Sunday, March 2, 2014

സല്ലാപം

                                                                                
                                         (സംവാദകഥ)


“അതേയ് , ഒന്നിങ്ങട്ട് വര്ണുണ്ടോ”

“ഒന്നങ്ങ്ടോ ഇങ്ങ്ടോ നീങ്ങ്യാ  അപ്പൊത്തൊടങ്ങും അതേയ്, ഇതേയ്  ച്ച് ട്ട് . നിയ്ക്കൊരു പേര് ണ്ടത്രേ”

“അമ്പത് കൊല്ലായിട്ട് അങ്ങന്യൊരു വിളി ണ്ടായിട്ടില്യലോ. നിപ്പോ അങ്ങന്യൊന്നു ചെയ്യാന്‍ വിചാരിച്ചിട്ടൊട്ടില്യാന്യേം ‌‍”

“ആട്ടെ, പ്പെന്തിനാ വിളിച്ച് ”

“ഇത്തിരി മുരിഞ്ഞ്യൊടിച്ച് കൊണ്ട് ര്വോ . പരിപ്പിട്ടു കൂട്ടാന്‍ വെയ്ക്കായിരുന്നു”.

“ന്നെക്കൊണ്ട് വയ്യ. ഇത്തിരി നേരം കഴിഞ്ഞിട്ട് നോക്കാം”

“എപ്പോ. വെപ്പൊക്കെ കഴിഞ്ഞിട്ടോ . നിയ്ക്ക് വേണ്ടാ. അല്ലെങ്കില്  ഏതുനേരോം 
തൊടീല് പോയി വെറുതെ കുന്തം വിഴുങ്ങ്യ  മാതിരി നിക്കും. എന്തെങ്കില്വൊരാവശ്യം പറഞ്ഞാ  അപ്പൊട്ട്  വയ്യാന്യേം. ഞാന്‍ സാമ്പാറ് വെച്ചോളാം”

“വേണ്ടാ. താനേയ്‌  സാമ്പാറില് നെറയെ നാളികേരം ചേര്‍ക്കും”.

“അതിനിപ്പെന്താ ? കൊളസ്ട്രോള് നിയ്ക്കാണലോ കൂടുതല് ”

“അതെപ്പഴും എന്ത് കണ്ടാലും തനിയ്ക്കധികം വേണലോ” 

“പിന്നേ...എന്ത് പറഞ്ഞാലും ഒരു തമാശ. നിങ്ങക്ക് ഷ്ടാണലോന്നു കരുതീട്ടാ ഞാനോരോന്ന് ബുദ്ധിമുട്ടി ണ്ടാക്കണ്.”

“അല്ലാണ്ടെ തനിയ്ക്ക് കഴിയ്ക്കാനല്ല അല്ലേ? എന്താ സൂത്രം?”   

“അതേ . ഞാനെന്തൊക്കെ ചെയ്താലും നിങ്ങക്കൊരു വെലേല്യ.

“എന്താ അപ്പറത്ത്  ഷാരത്ത് ന്ന്  ശബ്ദൊന്നും കേക്ക് ണില്യലോ . ആരൂല്യേ അവടെ”

“ഇല്യാ. അവര് ഒരു യാത്ര പോയിരിയ്ക്ക്യാ. മൂകാംബികയ്ക്കാത്രേ. പിന്നീം എങ്ങ്ട്ടൊക്ക്യോ പരിപാടിണ്ട് . സരോജിനി എന്ത് പറഞ്ഞാലും രാമഷാരോടി അപ്പൊ ചെയ്തു കൊടുക്കും . അങ്ങന്യാ സ്നേഹം ള്ളോര് . ഞാന്‍ ഒരു ഹിമാലയന്‍  യാത്രേപ്പറ്റി എത്ര പ്രാവശ്യം പറഞ്ഞിട്ട് ണ്ട് . കൊണ്ട്വോയോ ?”

“അതിന് അവിടിപ്പോ ഒന്നൂല്യലോ. ഒക്കെ ഒഴുകിപ്പോയില്യേ .”

“അത് ഇപ്പഴല്ലേ. ഞാന്‍ എത്ര കാലായി പറയണു. എന്നെ എങ്ങടും കൊണ്ട്വോയി
 ട്ടില്യ .”    

“സാരല്യഡോ. തന്നെ ഞാന്‍ ഐവര്‍മഠത്തിലിയ്ക്ക് കൊണ്ട്വോവാം ട്ടോ.”

“ഹോ . വല്യൊരു  തമാശ. ദുഷ്ടന്‍...ഒരൂസം ഞാനങ്ങ്ട് ഇല്ല്യാണ്ടാവും. അപ്പൊ കാണാലോ”

“എന്ത് കാണാന്‍ . ഞാനൊരു പെണ്ണങ്ങ്ടു കെട്ടും. അത്രേന്നെ”   

“പിന്നേ ഈ വയസ്സ് കാലത്ത്  നിങ്ങക്കാര് പെണ്ണ് തരാനാ?”

“അതോക്കെണ്ടാവും. പെണ്ണുങ്ങക്കേള്ളൂ ആ മാതിരി ബുദ്ധിമുട്ടൊക്കെ. ആണുങ്ങക്ക് ഏതു 
പ്രായത്തില്വാവാം”

“ഓ... നിങ്ങടെ കെഴക്കേ വാര്യത്തെ സുമിത്ര്യാവും ല്ലേ”

“ആയാപ്പെന്താ ? ഞാന്‍ തന്നോടു പണ്ടേ ണ്ടായതൊക്കെ പറഞ്ഞിട്ടുണ്ട് . ഒരു താല്പര്യം തോന്നി.  തോന്നാതിരിയ്ക്കില്യ. അത്ര സുന്ദര്യായിരുന്ന്വേയ് . നേരെ പോയി  ചോദിച്ചു. അപ്പൊ ആ വാരര്ക്ക് മര്വോനായിട്ടു  ഗള്‍ഫുകാരന്‍ തന്നെ വേണം. എന്നിട്ടോ ഗള്‍ഫുകാരന്‍  ഇട്ടിട്ട് പൂവ്വേം  ചെയ്തു .പാവം ”.

 “എന്തായാലും ഇപ്പൊ ഞാന്‍ തന്ന്യാ സുന്ദരി. ഞാന്‍ ഇന്നാളു കണ്ടിരുന്നു. ഇപ്പൊ മുട്യോന്നൂല്യ. നല്ലോം തടിച്ചിരിയ്ക്കുണു”

“അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്യാന്നു പറേണതു വെറുത്യല്ലാ”

“നിയ്ക്കൊട്ടൂല്യ. നിങ്ങക്ക്  രണ്ടും പണ്ടേ...ണ്ട് . ന്നെ കാണാന്‍ വരുമ്പഴേ നിങ്ങക്ക് കഷണ്ടി ണ്ടായിരുന്നു.”

“തനിയ്ക്ക് കോന്ത്രമ്പല്ലൂണ്ടായിരുന്നൂലോ. അത് കാണാണ്ടിരിയ്ക്കാനല്ലേ ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിച്ചോണ്ട് നിന്നത് ?”

“ഏയ് ...അത് നിയ്ക്ക് നിങ്ങളെ കണ്ടപ്പോ ചിരി വന്ന്വേയ്‌ . അതോണ്ടല്ലേ”

“ദാ....രാവിലെത്തന്നെ വെറുതെന്നെ ദേഷ്യം പിടിപ്പിയ്ക്കാന്‍ വരണ്ട.”

“അതിനെന്തിനാപ്പോ  ദേഷ്യപ്പെടണ്. ഞാന്‍ പോയാ നിങ്ങളാ സുമിത്ര്യേ കൊണ്ട്വന്നോളൂന്നേയ്‌ ”

“വെറുത്യല്ലാ നായ്ക്കൊര്‍ണയ്ക്ക്   മൂക്കുമ്പഴാ ചൊറിച്ചില്  കൂട്വാന്നു പറേണത്. വയസ്സായാ വയസ്സായോരെപ്പോലെ ജീവിയ്ക്കണം. കമ്പ്യൂട്ടറും  മൊബൈല്വൊക്ക്യായി പത്രാസിലല്ലേ നടപ്പ് ”  

“അസൂയപ്പെട്ടിട്ട് കാര്യല്യാ. നിങ്ങക്ക് പഠിയ്ക്കാന്‍  മട്യായിട്ടല്ലേ . ഞാന്‍ ഫെയ്സ് ബുക്കിലു ള്ളതോണ്ട് നിങ്ങക്ക് നിങ്ങടെ ഗള്‍ഫിലും ജര്‍മ്മനീല്വൊക്കെളള മര്വോക്കള്‍ടെ ഫോട്ടോ കാണാന്‍ പറ്റീല്യേ ?മൊബൈലെടുത്ത്  ഡയലീത്  തന്നാ സംസാരിയ്ക്കും. മോശം . ഇന്‍ററസ്റ്റൂല്യ , കോണ്‍ഫിഡന്‍സൂല്യ”.

“ഔ.. ഒരു മദാമ്മ!  ഇംഗ്ളീഷ്  വേണ്ടാ, മലയാളം മതീന്ന് ഞാനെപ്പഴും പറയാറ്ണ്ട് .  ഇംഗ്ളീഷ് പഠിയ്ക്കണത്  ഒരു ഭാഷ അറിയാന്‍ വേണ്ടി മാത്രാ. ഉപയോഗിയ്ക്കാന്‍ സ്വന്തം മാതൃഭാഷണ്ട്.”

“ഞാനേയ്‌  കോളേജില്  ചേര്‍ന്നതാ. ബി. എ. ലിറ്ററേച്ചറിന്. നിങ്ങള് എടേല്  വന്നു ചാടീതോണ്ട് പറ്റീതാ”.

“ഓ ... പൂച്ച കുറുകെച്ചാടീന്നു പറേണ പോലേണ്ട്”.

“അല്ലാതെ പിന്നെ , അല്ലെങ്ക്പ്പോ ഞാന്‍ ബി. ഏം, ബി. എഡും കഴിഞ്ഞ് ഹൈസ്കൂള്‍  ടീച്ചറായി, പ്രൊമോഷന്‍ കിട്ടി ഹെഡ് മിസ്ട്രസ്സായി റിട്ടേറീതിട്ട്ണ്ടാവും”. 

“ങും....ഉവ്വുവ്വ് ...എന്നെ പണ്ട്  എട്ടാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്നു കാണുമ്പ കാണുമ്പ തല്ലണ ഒരു ഇംഗ്ളീഷ് ടീച്ചറ്  , ഭൈരവി ടീച്ചറ് ...അതുപോലെണ്ടാവും”.

“എല്ലാരും ചൊല്ലണ്  എല്ലാരും ചൊല്ലണ്  കല്ലാണീ നെഞ്ചിലെന്ന്...”

“ഹും...എന്തിനാ താനിപ്പോ ഈ പാട്ട് പാടീത് ?

“ഏയ്‌ .നമ്മടെ അച്ചൂനു ഒരു പാട്ട് വേണംന്ന് പറഞ്ഞിരുന്ന്വേയ് .അവള്‍ റിയാലിറ്റി ഷോല് പങ്കെടുക്കണ് ണ്ട് ത്രേ. കൊറച്ച്  പാട്ട് സെലക്റ്റ് ചെയ്തു കൊടുക്കണംന്നു പറഞ്ഞു വിളിച്ചിരുന്നു. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ റൌണ്ടില് പാടാന്‍  പറ്റണ പാട്ടാ ല്ലേ ”.

“അതിനിപ്പഴത്തെ പാട്ട്വോളൊക്കെ  ചാടിത്തുള്ളാന്‍  പറ്റണ പാട്ടല്ലേ .അത് വല്ലതും തനിയ്ക്കറിയ്വോ”

“എന്താ അറിയാണ്ടെ . ഒക്കറിയാം. പഴേത്വറിയാം, ന്യൂ ജനറേഷന്‍ പാട്ട്വറിയാം. അതോണ്ടല്ലേ അച്ചു ന്നോടന്നെ സെലക്റ്റ് ചെയ്തു കൊടുക്കാന്‍ പറഞ്ഞ്. മുത്തശ്ശനോടു പറഞ്ഞില്ലല്ലോ ." 

"അല്ലാ, അവള് കഴിഞ്ഞ പ്രാവശ്യം പങ്കെടുത്തതല്ലേ . ന്ന്ട്ട ല്ലേ തോറ്റൂന്നും പറഞ്ഞ്  കരഞ്ഞും ബോധം കെട്ട്  വീണ്വോക്കെ കലാപംണ്ടാക്കീത് . ന്ന്ട്ട്  ബഹളൊക്കെ തീര്‍ന്നപ്പോ തോറ്റ്ട്ടൊ ട്ടില്യാന്യേം. രണ്ടാം സ്ഥാനത്തെത്തീ ല്യേ ”


“ങും. റണ്ണര്‍ അപ് ... ഇത് വേറെ ചാനലിലെ പ്രോഗ്രാമാ. ഇപ്പോ  ഫസ്റ്റാവണം  ന്ന്  വാശീലാത്രേ . രാവിലെ വിളിയ്ക്കാതെ തന്നെ നേര്‍ത്തെ ണീറ്റ്  സാധകം ചെയ്യ് ണ്ണ്ട് ന്ന്  ഹേമ പറഞ്ഞു . ഇപ്രാവശ്യം അവള് മിക്കവാറും ഫസ്റ്റ്  പ്ലേസിലെത്തും . അവള്‍ക്ക് കിട്ടീതേയ്  എന്റെ കഴിവാ. ഞാന്‍ പണ്ട് നന്നായി പാടീരുന്നു”.

“ങും.... ങുംങും”

“എന്താ ഒരു വല്ലാത്ത മൂളല് . കോളേജില് ആന്വല്‍ ഡേ യ്ക്ക്  ഞാനാ മധുമതീലെ പാട്ട് പാടീലോ . ആജാരേ.... ന്നുള്ള പാട്ട്. എന്തൊരു കയ്യട്യായിരുന്നു. എല്ലാരും ന്നെ ലതാ മങ്കേഷ്ക്കര്‍ ന്നാ വിളിച്ചിരുന്നതേയ്‌ ”.

“ഓ ..അങ്ങന്യായ്ക്കോട്ടേ. ന്ന്ട്ട്   ലതാ മങ്കേഷ്ക്കര്‍  വിളിച്ചിട്ട്  ഹാജ്യാര് വന്ന്വോ” 

വേണ്ടാ...വല്ലാത്ത അധിക്ഷേപം വേണ്ട. നിങ്ങക്ക് വേയ്ക്ക്വോ പാടാന്‍ ? ശ്ലോകം ചൊല്ല്വേരിയ്ക്കും. അത്രേന്നെ.”

“ശ്ലോകം ചൊല്ലണേന്റേം കേക്കണേന്റേം സുഖംണ്ടോ പാട്ട് പാടാനും കേക്കാനും . ഓരോ അന്തല്യാത്ത വര്‍ത്താനം പറേണതേ.”  

..............

“ഡോ....താനെന്താ ഒന്നും മിണ്ടാത്ത് ”

“ഒന്നൂല്യ”

“താന്‍ നേരത്തെ പറഞ്ഞത് കാര്യായിട്ടാ.തനിയ്ക്ക് ശരിയ്ക്കും സങ്കടണ്ടോ?” 

“എന്തിന് ?”

“പഠിയ്ക്കാനും ജോലിയ്ക്ക് പൂവാന്വൊന്നും പറ്റാത്തേനേയ്‌ ” 

“ഏയ്‌, അത്രയ്ക്ക്  സങ്കടൊന്നൂല്യ. വിദ്യാഭ്യാസംണ്ടാവണതും , ഒരു ജോലി സ്വന്തായിട്ടുണ്ടാവണത്വൊക്കെ ഒരന്തസ്സല്ലേന്നോര്‍ക്കുമ്പോ  ചെലപ്പോ ഒരു വെഷമം തോന്നുംന്നേള്ളൂ”

“ഞാനാ ഒക്കെ മൊടക്കീത് ല്ലേ”

“ദാപ്പോ നന്നായേ...ഞാന്‍ വെറുതെ എന്തെങ്കിലും പറഞ്ഞത്  ഇത്ര ഗൌരവായിട്ടെട്ക്കണോ? പഠിപ്പും ജോലീം ല്യാച്ചിട്ട് നിയ്ക്കൊരു കൊറവൂംണ്ടായിട്ടില്യലോ .എപ്പഴെങ്കിലും വല്ല പരാതീം ഞാന്‍ പറഞ്ഞിട്ട്ണ്ടോ”

“അതൊന്നൂല്യ. പക്ഷേ ഇപ്പെന്താ പെട്ടെന്നൊരു ഭാവമാറ്റം”

“ഏയ്‌, ഒന്നൂല്യാന്നേയ്‌ ”

“അത് ഞാന്‍ വിശ്വസിയ്ക്കുംന്നു തോന്ന് ണുണ്ടോ .തന്റെ ഭാവത്തില്  ഇത്തിരി 
മാറ്റംണ്ടായാ അപ്പൊ നിയ്ക്ക് മനസ്സിലാവും”  

“അതേയ്, മാഷേ”

“അപ്പൊ സംഗതി ഇത്തിരി ഗൌരവംള്ളതന്നെ”

“അതെന്താ അങ്ങനെ”

“കാര്യായിട്ട് എന്തെങ്കിലും പറയാന്‍ണ്ടാവുമ്പഴല്ലേ  താന്‍ ന്നെ മാഷേ ന്നു വിളിയ്ക്കാറ്ള്ളൂ”

“ങും...നമ്മടെ ദാമോദരന്‍ മാഷ്ടെ കാര്യേയ്....മാഷ്‌ അറിഞ്ഞിരുന്ന്വോ”

“ങും... തന്നോടു പറഞ്ഞില്യാന്നേള്ളൂ . എന്താ ചെയ്യാ കുട്ട്യോള് ങ്ങനെ തൊടങ്ങ്യാ....... തനിയ്ക്കോര്‍മ്മയില്യേ രാജേഷിനെ. പഠിയ്ക്കാന്‍ അതിമിടുക്കനായിരുന്നു. ദാമോദരന്  എന്തോരഭിമാനായിരുന്നു അവനെക്കുറിച്ച് ! ഇങ്ങനെ മനുഷ്യപ്പറ്റില്യാത്തോനാവും ന്ന് വിചാരിച്ചില്യ. ഞാനേയ്...തനിയ്ക്ക് വെഷമാവില്യേന്ന് കരുതീട്ട് പറയാതിരുന്നതാ. ദാമോദരന്  നല്ല മോഹണ്ടായിരുന്നു നമ്മടെ ഹേമേ കൊണ്ട്വോണം ന്ന് . നിയ്ക്കും താല്പര്യായിരുന്നു. അവള് ദൂരേയ്ക്ക് പൂവില്യലോ ന്ന് കരുതി . ജാതകച്ചേര്‍ച്ച ണ്ടായില്യ. ഇപ്പൊ തോന്നണൂ നന്നായീന്ന്  ”

“ഞാന്‍ സുഭദ്രേ തന്നെ കുറ്റം പറയൂ”

“അവരെന്തു ചെയ്യാനാ. അതൊരു പാവം .കരച്ചിലോടു കരച്ചിലായിരുന്നൂത്രേ”

“കരയല്ല വേണ്ടത് .ഒറപ്പിച്ചങ്ങ് ട് പറേണം ഞാന്‍  അച്ഛനെ കൂടാണ്ടെ വരില്യാന്ന് . മക്കള്‍ക്ക്‌ പല ആവശ്യോം ണ്ടാവും. പ്രസവോം, കുട്ട്യോളെ നോക്കലും ജോലിത്തെരക്ക്വോക്കെ. അതിനു അച്ഛനേം അമ്മേം രണ്ടെടത്താക്ക്വാ ചെയ്യാ?”

“വീടും സ്ഥലോം വിറ്റൂ ന്നാ കേട്ടത് . നല്ല വീടും, നല്ല മണ്ണും – ആരെങ്കിലും കൈ വിട്വോ . ദാമോദരന്‍ ഒന്ന്വൊട്ടു പറഞ്ഞതൂല്യലോ .പോയതന്നെ അറിഞ്ഞില്യ”.

“ആ  പാവം  എന്ത് പറയാനാ . രാജേഷിനു കാശല്ലേ വേണ്ടൂ. നല്ല വെല കിട്ടീട്ട് ണ്ടാവും പ്രോപ്പര്‍ട്ടിയ്ക്ക്  . ടൌണിലെ വൃദ്ധസദനത്തില്  നല്ല ഫീസ് കൊടുത്തിട്ട് ണ്ട് ന്നാ കേട്ട് . അവന്‍ സുഭദ്രേം കൊണ്ട് സ്റ്റേറ്റ്സിലേയ്ക്ക് പൂവേം ചെയ്തു. ഇനി മടക്കം ണ്ടാവില്യാത്രേ.എന്തൊക്ക്യാണീശ്വരാ....നടാടെ കേക്കാണ്വേ ഇങ്ങന്യോരോന്ന് .”

“ങും. ദാമോദരന്‍ ഒന്നും പറഞ്ഞിര് ന്നില്യ. പറയാന്‍ തോന്നീട്ട് ണ്ടാവില്യ. എന്തൊക്ക്യാ പ്പോ അവരടെ വീട്ടിലെ കാര്യങ്ങള് ന്നു നമുക്കറീല്യലോ . നമ്മടെ കുട്ട്യോള് ങ്ങന്യോന്നും 
ചെയ്യില്യേരിയ്ക്കും ല്ലേ. ഉണ്ണി പണ്ടേ ത്തിരി തന്‍ കാര്യം നോക്ക്യാ”.

“കുറ്റം പറയാണോ  അവനെ?”

“കുറ്റല്ല , സത്യം .ആദ്യായിട്ട്  ണ്ടായതല്ലേ .ഇത്തിരി അധികം ലാളിച്ചു. അതോണ്ടന്നെ... അതിന്റെ പ്രയാസം ഇത്രേം കാലം അനുഭവിച്ചത് ഹേമ്യാണലോ . ഇനി നമ്മക്കെന്താണാവോ വെച്ചിരിയ്ക്ക്ണ് ?

“അവനങ്ങന്യൊന്നും ചെയ്യില്യ”.

“അങ്ങന്യൊക്കെ തന്നെ ദാമോദരനും വിചാരിച്ചിട്ട്ണ്ടാവും...ഇനിപ്പോ ഹേമടെ കാര്യം എന്താണാവോ .കാര്യത്തോടടുക്കുമ്പോ അവളെന്താ കാട്ട്വാവോ .ഇനി അവള്‍ക്കു വേണംന്ന് ണ്ടായാലും മഹേഷ്‌ സമ്മതിയ്ക്കണ്ടേ”  

“ഏയ്... മഹേഷ്‌  നല്ല സ്നേഹം ള്ളോനാ” .

“ആ...ദന്നെ അമ്മമാരടെ സ്വഭാവം. അവര്ക്ക് നഷ്ടൊന്നൂല്യലോ. അച്ഛമ്മാര്യെല്ലേ  ആരക്കും വേണ്ടാത്ത്......അല്ലാ, തന്റെ കണ്ണെന്താ നെറഞ്ഞിരിയ്ക്കണ്...?”

“ഞാന്‍ ഉള്ളി നുറുക്കണത് നിങ്ങള് കാണണില്യേ”.

“ഉള്ളി നുറുക്കാന്‍  ങ്ങനെ മൊഖം വീര്‍പ്പിയ്ക്കണോ”.

“ആവോ”.

“ന്നാലും...”

“മാഷെന്തിനാ ങ്ങനെ ഓരോന്ന് പറയണ് . ഇനി കുട്ട്യോള്  എന്തെങ്കിലും അന്തല്യായ 
കാട്ടീച്ചാലും ഞാന്‍ മാഷേ വിട്ടിട്ടങ്ങ്ടു പൂവും ന്നു തോന്നണുണ്ടോ.”

“അയ്യേ...താനെന്തിനാടോ ങ്ങനെ കരയണ്‌...നമ്മക്കിപ്പെന്താ കൊഴപ്പം?ഒന്നൂല്യ. നല്ല ആരോഗ്യം  ണ്ട്. കയ്യില് പൈസേംണ്ട് . ഇനി എന്തെങ്കിലും പറ്റീന്ന്വച്ചാ  അപ്പഴല്ലേ. ദാമോദരന്റെ  കാര്യോര്‍ത്തപ്പോ സങ്കടം തോന്നി. അപ്പൊ പറഞ്ഞുപോയതല്ലേ. എല്ലാരടേം അനുഭവം ഒരുപോല്യാവണം ന്നില്യ ലോ. അങ്ങന്യൊന്നും ണ്ടാവില്യാന്നു കരുത്വാ. ഇനി വരാന്‍ള്ളത്  വഴീത്തങ്ങില്യലോ. എന്തെങ്കിലും പ്രയാസം ണ്ടായാ യോഗംന്ന് കരുത്യങ്ങ്ട്  സഹിയ്ക്കം. അത്രേന്നെ. അതിനിപ്പോത്തന്നെ സങ്കട പ്പെടണ്ടലോ. നാളെ എന്താ ണ്ടാവാന്ന് ഇന്നേ അറിയുംച്ചാ നമുക്കൊരാധിടേം ആവശ്യല്യലോ. അതൊട്ട്‌  സംഭവിയ്ക്കണ കാര്യല്ലാന്യേം.....ങാ... മുരിഞ്ഞ്യൊടിയ്ക്കാന്‍  മറന്നു. ഇപ്പൊ കൊണ്ട്വരാം . പാകത്തിന് മൂത്ത് നിക്കണ കായേംണ്ട് . ഒരു സാമ്പാറും വെയ്ക്കാം. നാളികേരം ചേര്‍ക്കുമ്പോ ഒന്ന് പിശുക്ക്യാ മതി.”    
“ഉം...ആയ്ക്കോട്ടെ.”

“പിന്നേയ്‌... ഊണ് കഴിഞ്ഞിട്ട് നിയ്ക്ക് തന്റെ ആജാരേ...ഒന്നു കേക്കണം. ലതാ മങ്കേഷ്ക്കരാണോന്നു നോക്കട്ടെ”.


“ങും.....പിന്നീം തൊടങ്ങി കൊസ്രാക്കൊള്ളി ”  

                                 -- -- -- -- -- -- -- -- -- -- 10 comments:

 1. Shtayi...orupadu...ullil shi veshamom

  ReplyDelete
 2. ഒന്നാലോചിച്ചാല്‍ ആരേം കുറ്റം പറയാന്‍ പറ്റില്ല.
  ചില മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസം ഏറും.
  പ്രായത്തിനനുസരിച്ച് ചിന്തകള്‍ക്ക് മാറ്റം സംഭവിക്കും.
  എന്നാലും സ്നേഹം മനസ്സില്‍ നിന്ന് നഷ്ടപ്പെടാതിരുന്നാല്‍ അരുതാത്തത് ഒന്നും സംഭവിക്കില്ല.
  മാറ്റങ്ങളില്‍ സംഭവിക്കുന്ന ഒരു ദോഷം സ്നേഹം സ്വയം മാത്രമായിത്തീരുന്നു എന്നതാണെന്ന് എനിക്ക് തോന്നുന്നു.
  ഇറ്റാലിക്ക് ആയതിനാല്‍ വായിക്കാന്‍ അല്പം പ്രയാസം തോന്നി.

  ReplyDelete
 3. തട്ടീം മുട്ടീം

  ബട്ട്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

  ReplyDelete
 4. വളരെ ഇഷ്ടമായി എഴുത്ത്. വായിച്ചു തീർന്നതറിഞ്ഞില്ല, ഒഴുകി പോകുന്നത് പോലെ. മനസ്സില് എവിടെയോ അവസാനം അല്പം നൊമ്പരം ബാക്കി നിൽക്കുന്നു ... തുടർന്നും എഴുതുക, എല്ലാ ആശംസകളും

  ReplyDelete