Sunday, June 21, 2015

വായനാഗാനം

                                             
                    (രാഗം : മലയമാരുതം)

നവയുഗ ശില്‍പികള്‍  നമ്മള്‍ നമ്മുടെ ലക്ഷ്യം ലോകസുഖം
പടുത്തുയര്‍ത്താമൊരേക ലോകം ഒരുമിയ്ക്കാമതിനായ്
പകര്‍ന്നു നല്‍കും നമ്മള്‍ക്കെന്നും അമൂല്യ മൂല്യങ്ങള്‍
അറിവും പൊരുളും അറിഞ്ഞു നല്‍കും അനര്‍ഘ  ഗ്രന്ഥങ്ങള്‍                   

വായിയ്ക്കുക നാം വിജ്ഞാനത്തിന്‍  ഗിരിശൃംഗത്തില്‍  പദമൂന്നാന്‍
വായിയ്ക്കുക നാം അറിവിന്‍ കടലിന്‍ മറുകര കണ്ടീടാന്‍  

നാനാ വിസ്മയലോകം തീര്‍ക്കും ശാസ്ത്രം നൂതനകൌതുകം
ഭാവനയുടെ നറുതേന്‍  നിറയുന്നൊരു ഭാസുരസുരഭിലസാഹിതി   
പ്രപഞ്ച നിഗൂഢ സത്യമതറിയാന്‍  ക്ഷീരപഥങ്ങളിലൊഴുകാന്‍
വിജ്ഞാനത്തിന്‍ വിശാല ഗഗനം സ്വാഗതമോതുന്നു.

വായിയ്ക്കുക നാം വിജ്ഞാനത്തിന്‍   ഗിരിശൃംഗത്തില്‍  പദമൂന്നാന്‍
വായിയ്ക്കുക നാം അറിവിന്‍ കടലിന്‍ മറുകര കണ്ടീടാന്‍

ആണവമല്ലാതാസുരമല്ലാതൊരു ലോകം സൃഷ്ടിയ്ക്കാന്‍
അറിവിന്‍ ലോകത്തേയ്ക്കു  തുറക്കും വാതായനമാണക്ഷരം
ജീവിതയാനപഥങ്ങളിലെന്നും നേര്‍വഴി കാണിയ്ക്കാന്‍
ത്യാജ്യഗ്രാഹ്യ വിവേചനമരുളും സഹയാത്രികരല്ലോ

വായിയ്ക്കുക നാം വിജ്ഞാനത്തിന്‍  ഗിരിശൃംഗത്തില്‍   പദമൂന്നാന്‍
വായിയ്ക്കുക നാം അറിവിന്‍ കടലിന്‍ മറുകര കണ്ടീടാന്‍

വായന നമ്മെ പ്രബുദ്ധരാക്കും കര്‍മ്മോന്മുഖരാക്കും
സൌമ്യമായുപദേശിച്ചുജജ്വല  ശക്തി പകര്‍ന്നീടും
അയത്ന ലളിതം ഹൃദിസ്ഥമാക്കാം ദുര്‍ഗ്രഹ വിജ്ഞാനം
അജ്നാനാന്ധത നീക്കാം വിദ്യാദീപ്തി നേടീടാം

വായിയ്ക്കുക നാം വിജ്ഞാനത്തിന്‍  ഗിരിശൃംഗത്തില്‍   പദമൂന്നാന്‍
വായിയ്ക്കുക നാം അറിവിന്‍ കടലിന്‍ മറുകര കണ്ടീടാന്‍
















4 comments: