Friday, August 28, 2015

ഇന്‍സ്റ്റന്റ് ഓണം

                                         
     “ഇപ്രാവശ്യം കുട്ടികള്‍ക്ക്  ഓണാവധി കഴിഞ്ഞിട്ടാ പരീക്ഷ. ഇപ്പൊ നാട്ടിലേയ്ക്ക് വന്നാ കുട്ടികള്‍ടെ പഠിത്തൊക്കെ അവതാളത്തിലാവും. അതോണ്ട്  അമ്മ ഇങ്ങട്ട് പോരൂ. കാറയയ്ക്കാം” എന്ന് മകള്‍ ഫോണില്‍ പറഞ്ഞപ്പോള്‍  “എന്തായാലും കുട്ട്യോളില്ലാതെ ഓണം ആഘോഷിയ്ക്കാന്‍ വയ്യ. എന്നാ ഈ ഓണം മകൾടെ കൂട്യാവാം” എന്ന്  കരുതിയാണ് മുത്തശ്ശി വന്നത്.

രാവിലെ നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ഈറനോടെ  മുത്തശ്ശി ഉമ്മറത്തെത്തി. മകള്‍ അമ്മയ്ക്ക് ഓണക്കോടി കൊടുത്തു. കോടിമുണ്ടിന്റെ മണം വന്നപ്പോഴേ മുത്തശ്ശിയുടെ മുഖത്ത് ഒരോണം മുഴുവന്‍ വിടര്‍ന്നു. “നല്ല എഴ. കുത്താമ്പുള്ള്യാവും ,ല്ലേ” മുണ്ടിലൂടെ  വിരലോടിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചു. “അമ്മയ്ക്കിഷ്ടായോ” എന്ന മകളുടെ ചോദ്യത്തിന്  “പിന്നെന്താ അസ്സലായിരിയ്ക്കുണു” എന്ന് കര വിസ്തരിച്ചു നോക്കിക്കൊണ്ട്‌ മുത്തശ്ശി പറഞ്ഞു.

എവടെ മാലതീ എല്ലാരും ?വിളിയ്ക്ക് ” എല്ലാവര്‍ക്കും  ഓണക്കോടി കൊടുക്കാന്‍ മുത്തശ്ശിയ്ക്ക് ധൃതിയായി. “ഇന്നോണല്ലേ, ഇത്തിരി നേരം കളിച്ചോളൂ.” അമ്മയുടെ അനുവാദം കിട്ടിയതോടെ കുട്ടികള്‍ പരോള്‍ കിട്ടിയ സന്തോഷത്തോടെ ഉമ്മറത്തെത്തി. “കുട്ട്യോള് ള്ള വീടല്ലേ ഇത്. മുറ്റം ങ്ങനെ ഒഴിഞ്ഞു കെടക്കാന്‍ പാടില്ല്യ . കുട്ട്യോള് മുററത്തൊക്കെ ഓടിക്കളിച്ചു നടക്കണം” മുത്തശ്ശി പറഞ്ഞുവെങ്കിലും അവര്‍ ഉമ്മറത്ത് തന്നെ നിന്നതേയുള്ളൂ.

“അല്ലാ, ദെന്താ മാലതീ, ഇനീം തൃക്കാരപ്പനെ വെച്ച് പൂജിച്ചില്ല്യേ” . മുത്തശ്ശിയുടെ ആ ചോദ്യം കേട്ടപ്പോള്‍ മകളൊന്നു പരുങ്ങി. “അത്...ഇത് ടൌണല്ലേ അമ്മേ, ഇവടെവിട്ന്നാ തൃക്കാക്കരയപ്പനും മാതേവരുമൊക്കെ ?ഇവടെ അതൊന്നും പതിവില്യ.”  "ഉം...പോട്ടെ, പൂക്കളെങ്കിലൂണ്ടലോ" മുത്തശ്ശി  അല്പമൊരതൃപ്തിയോടെ സമാധാനിച്ചു. “ഇതെപ്പളേ  ഇട്ടത്. കേമായിരിയ്ക്ക്ണു. പക്ഷേ, മാലതീ ദെന്ത് പൂവാത്? ഇങ്ങനത്തെ നെറത്തില് പൂവ് കണ്ടിട്ടേല്യലോ?”  മുത്തശ്ശി കണ്ണ് ചുളിച്ചു നോക്കുന്നത് കണ്ടപ്പോള്‍ മകള്‍ പറഞ്ഞു “അത് ഇന്‍സ്റ്റന്റ് പൂക്കളാ അമ്മേ.നമ്മള് നെലത്ത് ചവിട്ടി ഇടണത് പോലെ ഇടാം .കണ്ടാ പൂക്കളാന്നേ തോന്നൂ. എടുത്തു വെച്ചാ അട്ത്ത ഓണത്തിനൂം ഇടാം. മകളുടെ  വിശദീകരണം കേട്ടപ്പോള്‍ മുത്തശ്ശിയ്ക്കത് തീരെ ഇഷ്ടായില്യ. “ചവിട്ടി പോല്യാ പൂക്കളം?”

“കുട്ട്യോളക്കൊന്നും നിങ്ങള് ഓണക്കോടി എട്ത്തില്ല്യെ ?”അമ്മുവിന്റെ  ജീന്‍സിന്റെ നേരെ നോക്കിക്കൊണ്ട് മുത്തശ്ശി ചോദിച്ചു.
” അതന്യാ അമ്മേ അവര് ഇട്ടിരിയ്ക്കണത്.”  
“അമ്മൂന് ഒരു പട്ടുപാവാടേം , അപ്പൂനു പാവുമുണ്ടും കൊടുക്കായിരുന്നു.” മുത്തശ്ശിയ്ക്ക് ന്യൂ ജനറേഷന്‍ ഓണക്കോടി ഇഷ്ടപ്പെട്ടില്ല.
“അതൊന്നും അവരിടില്യ. അവര്ക്ക് ഇങ്ങനത്തെ ഉടുപ്പന്യാ ഇഷ്ടം. ഇപ്പൊ അപ്പു സ്കൂളില് പൂവാന്‍ തൊടങ്ങീല്യെ . കഴിഞ്ഞ ഓണത്തിന് അമ്മ കൊടുത്ത മുണ്ടന്നെ വെറുത്യിരിയ്ക്ക്യാ.  ഇവടെ എല്ലാര്‍ക്കും ഈരണ്ടു ജോടി ഉടുപ്പ് എടുത്തു.”
“നീയെന്താ എടുത്ത്...? സാര്യോ, മുണ്ടും വേഷ്ട്യോ ?”  മുത്തശ്ശി അന്വേഷണം നിര്‍ത്തിയില്ല.
“ഞാന്‍ ചുരിദാറാ വാങ്ങീത്. സാര്യൊക്കെ എപ്പഴെങ്കില്വേ ഉടുക്കാറുള്ളൂ. ഓഫീസ് പ്പൂമ്പോ ചുരിദാറാ  സൗകര്യം. പിന്നെ എന്നും ഇടുമ്പോ എണ്ണോം  വേണ്ടേ?” മകള്‍  ന്യൂ ജനറേഷന്‍ ഓണക്കോടിയുടെ പിന്നിലെ മനഃശാസ്ത്രം വ്യക്തമാക്കി.

“അതേയ്, ഇങ്ങനെ വര്‍ത്താനം പറഞ്ഞോണ്ടിരുന്നാ നേരങ്ങ്ട് പൂവും. സദ്യയൊരുക്കണ്ടേ. നാട്ടിലാച്ചാ പത്തിരുപതു പേര്‍ക്ക് വേണലോ. പണിക്കാരൊക്കെണ്ടാവും.ഇവടിപ്പോ നമ്മളന്ന്യല്ലേ ള്ളൂ. അമ്മൂന് പാലട്യല്ലേ ഇഷ്ടം. അപ്പൂനു പരിപ്പ് പ്രഥമന്‍ വേണോ അതോ ഇടിച്ചു പിഴിഞ്ഞ പായസോ?” മുത്തശ്ശി പാചകത്തിനൊരുങ്ങി.
“അമ്മ ഇപ്പൊ ബുദ്ധിമുട്ടണ്ട. അതൊക്കെ ഉച്യാവുമ്പഴയ്ക്ക് ഒരുങ്ങിക്കോളും.” മകള്‍ തടഞ്ഞു.
“എങ്ങനെ? ഓണായിട്ട് വേലക്കാരടെ കയ്യോണ്ട് വെച്ച് ണ്ടാക്കീതാ കഴിയ്ക്ക്യ? അതൊന്നും വേണ്ട. നല്ലൊരു സദ്യ മുഴ്വോന്‍ ഒറ്റയ്ക്ക്  ണ്ടാക്കാന്‍ളള  കഴിവ് നിയ്ക്ക് പ്പഴൂണ്ട്.” മുത്തശ്ശിയ്ക്ക് ദേഷ്യം വന്നു.
“വേലക്കാരല്ല അമ്മേ, കേറ്ററിങ് സര്‍വീസാ.ഇന്‍സ്റ്റന്റ് ഓണസ്സദ്യ. നമ്മക്കെന്തൊക്ക്യാ വേണ്ടത് ന്നങ്ങ് ട് പറഞ്ഞാ മതി. കാശും കൊടുക്ക്വ. സമയാവുമ്പോ ഉഗ്രന്‍ സദ്യ റെഡി. കൂടുതല്‍ വിഭവങ്ങള്‍ക്ക് കാശധികം കൊടുക്കണം ന്നേള്ളൂ . രണ്ടായിരം രൂപയ്ക്ക് ബുക്കീതാ ഒരു കസവുസാരി ഫ്രീ. അതാ ഞാനിപ്പോ ഉടുത്തീരിയ്ക്കണത്.”  മകള്‍ കാര്യം വിശദീകരിച്ചു സമാധാനിപ്പിയ്ക്കാന്‍ ശ്രമിച്ചു.

“ഇതെവിട്ന്നാ ഓണപ്പാട്ട് കേക്കണത് ,അപ്പറത്തെ വീട്ട്ന്നാ?” മുത്തശ്ശി ഒരു സുഖത്തോടെ കാതോര്‍ത്തു.
“ഏയ്‌...അത് ടീവീന്നാ .ഓണപ്പാട്ടും ,കൈകൊട്ടിക്കളീം , ഉറിയടീം, പുലികളീം, സദ്യീം ഒക്കെ ടീവീല് കാണാം. പുത്യ സിനിമകളൂണ്ടാവും. അടുക്കളേക്കെടന്നു കഷ്ടപ്പെടാതെ അതൊക്കെ കാണാലോ” മകള്‍ ഇന്‍സ്റ്റന്റ് ഓണസ്സദ്യയുടെ എല്ലാ ഗുണങ്ങളും വിശദീകരിച്ചു.

“അല്ലാ, അമ്മ ഇപ്പഴും ഈറനുടുത്ത് ഇരിയ്ക്ക്യാണലോ .പൂജ്യൊന്നും ഇല്ല്യാട്ട്വോ അമ്മേ . വേഗം മാറ്റൂ.” മകള്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത്.
“നീയിതങ്ങ്ട് എടുത്തു വെച്ചോ.” മുത്തശ്ശി  ഓണക്കോടി മകളുടെ നേരെ നീട്ടി.
“എന്തേ? അമ്മയ്ക്കിഷ്ടായീന്നല്ലേ പറഞ്ഞത്?” മകള്‍ പരിഭ്രമത്തോടെയും പരിഭവത്തോടെയും ചോദിച്ചു.
“നീയ് രണ്ടു ചുരിദാറ് വാങ്ങീ ന്നല്ലേ പറഞ്ഞത്? തല്‍ക്കാലം ഒന്നിങ്ങട്ട് തായോ. ഇന്‍സ്റ്റന്റ് ഓണത്തിനു ചേരണ ഓണക്കോടി അതാ.”മുത്തശ്ശി ഒരു ന്യൂ ജനറേഷന്‍ ചിരി ചിരിച്ചു.

                                    --- --- --- --- ---

8 comments:

 1. കാലം മാറി.ഓണാഘോഷങ്ങളും .

  ആശംസകൾ

  ReplyDelete
 2. ന്യൂ ജനറേഷൻ മുത്തശ്ശി

  ReplyDelete
  Replies
  1. അതെ. മുത്തശ്ശിയ്ക്കതല്ലേ വഴിയുള്ളൂ

   Delete
 3. കഥ ഇഷ്ടമായി. ആശംസകള്‍

  ReplyDelete
 4. മുത്തശ്ശിമാര്‍ വരെ മാറിപ്പോകും. അതാ ഈ കാലത്തിന്റെ ഒരു സ്പീഡ്

  ReplyDelete