Sunday, February 2, 2014

നിരസ്ത പര്‍വ്വം                                  


ആരുമില്ലെന്നെക്കുറിച്ചൊന്നു പാടുവാന്‍
ആരുമില്ലെന്റെ നേര്‍ക്കൊന്നു നോക്കീടുവാന്‍
വീരനല്ലല്ല യോദ്ധാവുമല്ലല്ലോ ഞാന്‍
സൂതഗാനങ്ങളിലില്ലെന്‍ ചരിതങ്ങള്‍
ദാഹമാണെപ്പോഴും ദാഹ, മെരിയുന്നു
ദൂരേ വരണ്ട മിഴികളുമായമ്മ
ഏകയനാഥയുരുകിയൊടുങ്ങവേ
ദാഹമാണെപ്പോഴും ആത്മാവുഴലുന്നു .

ആര്‍ക്കും പറയുവാനൊന്നുമില്ലെങ്കിലെ -
ന്തൊട്ടുണ്ടെനിയ്ക്കു പറയുവാന്‍ കാര്യങ്ങള്‍
മായാവിയല്ല നക്തഞ്ചരനല്ല ഞാന്‍
കേവലം മര്‍ത്ത്യന ,ഗണ്യ , നവര്‍ണ്ണനാം
കാടിന്റെയുള്‍ത്തുടിപ്പെന്‍  ഹൃത്തുടിപ്പുകള്‍
കാനനപുത്രന്‍ ഘടോല്‍ക്കചന്‍ ഭീമജന്‍ 
ഞാനറിയാതെ ചലിയ്ക്കില്ല പുല്‍ത്തല-
പ്പീവനാന്തങ്ങളില്‍ , പക്ഷേ ഹൃദന്തത്തില്‍
നീറിപ്പുളയുന്നൊരുപാടു ചോദ്യങ്ങള്‍
മാനവന്‍ സൃഷ്ടിച്ച പാഴ്ക്കെടുനീതികള്‍  . 

കാറ്റൊന്നു വീശുമ്പോള്‍ , കാട്ടുപൂവുന്മത്ത
ഗന്ധം പരത്തുമ്പോള്‍ , പാഴ്മുളംതണ്ടുകള്‍
ഏറ്റുപാടുമ്പോളെന്‍  കാതിലെന്നുളളിലും -
ആരവം തിങ്ങു  ,മശാന്ത, മസഹ്യമായ് .
അമ്മ, കാമാര്‍ത്തയായ്  മോഹിനീ വേഷത്തില്‍
രാജസശോഭയിയന്നൊരു വീരനെ
രാജലോഭത്താല്‍ വരിച്ചു പിഴച്ചവള്‍
അച്ഛനമ്മാവനെ കൊന്ന മഹാബലന്‍ . 

ഏറെ പ്രിയയാണെനിയ്ക്കമ്മയെങ്കിലും
നീരസം തോന്നും വെറുതേ പലപ്പോഴും
എപ്പോഴോ ഞാനറിയാതെയെന്നമ്മയോ –
ടപ്രിയം നിന്ദ്യമായെന്തോ  പുലമ്പിയോ 
എന്തിന്നു വേട്ടുവാ ക്ഷത്രിയ വീരനെ ?
എന്തതിമോഹമോ ! രാഗാതിരേകമോ !
ക്ഷത്രപത്നീപദം മോഹിച്ചുവോ ? ക്ഷത്ര -
പുത്രനായ്‌ ഞാന്‍ വാഴുമെന്നു നിനച്ചുവോ ?!

മിണ്ടാതനങ്ങാതെ നേര്‍ത്തൊരു നിശ്വാസ -
മെന്നപോല്‍  വാഴ്വവളന്നു പറഞ്ഞുപോയ് 
രക്തബന്ധത്തിന്റെ പുണ്യമറിയാത്ത
ദുഷ്ടനാമാങ്ങള....വ്യര്‍ത്ഥമെന്‍ ജീവിതം
അല്ലനുരാഗമ, തിമോഹവുമല്ല
ആശ്വാസമാണന്നു ഞാനാഗ്രഹിച്ചതും
അശ്ശക്തി സസ്സാന്ത്വമെന്നെ വിളിയ്ക്കവേ
തള്ളാനശക്ത, വരിച്ചു ഞാന്‍ വീരനെ
ശാശ്വതമല്ല, നുയോജ്യവുമെങ്കിലും
ആശ്രയമറ്റോരിവളെന്തുചെയ്യുവാന്‍ ?

ഒരു വാക്കു പോലും പറയാനരുതാതെ
മറുവാക്കു കേള്‍ക്കാന്‍ കഴിവൊട്ടുമില്ലാതെ
ഏതോ നിയോഗ, മനിവാര്യമാകയാല്‍
നിന്നച്ഛനന്നു പിരിഞ്ഞകന്നപ്പോഴും
ഉറ്റവര്‍ പോലുമകറ്റി നിര്‍ത്തുമ്പോഴും
നഷ്ടബോധത്തിന്റെയാഴമറിഞ്ഞീല
അച്ഛനെപ്പോലതിശക്തനായ്  നീ നില്‍ക്കെ                                  
ഞാനൊരനാഥയെന്നൊട്ടും നിനച്ചീല.
ഉണ്ണീ, യീയമ്മ നിനക്കപമാനമോ
എന്നൊരു തേങ്ങലിലെന്നെ തളര്‍ത്തിയ -
ന്നേറെപ്പറയാതെ എല്ലാം പറഞ്ഞമ്മ
കണ്ണീര്‍ക്കണമൊന്നിലാകേയലിഞ്ഞു പോയ്‌ .  

ഒന്നും പറയാതെ, കണ്ണൊന്നുയര്‍ത്താതെ
ഒന്നുമറിയാതെ, യൊട്ടാശ്വസിയ്ക്കാതെ 
കാട്ടുപൂ പോലുമണിയാതൊരുങ്ങാതെ
കാടിന്നിരുളിലൊതുങ്ങുന്നോരിപ്പാവം
ആരോ ചമച്ചൊരാ വര്‍ണ്ണഭേദങ്ങളി -
ല്ലായിരുന്നെങ്കിലിവള്‍  രാജമാതാവ്
ഐവര്‍ക്കുമഗ്രജപുത്രന്‍  ഘടോല്‍ക്കചന്‍
ആ ഹസ്തിനപുരത്തിന്റെയവകാശി !

ആവശ്യമുളളപ്പോള്‍ നീ  തുണച്ചീടുകെ-
ന്നെന്നെ നിയോഗിച്ച പാണ്ഡവമാതാവ്
ക്രൂരനിരാസങ്ങളേറെ സഹിച്ചവള്‍
എന്നിട്ടുമെന്തേ മറന്നെന്റയമ്മയെ ?
അച്ഛനോര്‍ക്കാറുണ്ടോ ദൂരെയാരണ്യത്തില്‍
വാടാതെ നില്‍ക്കുമീ സൌഗന്ധികപ്പൂവെ !  

ഏതു സ്വപക്ഷ, മേതാണെതിര്‍പക്ഷമെ -
ന്നേതുമറിവീല, യെങ്കിലുമെത്തി ഞാന്‍
മണ്ണിനെപ്പെണ്ണിനെച്ചൊല്ലിയ മത്സരം
അത്യുഗ്രമാളും കുരുക്ഷേത്ര ഭൂമിയില്‍
ആരും പറഞ്ഞീല ഭീമസുതനിവന്‍
ആരും ഗണിച്ചീല , ആശീര്‍ വചസ്സില്ല
യാത്ര പറകെയെന്‍ നെറ്റിയില്‍ വീണൊര -
ക്കണ്ണുനീര്‍ത്തുളളികളാണെനിയ്ക്കാശംസ
വെട്ടിയും കൊന്നും കൊടുത്തുമൊടുങ്ങുന്നു
ഗൂഢതന്ത്രങ്ങളൊരുക്കിയ വ്യൂഹങ്ങള്‍ .
മായാരണത്തില്‍ വിദഗ്ദ്ധരാണേവരും
ധര്‍മ്മമിങ്ങേതേതധര്‍മ്മ, മറിവീല!


ഘോരമൊരു സത്യം , പിന്നെ ശരതല്പം  
അര്‍ഹത നിഷ്ക്രിയമേന്തേ  ശയിയ്ക്കുന്നു ?!
ആരാണ് രാജ്യാവകാശിയെന്നെന്നിലെ
ക്ഷത്രിയാര്‍ദ്ധത്തിന്‍ കലാപത്തെയന്നു ഞാ –
നേറെ പണിപ്പെട്ടടക്കി ,യടര്‍ക്കളം
ഭീതിദം ശത്രുരുധിരാര്‍ണ്ണവമാക്കി .
ഒന്നു മാത്രം ലക്‌ഷ്യം , അച്ഛന്‍ ജയിയ്ക്കണം
അമ്മയ്ക്കു നല്‍കിയ വാക്കു പാലിയ്ക്കണം .
പാര്‍ത്ഥരക്ഷാര്‍ത്ഥമായ് കൃഷ്ണനിയുക്തനായ്
കൌരവസേനയ്ക്കു കാലനായ് പോയി ഞാന്‍
ദേവന്‍ വിധിഹിതമെന്തെന്നറിഞ്ഞവന്‍  
ഏകിയില്ലാ പ്രാണരക്ഷ സൌഭദ്രനും.
കര്‍ണ്ണായുധമെന്റെ മാറു പിളര്‍ക്കേ, യെന്‍
പ്രാണനിലാകെ നിറഞ്ഞൊരു രോദനം
ഏകയാണെന്നമ്മ, സാധുവെ കാക്കണേ
അച്ഛനറിഞ്ഞുവോ? ഇല്ലായിരിയ്ക്കണം . 


യുദ്ധം കഴിഞ്ഞു , ആ രക്തച്ചൊരിച്ചിലില്‍
നിശ്ശൂന്യമായാര്‍ഷഭാരതം , ഭീകരം
പുണ്യലോകം മൃതാത്മാക്കള്‍ക്കു നല്‍കുവാന്‍
ഏവരുമന്ത്യോപചാരങ്ങളര്‍പ്പിയ്ക്കേ
ആദ്യാഞ്ജലിയെന്റെ ഹന്താവിനു തന്നെ
സൂര്യപുത്രന്‍ ആദ്യ കൌന്തേയനാണു പോല്‍ !
പുണ്യലോകങ്ങള്‍ക്കു നീചനനര്‍ഹനാം
തന്നീലയാരുമൊരിറ്റു വെള്ളം പോലും .
അല്ലെങ്കിലെങ്ങനെ ശാന്തത പൂകും ഞാന്‍
ഓര്‍ക്കുവാന്‍ കാക്കുവാന്‍ തെല്ലൊന്നുമില്ലാതെ
അമ്മ ഇരുളാണ്ടൊരുള്ളുമായ് ജീവിയ്ക്കെ
ഇന്നെനിയ്ക്കന്യമാണേതു സ്വര്‍ല്ലോകവും.

എങ്കിലുമിന്നെനിയ്ക്കായിറ്റു കണ്ണുനീര്‍
തൂകുവാനെന്നച്ഛനാകുമോ, എങ്കിലീ -
പുത്രനന്ത്യോദകമായത്രയും മതി  .
മോക്ഷദമല്ലെങ്കിലും ഞാന്‍ കൃതാര്‍ത്ഥനാം .10 comments:

 1. എന്തെങ്കിലും പറയണമെങ്കില്‍ പുരാണം കലക്കിക്കുടിക്കണം ..എന്നാലും കവിത മുഴുവനും വായിച്ചു.. ഗംഭീരം

  ReplyDelete
 2. പുരാണങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ലെങ്കിലും കവിത വായിച്ചു..
  വായിക്കാന്‍ രസമായിരുന്നു.

  ReplyDelete
 3. ഘടോള്‍ക്കചനെ പണ്ട് ഏതോ ബാലെയില്‍ കണ്ട് മറന്നതാണ്
  പിന്നെ വല്ലപ്പോഴൊക്കെ ഓര്‍മ്മ വന്നു
  ഏറെക്കാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍!!


  എത്രയെത്ര ദുഃഖപാത്രങ്ങള്‍

  (കവിത നന്നായിരിയ്ക്കുന്നു)

  ReplyDelete
 4. പിതാവ് മുന്നോക്ക ജാതിക്കാരനാണേലും അമ്മ പിന്നാക്ക വിഭാഗത്തിൽപ്പെട്ടു പോയില്ലേ...... നമ്മുടെ 'മഹാ'ഭാരതമല്ലേ, ഇനിയെത്ര ജന്മം ജനിച്ചാലും, പാവത്തിന്റെ തായ് വഴിയിലെ ആ പിന്നാക്ക ബന്ധം ഉറക്കെ വിളിച്ചു പറയപ്പെട്ടു കൊണ്ടിരിക്കും.!!!


  നല്ല കവിത.


  ശുഭാശംസകൾ.....

  ReplyDelete
 5. ഭീമസുതന്‍ ഘ്ടോല്‍ക്കചന്‍, കര്‍ണ്ണന്റെ അമ്പേറ്റ് മാറ് പിളര്‍ന്ന് മരിച്ചപ്പോഴും ആ പിളര്‍ന്ന മാറില്‍ അമ്മയെന്ന സ്നേഹത്തെ ചൊല്ലിയിരുന്നു.പദങ്ങളും, പദാവലികളും ചേര്‍ന്ന് കുരുക്ഷേത്രയുദ്ധത്തിന്റെ അനന്തരഫലത്തിന്റെ ഒരു ചെറുകാഴ്ച്ച അഴിച്ചുവിടര്‍ത്തുന്നു.

  ReplyDelete