Monday, April 11, 2016

ഉണ്ണിയും മുത്തശ്ശിയും


  (കുട്ടിക്കഥ)
“ ഇനീം കഴിഞ്ഞില്ലേ നിങ്ങടെ തല്ലുകൂടല് ”– ഉമ്മറവരാന്തയിലേയ്ക്കിറങ്ങിക്കൊണ്ട്  മുത്തശ്ശി ചോദിച്ചു.

ഉണ്ണി ശാഠ്യം പിടിച്ച് കരഞ്ഞു കൊണ്ടേയിരിയ്ക്കുകയാണ്. അമ്മ നിര്‍ത്താതെ ചീത്ത പറയുന്നുമുണ്ട്.

“ അമ്മ കണ്ടില്ലേ ഈ ചെക്കന്റെയൊരു കുറുമ്പ് ? എത്ര നേരായി ബുദ്ധിമുട്ടിയ്ക്കാന്‍ തൊടങ്ങീട്ട് ” – അമ്മ മുത്തശ്ശിയോട് പരാതി പറയാന്‍ തുടങ്ങി.

“ മതി. നീയൊന്നു നിര്‍ത്ത് . നീയിങ്ങനെ ചീത്ത പറഞ്ഞാ അവന്റെ വാശി കൂടുംന്നല്ലാതെ യാതോരു വിശേഷോംണ്ടാവാന്‍ പോണില്ല്യ ” – മുത്തശ്ശിയുടെ ഉപദേശം അമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

“ ഉം...ചീത്ത പറയല്ല .രണ്ടങ്ങ്ട് പൊട്ടിച്ചു കൊടുക്ക്വാ വേണ്ടത്.  കുട്ട്യോളായാ ഇത്ര വാശി നന്നല്ല ” – അമ്മയുടെ  ദേഷ്യം കൂടുന്നത് കണ്ടപ്പോള്‍ ഉണ്ണി ചുണ്ടും പിളുത്തി ഉറക്കെ കരയാന്‍ തുടങ്ങി.

“ പിന്നേ, അത്ര പറയാനോന്നൂല്യ. മൂന്ന് വയസ്സ് കഴിഞ്ഞല്ലേ ള്ളൂ അവന്.  നെനക്ക് ഈ പ്രായത്തില് ഇതിനേക്കാ വാശിണ്ടായിരുന്നു. അത് നിയ്ക്കല്ലേ അറിയൂ ” – മുത്തശ്ശി അമ്മയെ ഏറെ പറയാന്‍ സമ്മതിച്ചില്ല.

“ അസ്സലായി. ഇനി ഇതും കൂട്യേ പറഞ്ഞ് കേപ്പിയ്ക്കണ്ടൂ. അല്ലെങ്കിത്തന്നെ അവനൊന്നും പറഞ്ഞാ കേക്കില്യ. അമ്മ്യാ അവനെ ങ്ങന്യാക്കണ് ” – അമ്മയൊന്നു പരുങ്ങി.

 മുത്തശ്ശിയ്ക്ക് മകളുടെ ആ സംസാരം അത്ര പിടിച്ചില്ല. “ അതേ . കൊല്ലത്തില് ഒന്നോ രണ്ടോ പ്രാവശ്യം കാണണ ഞാനാ അവനെ വാശിക്കാരനാക്യേത് . കുട്ട്യോള്ടെ അടുത്തേയ് ത്തിരി ക്ഷമ കാണിയ്ക്കണ്ട്യേരും.അതിനെങ്ങന്യാ. അത് നെനക്ക് പണ്ടേ ഇല്ല്യലോ ”.     

“ ന്നാ അമ്മയൊന്നു നിര്‍ത്തിത്തരൂ അവന്റെ ഈ ദുശ്ശാഠ്യം. ഞാനൊന്ന് കാണട്ടെ. അവന് ഇപ്പൊ അമ്പിളിഅമ്മാമനേം നക്ഷത്രങ്ങളേം വേണം ന്നാ പറയണ്. അടുത്ത് കാണണം, തൊട്ടു നോക്കണം....എന്തൊക്ക്യാ ആവശ്യങ്ങള് !  അമ്മ അവന് ഓരോ കഥ പറഞ്ഞു കൊടുത്തിട്ടല്ലേ. അവട്യാവുമ്പോ അവനു ഈ വാശിയൊന്നൂല്യലോ . ടി. വീ ലോ ലാപ്‌ ടോപ്പിലോ കാര്‍ട്ടൂണ്‍ ഫിലിം വെച്ചു കൊടുത്താ എത്ര നേരം വേണെങ്കിലും മിണ്ടാണ്ടിരുന്നോളും” . മുത്തശ്ശിയുടെ  കുറ്റപ്പെടുത്തല്‍ അമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

“ ആ ... ആ ജാതി ഓരോന്ന് കാണിച്ചു കൊടുത്തിട്ടന്യാ അവനിങ്ങന്യായത് . നീയ് നെന്റെ പണി എളുപ്പാക്കാന്‍ ഓരോന്നങ്ങ്ടു ചീയും. ന്നിട്ട് കുട്ടിയ്ക്കാ കുറ്റം. നീയാ മാനത്തേയ്ക്കൊന്നു നോക്ക്. ഇന്നേയ് വെളുത്തവാവാ .  കുട്ടി എന്ത് കണ്ടിട്ടാ വാശി പിടിയ്ക്കണ്ന്നൊന്നും നീയ്  ശ്രദ്ധിച്ചിട്ടില്യലോ” . മുത്തശ്ശി ആകാശത്തേയ്ക്ക് വിസ്തരിച്ചൊന്നു നോക്കി.

പൂര്‍ണ്ണചന്ദ്രനും, നക്ഷത്രങ്ങളും, നിലാവുമൊക്കെ കണ്ടപ്പോള്‍ അമ്മയ്ക്കും നോക്കി നില്‍ക്കാന്‍ തോന്നി. പക്ഷേ അബദ്ധം സമ്മതിച്ചു കൊടുക്കാന്‍ അമ്മ തയ്യാറായില്ല. “ പിന്നേ, മണി പത്തായി. ഇപ്പഴല്ലേ മാനത്തേയ്ക്കും നോക്കി നിക്ക്വാ. ചെക്കനിന്നൊറങ്ങണ ലക്ഷണൊന്നൂല്യ. അല്ലാ, അമ്മെന്താ ഈ കാണിയ്ക്കണ്. എങ്ങട്ടാ ഈ വല്യേ ഉരുളീം താങ്ങിപ്പിടിച്ചോണ്ട് ? വയസ്സായീന്നുള്ള വിചാരോന്നൂല്യാല്ലേ. നടു വെലങ്ങും” .

“ പിന്നേ. എനിയ്ക്കേയ് നെന്നേക്കാ ആരോഗ്യം ണ്ട്. നെനക്കൊറക്കം വരണണ്ട്‌ച്ചാ നീയങ്ങ്ട് പൊയ്ക്കോ. ഇനി അവനെ കരയിയ്ക്കാന്‍ ഇവടെ നിക്കണ്ട”.

“ ഓ! എന്താച്ചാ ആയ്ക്കോളൂ. മുത്തശ്ശീം പേരക്കുട്ടീം കൂടി. ഞാന്‍ പോവ്വാ” - അമ്മ അകത്തേയ്ക്ക് കയറി പോയപ്പോള്‍ ഉണ്ണിയ്ക്ക് സമാധാനമായി . അമ്മയ്ക്ക് മുത്തശ്ശിടേന്നു ചീത്ത കേട്ടൂലോ. അങ്ങനെത്തന്നെ വേണം. മുത്തശ്ശ്യല്ലേ അമ്മേക്കാ വലുത്. അപ്പൊ മുത്തശ്ശി പറയണത് അമ്മ അനുസരിയ്ക്കണം. അമ്മ മുത്തശ്ശി പറഞ്ഞത് കേട്ടില്ലെങ്കില്‍ ഉണ്ണി അമ്മ പറയണതൊന്നും കേക്കില്യ - ഉണ്ണി തീരുമാനിച്ചു.

മുത്തശ്ശി എന്തിനാ ഉരുളി മുറ്റത്തു വെച്ചത് ?  കെണറ്റിന്നു വെള്ളം കോരി ഉരുളീല് നെറയ്ക്കണുണ്ടലോ. എന്തെങ്കിലും ണ്ടാക്കാന്‍ പൂവാണോ ? അമ്മ രാത്രി അടുക്കളേല് ഒരു പണീം ചെയ്യാറില്യലോ ? ഉണ്ണി മുത്തശ്ശിയുടെ മുണ്ടിന്റെ അറ്റം പിടിച്ചു കൊണ്ട് കൂടെ നടന്നു. വെള്ളം നിറച്ചു കഴിഞ്ഞപ്പോള്‍  മുത്തശ്ശി ഉരുളിയുടെ അടുത്തുള്ള കല്ലില്‍ ഇരുന്നു. ഉണ്ണിയെ വിളിച്ചു മടിയില്‍ ഇരുത്തി.

“ ഇനി മുത്തശ്ശിടെ കുട്ടി ഉരുളീലിയ്ക്ക് നോക്ക് ” . മുത്തശ്ശി വേഷ്ടിയുടെ  അറ്റം കൊണ്ട് അവന്റെ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.

ഉണ്ണി നോക്കിയപ്പോള്‍ ഉരുളിയില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു അമ്പിളി അമ്മാമന്‍ ! നിറയെ നക്ഷത്രങ്ങള്‍ !

ഹായ് ! എന്ത് രസാ കാണാന്‍. ആകാശത്ത് കാണണ മാതിരി ദൂരെയല്ല. എത്ര അടുത്താ. തൊടാന്‍ നോക്കിയപ്പോ സമ്മതിയ്ക്ക്ണില്യ. നീങ്ങിപ്പോവാണ്. അത് സാരല്യ. തൊട്ടും പിടിച്ചും കളിയ്ക്കുമ്പോ ഉണ്ണീം തൊടാന്‍ സമ്മതിയ്ക്കാറില്യലോ.

ഉണ്ണിയ്ക്ക് സന്തോഷമായി. അവന്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ചുകൊണ്ട് ചിരിച്ചു. മുത്തശ്ശിയും ചിരിച്ചു. അകത്തെ ജനലില്‍ക്കൂടി നോക്കിക്കൊണ്ടു നിന്ന അമ്മയും ചിരിച്ചു.

                                                            ---------------------------------

8 comments:

  1. മുത്തശ്ശിനന്മയുള്ളൊരു കഥ

    ReplyDelete
  2. മുത്തശ്ശിയും ഉണ്ണിയും ഒക്കെ ഇന്ന് കഥയില്‍ മാത്രമായി..

    ReplyDelete
  3. ഒരു മുത്തശ്ശിക്കഥ.നന്നായിട്ടുണ്ട്‌.

    ReplyDelete