സുന്ദരിമാരും പൂച്ചകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന തോന്നലാണോ പൂച്ചകളെ ആകര്‍ഷിച്ചതെന്നറിയില്ല, ആ ക്ലിയോപാട്ര നഗറില്‍ ഏതാണ്ട് മനുഷ്യരോളം തന്നെ  പൂച്ചകളുമുണ്ടായിരുന്നു.

പ്രത്യേകിച്ചൊരു തിരക്കുമില്ലെന്ന മട്ടില്‍ തലതാഴ്ത്തിപ്പിടിച്ച് ഇടയ്ക്കിടെ മ്യാവൂ ശബ്ദമുണ്ടാക്കിക്കൊണ്ട്  പലതരം പൂച്ചകള്‍  അവിടേയ്ക്കു വന്നുകൊണ്ടിരുന്നു. വന്നവര്‍ വന്നവര്‍  പാര്‍ക്കില്‍ പലയിടങ്ങളിലായി ഇരിപ്പുറപ്പിച്ചു . കിട്ടിയ അവസരം മുതലാക്കാനെന്ന പോലെ റോസിയും ജാക്കിയും  സ്ലൈഡറിനു മുകളിലേയ്ക്ക് നീങ്ങി. കലഹപ്രിയനായതു കൊണ്ട് കോളനിയിലെ കുട്ടികളാണ് അവനു ജാക്കിചാന്‍ എന്ന് പേര് കൊടുത്തത്.  

“ നിനക്കെന്നാ പറ്റിയെടീ , നീയാകെ മെലിഞ്ഞു പോയല്ലോ ” എന്ന്  റാണിയോടു ചോദിച്ചു കൊണ്ട്  വര്‍ത്തമാനത്തിന്റെ നേതൃത്വം പതിവ് പോലെ മാഗി ഏറ്റെടുത്തു. “ ഓ ! ഇനിയെന്നാ പറ്റാനാ ,രഘുനന്ദന്‍ ഡോക്ടര്‍ക്ക് പ്രഷറ് ,കെട്ട്യോള്‍ക്ക്‌ കൊളസ്ട്രോള് .കൊറച്ചു ദെവസായി ചിക്കനും മീനുമൊന്നും കിട്ടുന്നില്ലെന്നേ ,പിന്നെയെങ്ങനെ ക്ഷീണിയ്ക്കാതിരിയ്ക്കും ” എന്ന്  റാണി വിലപിച്ചു. “ ഓ! പോട്ടെടീ ,സാരമില്ല, മെലിഞ്ഞപ്പോ നീയങ്ങു ഐശ്വര്യാ റായിയെ പ്പോലെ സ്ലിംബ്യൂ ട്ടി ആയല്ലോ ” എന്ന് മാഗി സമാധാനിപ്പിച്ചപ്പോള്‍ റാണി സൌന്ദര്യറാണിപ്പട്ടം കിട്ടിയപോലെ തലയെടുത്തു പിടിച്ച് നാലുപാടും നോക്കി ചിരിച്ചു.

  “ എന്ന വെങ്കിടീ സൌഖ്യമാ ” എന്ന മാഗിയുടെ ചോദ്യം കേട്ടപ്പോഴേ അതിലെ പരിഹാസഭാവം മനസ്സിലാക്കാതെ വെങ്കിടി സങ്കടം പറയാന്‍ തുടങ്ങി .പഴനി സ്വാമി വക്കീലിന്റേയും കാദംബരിയുടേയും വീട്ടിലാണ് വെങ്കിടിയുടെ താമസം. ശരിയല്ലാത്ത കേസുകളൊന്നും ഏറ്റെടുക്കാത്ത സ്വാമിയ്ക്ക് കാര്യമായ വരുമാനമൊന്നുമുണ്ടായിരുന്നില്ല. കുടുംബസ്വത്ത് ധാരാളമുണ്ടായിരുന്നത് കൊണ്ട് കാദംബരിയുടെ ആഗ്രഹപ്രകാരം ആ കോളനിയില്‍ നല്ലൊരു വീടും കാറുമൊക്കെ തരപ്പെടുത്താനായി എന്നു മാത്രം.  ആസ്ത്മയുടെ ശല്യം കലശലാകുമ്പോള്‍  സ്വാമി അമ്മ്യാരോടു ഇടയ്ക്കിടെ കാപ്പി ചോദിയ്ക്കും. അതുമതി  കാദംബരിയ്ക്ക് ദേഷ്യം വരാന്‍. –“ പാരുങ്കോ ,ഇപ്പടി തൊന്തരവ്‌ പണ്ണക്കൂടാത് .പെരിയ വക്കീലെന്നു നിനച്ചു താന്‍ എന്നെ ഉങ്കളുക്ക് തിരുമണം ശെയ്തു വിട്ടത്. കല്യാണം മുടിഞ്ചതുക്കപ്പുറമേ എനക്ക് പുരിഞ്ചത്  , ഉങ്കളാലേ ഒണ്ണുമേ ആഹാത്. കേസില്ലാ വക്കീല്, ഫീസില്ലാ വക്കീല് . നാന്‍ എന്‍ ഊരുക്കേ തിരുമ്പിപ്പോറേന്‍ ”.അത് കേട്ടാല്‍ സ്വാമി അനുനയിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും.“ അപ്പടിയൊന്നും ശൊല്ലക്കൂടാത് കാദംബരീ . അപ്പടി ഇപ്പടിയാന കേസെല്ലാം വാദം പണ്ണിനാ പണം കെടയ്ക്കും, നിമ്മതി കെടയാത്. ഉനക്ക് തേവയാനതെല്ലാം ഇങ്കെയില്ലിയാ ? നീ എതുക്കാഹ ഇപ്പടിയെല്ലാം പേശറായ് ?” സ്വാമിയുടെ സാന്ത്വനം കേള്‍ക്കുമ്പോള്‍ അമ്മ്യാരുടെ ദേഷ്യം ഇരട്ടിയ്ക്കും. “ മുരുഹാ മുരുഹാ ” എന്ന് പറഞ്ഞുകൊണ്ട് സ്വാമി തൂണും ചാരിയിരുന്നു കിതയ്ക്കും. ദേഷ്യം സഹിയ്ക്ക വയ്യാതെ ഇടയ്ക്ക് കാദംബരി വെങ്കിടിയ്ക്കിട്ടു തൊഴിയ്ക്കും. “ അവുങ്കളുക്ക് കോപം വന്താ പൈത്യം മാതിരി. നാന്‍ എന്ന ശെയ് വേന്‍  . എന്നാലേ കോടതിയിലേ പോഹ മുടിയുമാ ? നാന്‍ എന്ന വക്കീലാ? ” ഒരു നെടുവീര്‍പ്പോടെ “ ഇത് താന്‍ എന്നോട വിശേഷം , എനക്കും നിമ്മതി കെടയാത് ” എന്ന് വെങ്കിടി പറഞ്ഞപ്പോള്‍  “ ഓ , ആ വക്കീലിന് സാമര്‍ത്ഥ്യമില്ലാഞ്ഞിട്ട് .അമ്മ്യാരു വഴക്കിനു വരുമ്പം നമ്മളെപ്പോലെ കണ്ണുമടച്ചു മിണ്ടാതങ്ങു പോകണം. അത്ര തന്നെ. നമ്മടെ സുജാതേടെ മാഷെപ്പോലെ ” എന്ന് മാഗി പറഞ്ഞപ്പോഴേ സുജാതയ്ക്ക് ചിരി വന്നു.

“ മാഷ്ടെ കുറുമ്പും ദേഷ്യോക്കെ നിയ്ക്കേ അറിയൂ . കോളനീല് ളള ആര്‍ക്കും അറീല്യ. എല്ലാരടേം വിചാരം മാഷ്‌ പഞ്ചപാവാന്നാ . പാവൊക്കെത്തന്ന്യാ .പക്ഷേ എടയ്ക്ക് നല്ല വാശീം ശുണ്ഠീമൊക്കെണ്ട് .ഭാര്യടേം മകള്ടേമടുത്ത് നല്ലോം തല്ലുകൂടും”.

“പിന്നേ, നിനക്ക് മാഷേം വീട്ടുകാരേം പററി പറയുമ്പം വല്യ കാര്യമാ.അവര്‍ക്കാണേ നിന്നെ ഇഷ്ടമേ അല്ല. വീട്ടില്‍ കേററുകേ ഇല്ലല്ലോ ” എന്ന് പരദൂഷണപ്രിയയായ മാഗി ചോദിച്ചപ്പോള്‍ സുജാത ഒരു പൂച്ചച്ചിരി ചിരിച്ചു. ശരിയാണ്. മാഷക്കും കുടുംബത്തിനും വളര്‍ത്തുമൃഗങ്ങളോടു തീരെ താല്പര്യമില്ലായിരുന്നു.ഭാര്യയ്ക്കും മകള്‍ക്കും പേടി തന്നെയാണ്. കോളനിയിലെ പൂച്ചകളെല്ലാം ഓരോ വീടുകളെ ആസ്ഥാനകേന്ദ്രമാക്കി  ജീവിയ്ക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ അതത്  വീട്ടുകാര്‍  സ്നേഹത്തോടെയും, ദേഷ്യത്തോടെയുമൊക്കെ പേരുകള്‍ നല്‍കിയിരുന്നു. സുജാതയുടെ കേന്ദ്രം മാഷുടെ വീടായിരുന്നു. മാഷുടേയും, വീട്ടുകാരുടേയും നിസ്സംഗഭാവം തന്നെയായിരുന്നു മിക്കപ്പോഴും സുജാതയ്ക്കും. മാഷുടെ വിഷയം മലയാളമായത് കൊണ്ട്  പദ്യവും, ശ്ലോകവും , വ്യാഖ്യാനവുമൊക്കെ കേട്ട് സുജാത തന്നെയാണ് നല്ല അര്‍ത്ഥം നോക്കി സ്വയം ആ പേരിട്ടത്. “ മാഷ്‌ ഒരിയ്ക്കല്‍ നമ്മളെ പററി പറയ‌‌ണ്ടായി സാഹിത്യത്തിലും നമ്മക്ക് സ്ഥാനംണ്ട്...ന്ന്  . ഷെര്‍ലക്ക് ന്നൊരു കഥ എം . ടി. എഴ്തീട്ട്ണ്ട് ത്രെ.  ടി. പദ്മനാഭനും, ഒ .വി. വിജയന്വൊക്കെ  നമ്മളെ വല്യ ഇഷ്ടാത്രെ ”. സാഹിത്യവും ജനറല്‍ നോളിജും പോലെ അലര്‍ജിയായിരുന്നു മാഗിയ്ക്ക് വള്ളുവനാടന്‍ ഭാഷയും. സുജാതയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ തല തിരിച്ചു പിടിച്ച് മുറുമുറുത്തു കൊണ്ട്  മാഗി അത് പ്രകടിപ്പിയ്ക്കുകയും ചെയ്തു.

“ ഹും! നെനക്കവര് ഒരു പേര് പോലും തന്നിട്ടില്ലല്ലോ. ആ ആണ്‍ടി നിന്നെ കണ്ടാല്  
‘ ഝു ,പൂച്ചേ ’ ന്നൊക്കെ ഒച്ചെണ്ടാക്കി നെന്നെ ഓടിയ്ക്കേം ചെയ്യും”.എന്ന് മാഗി വീണ്ടും കോറി നോക്കിയപ്പോള്‍ “ നിയ്ക്കവരെ ഒരു പേടീല്യലോ. അവര് ക്ക് ന്നെ ല്ലേ പേടി. അവര് ജന്തുക്കളെ ഉപദ്രവിയ്ക്കൊന്നൂല്യ. പേട്യാന്നു മാത്രം. ആ മാഷ്ടെ മകളില്യേ , മുട്യൊക്കെ ചുരുട്ടിക്കെട്ടിവെച്ച് പ്രാഞ്ചി പ്രാഞ്ചി നടക്കണ ഓപ്പോളേയ് – ടീച്ചറാത്രേ , ചെലപ്പോ അമ്മ്യോട് പറേണ കേക്കാം, പ്രകൃതീല് ളള തൊക്കെ എല്ലാര്‍ക്കും തുല്യ അവകാശം ളളതാ ന്ന് . ഭക്ഷണം തരാനും വിരോധൊന്നൂല്യ. നമ്മടെ കുട്ട്യോള് കളിയ്ക്കണതൊക്കെ രസായി നോക്കി നിക്കാറ്ണ്ട് ന്നേ. വീടിന്റെ ഉള്ളില്‍ കേറണതിഷ്ടല്ലാന്നു മാത്രം. നമ്മടെ രോമം അവര് ടെ ഉള്ളില് പോയാ വെഷാത്രേ .അവര്ക്ക് വല്ലാത്ത വൃത്തിബോധാ. ആ ടീച്ചര്‍ക്ക് ഒക്കേററിനോടും അറപ്പാ . ഒരു പല്ല്യോറെറ കണ്ടാലും മതി ‘ അവ് ’ ന്നും പറഞ്ഞ് ഒരു പുളിച്ച ഭാവത്തിലിരിയ്ക്കണ കാണാം. അതോണ്ട് ഞാന്‍ ജനലിന്റെ പിന്നിലോ , മതിലിന്റെ മേല്യോ  പൂച്ചട്ടീടെ നെഴലിലോ ഒക്കെ സുഖായി കെടക്കും. ആ മാഷും ആണ്‍ടീം മിക്കപ്പോഴും ടി.വി. വെയ്ക്കും. അതൊക്കെ കേട്ടങ്ങനെ കെടക്കാലോ” എന്ന് സുജാത പതിവില്ലാതെ വാചാലയായി.

 “ അങ്ങനെയാണല്ലോ നെന്റെ ജി.കെ. ഇത്ര ഗംഭീരമായത് ? ” മാഗി വിടാന്‍ ഭാവമില്ലായിരുന്നു.

“ അല്ലാതെ പിന്നെ ? ആണ്‍ടി എപ്പോഴും ന്യൂസ്‌ ചാനല്‍ വെയ്ക്കും. മനോരമ, മാതൃഭൂമി, പീപ്പിള്‍ , ഇന്ത്യാ വിഷന്‍ ....ഇങ്ങനെ മാറി മാറി വെച്ചോണ്ടിരിയ്ക്കും. അവസാനം അവരുടെ മകള്‍  “ മതിയമ്മേ ,എത്ര നേരായി ഈ പീഡനോം, കത്തിക്കുത്തും, രാഷ്ട്രീയോം കണ്ട്വോണ്ടിരിയ്ക്കുണു ” എന്ന് ചോദിയ്ക്കും അപ്പൊ ആണ്‍ടി ചാനല്‍ മാറ്റും – എന്‍. ഡി .ടി. വി.! ”  തന്റെ വിജ്ഞാന രഹസ്യം സുജാത വിശദീകരിച്ചു.

“ എന്നാ എനി നീയങ്ങോട്ട് കോടീശ്വരനില്‍  പങ്കെടുത്തോ .സുരേഷ് ഗോപിയോട് സംസാരിയ്ക്കാമല്ലോ ” എന്ന് മാഗി വീണ്ടും ചൊറിയാന്‍ തുടങ്ങിയപ്പോഴാണ്  “ ദേ പോയി ദാ വന്നു ” എന്നും പറഞ്ഞു പോയ റോസിയെ കാണാനില്ലല്ലോ എന്ന എല്ലാവരുമോര്ത്തത് . “ എടി റോസ്യേ, എവടെപ്പോയെട്യേ ” എന്ന മാഗിയുടെ മ്യാവൂ ശബ്ദം ഉറക്കെ നീണ്ടപ്പോള്‍  ടൈററാനിക്കിന്റെ മുകളില്‍ കയ്യും നീട്ടിപ്പരത്തി നായകനും നായികയും കാറ്റ് കൊണ്ട് നില്‍ക്കുന്നപോലെ സ്ലൈഡറിനു മേലെ നിന്നിരുന്ന റോസിയും ജാക്കിയും ഞെട്ടി നിലതെറ്റി ഉരസി ഉരുണ്ടു വീണു. എല്ലാവരും ചിരിച്ചപ്പോള്‍  റോസി ചെറിയൊരു ജാള്യതയോടെ തല താഴ്ത്തി കണ്ണിറുക്കി ‘ ഹിസ്‌ ’  എന്നൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് കാടു പിടിച്ചു കിടന്ന കോസ്മോസ് ചെടിയുടെ അപ്പുറം പോയി കിടന്നു. എന്നെ കളിയാക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എന്ന മട്ടില്‍ ജാക്കി ചുറ്റും നോക്കി നടുവൊന്നുയര്‍ത്തി ചെവി പിന്നിലേയ്ക്ക് തിരിച്ചു വെച്ച് മുരണ്ടുകൊണ്ട് ഭീഷണിയുടെ ഭാവത്തില്‍ നിന്നു. 

“ അയ്യോടീ, ഞാനതിപ്പോഴാ ഓര്‍ത്തത് . നമ്മടെ ലക്ഷ്മണന്‍ മൊതലാളീടെ മോളില്യോ, അമല ..അവളും ഡോക്ടറു വീട്ടിലെ രാഹുലും തമ്മില് പ്രേമമാണെന്നേ ” മാഗി പറഞ്ഞു നിര്‍ത്തും മുമ്പേ “ പരദൂഷണവും അസത്യവും സ്വാര്‍ത്ഥതല്പരര്‍ ആത്മസംതൃപ്തിയ്ക്കുപയോ ഗിയ്ക്കുന്ന തരം താണ മാര്‍ഗ്ഗങ്ങളാണ് ” എന്ന് അലക്സാന്റര്‍ നിശിതവിമര്‍ശനവുമാ യെത്തി.  “ യ്യോ! ഞാന്‍ ഇല്ലാവചനം പറഞ്ഞതൊന്നുമല്ലെന്നേ . ഞാന്‍ കണ്ണോണ്ടു കണ്ടതാ. പഠിയ്ക്കാനെന്നും പറഞ്ഞ് മുറിയേക്കേറി വാതിലുമടച്ചേച്ച് ലാപ്ടോപ്പും തുറന്നു വെച്ച് സ്കൈപ്പേല്  സംസാരിച്ചോണ്ടിരിയ്ക്കുന്നതേ” 

 “ആണെങ്കില്‍ അതവരുടെ കാര്യം. നമുക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ നാം നോക്കരുത് ”  എന്ന്   അലക്സാന്റര്‍ വീണ്ടും തന്റെ മര്യാദകേടിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടിയപ്പോള്‍  
“ പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നേടത്ത് കാര്യം ന്നൊക്കെ മനുഷേരു പറേന്നത്  ശരിയാണേലും ഇങ്ങനെ 916 ഉരുക്കിയാലെങ്ങനാ കാണണ്ടാന്നും വെച്ചിരിയ്ക്കുക” എന്ന് മാഗി തന്റെ നിസ്സഹായമായ നിരപരാധിത്വം വ്യക്തമാക്കി.

“ അമല! ആ മുടിയെല്ലാം സ്ട്രെയിററന്‍  ചെയ്ത് കുററിച്ചൂല്  പോലാക്കി വെച്ചേയ്ക്കണ പെങ്കൊച്ചല്യോ ? ലെഗ്ഗിങ്ങ്സും ട്യുണിക്കുമൊക്കെയിട്ടു സ്കൂട്ടീല് പോകാറുള്ള പെണ്ണ് ...അതിന്റെയൊരു കോലം കണ്ടാലും മതി. പെങ്കൊച്ചുങ്ങളായാ അല്പമെങ്കിലും മുടി വേണ്ടായോ?”  -റാണി തന്റെ നീണ്ടു സമൃദ്ധമായ വാല്‍ അഭിമാനത്തോടെയൊന്നിളക്കി യാട്ടിക്കൊണ്ട് പറഞ്ഞു.

“ ഹോ! ആ പെണ്ണിനിത്തിരി അഹങ്കാരം കൂടുതലാണെന്നേ  . ഇന്നാളത് കോളേജിപ്പോണ നേരത്ത് ഞാനാ മറിയാമ്മ മീം വെട്ടുന്ന നേരമായല്ലോന്നും പറഞ്ഞ് ഓടിപ്പോക്വായിരുന്നെന്നേ ,കരിമ്പൂച്ച കുറുകെച്ചാടിയേ...ന്നും പറഞ്ഞ് എന്തോരം ബഹളമാ ഉണ്ടാക്കിയേ ? പരീക്ഷയ്ക്ക് തോററുപോമല്ലോ ന്നൊക്കെ പറഞ്ഞോണ്ട് കരേണ കണ്ടു. വേഷോം സംസാരോമൊക്കെ മോഡേണാന്നേ ഉളളൂന്നേ .ഒക്കെ അന്ധവിശ്വാസ്യോളാ . ഒള്ളത് പറഞ്ഞാ ആ ശവി കുറുകെച്ചാടിയ കാരണം എനിയ്ക്കാ പറ്റിയേ .ആ മറിയാമ്മ മീനോ മീങ്കറീടെ ബാക്കിയോ ഒക്കെ തരാറുളളതാ . അന്ന് എന്തിനോ ദേഷ്യം വന്ന് ആ മീങ്കഴുകിയ വെള്ളമെടുത്ത് എന്റെ തലേലോഴിച്ചെന്നേ” അല്പം വൈകിയെത്തിയ ലിസയുടെ പരിദേവനമായിരുന്നു അത്. “ സാറ്  എപ്പോ നോക്ക്യാലും ബിസിനസ് കാര്യങ്ങളില് എന്‍ഗേയ്ജ്ഡ് ആയിരിയ്ക്കും. ഞാനെന്തൂട്ട്നാ അങ്ങോരേം നോക്കി മിഴിച്ചിരിയ്ക്കുന്നേ ? പണി കഴിഞ്ഞാ ഞാന്‍ ടി. വീലെ സിനിമ്യാ കാണും”. എന്നൊരു വിശദീകരണത്തോടെ സദാ സമയവും ടി.വി.യിലെ ഹൊറര്‍ ഫിലിംസ് കയ്യില് കുരിശുമാലേം പിടിച്ചോണ്ടിരുന്നു കാണുന്ന , ഇപ്പോള്‍ എല്ലാവരും പ്രാഞ്ചിയേട്ടന്‍ എന്ന് വിളിയ്ക്കുന്ന ചിട്ടിക്കമ്പനി നടത്തുന്ന  പലിശക്കാരന്‍ ഫ്രാന്‍സിസിന്റെ  ഭാര്യ അന്നാ ഫ്രാന്‍സിസാണ് ആ കറുകറുമ്പിയ്ക്ക് ലിസ എന്ന് പേരിട്ടത്. 

“ ആ ചെക്കന്‍ ചുള്ളനാ ട്ടാ . പെണ്ണ് പോരാ. ന്നാലോ... എപ്പഴും എന്നെ കരിമ്പൂച്ചാന്നു പറഞ്ഞു കല്ലെടുത്തെറിയും ന്നേ ” എന്ന് ലിസ വീണ്ടും അമലയെപ്പറ്റി പരാതി തുടങ്ങിയപ്പോള്‍  “ബ്രിട്ടീഷുകാരോടുള്ള വിധേയത്വത്തിന്റെ ബാക്കിയാണ് മനുഷ്യരുടെ കറുത്താല്‍ മോശമാണെന്ന ചിന്താഗതി, നമുക്കങ്ങനെ വല്ല പ്രശ്നവുമുണ്ടോ ?” എന്ന്  അലക്സാന്റര്‍  വിശദീകരിച്ചു ലിസയെ സമാധാനിപ്പിച്ചു.

“ ഏതു നേരോം ലാപ് ടോപ്പും തൊറന്നു ആ ചെക്കനോട് സൊറ പറഞ്ഞോണ്ടിരുന്നാ പരീക്ഷയ്ക്ക് തോല്‍ക്കാതിരിയ്ക്കുമോ? അതിനു നമ്മളെ കുറ്റം പറഞ്ഞിട്ടെന്തുവാ കാര്യം? അല്ലേലും ഈ മനുഷേരങ്ങനാ. സൊന്തം തെററിനൊക്കെ മറ്റുള്ളോരെ കുറ്റം പറേം” എന്ന മാഗിയുടെ അഭിപ്രായം അലക്സാന്റര്‍ അല്പം പുച്ഛത്തോടെയാണ് കേട്ടത്.

റിട്ട: കേണല്‍ പ്രതാപചന്ദ്രമേനോന്റെ വീട്ടിലെ അന്തേവാസി ദുര്‍വ്വാസാവ്‌ ആരെയും ശ്രദ്ധിയ്ക്കാതെ അതിലെ നടന്നു പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് പോയി പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ ഇരുന്നു .അയാളുടെ പതിവ് സ്ഥലവും സമയവും ആയിരുന്നു അത്. അയാള്‍ നടന്നുപോയ്ക്കഴിയും വരെ എല്ലാവരും നിശ്ശബ്ദരായിരുന്നു. 
“ ഓ, ചുമ്മായിരിയ്ക്കാനാണേ എന്നാത്തിനാ കെട്ടിയെടുത്തെ ” എന്ന് മാഗി വെറുപ്പോടെ മുറുമുറുത്തു. സാധാരണ പട്ടാളക്കാരെപ്പോലെ  പട്ടാളക്കഥകള്‍ പറയാന്‍ ഇഷ്ടമുള്ള ആളായിരുന്നില്ല മേനോന്‍.  എന്നല്ല ആരെങ്കിലും ആ വിഷയം സംസാരിച്ചാല്‍ ഭയങ്കരമായി ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെപ്പറ്റി ആര്‍ക്കും ഒന്നുമറിയു മായിരുന്നില്ല . ആരുമായും ഒരു സൌഹൃദവും പുലര്‍ത്താതെ ഒറ്റയ്ക്ക് ജീവിയ്ക്കുക യായിരുന്നു അദ്ദേഹം. കോളനിയുടെ പ്രസിഡന്റ്  എന്ന നിലയില്‍ ഒരിയ്ക്കല്‍ പരിചയപ്പെടാന്‍ പോയപ്പോള്‍ രഘുനന്ദന്‍  ഡോക്ടര്‍ക്കുണ്ടായ തിക്താനുഭവം കാരണം ആരും പിന്നെ അതിനു ശ്രമിച്ചതുമില്ല. 

മേനോനും ഒരു വേലക്കാരനും ദുര്‍വ്വാസാവും ആ വീട്ടില്‍  യാതൊരു ബന്ധവുമില്ലാത്ത വരെപ്പോലെ പരസ്പരം മിണ്ടാതെ ജീവിച്ചു. എപ്പോഴും മിണ്ടാതിരിയ്ക്കുകയും തീരെ അസഹ്യമെന്നു തോന്നുമ്പോള്‍  മാത്രം കോപിച്ച് അക്രമാസക്തനാകുകയും ചെയ്യുന്നത് കൊണ്ട്  പൂച്ചകള്‍ തന്നെയാണ് ദുര്‍വ്വാസാവിന് ആ പേരിട്ടത്. അതിന്റെ നേതൃത്വം നിശ്ശബ്ദമായേറ്റെടുത്തത് സുജാതയായിരുന്നു. എപ്പോഴും മറ്റു വീടുകളുടെ വാതില്‍ക്കലും, ജനാലയ്ക്കലും  പോയി കണ്ണുമടച്ച് ചെവി കൂര്‍പ്പിച്ച് പതുങ്ങിയിരുന്ന് വാര്‍ത്താശേഖരണം നടത്തിയിരുന്ന മാഗി അത്തരമൊരു ശ്രമം കേണലിന്റെ വീട്ടിലും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒററയ്ക്കിരുന്നു സംസാരിയ്ക്കുന്ന കേണല്‍ ഇടയ്ക്കിടെ ദീര്‍ഘ നിശ്വാസത്തോടെ ‘ എവ് രി തിങ്  ലോസ്റ്റ്‌ ’  എന്ന് പറഞ്ഞത് മാത്രമാണ് മാഗിയ്ക്ക് പിടിച്ചെടുക്കാനായത്.  ജിജ്ഞാസ സഹിയ്ക്കാതെ വന്നപ്പോള്‍ ഒരിയ്ക്കല്‍ മാഗി നേരിട്ട്  ദുര്‍വ്വാസാവിനോട് കേണലിന്റെ വാര്‍ത്തകള്‍ ചോദിച്ചു. അന്നത്തെ ദുര്‍വ്വാസാവിന്റെ പ്രകടനം കണ്ടു മാഗി പേടിച്ചോടി . അത് മാഗിയ്ക്ക് തീരാത്തൊരപമാനമായിപ്പോയി. അതിന്റെ വെറുപ്പ് എന്നും മാഗിയ്ക്ക് അയാളോടുണ്ടായിരുന്നു..

പൂച്ചക്കണ്ണൊന്നു  വെട്ടിച്ച് അല്പമൊന്നു കുണുങ്ങിക്കൊണ്ട്  അപ്പോഴെത്തിയ ഹസീന റോസിയെ തിരഞ്ഞു. വീടിന്റെ മുകളിലെ നിലയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന റസീനസുല്‍ത്താന്റെ  സന്തതസഹചാരിയായിരുന്നു ഹസീന. തൂവെള്ള നിറവും നീണ്ട രോമങ്ങളും നീലക്കണ്ണുകളുമുളള ഹസീനയെ റസീനയ്ക്ക് നല്ല ഇഷ്ടമായിരുന്നു.അവളുടെ കഴുത്തില്‍ അവര്‍ ചുവന്ന സാറ്റിന്‍  റിബണ്‍  കൊണ്ടൊരു ബോ കെട്ടിക്കൊടുത്തിരുന്നു. കുറച്ച് സ്വാതന്ത്ര്യമൊക്കെ കൊടുത്തിരുന്നുവെങ്കിലും കോളനിയിലെ മറ്റു പൂച്ചകളുടെ കൂടെ അവള്‍  നടക്കുന്നത്  അവര്‍ക്കിഷ്ടമായിരുന്നില്ല. താനൊരു ഹൂറിയാണെന്നതില്‍ സന്തോഷമുണ്ടായിരുന്നുവെങ്കിലും ഹസീന മറ്റു പൂച്ചകളുമായി സൗഹൃദം പുലര്‍ത്തുന്നതില്‍  മടി കാണിച്ചിരുന്നില്ല.

“ ഓ! മീനു നീയെന്നതാടീ ഇത്രേം വൈകിയേ ? ആ ഹസീന നിന്നേം തെരഞ്ഞ് നടപ്പുണ്ടായിരുന്നല്ലോ? ” വൈകിയെത്തിയ മീനുവിനെ മാഗി ചോദ്യം ചെയ്തു. അബ്കാരി കോണ്‍ട്രാക്ടര്‍  ലക്ഷ്മണന്‍ മുതലാളിയുടെ വീട്ടിലാണ് മീനു താമസിയ്ക്കുന്നത്. “ തന്നേ..ന്നിട്ട് അവളെവിടീ ? ഞാനിത്തിരി അപ്പളെ റസീനത്താത്താന്റെ വീട്ടിയ്ക്ക് അവളിനേം നോക്കി പോയിരുന്നു. ത്താത്ത മീറ്റിങ്ങിനു പുഗ്ഗാണ് ന്നും പറഞ്ഞ് മൊകത്തെന്തോ ഭങ്ങി കൂട്ടാന്‍ ളള മെരുന്നും തേച്ചിരിയ്ക്കായിരുന്നു.എന്നെ കണ്ടപ്പോ വൃത്തികെട്ട പൂച്ചാന്നും പറഞ്ഞ് മുടുക്കി വിട്ടു.എന്താണ് വേ ആ  ത്താത്ത എന്നെ കാണുമ്പ കാണുമ്പ നെലവിളിച്ച് ഓട്ടിവിടും.കര്‍ര്‍ര്‍മ്മം .. അവര്ക്ക് ഹസീനനെ ത്തന്നെ ഇഷ്ടോള്ളൂ ല്ലേ” എന്ന് സംഭവവിവരണം നടത്തിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ചെടിയുടെ മറവില്‍ ഹസീനയും റോസിയും എന്തോ പറഞ്ഞ് ചിരിയ്ക്കുന്നത് മീനു കണ്ടത്. “ എന്താണ്ടീ ഹസീനാ നീ അവ്ടിര്ന്ന് കൂട്ടം കൂടണത്..ഇങ്ങട്ട് വാ ”  എന്ന് പറഞ്ഞു കൊണ്ട് മീനു അവരുടെ അടുത്തേയ്ക്ക് നീങ്ങാനൊരുങ്ങിയപ്പോഴേയ്ക്കും  കോസ്മോസിനപ്പുറം മറഞ്ഞിരുന്ന റോസിയെ ഹസീന ആരംഭപ്പുതുനാരി ഇതാ വരുന്നേ എന്ന മട്ടില്‍  പിടിച്ചു വലിച്ചും തള്ളിയും കൊണ്ടുവന്നു. പലതും പറയാന്‍ തോന്നിയെങ്കിലും അലക്സാന്റര്‍  കൂടെയുള്ളതു കൊണ്ട്  മാഗി അതൊരസ്വസ്ഥതയോടെ വിഴുങ്ങി നഖങ്ങള്‍ നിലത്തുരച്ചു കൊണ്ട്  നിന്നു. 

“ ഞമ്മളെ റാണി മെലിഞ്ഞപ്പോ മൊഞ്ചിത്തിരി കൂടീരിയ്ക്ക്ണ് ” എന്ന് ഹസീന പറഞ്ഞപ്പോള്‍ സഹിയ്ക്ക വയ്യാതെ “ ഓ ,അവളാ ഡോക്ടര്‍ടെ സാമ്പിള് കിട്ടണ  ടോണിക്കിന്റെ കുപ്പികള്  തട്ടി മറിച്ചിട്ടു പൊട്ടിച്ച് നക്കിക്കുടിയ്ക്കും. അതിന്റെ മിനുപ്പല്യോ കാണണത് ” എന്ന് മാഗി പറഞ്ഞുപോയി. “ മനുഷ്യര്‍ സംഘം ചേരുമ്പോള്‍  പരസ്പരം കുറ്റം പറയും. നമ്മള്‍ നമ്മളെ കുറ്റം പറയാറില്ല. അതാണ്‌ മൃഗങ്ങളുടെ സവിശേഷത” സോഷ്യോളജി പ്രൊഫസര്‍  അനന്തന്‍ നമ്പ്യാരുടെ വീട്ടിലെ അന്തേവാസിയായ അലക്സാന്റര്‍ കാര്യഗൌരവത്തൊടെ മാഗിയെ ഒന്നിരുത്തിനോക്കിക്കൊണ്ട്  പറഞ്ഞു. 

“ഈ മനുഷ്യര്‍ക്കല്ലേലും നമ്മളേക്കാളിഷ്ടം നായ്ക്കള്യാ .ഇന്നാള് അന്നമ്മച്ചി കെട്ട്യോനോട് പറയണ കേട്ടു , പൂച്ചോളേക്കാളും നമ്മളോടിഷ്ടം നായ്ക്കള്‍ക്കാന്ന് . എനിയ്ക്കീ നായ്ക്കളെ കണ്ടൂടാ. എപ്പഴും എന്തേലും അത്യാവശ്യം ളള പോലെ അങ്ങട്ടയ്ക്കും ഇങ്ങട്ടയ്ക്കും ഓടിക്കൊണ്ടിരിയ്ക്കും. , കെതച്ചോണ്ട് . വെറ്തേ  കൊരച്ച് എല്ലാരേം പേടിപ്പിയ്ക്കേം ചെയ്യും. എന്തേലും ചെയ്യണെങ്കി അതിത്തിരി സമാധാനായിട്ടങ്ങട്ട് ചെയ്തൂടെ .അല്ലേലും ഈ  അന്നമ്മച്ചിയ്ക്കെന്തിനാ നമ്മടെ ഇഷ്ടം? അയിനു കെട്ട്യോനില്ലേ .ഇനി നമ്മടെ ഇഷ്ടോം  കൂടി വേണോ?”  -മാര്‍ജ്ജാര വംശമൊഴികെ മറ്റൊന്നിനെയും ഇഷ്ടപ്പെടാന്‍ കഴിയാത്ത ലിസ പറഞ്ഞു.  

“ഹും! നമ്മടെ വംശത്തില്‍ പെട്ടോരെ ഇവര്‍ക്ക് ശരിയ്ക്കറിയാഞ്ഞിട്ടാ കാട്ടിലെ രാജാക്കന്മാരാ അവര് ” എന്ന് മാഗി തന്റെ അരമുറിവിജ്ഞാനം വിളമ്പിയപ്പോള്‍   
“ ഞാനൊരു ബാലനശക്തനെന്നാകിലും മാനിയാമെന്നുടെ താതനെയോര്‍ക്ക നീ ” എന്ന മട്ടില്‍  ഗോത്രവര്‍ഗ്ഗസ്മൃതിയില്‍ മുഴുകി ലിസ അന്തസ്സോടെ നിന്നു.

“ ഇന്നാളു ഒരു പൂച്ചയ്ക്ക് എന്തോ വലിയ അസുഖം വന്നപ്പോ ചോര കൊടുത്തത് ഒരു നായട്യാത്രേ .ആണ്‍ടി പത്രം  നോക്കി  വായിയ്ക്കണത് ഞാങ്കേട്ടൂലോ ” സുജാതയുടെ പൊതുവിജ്ഞാനം ആരും ശ്രദ്ധിച്ചില്ല.തന്റെ പതിവ് സമയം കഴിഞ്ഞപ്പോള്‍ ദുര്‍വ്വാസാവ് വന്ന പോലെ തന്നെ ആരെയും നോക്കാതെ എഴുനേറ്റു പോയതും ആരും ശ്രദ്ധിച്ചില്ല.

“ എന്നാലും മനുഷ്യര്‍ക്കിടയില്‍ നമുക്കല്‍പം സ്ഥാനമൊക്കെയുണ്ട്. അന്നനടയുടേയും, ആനനടയുടേയും കാലമൊക്കെ പോയി. ഇപ്പോള്‍ പൂച്ചനടയാണ് അവരുടെ ഫാഷന്‍ ”. എന്ന് അലക്സാന്റര്‍ പറഞ്ഞപ്പോള്‍  “ മനുഷേരു നമ്മടെ കൂട്ട് നടക്കുമോ ?” എന്ന് മാഗി യുടെ ജിജ്ഞാസ പുറത്തു ചാടി. 

“ ഓ! നമ്മളെപ്പോല്യൊന്ന്വല്ലാന്നേ . ഞാന്‍ കണ്ടിട്ടുണ്ട് , അന്നമ്മച്ചി ജയന്റെം, സീമേടേം  സിനിമ വേണമെന്ന് പറഞ്ഞു ചാനലങ്ങനെ മാററി ക്കൊണ്ടിരിയ്ക്കുമ്പഴേ ഒരു ഫാഷന്‍ ചാനലുണ്ട്,അതില്... ഓരോ മെലിഞ്ഞു നീണ്ട പെണ്ണുങ്ങള്‍  ഓരോ വെഷോം കെട്ടി ഞെളിഞ്ഞും പിരിഞ്ഞും നടന്നു വന്ന് വളഞ്ഞു കുത്ത്യൊരു നിപ്പാ നിക്കും. അങ്ങന്യാ നമ്മള് നടക്ക്വാ ? എന്നിട്ടേ... ക്യാറ്റ് വാക്ക്  ന്നാ അവരതിന് പേരിട്ടിരിയ്ക്കണെ . ഓരോന്നിന്റെ വേഷം കണ്ടാ കുനിച്ചു നിര്‍ത്തി നടൂമ്പൊറത്തൊന്നാ പൂശാന്തോന്നും. വെറുത്യല്ലാ ഇവറ്റോള്‍ടെടേല് പീഡനൊക്കെ നടക്കണതേ ” എന്ന് ലിസ നീരസത്തോടെ വിശദീകരിച്ചു.

“ ഞമ്മക്ക് പടച്ചോന്‍ വരേം കുറീം പുള്ളീമോക്കെയായിട്ട് കറുപ്പും വെള്ളേം ബ്രൌണും ചാരോക്കെ നെറത്തില് നല്ല മൊഞ്ച് തന്നിട്ട്ണ്ടല്ലോ . മന്സമ്മാര്ക്ക് അതൊന്നൂല്യാത്തോണ്ട് ഓര് അങ്ങനെളള തുണ്യോണ്ട് നല്ല ലങ്കണ കുപ്പായങ്ങട്ട്  ണ്ടാക്കിയിടും .അത്രേന്നെ. അല്ലാണ്ടെന്താക്കാനാ ” എന്ന ഹസീനയുടെ സുന്ദരമായ അഭിപ്രായം ശ്രദ്ധിയ്ക്കാതെ “ ഡ്രസ് കോഡിന്റെ കാര്യം ഒരു പരിധി വരെ ശരിയായിരിയ്ക്കാം. പക്ഷേ വയസ്സായ മുത്തശ്ശിമാരെയും , ജനിച്ചധികമായിട്ടില്ലാത്ത കൊച്ചുകുഞ്ഞുങ്ങളേയുമൊക്കെ പീഡിപ്പിയ്ക്കുന്നത്  ഡ്രസ് കോഡിന്റെ കുഴപ്പം കൊണ്ടാണോ? ”   എന്ന് കിററി ധാര്‍മ്മികരോഷം പ്രകടിപ്പിച്ചു.

“ കുറച്ച് വിശേഷബുദ്ധിയുണ്ടെന്ന തോന്നലും ഉടുപ്പും പഠിപ്പും പത്രാസുമോക്കെയായപ്പോള്‍ മനുഷ്യര്‍ക്ക്‌ എന്തും കാണിയ്ക്കാം എന്നായി.  അച്ഛനമ്മമാര്‍ക്ക് മക്കളെ നോക്കാന് വയ്യ,  മക്കള്‍ക്ക്  അച്ഛനമ്മമാരെ നോക്കാന്‍ വയ്യ – എന്നാല്‍ പിടി വിടുമോ ,അതുമില്ല. നമ്മള്‍  സ്വന്തം കാര്യം നോക്കാറായ മക്കളെ പിന്നെ പിടിച്ചു വെയ്ക്കുമോ? അവര്‍  സ്വയം  അവരുടെ കാര്യം നോക്കട്ടെ എന്ന് വെയ്ക്കും. അതാണ്‌ പ്രകൃതി നിയമം. മനുഷ്യര്‍ക്ക്   പ്രകൃതി നിയമമല്ല, അവരുണ്ടാക്കിയ നിയമങ്ങളാണ്. അത് തന്നെയാണ് കുഴപ്പം. കല്യാണം, സ്ത്രീധനം ,സ്വത്തു തര്‍ക്കം ,കൊലപാതകം, പീഡനം.... എന്തൊക്കെയാണ് ? നമുക്കാണെങ്കില്‍ കല്യാണമില്ല, സ്ത്രീധനമില്ല, പീഡനമില്ല ,വൃദ്ധസദനമില്ല ...ഒന്നുമില്ല, സുഖം. വിശേഷബുദ്ധിയൊന്നും ഇല്ലാതിരിയ്ക്കുന്നത് തന്നെയാ നല്ലത് .അല്ല, ഇനി ഭാവിയിലെന്താകുമെന്നു പറയാന്‍ കഴിയില്ല. നമുക്കിപ്പോള്‍ പൂച്ചത്തമൊക്കെപ്പോയി മനുഷ്യത്വമല്ലേ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത് ?” 

അലക്സാന്ററുടെ സാമാന്യം നീണ്ട അഭിപ്രായപ്രകടനം കേട്ടപ്പോള്‍  “ മനുഷ്യര്‍ക്കന്നെല്യാ മനുഷ്യത്വം, പിന്ന്യല്ലേ പൂച്ചോള്‍ക്ക് ” എന്ന് ലിസ അതൃപ്തിയോടെ മുറുമുറുത്തു. 
“ ഇയാളെന്നാ വര്‍ത്തമാനമാ ഈ പറയുന്നെ ആ പ്രൊഫസര്‍ടെ കൂട്ട് ഇയാക്കും വട്ടായിക്കാണും ” എന്ന്  കേട്ടതിന്റെ അര്‍ത്ഥമൊന്നും മനസ്സിലാക്കാനാകാതെ മാഗി മുരണ്ടു. “ റൊമ്പ സറി താന്‍ .നമ്മള്‍ സാപ്പിടറതെന്നാ ?അവരോട സാപ്പാട് താനേ ” .വെങ്കിടി അലക്സാന്ററുടെ അഭിപ്രായം  ശരി വെച്ചു. “ അത് ശര്യാട്ടോ. ഇവര്ടെ ഈ വൃത്തിളള വീട്ടില് എലി പോയിട്ട് ഒരു പല്ല്യേം കൂടി കാണാന്‍ കിട്ടില്യേയ്. ഞാനെല്യേപ്പററി ഓര്‍ക്കണതന്നെ അമലടെ മുടി കാണുമ്പഴാ ” സുജാതയും പിന്താങ്ങി.     

വിഷയമൊന്നു മാറ്റാമെന്ന് കരുതി ഹസീന “ അല്ല, അലക്സാന്ററിക്കാ, ങ്ങളെ പ്രൊഫസറ് മീറ്റിങ്ങിന് പോയിരിയ്ക്ക്ണാ ” എന്ന് ചോദിച്ചു. “ ഓ...ഓറ്  ആടെ പോയിനി . മാഷിന്റെ ഒപ്പരം ”  എന്ന് എന്താ ഇത്ര സംശയം എന്ന ഭാവത്തില്‍ അലക്സാന്റര്‍  മറുപടി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അലക്സാന്റര്‍ സംസാരഭാഷയാണുപയോഗിച്ചിരു ന്നത് .

“ റോസി, നീയെന്നാ ഒന്നും മിണ്ടാത്തെ ” അപ്പോഴും ജാള്യത വിടാതെ പതുങ്ങിയിരിയ്ക്കു കയായിരുന്ന റോസിയെ മാഗിയുടെ ചോദ്യം ചെയ്യല്‍  കൂടുതല്‍ വിവശയാക്കി. “ആ ഹെലന്‍ റൊസാരിയോയുടെ സംസാരമാണിവളെ ഇത്രയും റൊമാന്റിക്കാക്കി മാറ്റിയത്” – കിററി ഒരു കുറ്റാരോപണത്തിന്റെ ഭാവത്തോടെ പറഞ്ഞു തുടങ്ങി. 

ഒറ്റയ്ക്ക് ജീവിയ്ക്കുന്ന വിധവയായ ഹെലന് സംസാരിയ്ക്കാനുള്ള ഒരു കൂട്ടായിരുന്നു റോസി. ഒരു സുഹൃത്തിനോടെന്ന പോലെ അവര്‍ തന്റെ പ്രണയകഥകള്‍ റോസിയോടു പറഞ്ഞു കൊണ്ടിരിയ്ക്കും. റൊസാരിയോ വളരെ പാവമായിരുന്നെന്നും തന്നെ ഒരുപാടിഷ്ടമായിരുന്നെന്നുമൊക്കെ  പറയുമ്പോള്‍ അവര്‍ കരഞ്ഞുപോകുമായിരുന്നു. ‘ ഓ! ജീസസ് ’ എന്ന് ഇടയ്ക്കിടെ പറഞ്ഞു കണ്ണുകളടച്ച് അവര്‍ കുറെ നേരം മിണ്ടാതിരിയ്ക്കും. പിന്നെ വീണ്ടും തുടങ്ങും. എന്നും ആ സംസാരം അവസാനിപ്പിയ്ക്കുക റൊസാരിയോ തനിയ്ക്ക് പഠിപ്പിച്ചു തന്ന പാട്ട് ഒരു പഴയ പിയാനോയില്‍ വായിച്ചു കൊണ്ടാണ്. ദുഃഖഛായയുളള ആ പാട്ട് കേള്‍ക്കുമ്പോള്‍ റോസിയ്ക്ക് കരച്ചില്‍ വരും. അവള്‍ ഹെലന്റെ കാലുകളില്‍ മുട്ടിയുരുമ്മിക്കൊണ്ട് അവരെ ആശ്വസിപ്പിയ്ക്കും. ആ പാട്ടും മനസ്സില്‍ മൂളിക്കൊണ്ട് നടക്കുമ്പോഴാണ് അവള്‍ ജാക്കിയെ പരിചയപ്പെടുന്നത്. ക്രിമിനല്‍ ലോയര്‍ രാജേന്ദ്രന്റെ വീട്ടിലാണ് ജാക്കിയുടെ താമസം. പണത്തിനു വേണ്ടി ഏതു കേസും വാദിയ്ക്കുന്ന ,സദാ കക്ഷികളും കോടതിയുമായി തിരക്കില്‍ മുഴുകി ജീവിയ്ക്കുന്ന അയാള്‍ മഹാ അഹങ്കാരിയായിരുന്നു.ആരോടും സംസാരിയ്ക്കില്ല,അഥവാ സംസാരിച്ചാല്‍ അത് വഴക്ക് കൂടാനായിരിയ്ക്കും. യഥാ രാജാ തഥാ പ്രജാ എന്ന പ്രമാണം അന്വര്‍ത്ഥമാക്കി യിരുന്നു ജാക്കി. റൊസാരിയോയുമായി യാതൊരു സാമ്യവുമില്ലെങ്കിലും ജാക്കിയുമായി അവള്‍ പ്രണയത്തിലായി. കാഴ്ചയില്‍ ഒരു പുലിക്കുട്ടിയെപ്പോലെയിരിയ്ക്കുന്ന വഴക്കാളി ജാക്കിയും പാവം റോസിയും തമ്മിലുള്ള ബന്ധം ആ കോളനിയിലെ മറ്റു പൂച്ചകള്‍ക്കിഷ്ട മായിരുന്നില്ല. 

ഒരു സാമൂഹ്യപ്രവര്‍ത്തകയായ അയനാ മേനോന്റെ സഹാജീവിയായതുകൊണ്ട് കിററി കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുമായിരുന്നു. ജീന്‍സും അയഞ്ഞ പരുക്കന്‍ തുണി കൊണ്ടുള്ള കുര്‍ത്തയും ഒരു തുണിസ്സഞ്ചിയുമായി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സമയം കഴിയ്ക്കുന്ന  അയനയുടെ റഫ്  ആന്‍ഡ്  ടഫ്  നേച്ചര്‍  പുലര്‍ത്തിയിരുന്നു കിററിയും. എന്നല്ല കിററിയ്ക്ക് തന്റെ വീട്ടുകാരിയോട് വല്ലാത്ത ആരാധനയുമായിരുന്നു. അതറിയാമായിരുന്ന മാഗി അലക്സാന്ററും കിററിയും ഇവിടെ വന്നില്ലായിരുന്നെങ്കില്‍ തന്റെ സര്‍വ്വാധിപത്യം നടപ്പിലാവുമായിരുന്നല്ലോ എന്നോര്‍ത്ത് , നീരസത്തോടെ അയനാമേനോന്റെ കുറ്റങ്ങള്‍ പറയാന്‍ തുടങ്ങി. 

“ വേഷം കണ്ടാല്‍ ആണോ പെണ്ണോ എന്ന് മനസ്സിലാവില്ല , വീട്ടുകാര്യങ്ങളൊന്നും ശ്രദ്ധിയ്ക്കില്ല, ഏതു നേരോം കറങ്ങി നടക്കും, ഇങ്ങനെയാണോ പെണ്ണുങ്ങള് ” എന്ന് മാഗി തുടങ്ങിയപ്പോഴേയ്ക്കും “ ആര് പറഞ്ഞു ? ഒരു സോഷ്യല്‍ വര്‍ക്കറാണെന്നു വെച്ച് ഇങ്ങനെ വിമര്‍ശിയ്ക്കുന്നത് ശരിയല്ല. അയനാ മാഡം വീട്ടുകാര്യങ്ങളൊക്കെ നന്നായി നോക്കും. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമെന്നല്ല എന്റെ കാര്യത്തിലും  കൂടി മാഡത്തിനു നല്ല ശ്രദ്ധയാ. പിന്നെ ആള്‍ക്കാരെ സഹായിയ്ക്കുന്നതും വേണ്ടിടത്ത് പ്രതികരിയ്ക്കു ന്നതുമൊക്കെ തെറ്റാണോ? അങ്ങനെയാകണം സ്ത്രീകള്‍. പ്രതികരണശേഷിയില്ലാ ഞ്ഞിട്ടാ ഈ മനുഷ്യര്‍ക്കിടയില്‍ സ്ത്രീ പീഡനോം, പ്രശ്നങ്ങളുമൊക്കെ. ഇനി മുടി ബോബ് ചെയ്തതാണോ പ്രശ്നം? അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യങ്ങള്‍. നമുക്കിടയിലുമില്ലേ വാലിനു നീളം കുറഞ്ഞവരും രോമം കുറഞ്ഞവരുമൊക്കെ. മാഡത്തിന്റെ ഭര്‍ത്താവാണെങ്കില്‍  എല്ലാറ്റിനും നല്ല സപ്പോട്ടാ. അദ്ദേഹത്തിനില്ലാത്ത പ്രശ്നമെന്തിനാണാവോ മററുള്ളോര്‍ക്ക് ?”  എന്ന്  കിററി ചുട്ട മറുപടിയുമായെത്തി.  

തന്റെ നീളം കുറഞ്ഞ് രോമം കൊഴിഞ്ഞ വാലിലേയ്ക്കൊന്നിടംകണ്ണിട്ടു നോക്കി മറച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കേ  അലക്സാന്ററുടെ അഭിനന്ദനസൂചകമായ നോട്ടം കിററിയുടെ നേര്‍ക്ക്‌ നീളുന്നത് കണ്ടപ്പോള്‍ മാഗിയ്ക്ക് കലി കയറി. ‘ മനുഷേരായിരുന്നേല് ഇപ്പം എന്തെല്ലാം പറയുമായിരുന്നു’ എന്ന് മാഗി ചിന്തിയ്ക്കുമ്പോഴായിരുന്നു സുജാതയുടെ അഭിപ്രായപ്രകടനം.

“ ശര്യാ. ന്റെ മാഷ്‌ പറയാറ്ണ്ട് അയന നല്ലൊരു കുട്ട്യാന്ന് ” ഓ! എപ്പോഴും വീട്ടിത്തന്നെയിരിയ്ക്കണ മാഷ്ക്ക് ഇതൊക്കെ എങ്ങനെ അറിയാനാ? ” എന്ന് മാഗി സുജാതയുടെ വായടച്ച് കിററിയോട് തോററതിന്റെ ക്ഷീണം തീര്‍ക്കാമെന്ന് കരുതി. 

“ മാഷ്‌ കൂട്ടുകൂടി നടക്കില്യാന്നേള്ളൂ എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ്യാ . കോളനീടെ കാര്യങ്ങള്‍ക്കൊക്കെ അപ്ളിക്കേഷന്‍ എഴ്തികൊടുക്കണതാരാ ? മാഷന്നെ. നല്ല ഭാഷേം, നല്ല കയ്യക്ഷരോം .നമ്മടെ ഈ പാര്‍ക്കന്നെ ഇങ്ങനിടര്ത് , നല്ലൊരു പൂന്തോട്ടം ണ്ടാക്കണം ന്നൊക്കെ ഇബടെ ആകെ പറയാറ്ളളത് മാഷാ. മാഷ്‌ നല്ലൊരു കലാകാരനാണേയ് ”    എന്ന് സുജാത പതിവില്ലാതെ വാചാലയായി. അതോടെ ഓരോരുത്തരും സ്വന്തം വീട്ടുകാരെപ്പറ്റി പുകഴ്ത്താന്‍ തുടങ്ങി. 

ഏതു നേരവും കുടിച്ചു കുന്തം മറിഞ്ഞിരിയ്ക്കുന്ന തന്റെ എഞ്ചിനീയറേയും നിര്‍ത്താതെ കലഹിച്ചു കൊണ്ടിരിയ്ക്കുന്ന ഭാര്യയേയും കുരുത്തക്കേടിനു മാത്രമായി പിറന്ന സവിശേഷ ജന്മങ്ങളായ രണ്ടു പുത്രന്മാരെയും എല്ലാവര്‍ക്കും അറിയാമെന്നതു കൊണ്ടും തനിയ്ക്ക് തന്നെ അവരെ ഇഷ്ടമല്ലെന്നതു കൊണ്ടും മാഗി ഒന്നും പറഞ്ഞില്ല.  

“ ഈശോ! ഈ കിടാങ്ങടെ ഒരു കാര്യം , എന്തോരൊച്ചയാ ” എന്ന്  ലിസ പറഞ്ഞ പ്പോഴാണ് എല്ലാവരും ആ ബഹളത്തിലേയ്ക്ക് ചെവി തിരിച്ചത്. പൂച്ചക്കുഞ്ഞുങ്ങളുടെ ഒരു വലിയ സംഘം അവിടെ പാര്‍ക്കിന്റെ നവീകരണത്തിനെന്നു പറഞ്ഞ് എന്നോ കൊണ്ടു വന്നു കൂട്ടിയിട്ടിരുന്ന മണലില്‍ കുത്തിമറിഞ്ഞും ചാടിയും കളിയ്ക്കുകയായിരുന്നു. ഇടയ്ക്ക് ചില കൊച്ചു വീരന്മാര്‍ ചീറിക്കൊണ്ട് പരസ്പരം നോക്കുകയും മുരണ്ടു കൊണ്ട് കടിപിടി കൂടുകയുമൊക്കെ ചെയ്തിരുന്നു.

 “ നമ്മടെ രാജേന്ദ്രന്‍ വക്കീലിന്റെ എരട്ടക്കുട്ട്യോള് എപ്പഴും ഇങ്ങനെത്തന്ന്യാ .നശൂലങ്ങള് . ഗതികെട്ടിട്ട് വക്കീലിന്റെ ഭാര്യ രണ്ടിനേം കൊണ്ട്വോയി ഡേ കെയറിലാക്കി. ശല്യം കൊറേ നേരം അവട്യങ്ങ്ടു തീരട്ടേന്നു പറേണ കേട്ടു . നമ്മളെന്തൂട്ടാക്കാനാ, ഇവറ്റോളെ ഡേ കെയറിലും സ്കൂളില്വൊന്നും വിടാനും പററില്യാലോ”  ലിസയുടെ അഭിപ്രായത്തെ അസഹ്യഭാവത്തില്‍  എല്ലാവരും പിന്താങ്ങി. 

“ അതാ പെണ്ണുമ്പിളളയ്ക്ക് പാട്ട് കേക്കാന്‍ വേണ്ടീട്ടാ കേട്ടോ. അവര് പാട്ട് കേട്ടോണ്ടാ പണിയെടുക്കുക. മെലഡിയാണേല് പണി പതുക്കെയേ തീരത്തൊള്ളൂ. ഫാസ്ടാണേല്  രണ്ടു മണിക്കൂറോണ്ട് പണിയെല്ലാം കഴിച്ച് ദിവാനില് കെടന്നോണ്ട് ടി.വി. കാണും ” മാഗിയ്ക്ക് അവരുടെ ദിനചര്യയെല്ലാം നന്നായി അറിയാമായിരുന്നു.

ഇങ്ങനെ പാര്‍ക്കില്‍ മാര്‍ജ്ജാരസംഗമം വളരെ സരസമായും ശാന്തമായും നടക്കുമ്പോള്‍  കോളനി വാസികളുടെ ആന്വല്‍  ഡേ സമാപിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. അമലയുടെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാന്‍സും , എഞ്ചിനിയറുടെ പുത്രന്മാരുടെ മിമിക്രിയും , രാഹുലിന്റെ ഗിറ്റാര്‍ വായനയോടോപ്പമുള്ള മൂണ്‍ വാക്കും പ്രകടനങ്ങളു മൊക്കെയായി കലാപരിപാടികള്‍ കൊടുമ്പിരിക്കൊണ്ട് അവസാനിയ്ക്കുമ്പോള്‍ മുതിര്‍ന്നവരും സ്വന്തം കലാപരിപാടികള്‍ ഉപസംഹരിയ്ക്കുകയായിരുന്നു. മക്കള്‍ സുരേഷ് ഗോപിയെ അനുകരിച്ച്  ‘ ഫ! പുല്ലേ ’ എന്ന് പറഞ്ഞപ്പോള്‍ കുടിച്ചു ലക്കു കെട്ടി രിയ്ക്കുന്ന  എഞ്ചിനിയര്‍ അത്  മിമിക്രിയാണെന്നറിയാതെ ശേഷം കാര്യങ്ങള്‍ സ്വയം മെനഞ്ഞെടുത്ത് വിളിച്ചു പറയാന്‍ തുടങ്ങി. അയാളുടെ ഭാര്യ മുഖവും കനപ്പിച്ച് യാത്രയായ പ്പോള്‍ മാഷും അനന്തന്‍ നമ്പ്യാരും കൂടി എഞ്ചിനീയറെ താങ്ങിപ്പിടിച്ച് വീട്ടിലെത്തിച്ചു.

രാജേന്ദ്രന്‍ വക്കീലിന്റെ ലക്ഷ്വറി കാറും അയാളുടെ ഭാര്യയുടെ ഡയമണ്ട് നെക് ലെസ്സും അതിലേറെ വിലപിടിച്ച മേനി പറച്ചിലും കേട്ട് കലി മൂത്ത കാദംബരി ഭദ്രകാളിയെ പോലെ മുന്നിലും “ പഴനിയാണ്ടവാ ,ശക്തിവേല്‍ മുരുഹാ”  എന്നൊക്കെ ജപിച്ചു കൊണ്ട് പഴനിസ്വാമി പിന്നാലെയുമായി യാത്രയായി.

രാത്രിസിനിമയ്ക്ക് സമയമായപ്പോഴേ “ അയ്യോ! അങ്ങോര്‍ക്ക് ഓട്സ് കൊടുക്കാന്‍ സമയമായല്ലോ .ഞാനങ്ങട്ട് ചെല്ലട്ടെ . ഇനി പിന്നെക്കാണാം ട്ടാ”  എന്ന് പറഞ്ഞ് അന്നാ ഫ്രാന്‍സിസ് സ്ഥലംവിട്ടിരുന്നു.

എഞ്ചിനിയറെ വീട്ടിലെത്തിച്ചു വന്ന മാഷ്‌  ടോര്‍ച്ചും തെളിച്ച് ഭാര്യയേയും മകളെയും മുന്നില്‍ നടത്തിക്കൊണ്ടു പോയി. കലാപരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞത് കൊണ്ട് മാത്രം താനവതരിപ്പിച്ച കവിത ആരും ശ്രദ്ധിച്ചതുപോലുമില്ലെന്ന ടീച്ചറുടെ പരാതിയും ആരും ശ്രദ്ധിച്ചില്ല.

ഫങ്ഷന്‍ തുടങ്ങുമ്പോള്‍ വന്ന്  തന്റെ സാന്നിദ്ധ്യമറിയിച്ച് ശേഷം കാര്യങ്ങള്‍ ഭാര്യയ്ക്ക് വിട്ടു കൊടുത്ത് രാജേന്ദ്രന്‍ വക്കീല്‍ നേരത്തെ ഓഫീസ് റൂമില്‍ കയറി വാതിലടച്ചു കഴിഞ്ഞിരുന്നു.

കോളനിയുടെ പ്രസിഡന്‍റ്  രഘുനന്ദന്‍  ഡോക്ടറും സെക്രട്ടറി  അയനാ മേനോനും ഭര്‍ത്താവും കൂടി വിളമ്പുകാരുടെ  ബില്ല് സെറ്റില്‍ ചെയ്ത് നന്ദി പറഞ്ഞ് അവരെ യാത്രയാക്കി. ഐസ്ക്രീമും ചിക്കനുമൊക്കെ കഴിച്ച് വയറു നിറഞ്ഞ് ഉറക്കം തൂങ്ങുന്ന കുട്ടികളെയൊക്കെ വീട്ടില്‍ കയറ്റി എല്ലാവരും യാത്ര പറഞ്ഞ് ഗെയ്ററ് പൂട്ടിത്തുടങ്ങി.

“ ദേ! അവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞു . വെശക്കുന്നില്യോ ആര്‍ക്കും? അവരൊറങ്ങാന്‍ കേറിയാപ്പിന്നെ നമുക്കൊന്നും കിട്ടുകേല കെട്ടോ ” എന്ന് മാഗി വിളിച്ചറിയിച്ചപ്പോഴാണ് എല്ലാവരും വിശപ്പിനെക്കുറിച്ചോര്‍ത്തത്. മാംസഭോജി കളൊക്കെ കൊതിയോടെ ഓടുമ്പോള്‍ സസ്യഭുക്കുകളായ സുജാതയും വെങ്കിടിയും മാത്രം പ്രത്യേകിച്ച് തിരക്കൊന്നുമില്ലെന്ന മട്ടില്‍ പതിയെ നടന്നു. ആണ്‍ടി ബാക്കി വന്ന ഭക്ഷണസാധനങ്ങള്‍ പതിവുപോലെ കവറിലാക്കി പിറകിലെ പടിയില്‍ വെച്ചിട്ടുണ്ടാകു മെന്നറിയാവുന്നതു കൊണ്ട് സുജാതയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ തനിയ്ക്കിന്നു കാദംബരിയുടെ തൊഴി മാത്രമേ ഉണ്ടാകൂ എന്നറിയാമായിരുന്ന വെങ്കിടി ഇന്നത്തെ അത്താഴം സുജാതയുടെ കൂടെയായാലോ എന്നാലോചിയ്ക്കുകയായിരുന്നു.        

(മയില്‍‌പ്പീലി മലയാളം ഇ മാഗസിന്‍ - നവംബര്‍ 2013)

8 comments:

 1. കൊള്ളാലോ കഥ
  പൂച്ചകള്‍ നിരീക്ഷിയ്ക്കുന്നത് എത്ര കൃത്യമായിട്ടാണ്!

  ReplyDelete
 2. ITJ-8 എന്താണന്നു മനസ്സിലായില്ല. പൂച്ചപുരാണം ഇഷ്ടമായി

  ReplyDelete
  Replies
  1. നന്ദി
   ITJ-8 എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. ഫോണ്ടിന്റെ പ്രശ്നമാണോ?

   Delete
 3. പൂച്ചക്കുട്ടികളെ പിടി കിട്ടണമെങ്കില്‍ ഒന്നുകൂടി വായിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. ആകാമല്ലോ. സന്തോഷം

   Delete
 4. നന്നായിട്ടുണ്ടല്ലോ!! :)
  ചിലപ്പോ ഇതുപോലെ പൂച്ചകളും വീട്ടിലെ വിശേഷങ്ങള്‍ അടുത്ത വീട്ടിലെ പൂച്ചകളുമായി സംസാരിക്കുന്നുണ്ടാവുംല്ലേ?? :)

  ReplyDelete