Sunday, June 5, 2016

ഞങ്ങള്‍ ഭഗീരഥര്‍

(ഇന്ന് പരിസ്ഥിതി ദിനം. തീരുമാനങ്ങളും ശപഥങ്ങളും മാത്രമായി വീണ്ടും ദിനങ്ങള്‍ കടന്നു പോയാല്‍ ... മക്കള്‍ക്ക്‌ വേണ്ടി കനത്ത ധനനിക്ഷേപങ്ങളുണ്ടാക്കാന്‍ യത്നിയ്ക്കുന്ന അച്ഛ നമ്മമാര്‍ക്ക് അവര്‍ക്ക് ജീവിയ്ക്കാന്‍ , നിലനില്‍ക്കാന്‍ ഒരിടം നല്‍കാനാകില്ല എന്നത് എല്ലാര്‍ക്കുമറിയുന്ന, അറിഞ്ഞിട്ടു യാതൊരു ഫലവുമില്ലാത്ത സത്യമാണ്. ആ ഒരിടത്തിനു വേണ്ടി ഇനി യത്നിയ്ക്കേണ്ടത് രും തലമുറയാണ്. മുമ്പേ പോയവര്‍ ചെയ്ത പാപങ്ങള്‍ ക്ക്‌ പരിഹാരം കണ്ടെത്തേണ്ട മഹായത്നത്തിലേയ്ക്ക്  അവര്‍ ശ്രദ്ധ പതിപ്പിച്ചെങ്കില്‍ ഭൂമി രക്ഷപ്പെട്ടേയ്ക്കാം.)                  

മഴയൊട്ടും പെയ്യുന്നില്ല
വെയിലൊട്ടും മായുന്നില്ല
കുളിര്‍ തേടും കാറ്റിന്‍ നെഞ്ചില്‍
ചുടു ചുടു നെടുവീര്‍പ്പുകള്‍ മാത്രം
അതിരില്ലാപ്പാടം നീളെ
വേനല്‍ വെന്തുരുകീടുന്നു
കതിര്‍കാണാക്കിളിയുടെ തേങ്ങല്‍
കാറ്റലയില്‍ മുങ്ങിപ്പോയി
കനമാര്‍ന്നൊരു വേരുകള്‍ മണ്ണില്‍
പിടയുമ്പോള്‍ മാമരമെല്ലാം
‘കരിയുന്നൂ പച്ചക്കുടയും
എരിയുന്നൂ ചില്ലക്കൈകള്‍
എങ്ങനെ ഞാന്‍ കാക്കും നിന്റെ
സന്തതികളെ വറുതിക്കാരെ
ഉരിയാടൂ മലദൈവങ്ങളെ’
കരള്‍ പൊട്ടിക്കരയുന്നല്ലോ
നീര്‍ വറ്റിയൊരാറ്റിന്‍ മാറില്‍
കരകേറാനറിയാപ്പാവം
ജലജീവികള്‍ ചത്തു മലച്ചൂ
കനിവില്ലാക്കതിരോന്‍ കത്തീ

കുടിനീരും തേടിത്തേടി
ചുടുവഴികള്‍ താണ്ടിത്താണ്ടി
കാട്ടാറിന്‍ തീരത്തല്ലോ
കാടിന്റെ മക്കള്‍ പാര്‍പ്പൂ
തെളിനീരിന് ഉള്ളം തിങ്ങേ
പൊള്ളും മണല്‍ മാന്തിയൊതുക്കി
ഇത്തിരി നീര്‍ കുമ്പിളില്‍ നിറയേ
ഉള്‍ത്താപം നീങ്ങുകയില്ല
ചുടു വെയ്ലില്‍ പൊരിയും നേരം
മഴമേഘത്തോറ്റം പാടാന്‍
പാവങ്ങടെ ഉള്ളു തുടിച്ചോ
പാവങ്ങടെ നെഞ്ചു പിടച്ചോ

“മരണപ്പിടി മുറുകുമ്പോഴും
കാല്‍ക്കാശിനു കൈകള്‍ നീട്ടി
അത്യാര്‍ത്തിക്കാരായ് നീങ്ങും
നാട്ടാരേ നെറികേട്ടവരേ
മരമെല്ലാം അറുത്തുമാറ്റി
മല മൊട്ടക്കുന്നുകളാക്കി
കുന്നുകളോ വെട്ടി നിരത്തി
തുണ്ടുകളായ് വിറ്റൂ നിങ്ങള്‍
നാളേയ്ക്കു കിടാങ്ങള്‍ക്കായി
നല്കാനെന്തവശേഷിപ്പൂ ?
പൈദാഹം മാറ്റാനിത്തിരി
കുടിനീര് കൊടുക്കാനുണ്ടോ?
പ്രാണന്നു കൊടുക്കാനല്പം
തെളികാറ്റിന്‍ ചെറുകുളിരുണ്ടോ?
നേരും നെറിയും വിട്ടൊരു
നാട്ടാരേ ചൊല്‍വിന്‍ നിങ്ങള്‍
ദുരിതങ്ങള്‍ തുടച്ചു നീക്കാന്‍
ഈ പാപക്കാശിന്നാമോ?
മണ്ണിന്റെ മക്കള്‍ മുന്നില്‍
വിരല്‍ ചൂണ്ടിത്തുള്ളും നേരം  
ഒരു വാക്കും പറയാനില്ലാ
ഒന്നുമുരിയാടാന്‍ വയ്യ
ശീതീകൃതമുറിയിലിരിയ്ക്കും
നാട്ടാര്‍ക്കങ്ങുള്ളു  വിയര്‍ത്തു

“മറുവാക്കുകള്‍ ഞങ്ങള്‍ ചൊല്ലാം
പരിഹാരക്രിയകള്‍ ചെയ്യാം”
ചൊല്ലുന്നൂ ചെറുശബ്ദങ്ങള്‍
ഏറ്റു പിടിയ്ക്കുന്നൂ കൂട്ടര്‍
“നട്ടു വളര്‍ത്തീടും ഞങ്ങള്‍
ചെറുതൈകള്‍, വള്ളികള്‍, വൃക്ഷം
വീണ്ടുമുയര്‍ത്തീടും ഞങ്ങള്‍
മലനിരകള്‍, കാറുകള്‍, നദികള്‍
പച്ച പുതച്ചീടും ഭൂമി
കുളിരണിയും മലകള്‍, പുഴകള്‍
കതിരോനും കനിയും പിന്നെ
വരമേകും മഴമേഘങ്ങള്‍
പൊള്ളും ജലകണികകളല്ലാ
തണുവോലും വെണ്‍നീര്‍മണികള്‍  
പൂര്‍വ്വികര്‍ തന്‍ പാപക്കറകള്‍
കഴുകിപ്പുതുലോകം തീര്‍ക്കാന്‍
വിണ്‍ഗംഗയെ വീണ്ടുമൊഴുക്കാന്‍  
പിറന്നോര്‍ ഭഗീരഥര്‍  ഞങ്ങള്‍ ”


6 comments:

 1. ഒരുപാട് നല്ല വരികളുള്ള ,അല്പം നീളം കൂടിപ്പോയ ..ഒരു സുന്ദരൻ കവിത .

  പൊള്ളും ജലകണികകളല്ലാ
  തണുവോലും വെണ്‍നീര്‍മണികള്‍ -വളരെ യിഷ്ടപെട്ടു

  ReplyDelete
 2. പ്രതീക്ഷ തരുന്ന വാക്കുകള്‍

  ReplyDelete
 3. ഭഗീരഥരെമ്പാടും നിറയട്ടെ.

  ReplyDelete