Wednesday, September 10, 2014

ആവണിപ്പൂക്കള്‍

                                      
കുങ്കുമക്കുറി ചാര്‍ത്തി നിന്നു പൊന്നുഷസ്സന്ധ്യ  

പൂക്കളെല്ലാം കണ്ണു പാതി മിഴിച്ചെഴുന്നേറ്റു

കര്‍ക്കിടകക്കാറൊഴിഞ്ഞു തെളിഞ്ഞിതാ മാനം

ഓണമെത്തിയൊരുങ്ങിനില്‍ക്കാം തോഴരേ വരിക

എന്നു പൂപ്പൊലി പാടി നീണ്ടൂ കുഞ്ഞിളം കൈകള്‍

കോടി ചുറ്റിയൊരുങ്ങി വന്നൂ നല്ലിളം പൂക്കള്‍

‘എന്റെ മഞ്ഞപ്പട്ടുടുപ്പിന്നെന്തൊരഴകാണ് ’

എന്നു ചൊല്ലി പതുങ്ങി നിന്നൂ മെല്ലെ മുക്കുറ്റി

‘എന്റെ വെളളയുടുപ്പിലാരും തൊട്ടുപോകല്ലേ

ചെളി പുരണ്ടാല്‍ ചീത്തയാകു’മൊതുങ്ങി തുമ്പപ്പൂ

‘ചെളിയിലല്ലേ ഞാന്‍ പിറന്നു വളര്‍ന്നതെന്നിട്ടും

രാജ്ഞിയല്ലേ’ താമരപ്പൂ ഗമ കുറച്ചില്ല

കുളി കഴിഞ്ഞിട്ടീറനോടേയുഴറിയെത്തുന്നു

പല വര്‍ണ്ണങ്ങളില്‍ പത്തുമണിപ്പൂവുകള്‍

സ്വര്‍ണ്ണവര്‍ണ്ണപ്പുടവ ചുറ്റീ കനകാംബരം

അന്തിവിണ്ണിന്‍ ചേലണിഞ്ഞു തിളങ്ങി നില്‍ക്കുന്നു

നേരമാവുന്നല്ലെയുള്ളൂ ഞങ്ങള്‍ വന്നീടാം

എന്നു നാലുമണിപ്പൂക്കളലസമായ്  ചൊല്ലീ

ഇന്നലെയന്തിയ്ക്കു കതിരോന്‍ മുറുക്കിത്തുപ്പീ

ഇന്നിതാ ചെമ്പരത്തിപ്പൂ ചുവന്നേ നില്പൂ

തുടുതുടുത്തൊരു പൊട്ടു തൊട്ടൂ വാര്‍നെററിയില്‍

പവിഴമല്ലി തിളങ്ങുന്നൂ താരകം പോലെ

ഗന്ധമില്ലെന്നല്ലെയുള്ളൂ ചന്തമുണ്ടല്ലോ

കടലാസുപൂക്കള്‍ തലയുയര്‍ത്തി നിന്നൂ

ഇത്തിരിത്തേന്‍ നുണയുവാനെത്തി ശലഭങ്ങള്‍

പൂവിനുള്ളിലിരുന്നു മറ്റൊരു പൂവിനെപ്പോലെ

‘വേണ്ട ഞങ്ങളെയാര്‍ക്കുമെങ്കിലുമെത്തിടും ഞങ്ങള്‍

തമ്പുരാനെയെതിരേല്‍ക്കാന്‍  ഞങ്ങളുമുണ്ടേ’

എന്നു ചൊല്ലീ നിരനിരന്നുന്മേഷത്തോടെ

ആരുമാരുമറിഞ്ഞിടാത്തവര്‍  കാട്ടുപൂക്കള്‍

ഇളം മഞ്ഞയ്ക്കെന്തു ചന്തം കാണ്‍ക കണ്‍ നിറയെ

പറയുന്നൂ ജമന്തിപ്പൂ , ചെണ്ടുമല്ലിപ്പൂ

കുമ്പിള്‍ നീട്ടും കോളാമ്പി, മന്ദാരം, തെച്ചിപ്പൂ

പൊന്‍ തിരി നീട്ടി നില്‍ക്കുമലരിപ്പൂക്കള്‍

കണ്ണാന്തളി, കാക്കപ്പൂ ,അരിപ്പൂ , കാശിത്തുമ്പ

നീലക്കണ്മുനയാലേ നോട്ടമെയ്യും ശംഖുപുഷ്പം

ആവണിപ്പൊന്‍ തേരിറങ്ങിയണഞ്ഞിതാ പൂക്കള്‍

തിരുമേനിയ്ക്കെന്നുമൊരുപോല്‍  പ്രിയമുള്ളവര്‍

ചിങ്ങവെയിലാമാട മാറ്റി മെല്ലെയാകാശം

ഓണനിലാക്കോടി ചുറ്റി ചമഞ്ഞു വന്നപ്പോള്‍

കുടമുല്ലപ്പൂക്കള്‍  താഴേ വിടര്‍ത്തീ തൊഴുകൈ

കൂടെ രാപ്പൂക്കളാകെ മിഴി തുറന്നു നോക്കി

വകഞ്ഞകററീ മേഘമുഖപടമമ്പിളിപ്പൂവ്

പിറകെയെത്തി വിരിഞ്ഞു നിന്നൂ താരകപ്പൂക്കള്‍ .


                                      ----------------


3 comments:

 1. നന്നായി...! ഫോണ്ട് ഒന്ന് മാറ്റിയാല്‍ വായിക്കാന്‍ കുറച്ചു കൂടി എളുപ്പമാകുമായിരുന്നു ..!

  ReplyDelete
 2. നല്ല കവിതയെങ്കിലും ഫോണ്ടിന്റെ കടുപ്പം വായനയ്ക്ക് അരോചകത്വം നല്കുന്നു.......ശ്രദ്ധിക്കുമല്ലോ....

  ReplyDelete
 3. നല്ല കവിത!
  ഇഷ്ടപ്പെട്ടു

  ReplyDelete