Friday, May 2, 2014

അമ്മൂട്ടീം അമ്മമ്മേം പിന്നെ....

                                  
                                         (സംവാദകഥ)


“അമ്മമ്മേ, അമ്മമ്മേ ഒന്നിങ്ങട്ട് വരൂ”

“എന്തേ അമ്മൂട്ടീ , എന്തേ വേണ്ട് ?”

“അമ്മമ്മയ്ക്കെന്താ അവടെ പണി? ഇവ്ടെ വന്നിരിയ്ക്കൂ.”

“അമ്മമ്മയ്ക്കെന്തു പണ്യാ കുട്ട്യേ ?അമ്മൂട്ടീടെ അട്ത്തിരിയ്ക്കലന്ന്യല്ലേ അമ്മമ്മടെ 
പണി ?”

“അമ്മയ്ക്കെപ്പഴും തെരക്കാ. അട്ത്തിരിയ്ക്കാന്‍ പറഞ്ഞാലേ അമ്മയ്ക്ക് ദേഷ്യം വരും.”

“അതമ്മയ്ക്ക് സമയല്ല്യാഞ്ഞിട്ടല്ലേ ? ജോലിയ്ക്ക് പോണ്ടേ?”

“ വേണ്ട. ഹിതടമ്മയ്ക്ക് ജോലില്ല്യലോ .ഹിതേം അമ്മേം കൂട്യാത്രേ എപ്പഴും കളിയ്ക്ക്യ. ന്‍റമ്മയ്ക്ക് മാത്രം ഒന്നിനും നേരല്യ. വെറുതേ ചീത്ത പറേം. അച്ഛനോട് പറഞ്ഞ് തല്ലു കൊള്ളിയ്ക്ക്യേം ചെയ്യും”.

“അമ്മൂട്ട്യേ അമ്മ തല്ല്വോ ?”

“ങുംങും. അച്ഛനെക്കൊണ്ട് തല്ലിയ്ക്കും ”

“ അച്ഛന്‍ തല്ല്വോ?”

“ങും”

“എന്തിന് ?”

“ഇന്നലെ തല്ല്യേത് പാല് കുടിയ്ക്കാഞ്ഞിട്ട് ”

“അപ്പെന്തേ അമ്മൂട്ടി പാല് കുടിയ്ക്കാഞ്ഞ് ”.

“നിയ്ക്ക് വയറു വേദനിച്ചിട്ടാ. അമ്മ്യോട് പറഞ്ഞപ്പോ അമ്മ നൊണ പറയാന്നും പറഞ്ഞ് 
ചീത്തേം പറഞ്ഞു. അച്ഛനെ ക്കൊണ്ട് തല്ലിയ്ക്ക്യേം ചെയ്തു. അച്ഛന്റെ വാച്ച് പൊട്ടി ച്ചേനും അടി കിട്ടി .”

“വാച്ച് പൊട്ടിയ്ക്ക്യേ ? അങ്ങന്യൊക്കെ ചെയ്യാന്‍ പാട്വോ ?”

“വേണം ച്ച് പൊട്ടിച്ചതല്ലേയ് . അമ്മൂന്റെ കയ്യിലിട്ടാ ഭങ്ങി ണ്ടോ ന്നു നോക്കീതാ. അപ്പഴയ്ക്കും അത് താഴെ വീണു.”

“പോട്ടെ, സാരല്യാട്ടോ .അങ്ങനത്തെ സാധനങ്ങളൊന്നും തൊടാനേ പോണ്ട”.

“അമ്മമ്മേ , അമ്മ കുഞ്ഞുക്കുട്ട്യാവുമ്പോ വികൃതി കാണിച്ചിരുന്ന്വോ?

”കൊറച്ചൊക്കെ”

“ന്ന്ട്ട് , അമ്മമ്മ അമ്മേ അടിച്ചീരുന്ന്വോ?”

“ഏയ്‌ ”

“അതെന്താ നല്ല അടി കൊടുക്കായിരുന്നില്യേ . ന്നാ നി  പ്പോ കൊടുത്തോളൂ” .

“അല്ലാ, അമ്മൂട്ടി എഴുതിക്കഴിഞ്ഞില്ലേ?”

“ഇല്ല്യ. ഇനി  ഇത്തിരീം കൂടി ണ്ട്. അമ്മെന്തിനാ ഡോക്ടറെ കാണണ് . പന്യൊന്നൂ ല്യലോ. അമ്മു ചോയ്ച്ചപ്പോ അമ്മെണ്ട് ചിരിയ്ക്കുണു . വരുമ്പോ ചോക്ലേറ്റ്  കൊണ്ട്വരാം ന്നു പറഞ്ഞിട്ട്ണ്ട്. വണ്‍ ടു ഹണ്‍ഡ്രഡ്  വേഗം എഴ്തി വെയ്ക്കട്ടെ.  ല്ല്യെങ്ക്പ്പിന്നെ  ചോക്ലേറ്റ് കിട്ട്ണ്ടാവില്യ. അച്ഛനും അമ്മേം വരാറായോ അമ്മമ്മേ ”.

“ങും , ഇപ്പോ വരും”

“അമ്മു ഇന്നും അമ്മമ്മടെ കൂട്യാണോ  കെടക്ക്വാ”

“എന്തേ, അമ്മൂട്ടിയ്ക്ക്   അമ്മമ്മേ ഇഷ്ടല്ലേ?”

“ങും, ഇവടെ വരുമ്പോ അമ്മമ്മ്യാ ഇഷ്ടം. അച്ഛന്റോടെ പൂവുമ്പോ അച്ഛമ്മേം”

“ആഹാ , അമ്മൂട്ടി മഹാ സൂത്രക്കാര്യാ ല്ലേ?”

“അച്ഛനാ സൂത്രക്കാരന്‍, അച്ഛനാ അമ്മമ്മ ചോദിച്ചാ അമ്മമ്മേ തന്ന്യാ ഇഷ്ടംന്ന് പറേണം, അച്ഛമ്മ  ചോദിച്ചാ അച്ഛമ്മേ തന്ന്യാ ഇഷ്ടംന്ന് പറേണം ന്ന് പറഞ്ഞു തന്നത് ... പിന്നേയ്, അമ്മമ്മേ, അമ്മു ഇന്നലെ ഒറക്കത്തില് അമ്മമ്മേ ചവിട്ട്യോ”.

“ഇല്ല്യലോ, അതെന്താ അമ്മു അങ്ങനെ ചോദിയ്ക്കണ് ?”

“ഇന്നാളൊരൂസം അച്ഛന്‍  അമ്മയോട് പറയാണേയ് , അമ്മൂനെ മാറ്റിക്കെടത്താം , അവള് ഒറക്കത്തില്  ചവിട്ട്വോറ്റെ ചെയ്താലോന്ന് . അമ്മു ആരേം ചവിട്ടീട്ടില്യ. അവരെപ്പഴും ങ്ങനെ കുറ്റം പറഞ്ഞോണ്ടിരിയ്ക്കും.”

“അതൊന്നും സാരല്യ , ഇനി നമ്മക്കൊന്നിച്ച് കെടക്കാം, അമ്മമ്മ കഥ പറഞ്ഞു തരാം ട്ടോ”

“ങും. ഉണ്ണികൃഷ്ണന്റെ  കഥ പറഞ്ഞു തര്വോ? അതാ അമ്മൂനിഷ്ടം. അച്ഛനും അമ്മേം ഒറ്റ കഥേം പറഞ്ഞു തരില്യ. കൊറേ ചോദിച്ചാ സണ്‍ഡേ മാത്രം കാര്‍ട്ടൂണ്‍  ചാനല് വെയ്ക്കാന്‍ സമ്മതിയ്ക്കും”.

“പിന്നെന്താ, അമ്മൂട്ടി  നി വെക്കേഷന്‍  കഴിഞ്ഞിട്ട് പോയാ മതി. മുത്തശ്ശനു വിക്രമാദി ത്യന്റെ കഥകളും , പഞ്ചതന്ത്രം കഥകളും ഒക്ക്യറിയാലോ .ഒക്കെ പറഞ്ഞു തരും. നമുക്ക് മുത്തശ്ശനോടു പറഞ്ഞിട്ട് ആ മാവിന്റെ കൊമ്പത്ത് നല്ലൊരൂഞ്ഞാല്  കെട്ടിയ്ക്കാം."                                                     
“ങും , വീട്ടില്  കേയ്നിന്റെ ഒരു ഝൂല ണ്ട്. പക്ഷേ അതിലിരിയ്ക്കാന്‍ ഒരു സുഖോല്യ. കുഴീലിരിയ്ക്കണ മാതിരിണ്ടാവും. അമ്മൂന് ഊഞ്ഞാലാ ഇഷ്ടം . പാര്‍ക്കില് ഊഞ്ഞാല്ണ്ട് . അച്ഛന്‍ കൊണ്ട്വോവില്യ . അമ്മ വേണ്ടാന്ന് പറഞ്ഞിട്ടാ.”

“അമ്മൂട്ടി എന്തിനാ അച്ഛനേം അമ്മേം ങ്ങനെ കുറ്റം പറയണ് ? നല്ല കുട്ട്യോള് ഇങ്ങന്യൊന്നും പറയില്യാ ട്ടോ”  

“ദൊന്നും  കുറ്റല്ലാ .സത്യാ. അവരാ ന്നെ വെറുതെ കുറ്റം പറയാറ്ളളത്.  ഗീതാ മാം പറഞ്ഞിട്ട് ണ്ട് അച്ഛനേം അമ്മേം സഹായിയ്ക്കണം ന്ന് .അമ്മു ന്നാള്  അമ്മേ സഹാ യിയ്ക്കാം ന്ന്വച്ചിട്ടാ ഗാഡനിലെ ചെടികളൊക്കെ നനച്ചത് . അപ്പൊ ഉടുപ്പൊക്കെ വൃത്തികേടാക്കീ ന്ന് അമ്മ ചീത്ത പറഞ്ഞു. അച്ഛന്റെ ഡ്രെസ്സൊക്കെ  ആകെ വാരി വലിച്ചിട്ടേയ്ക്ക്യായിരുന്നു. അതും പറഞ്ഞ് അച്ഛനും  അമ്മേം കൂടി തല്ലു കൂടണ കണ്ടപ്പോ അമ്മു അതൊക്കെ വൃത്ത്യായി ഒതുക്കിക്കൊടുത്തു. അപ്പൊ എന്തോ വല്യ കടലാസ് കാണാണ്ട്യായീ ന്നും പറഞ്ഞ് അച്ഛനും ചീത്ത പറഞ്ഞു . അമ്മു ഒരു കടലാസും എട്ത്തിട്ടില്ല്യ . പോയീച്ചാ നന്നായി. അച്ഛന് അങ്ങനെത്തന്നെ വേണം”.

“അതൊന്നും സാരല്യ കുട്ട്യേ . അവര്ക്ക് എപ്പഴും തെരക്കല്ലേ? അതോണ്ടല്ലേ ങ്ങനെ ദേഷ്യം വരണ് ?അമ്മമ്മ അവരോടു പറയാം ട്ടോ അമ്മൂട്ട്യെ ചീത്ത പറയരുത് ന്ന് ” .

“സത്യായിട്ടും പറയ്വോ ? പ്രോമിസ് ...? കള്യാക്കര്ത് ന്നും പറയണം”.

“കള്യാക്കാറൂണ്ടോ. അതെന്തിനാ?”

“അതോ... അത്... അമ്മൂന് ഞാന്‍ ന്നു പറയാന്‍ കിട്ടില്യ. എത്ര വിചാരിച്ചാലും പറയുമ്പോ 
അറി യാണ്ടെ അമ്മൂന്.. അമ്മൂന് ന്നന്നെ പറേം. അപ്പൊ ഇത്ര വല്യ കുട്ട്യായിട്ടും പറേണ കേട്ടില്യേ ന്നും പറഞ്ഞ് അച്ഛനും അമ്മേം ചിരിയ്ക്കും. ങും....അമ്മു യു. കെ. ജീ ലാവുമ്പ ഴയ്ക്കും ഞാന്‍, ന്റെ ന്നൊക്കെ പറയാന്‍ പഠിയ്ക്കൂലോ” .

“അമ്മൂട്ടിയ്ക്ക് വലുതാവുമ്പോ ആരാവാനാ മോഹം?”

“അതൊന്നും നിയ്ക്കറീല്യ. എങ്ങനെങ്കില്വൊന്നു വലുതായാ മതി.”

“അതെന്തിനാ?  അമ്മമ്മയ്ക്ക്  അമ്മൂട്ടി എപ്പഴും ചെറ്യ  കുട്ട്യായിര്ന്നാ  മതീന്നാ തോന്നണ് , ന്നാലല്ലേ നമ്മക്ക്ങ്ങനെ കളിയ്ക്കാന്‍ പറ്റൂ .”

“അതൊക്കെ അമ്മൂനും ഷ്ടാ. പക്ഷേ ചെറ്യ  കുട്ട്യായിരിയ്ക്ക്യാ ന്ന്വച്ചാ നല്ല ബുദ്ധിമുട്ടുള്ള കാര്യാ. എപ്പഴും എല്ലാരും ചീത്ത പറയും. ഒന്നും അവനോന്റെ ഇഷ്ടത്തിനു ചെയ്യാന്‍  പറ്റില്യ.”

“അമ്മൂട്ടിയ്ക്ക്  ഷ്ടല്യാത്ത എന്ത് കാര്യാ പ്പോ ചെയ്യാന്‍ പറഞ്ഞ് ?”

“ഡാന്‍സ്‌  പഠിയ്ക്കാന്‍. അമ്മൂട്ടിയ്ക്ക് പാട്ട് മാത്രം മതീന്ന് എത്ര പറഞ്ഞതാ. അച്ഛനും അമ്മേം കേക്ക്വേ ഇല്യ.”

“പെണ്‍കുട്ട്യോളാവുമ്പോ ത്തിരി  ഡാന്‍സൊക്കെ വേണം. നല്ല ഉടുപ്പും, വളേം, മാല്യൊക്കെ ഇട്ട് സുന്ദരിക്കുട്ട്യായി നിക്കണ കാണാന്‍  നല്ല രസണ്ടാവും.”

“അതൊക്കെ ശര്യാ. പക്ഷേ അമ്മൂട്ടിയ്ക്ക് കാലു വേദനിയ്ക്ക്യാണേയ്. പിന്നെ ആ ഡാന്‍സ്‌  ടീച്ചറ് തല്ല്വേം ചെയ്യും . അച്ഛന്‍ പറയാണ്  ഇപ്പഴത്തെ പെണ്‍കുട്ട്യോള് കരാട്ടെ പഠിയ്ക്ക്യാ വേണ്ട് ന്ന്. അതെന്തിനാ ന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ആണുങ്ങ ളെ തല്ലാനാ ന്ന്.  അപ്പൊ ‘അച്ഛനേം തല്ലണോ’ ന്ന് ചോദിച്ചപ്പോ ‘തോന്ന്യാസി, വായ പൊളിച്ചാ തര്‍ക്കുത്തരേ പറയൂ’ ന്നും പറഞ്ഞ് തല്ലാന്‍ വന്നു.”

“അയ്യോ, അത് കഷ്ടായി .”

“അതന്ന്യാ പറഞ്ഞ്. വലുതായാ ഈ കൊഴപ്പോന്നൂല്യലോ. അച്ഛനും അമ്മേം രാത്രി ഒറക്കൊഴിച്ചിര്ന്ന് ലാപ്‌ ടോപ്പിലെന്തൊക്ക്യോ ചെയ്യ് ണ്ണ്ടാ വും. ചെലപ്പോ ടി. വീം വെച്ചിട്ട് ണ്ടാവും. അമ്മു ഒമ്പത് മണ്യാവുമ്പഴയ്ക്കും കെടന്നൊറങ്ങണം ,ഒറക്കം വര്ണില്യാ ന്നു പറഞ്ഞാ അമ്മയ്ക്ക് ദേഷ്യം വരും. അമ്മൂന് മടുത്തു.”

“അമ്മൂട്ടി അതൊന്നും കാര്യാക്കണ്ട. പഠിയ്ക്കണ കുട്ട്യോള് ഒറക്കൊഴിച്ചാ ബുദ്ധി കൊറയും. അതോണ്ടല്ലേ അമ്മ അങ്ങനെ പറഞ്ഞ്. അമ്മ പാവല്ലേ?”

“അത്ര പാവൊന്ന്വല്ല, മഹാ ഏഷണ്യാ. അമ്മമ്മ അമ്മേ പാവംന്ന് പറഞ്ഞില്യേ. അമ്മ അമ്മൂനെ അങ്ങനെ പറയാറേ ല്യലോ. എല്ലാരടട്ത്തും അമ്മു മഹാ കുറുമ്പ്യാണ്, വാശി ക്കാര്യാണ്, വല്ലാത്ത വായില്‍നാവാണ്  ന്നൊക്കെ പറഞ്ഞു കൊടുക്കും. അമ്മയ്ക്കന്ന്യാ കുറുമ്പ് .”

“അമ്മൂട്ടി എന്തെങ്കിലും കുറുമ്പ് കാണിച്ച്വോ?”

“അത്... ഇന്നാളൊരൂസം ഞങ്ങള് സിനിമയ്ക്ക് പോയി. അമ്മൂന്  ഇഷ്ടല്ലാ , ഹിതടെ വീട്ടിലിരിത്ത്യാ മതി, അവിടിരുന്നു കളിച്ചോളാം ന്ന് ആദ്യേ പറഞ്ഞതാ. അപ്പൊ അങ്ങനെ ആരടേം വീട്ടില് വെര്‍തെ പോയിരിയ്ക്കാന്‍ പാടില്യാന്നും പറഞ്ഞു കൊണ്ട്വോയി. തിയേറ്ററിന്റുളളില്  ആകെ ഇര്ട്ടാ. അമ്മൂന് കഥ്യൊന്നും മനസ്സിലാവ്ണൂല്യ. അമ്മ്യോടു ചോദിച്ചാ പിന്നെ പറഞ്ഞുതരാം ന്നു പറയും. ന്നാ ഐസ്ക്രീമും പോപ്‌കോണും വാങ്ങിത്തന്നാ മിണ്ടാണ്ടിരിയ്ക്കാം ന്ന്  അമ്മു പറഞ്ഞതാ. അപ്പൊ അച്ഛന്‍  പറയാണ്  ഇവടെ അതൊന്നും കിട്ടില്യാ ന്ന്. നൊണ്യാ. അപ്പറത്തിരിയ്ക്കണ കുട്ടി കഴിയ്ക്കണത് അമ്മു കണ്ടൂലോ. കൊറേ കഴിഞ്ഞപ്പോ അമ്മു വീട്ടിലയ്ക്കന്നെ പോണം ന്ന് പറഞ്ഞ് വാശി പിടിച്ചു. അത്രേള്ളു .”

“ന്നാ അമ്മൂട്ടി എപ്പഴും ഇവടെത്തന്നെ താമസിച്ചോളൂ . ഇങ്ങനെ ഉപദ്രവിയ്ക്കണ അച്ഛനേം അമ്മേം വേണ്ടാന്നു വെയ്ക്കാം ,ല്ലേ .”

“ആ...അത് പറ്റില്യ. അമ്മൂന്  അച്ഛനേം അമ്മേം വേണം. ചീത്ത പറയാന്‍ പാടില്യാ ന്നേ ള്ളൂ .”

“അമ്മൂട്ടി  സ്കൂളിലെ വിശേഷൊന്നും പറഞ്ഞില്യലോ. ആരൊക്ക്യാ കുട്ടിടെ കൂട്ടുകാര് ”

“ഹിതേം, ദിലീപും , ഉണ്ണ്യേട്ടനും”  

“ഉണ്ണ്യേട്ടനോ ? കൂടെ പഠിയ്ക്കണ കുട്ട്യേ ന്തിനാ അങ്ങനെ വിളിയ്ക്കണ് ?”

“അതേയ് ഉണ്ണ്യേട്ടന്റെ പേര്  വല്യ പേരാ . കുട്ട്യോളക്കൊന്നും പറയാന്‍ പറ്റില്യ.  ഉണ്ണ്യേട്ടന് അനീത്തി ണ്ട് . കുഞ്ഞുക്കുട്ട്യാ...വാവക്കുട്ടീന്നാത്രേ അതിനെ വിളിയ്ക്ക്യ. അത് ഉണ്ണ്യേട്ടാന്നും. അപ്പോ  ഉണ്ണ്യേട്ടന്‍  പറഞ്ഞു എല്ലാരും അങ്ങനെ വിളിച്ചാ മതീന്ന്  ”.

“അപ്പൊ ഉണ്ണ്യേട്ടന് കളിയ്ക്കാന്‍ കൂട്ട്ണ്ട് ല്ലേ”

“ങും , ദിലീപിനൂണ്ട് അനീത്തി. അവനതിനെ ഇഷ്ടേ ല്ല . അച്ഛനും അമ്മേം കാണാണ്ടെ ഉപദ്രവിയ്ക്കും ത്രേ . ഒരൂസം അതിനെ കൊല്ലും ന്നും പറയാറ് ണ്ട് ”.

“ആവൂ, അമ്മൂട്ടി ഇങ്ങന്യൊന്നും പറേരുത് ട്ടോ”.

“അതിന് അമ്മൂന് അനീത്തി ല്ല്യലോ?”

“ണ്ടാവുമ്പഴോ?”

“വേണ്ട”

“അതെന്താ ?”

“അച്ഛനും അമ്മയ്ക്കും തെരക്കല്ലേ? ഒരാള്‍ടെ കാര്യം തന്നെ നോക്കാന്‍ വയ്യ. പിന്ന്യല്ലേ ഒന്നും കൂടി.”

“അമ്മൂട്ടിയ്ക്ക് ഇഷ്ടല്ലേ?”

“സത്യം പറഞ്ഞാ ഇഷ്ടൊക്ക്യാണ് . ന്നാലും വേണ്ട.”

“ഇഷ്ടാച്ചാ പിന്നെന്താ? നല്ല കാര്യല്ലേ?”

“ഇന്യൊരു കുട്ടിണ്ടായാ അമ്മൂന്റെ കാര്യൊക്കെ ആകെ ബുദ്ധിമുട്ടാവും. ഇപ്പ ത്തന്നെ സ്വൈരല്ല്യ. ഇനി അതും കൂട്യായാ തെകഞ്ഞു.”.

“ഏയ്, അതൊക്കെ അമ്മൂട്ടിയ്ക്ക് വെറുതേ തോന്ന്വാ”.

“ഒന്ന്വല്ല, ദിലീപ് എപ്പഴും പറയാറ്ണ്ടലോ . അമ്മേം അച്ഛനും പിന്നെ കുഞ്ഞുക്കുട്ട്യെ മാത്രേ ശ്രദ്ധിയ്ക്കൂന്ന്. അവന് അച്ഛനോടും അമ്മ്യോടും കൂടി ദേഷ്യാ. ”

“അതാ കുട്ടി ഇത്തിരി വികൃത്യാ. അതോണ്ടാ ഇങ്ങന്യൊക്കെ”.

 “ഇത്തിര്യൊന്ന്വല്ല. അവന്‍ മഹാ വികൃത്യാ . അച്ഛന്റേന്ന് എപ്പഴും അടി കിട്ടും ത്രേ . വലുതായാ അവന്‍ അച്ഛനെ കൊന്നിട്ട് ജയിലില് പൂവും ന്നും പറഞ്ഞു”.

“ആട്ടെ, ഉണ്ണ്യേട്ടനോ?”

“ഉണ്ണ്യേട്ടന് വാവക്കുട്ട്യെ നല്ല ഇഷ്ടാ. ഒരൂസണ്ട്  ഉണ്ണ്യേട്ടന്റെ മൂക്കിമ്പില് നല്ലൊരു മുറി. വാവക്കുട്ടി കടിച്ചതാത്രേ. നല്ലോണം വേദനിച്ചിരിയ്ക്കുണു . പക്ഷേ ഉണ്ണ്യേട്ടന് ദേഷ്യൊന്നൂ ല്യാട്ടോ.  സാരല്യ , കുഞ്ഞുവാവ്യല്ലേ ന്ന് പറഞ്ഞു”.

“കണ്ട്വോ അങ്ങന്യാ നല്ല കുട്ട്യോള്”.

“പക്ഷേ അമ്മമ്മേ, വാവക്കുട്ടി എല്ലാ സാധനങ്ങളും കേടു വരുത്തും . ഉണ്ണ്യേട്ടന്റെ പൌച്ചില്  ഒറ്റ സാധനല്യ നല്ലത്. സ്കെയിലും പെന്‍സിലും ഒക്കെ പൊട്ടിച്ചിരി യ്ക്കുണു. പെന്നിന്റെ മേലെ കടിച്ചിട്ട്‌ പല്ലിന്റെ പാട് കാണാം. ബുക്കിലൊക്കെ കുത്തിവരയ്ക്കും. കീറ്വേം ചെയ്യും. ദിലീപിന്റെ അനീത്തി ഒരൂസം അവന്റെ ബുക്കില് മൂത്രോഴിച്ചൂത്രേ. ഡേട്ടീ ഫെലോ ”.

“അതൊക്കെ എല്ലാ ചെറ്യ കുട്ട്യോളും ചെയ്യും, അമ്മൂട്ടീം പണ്ട് ചെയ്തിട്ട്ണ്ട് . ഇപ്പൊ ചെയ്യാറില്യലോ . വാവക്കുട്ടിയ്ക്ക് ഉണ്ണ്യേട്ടനെ തിരിച്ചും ഇഷ്ടല്ലേ?”

“പിന്നേ...ഉണ്ണ്യേട്ടന്‍ സ്കൂള് വിട്ട് വീട്ടിലെത്തുമ്പഴയ്ക്കും വാതിലിന്‍റവടെത്തന്നെ വാവക്കുട്ടി കാത്തുനിക്ക് ണ്ണ്ടാവും ത്രേ . പിന്നെ കള്യോട്  കള്യാന്ന് . ഉണ്ണ്യേട്ടനെ കണ്ടാപ്പിന്നെ വാവക്കുട്ടി അമ്മടട്ത്തയ്ക്കും കൂടി പൂവില്യാത്രേ .  ഉണ്ണ്യേട്ടന് വേറെ കൂട്ടുകാരൊന്നും വേണംന്നന്നെല്യ.”

“അപ്പൊ അങ്ങന്യൊരു കൂട്ട്ണ്ടായാ നല്ല രസാ ല്ലേ ?”

“ങും”

“ന്നാലേയ്  അമ്മൂട്ടിയ്ക്കൊരു കൂട്ട് വരാമ്പോണ്ണ്ട്  ട്ടോ”

“അത്യോ...! എപ്പഴാ വര്വാ ?”

“വരാനിനീം ഏഴെട്ട് മാസം വേണം”.

“അമ്മമ്മേ കുഞ്ഞുക്കുട്ടി അനീത്ത്യോ അന്യേനോ?”

“അത് വന്നാലേ അറിയാമ്പറ്റൂ .”

“എന്ത് കുട്ട്യായാലും അമ്മു അച്ചൂ ന്നാ വിളിയ്ക്ക്യ. അമ്മമ്മേം അങ്ങനെ വിളിച്ചാ മതീ ട്ടോ.”

“ആയ്ക്കോട്ടെ. നല്ല പേര് .”

“അമ്മ കാണണ സീരിയലില് ഒരു ചെറ്യ കുട്ടിണ്ട് . നല്ല ഭങ്ങ്യാ. ഡോളിനെ പ്പോലെ 
ണ്ടാവും. അതിന്റെ പേരാ അച്ചു.”

“അമ്മൂട്ടി അച്ചൂനെന്താ കൊടുക്ക്വാ?”

“അമ്മൂന്റെ മാലേം, വളേം , പാദസ്സരോം ഒക്കെ കൊടുക്കാം. എന്തായാലും അമ്മൂന് സ്കൂളി ലിയ്ക്ക് ഒന്നൂം ഇടാന്‍ പറ്റില്യലോ.”

“അത്യോ. വേണ്ടാ ട്ടോ. അതൊക്കെ അമ്മമ്മ കൊടുത്തോളാം. അമ്മൂട്ടി അച്ചൂനെ നന്നായി നോക്ക്യാ മതി.”

“ങും... അമ്മു റെഡി. പക്ഷേ അമ്മമ്മേ അച്ചു  അമ്മു പറഞ്ഞാ കേക്ക്വോ?”

“പിന്നേ... അമ്മൂട്ടി ചേച്ച്യല്ലേ. ആദ്യം കൊറച്ച് വികൃത്യൊക്കെ കാണിയ്ക്കും. ഇത്തിരി വലുതാവുമ്പോ അതൊക്കെ മാറും. പിന്നെ അമ്മൂട്ടി പറേണതേ കേക്കൂ. അമ്മൂട്ടിടെ കുട്ട്യല്ലേ അച്ചു.”

“അമ്മമ്മേ യു. കെ. ജീലാവുമ്പോ അമ്മൂനും ഉണ്ണ്യേട്ടനെ പ്പോലെ അച്ചൂന്റെ വിശേഷ ങ്ങളൊക്കെ പറയാന്‍ പറ്റും ല്ലേ...? പിന്നേയ് , നിങ്ങക്കൊക്കെ ആരോടാ കൂടുതല് ഇഷ്ടം ണ്ടാവാ ? അമ്മൂനോടോ, അച്ചൂനോടോ? ”

“കൂടുതല് ന്നൊന്നൂല്യ. രണ്ടു പേരോടും ഒരേ പോലെ”.

“അതെന്താ, അമ്മൂനെ അധികം ഇഷ്ടപ്പെട്ടൂടെ? അമ്മ്വല്ലേ ആദ്യം ണ്ടായത് ? ”

“അയ്യോ, അപ്പൊ അച്ചൂന് ആരൂല്യാണ്ടാവില്യേ, അതിന് സങ്കടാവില്യേ. അത് പാടില്യ.”

“ങും...അത് ശര്യാ. അപ്പൊ ഫിഫ്റ്റി ഫിഫ്റ്റി? ഓ.കെ? ”

“അതൊറപ്പല്ലേ.”

“അച്ഛനും അമ്മേം അച്ചൂനേം ചീത്ത പറയേം തല്ല്വോക്കെ ചെയ്യോ?”

“പിന്നേ  വികൃതി കാണിച്ചാ ചീത്തേം കേക്കും, അടീം കിട്ടും.”

“അമ്മു സമ്മതിയ്ക്കില്യ. അപ്പൊ ഞങ്ങള് രണ്ടാളും കൂടി  അച്ഛനേം  അമ്മേം ഒരു പാഠം 
പഠിപ്പിയ്ക്കും. അമ്മമ്മേം ഞങ്ങടെ കൂടെ കൂടില്യെ?”

“പിന്നേ...അമ്മമ്മ എപ്പഴും നിങ്ങടെ കൂട്യല്ലേ?”

“അമ്മമ്മേ...”

“ങും”

“അമ്മൂട്ടീം അമ്മമ്മേം പിന്നെ...”

“പിന്നെ...?”

“പിന്നെ അച്ചൂട്ടീം”  
                           

                          _____________________________8 comments: