Tuesday, May 23, 2017

ഒഴുക്കില്‍ അലയാന്‍“സരയൂ മാഡത്തിന് എന്തൊരു സുഖമാ അല്ലേ .നമ്മളെപ്പോലെയാണോ? ഒന്നോര്‍ത്താല്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് തന്നെയാ നല്ലത് അല്ലേ?” വിമലട്ടീച്ചര്‍ ഒരമര്‍ത്തിയ ചിരിയോടെ മുംതാസിനോടു ചോദിയ്ക്കും പോലെ പറഞ്ഞു. മുംതാസ് ഏതു ഭാഗം ചേരണം , അല്ലെങ്കില്‍ ഏതു ഭാഗവുമാകാം എന്ന മട്ടില്‍ ഒരു ചെറിയ ചിരിയോടെ ഇരുന്നു. ‘എന്നാല്‍ പിന്നെ ഡൈവോഴ്സ് ചെയ്തു കൂടെ നന്നായി സുഖിയ്ക്കാമല്ലോ’ എന്നൊരു മറുപടി അമര്‍ത്തിക്കടിച്ചു പിടിച്ച് മുംതാസിനെക്കാള്‍ സുന്ദരമായി ചിരിച്ച് മുന്നിലിരിയ്ക്കുന്ന പുസ്തകത്തിലേയ്ക്ക് കണ്ണും മനസ്സുമൂന്നി . സാഹിത്യത്തിലെ ആദിപ്രരൂപങ്ങളെ ക്കുറിച്ച് ,ആര്‍ക്കിടൈപ്പല്‍ ക്രിറ്റിസിസത്തെക്കുറിച്ച് ഒരു ചര്‍ച്ച സ്റ്റാഫ് റൂമില്‍ വേണം, എം.എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കൊരു സെമിനാര്‍ വിഷയം കൊടുക്കണം എന്നൊക്കെ എഛ്.ഓ.ഡി ആയ വിമലട്ടീച്ചറോടു പറയണം എന്ന് കരുതിയാണ് സ്റ്റാഫ് റൂമിലേയ്ക്ക് വന്നത്. പക്ഷേ ടീച്ചര്‍ ചര്‍ച്ചയ്ക്കു പറ്റിയ മറ്റൊരു വിഷയം കണ്ടെത്തിയിരിയ്ക്കുന്നു! 

അറിയില്ല...ആര്‍ക്കുമറിയില്ല...അറിയണമെങ്കില്‍ അനുഭവിയ്ക്കണം...

പതിനേഴു വര്‍ഷങ്ങള്‍... ജീവിതത്തിലെ പ്രധാനപ്പെട്ട പതിനേഴു വര്‍ഷങ്ങള്‍... ഉപദ്രവങ്ങളിലേയ്ക്ക് മാത്രം  കെട്ടിത്താഴ്ത്തി വെച്ച കാലം...

“ഡിവോഴ്സ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ഒരു ഫാഷനായി മാറിയിരിയ്ക്കുകയാണല്ലേ . ഒന്നിനും ക്ഷമയില്ല. നമ്മുടെയൊക്കെ അനുഭവങ്ങള്‍ ഇവര്‍ കണ്ടു പഠിയ്ക്കണം.” രാജലക്ഷ്മിട്ടീച്ചര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തനിയ്ക്കൊരു ശക്തമായ പിന്തുണ കിട്ടിയസന്തോഷത്തോടെ വിമലട്ടീച്ചര്‍ ചിരിച്ചു. എന്തനുഭവങ്ങള്‍...! കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം  കഴിയും മുമ്പേ സ്വന്തമായി വീട് വെച്ച് മാറി താമസിച്ചു. വീട് നിറയെ വേലക്കാര്‍, രാവിലെയും വൈകുന്നേരവും കൃത്യ സമയത്ത് കൊണ്ടു ചെന്നെ ത്തിയ്ക്കുകയും കൊണ്ടു പോവുകയും ചെയ്യുന്ന ഭര്‍ത്താവ്. ഇടയ്ക്കൊക്കെ ഭര്‍ത്താവിനു ഫോണിലൂടെ നിര്‍ദ്ദേശം കൊടുക്കുന്നത് കണ്ടാല്‍ ഭൃത്യര്‍ക്ക് ആജ്ഞ നല്‍കുന്ന യജമാനത്തിയുടെ ഭാവം. മറുത്താരും ഒന്നും പറയില്ലെന്ന ധൈര്യം കൊണ്ട് എന്തും പറയാമെന്ന വിചാരം. ഒരു മണിക്കൂര്‍ ഒഴിവു കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും രണ്ടുപേരും അടുത്തടുത്തിരുന്നു കൈ കൊണ്ട് മുഖം മറച്ചുപിടിച്ച് പരദൂഷണം. അവിടെ ഉള്ളവരോ ഇല്ലാത്തവരോ ആയ ആരുമാകാം ഇരകള്‍. പ്രൈമറി ക്ലാസ്സിലെ കുട്ടികളാണെന്നേ തോന്നൂ.

ഒരു മണിക്കൂര്‍ സമയം ഈ കോപ്രായങ്ങള്‍ കാണാന്‍ ചെലവായിപ്പോകുമ്പോള്‍ ഇടവേളയേ അനാവശ്യം എന്ന് തോന്നിപ്പോകുന്നു. തലവേദന വല്ലാതെ ശല്യം ചെയ്യുന്നുണ്ടെങ്കിലും സമയം കഴിഞ്ഞത് ഒരനുഗ്രഹമായിത്തോന്നി. “അല്ല സരയൂ, ഈ വിവാഹമോചനം...” വീണ്ടും വിമലട്ടീച്ചര്‍ വിഷയമെടു ത്തിടാന്‍ നോക്കിയപ്പോള്‍ “നോക്കൂ എന്റെ ഐഡന്റിറ്റി ഒരു ഡിവോഴ്സി എന്നതല്ല, മറ്റു പലതുമുണ്ട് ടീച്ചര്‍. അതൊ ന്നന്വേഷിച്ചു മനസ്സിലാക്കൂ , ഇത്ര അത്യാവശ്യമുണ്ടെങ്കില്‍ ” എന്നും പറഞ്ഞ് വേഗം സ്റ്റാഫ് റൂം വിട്ടിറങ്ങി.

“ടീച്ചര്‍ പോയതിനു ശേഷം രണ്ടാളും കൂടി ഇവിടെ വേണ്ട ബഹളമായിരുന്നു. കുട്ടികള്‍ പല തവണ വന്നു വിളിച്ചതിന് ശേഷമാണ് അവര്‍ ക്ലാസ്സില്‍ പോയത്”. തിരിച്ചു പോരും വഴി ഭദ്ര കൂടെ നടന്നു കൊണ്ട് പറഞ്ഞു. “തിരിച്ചു പറഞ്ഞത് നന്നായി ടീച്ചര്‍, നമ്മള്‍ പ്രായവും സര്‍വ്വീസുമൊക്കെ മാനിച്ചാണ് പലപ്പോഴും പലതും പറയാതെയിരിയ്ക്കുന്നത്. അപ്പോള്‍ അതിന്റെ മാന്യത പുലര്‍ത്തേണ്ട ബാധ്യത അവര്‍ക്കുമില്ലേ? ഞാന്‍ ചെലപ്പോഴൊക്കെ തിരിച്ചും പറയും. അതുകൊണ്ട് അവര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. കിട്ടുന്ന അവസരത്തിലൊക്കെ ദ്രോഹിയ്ക്കാന്‍ ശ്രമിയ്ക്കും.”

ശരിയാണ്. ഭദ്ര സ്റ്റാഫ് റൂമിലില്ലാത്ത സമയത്ത് പല കുറ്റങ്ങളും പറയുന്നത് കേട്ടിട്ടുണ്ട്. “രണ്ടക്ഷര ത്തിന്റെ കുറവേ ഉള്ളൂ. അതു കൂടി ചേര്‍ത്താല്‍ സ്വഭാവം കൃത്യമായി മനസ്സിലാവും.” അങ്ങനെയാണ് ഭദ്രയെപ്പറ്റി ആദ്യം രാജലക്ഷ്മിട്ടീച്ചര്‍ പറഞ്ഞു തന്നത്. “സൂക്ഷിച്ചോളൂ” എന്നൊരു ജാഗ്രതാ നിര്‍ദ്ദേശം കൂടി തന്നപ്പോള്‍ അതെന്തോ ഭീകര ജീവിയാണെന്നു തോന്നിപ്പോയി. എല്ലാവരേയും അടുത്തറിഞ്ഞപ്പോഴാണ് പറയുന്നതി ലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് മനസ്സിലായത്.

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സഹായിച്ചത് പലപ്പോഴും ഭദ്രയായിരുന്നു. ആദ്യ ദിവസം  സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ എല്ലാവരും വളരെ സ്നേഹത്തോടെ പെരുമാറി. വിവരങ്ങളൊക്കെ ചോദിച്ചപ്പോള്‍ ഒളിച്ചു വെയ്ക്കുന്ന ശീലമില്ലാത്തത് കൊണ്ട് എല്ലാം തുറന്നു പറഞ്ഞു. അതബദ്ധമായി പ്പോയെന്ന് പിന്നീട് തോന്നി. എന്തില്‍ നിന്ന് രക്ഷപ്പെടാനാണോ ട്രാന്‍സ്ഫര്‍ വാങ്ങി വന്നത് അതേ അവസ്ഥ തന്നെ ഇവിടെയും. “ഒരബദ്ധവുമില്ല”. ഭദ്ര പറഞ്ഞു. “നമ്മളായിട്ട് പറഞ്ഞില്ലെങ്കില്‍ അവരന്വേഷിച്ചറിയും. എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും. പിന്നെ സ്വന്തം ഭാവന കൂടി ചേര്‍ത്ത് നല്ലൊരു കഥയുണ്ടാക്കി പറഞ്ഞു പരത്തിക്കോളും. ഇതിപ്പോ അവരുടെ പണി കുറച്ചു കൂടി എളുപ്പമായി എന്നു മാത്രം.”

ഓരോരുത്തരോടും വളരെ അടുപ്പത്തോടെ പെരുമാറി അവരില്‍ നിന്ന് പല കാര്യങ്ങളും ചുഴിഞ്ഞന്വേഷിച്ചറിഞ്ഞ് കൈമാറ്റം ചെയ്ത് രസിയ്ക്കുകയായിരുന്നു വിമലട്ടീച്ചറുടെ സ്ഥിരം വിനോദം. വളരെ സ്നേഹത്തോടെയെന്നോണം പലതുമുപദേശിയ്ക്കും. “മോളുമായിട്ട് ഭദ്ര നല്ല കൂട്ടാണെന്ന് കേട്ടു. ശ്രദ്ധിച്ചോളൂ ട്ടോ. അറിയാലോ അതിന്റെ ബാക്ക് ഗ്രൌണ്ട്. കുട്ട്യോളെ കയ്യിലെടുക്കാന്‍ ഒരു പ്രത്യേക കഴിവാ, കണ്ടില്ലേ നമ്മുടെ സ്റ്റുഡന്റ്സിന്റെ അടുത്തു തന്നെ എങ്ങനെയാ പെരുമാറുന്നതെന്ന്. ഒക്കേറ്റിനേം തന്നിഷ്ടക്കാരാക്കും. ഇവര്ടെ കാര്യം പിന്നേം പോട്ടേന്നു വെയ്ക്കാം. അവരവര്ടെ  രക്ഷിതാക്കള് നോക്കട്ടെ. അവനോന്റെ കുട്ടിടെ കാര്യത്തില് അങ്ങനെ പറ്റില്യലോ. ഒടുക്കം നമ്മള് പിടിച്ചടത്ത് നിക്കാത്യാവും.”

ഭദ്ര പറയാറുണ്ട്. “ടീച്ചര്‍, അതീത നല്ല കുട്ടിയാണ്. ടീച്ചര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കൊക്കെ പരിഹാരായിട്ട്  കിട്ടിയ ഭാഗ്യമാ അവള്‍ ”

“അമ്മൂന്  ഭദ്രേം നല്ല  ഇഷ്ടായിട്ടുണ്ടല്ലോ. പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണംന്നാണ് അവള്‍ടെ അഭിപ്രായം.” അത് ഭദ്രയ്ക്കിഷ്ടമായെന്നു തോന്നി. “ടീച്ചര്‍ക്കില്ലാത്ത തന്റേടം അവള്‍ക്കുണ്ടെന്ന് തോന്നുന്നു. ഞാനവളെ അമ്മു എന്നു വിളിയ്ക്കില്ല, അതീത എന്നു തന്നെയേ വിളിയ്ക്കൂ. എനിയ്ക്കാ പേര് നല്ല ഇഷ്ടായി.”

അതെ, അവളില്‍ ഇങ്ങനെയൊരു ശക്തി ഒളിഞ്ഞു കിടപ്പുണ്ടെന്ന് താനും ഇപ്പോഴല്ലേ അറിഞ്ഞുള്ളൂ. ഉപദ്രവം സഹിയ്ക്കാന്‍ വയ്യാത്ത ഒരവസ്ഥയില്‍ നാട്ടിലേയ്ക്ക് വിളിച്ചു “അമ്മേ, ഞാനങ്ങോട്ടു വരുന്നുണ്ട്. ഇനി എന്നെക്കൊണ്ടാവില്ല. പരമാവധി സഹിച്ചു കഴിഞ്ഞു” എന്നു പറഞ്ഞു. ആ മുന്നറിയിപ്പ് അബദ്ധമായെന്നു പിന്നീട് തോന്നി. അവിടെയെത്തിയപ്പോഴേയ്ക്ക് അമ്മ മകനെ വിവരമറിയിച്ചു കഴിഞ്ഞിരുന്നു. ഒരക്ഷരം പോലും സംസാരിയ്ക്കാന്‍  സമ്മതിയ്ക്കാതെ കുറ്റപ്പെടുത്തിയും ശകാരിച്ചും തന്നെ തിരിച്ചയച്ചു. ഭര്‍ത്താവിനെ നന്നാക്കേണ്ടത് ഭാര്യയുടെ കടമയാണത്രേ. അതിനു കഴിവില്ലെങ്കില്‍ ഒന്നും മിണ്ടാതെ സഹിച്ചു ജീവിച്ചോളണം. ഇങ്ങനെയൊരു ഭര്‍ത്താവിനെത്തന്നെ തെരഞ്ഞെടുത്തു തരാന്‍ എന്തൊരു നിര്‍ബ്ബന്ധമായിരുന്നു? അന്നെത്രയോ പേര്‍ പറഞ്ഞതാണ് അയാളുടെ സ്വഭാവം അത്ര നല്ലതല്ല, ആ ആലോചന വേണ്ടെന്നു വെയ്ക്കുകയാണ് നല്ലതെന്ന്. അന്ന് ജോലി കിട്ടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി പഠിയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും കരഞ്ഞു പറഞ്ഞതാണ് തനിയ്ക്കീ ബന്ധം വേണ്ടെന്ന്. പക്ഷെ മകന്റെ വാക്കിനപ്പുറം ചിന്തിയ്ക്കാനുള്ള കഴിവ് അവര്‍ക്കൊരിയ്ക്കലുമുണ്ടായിരുന്നില്ല. ജനിച്ച കാലം മുതല്‍ക്കേ പെങ്ങളെ പങ്കു പറ്റാന്‍ വന്ന ഒരു ശത്രുവിനേപ്പോലെ കണ്ട ആങ്ങളയില്‍ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിയ്ക്കാന്‍ ? നാശത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിടുമ്പോള്‍ ക്രൂരമായൊരു സംതൃപ്തിയോടെ ചിരിയ്ക്കുന്ന ആ മുഖം കണ്ടു, ഞാന്‍ മാത്രം. വാക്സാമര്‍ത്ഥ്യം കൊണ്ട് ആരെയും വരുതിയിലാക്കാനും സ്വന്തം അഭിപ്രായങ്ങള്‍ കൃത്യമായി നടപ്പിലാക്കാനും ഒരു പ്രത്യേക കഴിവയാള്‍ക്കുണ്ടല്ലോ. അച്ഛനേയും അമ്മയേയുമെന്നല്ല അടുത്ത ബന്ധുക്കളെയൊക്കെയും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അകറ്റിയിരുന്നു. പെങ്ങളെ സഹായിയ്ക്കാ നെന്ന മട്ടില്‍ ഭര്‍ത്താവിന് ഇടയ്ക്കിടെ വലിയ തുകകള്‍  സമ്മാനിച്ച് മറ്റുള്ളവരുടെ പ്രീതിയും നേടി. ഓര്‍മ്മ വെച്ച കാലം മുതല്‍ക്കുള്ള ഉപദ്രവങ്ങള്‍ കാലങ്ങളിലേയ്ക്ക് നീണ്ടു കിടന്നു. ഒരു മാറ്റവുമുണ്ടായില്ല, ഉപദ്രവിയ്ക്കുന്ന കൈകള്‍ക്കല്ലാതെ.

ഇനി രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലെന്ന നിരാശയോടെ മടങ്ങുമ്പോള്‍ പെട്ടെന്ന് അമ്മു പറഞ്ഞു. “അമ്മേ, താങ്ക്സ് ”. സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രതികരണം കേട്ട അനിഷ്ടത്തോടെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു, “എനിയ്ക്കൊരാങ്ങളയെ തരാഞ്ഞതിന്”. അറിയാതെ പരസ്പരം നോക്കിപ്പോയി. മനസ്സളന്നറിയുന്ന ഒരു നോട്ടം. ഇവളെയാണല്ലോ ഇത്രയും കാലം ഞാനറിയാതെ പോയത് എന്നൊരാത്മനിന്ദയാണപ്പോള്‍ തോന്നിയത്. “ഇപ്പോള്‍ നമ്മള്‍ പോകേണ്ടത് വീട്ടിലേയ്ക്കല്ല, ഒരഡ്വക്കേറ്റിന്റെ അടുത്തേയ്ക്കാണ്”. അവളുടെ വാക്കുകള്‍ക്ക് വല്ലാത്ത പക്വത. വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്തു പിന്തുണയാണോ ആഗ്രഹിച്ചത് അതാണി പ്പോള്‍ കേള്‍ക്കുന്നത്. “അമ്മ ആര്‍ക്കു വേണ്ടിയാ ഇതൊക്കെ സഹിയ്ക്കുന്നത്? എന്റെ ഭാവിയെക്കുറിച്ചോര്‍ത്തോ? ഇങ്ങനെയൊരച്ഛനുള്ളപ്പോള്‍  എനിയ്ക്കെന്ത് ഭാവിയാണു ണ്ടാവുക? അതിന്റെ പേരില്‍ അമ്മ ഇനി ഒന്നും അനുഭവിയ്ക്കേണ്ട.”അവള്‍ അറുത്തുമുറിച്ചുതന്നെപറഞ്ഞു. തനിയ്ക്ക് നല്ലത് വരണമെന്നാഗ്രഹിയ്ക്കുന്ന ഒരു കൂടപ്പി റപ്പോ സുഹൃത്തോ പറയും പോലെ. ഒരു പതിനാറു വയസ്സുകാരിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിയതേയില്ല.

സ്കൂളില്‍ നിന്ന് വന്നാല്‍ അച്ഛന്‍ വരും മുമ്പേ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുക, എന്തെങ്കിലും സന്തോഷമുള്ള കാര്യമാണെങ്കില്‍ പോലും ചുരുക്കം വാക്കുകളില്‍ പറഞ്ഞു തീര്‍ക്കുക, അച്ഛന്‍ വന്നാല്‍ സ്വന്തം താവളത്തിലേയ്ക്ക് വലിയും പോലെ തിരിച്ചു പോകുക – ഇതായിരുന്നു അവളുടെ പതിവ്. അച്ഛന്റെ അസഭ്യവാക്കുകളും ശകാരവും ശാപവുമൊന്നും മകളറിയുന്നില്ല എന്നായിരുന്നു തന്റെ ധാരണ. ഒരു ചുവരിനപ്പുറം കുടുസ്സുമുറിയില്‍ കിടക്കുന്ന അവള്‍ ഒന്നും ശ്രദ്ധിയ്ക്കുന്നില്ലെന്ന് കരുതിയ തനിയ്ക്കാണ് തെറ്റുപറ്റിയത് എന്നൊരു ചെറിയ ജാള്യതയോടെ ഓര്‍ത്തു. ഒരു മകള്‍ കേള്‍ക്കാന്‍ പാടുള്ളതൊന്നുമല്ല അയാള്‍ പലപ്പോഴും പറഞ്ഞിരുന്നത്. അവളുടെ പിറന്നാളൊന്ന് ആഘോഷിയ്ക്കാന്‍ കഴിയുന്നില്ലല്ലോ, ഒരു സമ്മാനവും കൊടുക്കാന്‍ കഴിയുന്നില്ലല്ലോ, ഒരു സിനിമയോ, ഔട്ടിങ്ങോ...കൂട്ടുകാര്‍ പറയുമ്പോള്‍ അവള്‍ക്കും മോഹമുണ്ടാകില്ലേ എന്നൊക്കെ ഓര്‍ത്ത്‌  വിഷമിച്ചിട്ടുണ്ട്. അവളങ്ങനെ ഒരു വിഷമവും പറഞ്ഞിട്ടില്ലെങ്കിലും. പഠനവും ഓരോ പരീക്ഷയ്ക്കും കിട്ടുന്ന ഗ്രേഡുകളും മാത്രമായിരുന്നു സംഭാഷണ വിഷയം. ഈ അന്തരീക്ഷത്തില്‍ അവളെങ്ങനെ പഠിയ്ക്കാനാണ്, പഠനം കൊണ്ടുള്ള നേട്ടം മാത്രമേ അവള്‍ക്കുണ്ടാകൂ – എന്നൊക്കെ പല വ്യാകുലതകളായിരുന്നു അവളെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍. കിട്ടുന്ന ശമ്പളം മുഴുവന്‍ തട്ടിപ്പറിച്ചെടുത്ത് അയാള്‍ കുടിച്ചു നശിപ്പിയ്ക്കുമ്പോള്‍ പലപ്പോഴും വീട്ടുകാര്യങ്ങള്‍ തന്നെ അവതാളത്തിലായിരുന്നു. അപ്പോഴും അവളുടെ ഫീസിനും ചെലവുകള്‍ക്കുമുള്ള പണം രഹസ്യമായി സൂക്ഷിച്ചിരുന്നു. മൂന്ന് ചെറിയ മുറികളുള്ള ആ വാടകവീടിനപ്പുറം ഒന്നും ജീവിതത്തിലുണ്ടായിട്ടില്ല. സോക്സിന്റെ അറ്റം മടക്കി വെച്ച്  കീറല്‍ മറച്ചു പിടിച്ചിരുന്നതും, വിനോദയാത്ര കളെക്കുറിച്ച് പറയാതിരുന്നതുമെല്ലാം അവള്‍ അമ്മയുടെ കഷ്ടപ്പാടുകളറിഞ്ഞു കൂടെ നിന്നതാണെന്ന് ഇപ്പോഴാണ് കൂടുതലറിയുന്നത്.

എല്ലാം മറച്ചു പിടിയ്ക്കാനായിരുന്നു തനിയ്ക്കും താല്പര്യം. ആരോടും അടുത്തിടപഴകിയിരുന്നില്ല, ഒന്നും പറഞ്ഞിരുന്നുമില്ല. ദുരിതങ്ങള്‍ക്കിടയില്‍ താന്‍ പ്രയാസപ്പെട്ടുണ്ടാക്കിയ നേട്ടങ്ങളെ മുന്‍നിര്‍ത്തി ആ മൌനം അഹങ്കാരമാണെന്ന് വിധിയ്ക്കപ്പെട്ടു. പുതിയൊരയല്‍വാസി അയല്‍പക്കത്ത്  വരുന്നത് വരെ വര്‍ഷങ്ങളോളം അങ്ങനെ പോയി. ഒരിയ്ക്കല്‍ ശബ്ദകോലാഹലങ്ങള്‍ അധികമായതോടെ പുതുതായി വന്ന താമസക്കാരന്‍ ഇടപെട്ടു. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി, വാക്കേറ്റമായി, അടിപിടിയായി. വിളിച്ചു പറയുന്ന അസഭ്യങ്ങള്‍ എല്ലാവരും കേള്‍ക്കുമല്ലോ എന്നൊ രപമാനഭീതിയായിരുന്നു തനിയ്ക്കപ്പോള്‍. ഭര്‍ത്താവിനെ പിടിച്ചു മാറ്റാന്‍ വന്ന ഭാര്യയെ കണ്ടപ്പോള്‍ അതൊരു നടുക്കമായി. എക്ണോമിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ  ഷൈലാ മാത്യൂസ്. വിവരങ്ങള്‍ കോളേജിലാകെ അറിയാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. എത്രയോ കാല മായി മുറിപ്പാടുകള്‍ക്കും, വെച്ചുകെട്ടലുകള്‍ക്കും, ബാത്റൂമില്‍ സ്ലിപ്പായെന്നും, ചെറിയോ രാക്സിഡന്‍റ് പററിയെന്നുമൊക്കെ പറഞ്ഞു ഫലിപ്പിച്ച നുണകളൊക്കെ അവയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് തിരുത്തിക്കുറിയ്ക്കേണ്ടി വന്നു. അങ്ങനെ ഒരു ഊരാക്കുടുക്ക്‌ വെട്ടിമുറിച്ച ആശ്വാസത്തിലെത്തിയപ്പോഴേയ്ക്കും യാതനകളുടെ പുതിയ അദ്ധ്യായങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍  തന്നെ എഴുതിച്ചേര്‍ത്തു തന്നു.  ചിലരുടെ കഥകളില്‍ താനായിരുന്നു തെറ്റുകാരി. അതു കൊണ്ടല്ലേ വീട്ടുകാരുടെ പോലും പിന്തുണ കിട്ടാതെ പോയത്. ചിലര്‍ക്ക് സഹതാപം, ചിലരുടെ ഉപദേശം, ചില അഭ്യുദയകാംക്ഷികളുടെ വക ഭാര്യ മരിച്ചുപോയ പ്രൊഫസര്‍ക്ക് വേണ്ടി ഒരു പ്രൊപ്പോസല്‍ - നല്ലതു തന്നെ വിചാരിച്ചിട്ടാകാം. പക്ഷേ എല്ലാം അസഹ്യമായി തോന്നി. രക്ഷ തേടിയാണ് ‘ഒരു ചെയ്ഞ്ച് വേണം’  എന്നൊരു ന്യായം പറഞ്ഞു ട്രാന്‍സ്ഫറിനപേക്ഷിച്ചത്. എവിടെ യായാലും മാറ്റമൊന്നുമുണ്ടാകി ല്ലെന്ന സത്യം ഒരിയ്ക്കല്‍ കൂടി മനസ്സിലാക്കി.

മാറ്റം കണ്ടത് അമ്മുവിലാണ്. അത് ഭദ്ര കാരണമൊന്നുമല്ല എന്നതുറപ്പാണ്. താന്‍ എല്ലാ പ്രയാസങ്ങളും പ്രതികരിയ്ക്കാതെ സഹിച്ചു പോന്നത് അവള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ അവള്‍ എല്ലാം ക്ഷമിച്ചത് തനിയ്ക്ക് വേണ്ടിയായിരുന്നു!  കഴിഞ്ഞ കാലമത്രയും ഒന്നുമറിയാത്ത ഭാവത്തില്‍ നടക്കുമ്പോഴും പല പല ചിന്തകള്‍ അവളുടെ മനസ്സില്‍ അടിഞ്ഞു കൂടിയിരുന്നു എന്ന് പിന്നീടാണല്ലോ അറിഞ്ഞത്.

“അമ്മേ... ഞാനൊരു കാര്യം പറയട്ടെ” ഒരു ദിവസം ചെറിയൊരു മടിയോടെ അവള്‍ ചോദിച്ചപ്പോള്‍ എന്താ പതിവില്ലാത്തൊരു മുഖവുര എന്ന മട്ടില്‍ നോക്കിപ്പോയി. “അമ്മ ഒരു കല്യാണം കഴിയ്ക്കുകയാണെങ്കില്‍ എനിയ്ക്കൊരു വിരോധവുമില്ല. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം കിട്ടുമെങ്കില്‍ അതല്ലേ നല്ലത് ?”  

“എന്താണുറപ്പ് , ഇതു വരെയുള്ള അനുഭവം വെച്ചു നോക്കിയാല്‍ ഇനിയങ്ങോട്ട് അങ്ങനെയൊന്നു പ്രതീക്ഷിയ്ക്കാനില്ല. ഇനിയൊരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. നിനക്ക് ഹയര്‍സ്റ്റഡീസിനോ ജോലിയ്ക്കോ എവിടെ  വേണമെങ്കിലും പോകാം. അമ്മ ഒറ്റയ്ക്കല്ലേ എന്നൊന്നും പേടിയ്ക്കേണ്ട. ഇത്രയും കാലം മാനസികമായി ഒറ്റയ്ക്ക് തന്നെയായിരുന്നില്ലേ? കൂടെ ഒരാളുണ്ടായിരുന്നതു കൊണ്ട് ഉപദ്രവമല്ലാതെ മറ്റൊന്നു മുണ്ടായിട്ടില്ല. ഭേദം ഒറ്റയ്ക്കു ജീവിയ്ക്കുന്നതു തന്നെയാണ് ” – അവളുടെ ചോദ്യത്തിന് അര്‍ഹിയ്ക്കുന്ന ഗൌരവം കൊടുത്തു കൊണ്ട് തന്നെ പറഞ്ഞു.

“പക്ഷേ അമ്മേ ... എല്ലാരും ഒരുപോലെയായിക്കൊള്ളണമെന്നില്ലല്ലോ? അമ്മയെ മന സ്സിലാക്കുന്ന ഒരാള്‍ വരികയാണെങ്കില്‍ ... കഴിഞ്ഞ നാല്പതു കൊല്ലത്തിന്റെ കണക്കില്‍ നഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ. ജീവിതത്തിന്റെ അവസാനം ചിന്തിച്ചു നോക്കുമ്പോള്‍  എന്തെങ്കിലുമൊരു നേട്ടം വേണ്ടേ? ചെറിയ എന്തെങ്കിലും സന്തോഷങ്ങള്‍. എനിയ്ക്ക് തോന്നുന്നു ഞാനില്ലായിരുന്നെങ്കില്‍ അമ്മ മറ്റൊരു ജീവിത ത്തെപ്പറ്റി ചിന്തിയ്ക്കുമായിരുന്നു എന്ന്.” വല്ലാത്തൊരു കുറ്റബോധമായിരുന്നു പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്നത്.

ആരു പറഞ്ഞു ഒരു നേട്ടവുമില്ലെന്ന്? ഇതിലും വലിയൊരു നേട്ടം കിട്ടാനുണ്ടോ? എന്റെ എല്ലാ സന്തോഷവും ശക്തിയും ആശ്വാസവും നീ തന്നെയല്ലേ എന്ന് പറയാന്‍ തോന്നിപ്പോയി. “മറ്റൊരാള്‍ തരുന്ന സന്തോഷത്തിനും സമാധാനത്തിനും  കാത്തു നില്‍ക്കാതെ അത് സ്വയം കണ്ടുപിടിയ്ക്കുക തന്നെയാണ് നല്ലത്. അതിനു തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിയ്ക്കുകയേ വേണ്ടൂ.” എന്നാണു പറഞ്ഞത്. 

“എവിടെ നിന്നു കിട്ടീ അമ്മയ്ക്കീ കരുത്ത്? മുമ്പൊന്നും കണ്ടിട്ടില്ലല്ലോ?” അത്ഭുതത്തോടെയും അഭിനന്ദന ത്തോടെയും അതീത ചോദിച്ചപ്പോള്‍  “ഇത് പുതിയ ശക്തിയൊന്നുമല്ല കുട്ടീ, സ്നേഹവും സഹനവും കൊണ്ട് ഒരു നല്ല കാലം സൃഷ്ടിയ്ക്കാന്‍ കഴിയും എന്നൊരു തെറ്റിദ്ധാരണയുണ്ടായി. കുറേകാലം. ഇപ്പോള്‍ അതങ്ങോട്ട് മാറിക്കിട്ടി എന്ന് മാത്രം.” എന്ന് പറഞ്ഞു. അവളെന്തോ അവിശ്വസനീയമായതു കേട്ടപോലെ നോക്കുമ്പോള്‍ തോന്നിപ്പോയി, നിനക്കറിയില്ലല്ലോ കുട്ടീ സരയുവിനെ, എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍  സരയു എന്ന് പേര് പറഞ്ഞപ്പോള്‍ ‘കരയൂ എന്നോ’ എന്ന് പിഷാരടി മാഷ്‌ തമാശയ്ക്ക് ചോദിച്ചപ്പോഴേയ്ക്കും കരഞ്ഞ ഒരു സരയുവുണ്ട്, കോളേജില്‍ പഠിയ്ക്കുമ്പോള്‍ പെണ്‍കുട്ടികളെ താഴ്ത്തിക്കെട്ടി തരംതാണ നേരംപോക്ക് പറഞ്ഞ ഒരുവനെ ശാസിച്ച് മാപ്പ് പറയിച്ച , പിന്നെ എല്ലാവരും ഫെമിനിസ്റ്റ് എന്നൊരു പദവി ചാര്‍ത്തിത്തന്ന വേറൊരു സരയുവുണ്ട്. ഗൌരവക്കാരി എന്നെല്ലാവര് പറയുമെങ്കിലും സ്നേഹമെന്ന് കേട്ടാല്‍ വളഞ്ഞുപോകുന്ന മറ്റൊരു സരയുവും. ഇവള്‍ അമ്മയെ മാത്രമേ കണ്ടിട്ടുള്ളൂ. താന്‍ കാരണം മകള്‍ അച്ഛനില്ലാത്ത കുട്ടിയാകരുത് , അത് അവള്‍ക്കൊരു കുറവാകരുത് എന്ന് കരുതി പലതും സഹിച്ച അമ്മയെ. അവള്‍ക്കു വേണ്ടെന്നു പറഞ്ഞ ഉടനെ ആ ബന്ധം പൊട്ടിച്ചെറിയാന്‍ കഴിഞ്ഞു എന്നോര്‍ക്കുമ്പോഴാണ്‌ എത്ര ദുര്‍ബ്ബലമായിരുന്നു അതെന്നു തിരിച്ചറിയുന്നത്.  

“അമ്മേ, അമ്മയ്ക്കെന്നെ കാണുമ്പോള്‍ ദേഷ്യം വരാറില്ലേ ?” ഒരു ദിവസം പെട്ടെന്നൊരു ചോദ്യം കേട്ടപ്പോഴുണ്ടായ അങ്കലാപ്പ് മറച്ച്  “എനിയ്ക്കെന്തിനാ പെണ്ണേ ദേഷ്യം?” എന്നൊരു മറുചോദ്യം ചോദിച്ചു. “എനിയ്ക്ക് അച്ഛന്റെ ഛായയല്ലേ? പകര്‍ത്തി വെച്ച പോലെയുണ്ടെന്ന് എല്ലാരും പറയാറു ണ്ടല്ലോ?” അതെ, എന്റെ ഒരു ഛായയും അവള്‍ക്കില്ല. അവള്‍ തീരെ ചെറുതായിരിയ്ക്കുമ്പോഴേ എല്ലാരും പറയാറുണ്ടായിരുന്നു. “ഇത് തനി അച്ഛന്‍ കുട്ട്യന്നെ. സരയൂന്റെ ഒരു ഛായേല്യ.” അവളുടെ മുഖത്ത് നിന്ന് ചിരിയൊന്നു മാഞ്ഞാല്‍ , അവളൊരു വാക്ക് വെട്ടിത്തുറന്നു പറഞ്ഞാല്‍ പോലും മനസ്സറിയാതൊന്നു നടുങ്ങാറുണ്ടെന്നു കുറ്റബോധത്തോടെ ഓര്‍ത്തു. ഈ കുട്ടിയുടെ അച്ഛനാരാണെന്നു ചോദിച്ചായിരുന്നു കഴിഞ്ഞ കുറെ കാലമായി ഉപദ്രവിച്ചു കൊണ്ടിരുന്നത്! ആ കലഹങ്ങള്‍ അവളും കേട്ടിരിയ്ക്കില്ലേ? “മുഖച്ഛായയല്ലല്ലോ മനസ്സല്ലേ പ്രധാനം?” എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവളുടെ മനസ്സില്‍ അച്ഛനോട് എത്ര മടുപ്പോടെയുള്ള അകല്‍ച്ചയാണുള്ളത് എന്നോര്‍ത്തപ്പോള്‍ വല്ലായ്മ തോന്നി. അങ്ങനെ യൊന്നുണ്ടാകരുതെന്നു കരുതിയാണ് ഒരിയ്ക്കലും ഒരു ചെറിയ കുറ്റം പോലും അയാളെപ്പറ്റി പറയാ തിരുന്നത്. അച്ഛനില്ലായ്മ അവളുടെ മനസ്സില്‍ ഒരനാഥത്വം ഉണ്ടാക്കിയേയ്ക്കുമോ എന്ന് ഭയന്നു.

ഒരനാഥത്വവുമില്ല...”ഭദ്ര ഒരിയ്ക്കല്‍ പറഞ്ഞു. ഇത് കഴിഞ്ഞ കാലം മുഴുവന്‍ നിങ്ങളുടെ മനസ്സില്‍ നിറച്ച അരക്ഷിതത്വബോധമാണ്. ആ ഇന്‍സെക്യൂരിറ്റിഫീലിങ്ങില്‍ നിന്ന് ഇപ്പോള്‍ രക്ഷപ്പെട്ടുവെന്നു കരുതി യാല്‍ മതി. അതീതയുടെ കാര്യത്തില്‍ ഒന്നും പേടി യ്ക്കാനില്ല. അവള്‍ വളരെ ബോള്‍ഡ് ആണ്.”  

“പക്ഷേ   ഭദ്രേ, അവളൊരു പെണ്‍കുട്ടിയല്ലേ? അമ്മ കൊടുക്കുന്ന സുരക്ഷിതത്വം മതിയാകുമോ അവള്‍ക്ക് ?  ഒരു മകനായിരുന്നെങ്കില്‍ എനിയ്ക്കിത്രയും വേവലാതി ഉണ്ടാകില്ലായിരുന്നു.” മനസ്സിനെ വേവിച്ചു കൊണ്ടിരുന്ന കാര്യം ഉചിതമോ എന്ന് പോലും ചിന്തിയ്ക്കാതെ അറിയാതെ പറഞ്ഞു പോയി.

എന്തോ ഭദ്ര അപ്പോള്‍ പതിവില്ലാതെ വല്ലാതെ ദേഷ്യപ്പെട്ടു - “ടീച്ചറുടെ ഈ ആറ്റിറ്റ്യൂഡാണ് ഏറ്റവും വലിയ തെറ്റ്. ഒരു നിമിഷം പോലും സ്നേഹിയ്ക്കാന്‍ പറ്റുന്ന ഒരു സാഹചര്യമില്ലാതെ മനസ്സ് എപ്പോഴും കുടഞ്ഞെറിഞ്ഞിട്ടും ടീച്ചര്‍ പിടിവിടാതെ നിര്‍ത്തിയ ബന്ധം, ദുരിതങ്ങള്‍ മാത്രം നിറഞ്ഞ ആ ബന്ധത്തില്‍ നിന്നും ടീച്ചറെ രക്ഷിച്ചതാരാണ്? ഈ സ്ഥാനത്ത് ഒരു മകനായിരുന്നെങ്കില്‍ അവന്‍ അച്ഛനോടോപ്പമേ നില്‍ക്കൂ. അമ്മയല്ലേ താണുകൊടുക്കേണ്ടത് എന്ന് കുറ്റപ്പെടുത്തും. ഞാന്‍ നേരിട്ടനുഭവിയ്ക്കുന്ന ഒരു പ്രശ്നമാണത്. കുറച്ചൊരു തന്റേടത്തോടെ നിന്നാല്‍ , കാലത്തിനൊപ്പം സഞ്ചരിയ്ക്കാന്‍ തയ്യാറായാല്‍ ഒരമ്മയ്ക്ക് ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിയെ , അതും അതീതയെപ്പോലെ ഒരു കുട്ടിയെ വളര്‍ത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാകില്ല. എന്തായാലും നിങ്ങളിത്ര കാലം അനുഭവിച്ച പ്രശ്നങ്ങളൊന്നും ഇനിയങ്ങോട്ടു ണ്ടാകില്ല എന്നുറപ്പാണ്.”

കാര്യമൊക്കെ ശരി തന്നെ. പക്ഷേ രാത്രി ഒരു ചെറിയ ശബ്ദം കേട്ടാല്‍ മതി ഉണരും. പിന്നെ ഉറങ്ങാനാവുകയുമില്ല. കോളേജിന്റെ അടുത്ത് തന്നെ ഒരു വീട് വേണമെന്ന് വെച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയതാണിത്. ഒരു പഴയ വീട്. സൌകര്യങ്ങള്‍ തീരെ കുറവ്. വീട്ടുടമയും കുടുംബവും മുകളിലെ നിലയിലുണ്ടെന്ന ഒരൊറ്റ സമാധാനം മാത്രം. പിന്നെ ഇത്രകാലം കഴിഞ്ഞതും ഇങ്ങനെയൊക്കെത്തന്നെ യായിരുന്നുവല്ലോ.

ഒരു ദിവസം പെട്ടെന്ന് അമ്മു പറഞ്ഞു. “ അമ്മേ, സ്കൂളില്‍ നിന്നും വരുന്ന വഴി കണ്ടതാണ്. ഒരു പുതിയ അപ്പാര്‍ട്ട്മെന്റ്. ഫ്ലാറ്റുകള്‍  ഒഴിവുണ്ട്, വാടകയ്ക്ക് കൊടുക്കുമെന്ന് എഴുതി വെച്ചിട്ടുണ്ട്. നമുക്കൊന്ന് നോക്കിക്കൂടെ?” “അതിനൊക്കെ ഒരു പാടു കാശ് വേണ്ടേ” എന്ന് പറഞ്ഞൊഴിയാന്‍ നോക്കി. “അതിനിപ്പോ മുമ്പത്തെപ്പോലെയല്ലല്ലോ അമ്മെ. ഇപ്പൊ അമ്മടെ ശമ്പളം തട്ടിപ്പറിയ്ക്കാന്‍ ആരുമില്ലല്ലോ? നമുക്കാ ഫ്ലാറ്റ് നോക്കാം അമ്മേ. അമ്മ എന്തെങ്കിലുമൊന്ന് എഴുതിയിട്ട് എത്ര കാലമായി? അവിടെയാകുമ്പോള്‍ നല്ല പീസ്ഫുള്ളായ ഒരു അറ്റ്മോസ്ഫിയറുണ്ട്. ഒന്നും പേടിയ്ക്കാനില്ല. സമാധാനമായിരുന്ന് എഴുതാം.”

ഇവള്‍ എന്തൊക്കെ ശ്രദ്ധിച്ചിരിയ്ക്കുന്നുവെന്ന് അതിശയം തോന്നിപ്പോയി. എഴുതി മുഴുവനാക്കിയതും പൂര്‍ണ്ണമാക്കാന്‍ കഴിയാതെ പോയതുമായ എത്രയോ സൃഷ്ടികളുണ്ട്. വെളിച്ചം കാണാതെ ഒന്ന് കരയാന്‍ പോലുമാകാതെ പിറക്കും മുമ്പേ ശ്വാസം നിലച്ചു പോയ ചാപിള്ളകള്‍. എല്ലാം ഓരോ ദിവസത്തേയും കലഹത്തിനൊടുവില്‍ എവിടെയെന്നു പോലുമറിയാതെ ഉപേക്ഷിയ്ക്കപ്പെട്ടു. ജീവിതത്തിന്റെ കീറിയ തുണ്ടുകള്‍ കൂട്ടിയോജിപ്പിയ്ക്കാന്‍ കഷ്ടപ്പെടുന്നതിനിടെ മെനഞ്ഞുണ്ടാക്കിയ കഥകളെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലുമായില്ല. പണ്ടെന്നോ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ വന്ന സൃഷ്ടികള്‍... എന്താ എഴുത്ത് നിര്‍ത്തിയോ , ഒന്നും കാണാനില്ലല്ലോ എന്നൊക്കെ പലരും ചോദിയ്ക്കുമ്പോള്‍ ഓരോ തിരക്കുകളുടെ കഥകളുടെ മറവില്‍ ഒളിച്ച് രക്ഷപ്പെട്ടു. എല്ലാം വാര്‍ന്നൊഴുകിപ്പോയ വരള്‍ച്ചയുടെ ശൂന്യതയില്‍ നിന്ന് ഒരു വാക്ക് പോലും എടുത്തു വെയ്ക്കാന്‍ കഴിയാതെ വന്ന വിഹ്വലതയുടെ കഥയാണ്‌ പറയാനുണ്ടായിരുന്നത്. “ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്.” അമ്മു ഒരു വലിയ ഫയല്‍ താങ്ങിയെടുത്ത് മുന്നില്‍ വെച്ചു. ‘ഒന്ന് തൊട്ടാല്‍ മതി ഞങ്ങളെഴുന്നേല്‍ക്കാം’ എന്ന വാഗ്ദാനത്തോടെ ഒരു പാടു ആത്മാക്കള്‍ കനല്‍ക്കണ്ണുകളോടെ നോക്കി. “ഒന്നിനും ഒരിയ്ക്കലും ഞാന്‍ അമ്മയെ കുറ്റപ്പെടുത്തില്ല. പക്ഷേ എഴുതാതിരുന്നാല്‍ കുറ്റപ്പെടുത്താതിരിയ്ക്കാന്‍ എനിയ്ക്കാവില്ല” അമ്മു ഒരു ഭീഷണി കൂടി ചേര്‍ത്ത് തന്നു.      

“ഇതൊന്നുമല്ല, എന്റെ മനസ്സില്‍ ഇപ്പോള്‍ നിന്റെ കാര്യം മാത്രമേ ഉള്ളൂ. നിന്നെ പഠിപ്പിയ്ക്കണം, കെട്ടിയ്ക്കണം. വയസ്സുകാലത്ത് പേരക്കുട്ടികളെ കളിപ്പിച്ചിരി യ്ക്കുമ്പോള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള കഥകളേ എനിയ്ക്കിനി വേണ്ടൂ”  താല്പര്യമില്ലായ്മ കാണിച്ചു നോക്കി, വെറുതെ.

“ഞാന്‍ കല്യാണം കഴിയ്ക്കാനോ? അമ്മയ്ക്കെങ്ങനെ തോന്നി എന്നെക്കൊണ്ടത് സാധിയ്ക്കുമെന്ന്? അമ്മാമനും, അച്ഛനും... രണ്ടു പേര്‍  തന്നെ ധാരാളം മതി അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിയ്ക്കുകയേ വേണ്ടെന്നു തോന്നിയ്ക്കാന്‍. അങ്ങനെ ജീവിതം നശിപ്പിയ്ക്കാന്‍ ഞാനില്ല.” അവള്‍ അറുത്തു മുറിച്ചു പറഞ്ഞു.

“നീ പറഞ്ഞതു തന്നെയേ എനിയ്ക്കും പറയാനുള്ളൂ. എല്ലാരും ഒരുപോലെ ആയിക്കൊള്ള ണമെന്നില്ലല്ലോ. പോട്ടെ... നിനക്കിപ്പോള്‍ കല്യാണം വേണമെന്നോ വേണ്ടെന്നോ പറയാനുള്ള പ്രായമായിട്ടില്ല. ഇപ്പൊ നന്നായി പഠിച്ചാ മതി. പരീക്ഷ കഴിയട്ടെ. പണ്ട് നിര്‍ത്തി വെച്ച ചില കാര്യങ്ങളുണ്ട് . അതൊക്കെ തുടങ്ങണം.” വേഗം വിഷയം മാറ്റി.

“പാട്ടും ഡ്രോയിങ്ങും അല്ലേ?  പാട്ട് മാത്രം മതി.” എത്ര വേഗമാണ് അവള്‍ തീരുമാനമെ ടുക്കുന്നത്. നന്നായി വരയ്ക്കാന്‍ കഴിവുള്ളതാണ്. “അത് അമ്മയുടെ കഴിവല്ല, അമ്മയുടെ പാരമ്പര്യം മാത്രം മതി എനിയ്ക്ക്”. ശരിയാണ് ഒരു വര വളയാതെ വരയ്ക്കാന്‍ പോലും തനിയ്ക്കാവില്ല. അയാള്‍ക്കാണ് വരയ്ക്കാനുള്ള കഴിവുള്ളത്. പക്ഷേ ഒരു നല്ല ചിത്രം വരയ്ക്കാന്‍ അയാളെക്കൊണ്ട് കഴിഞ്ഞില്ല. ചേരാത്ത നിറങ്ങള്‍ പടര്‍ന്ന്  വരകള്‍ മാഞ്ഞ ഒരു ചിത്രമാണയാള്‍ വരച്ചത്.  

“ടീച്ചര്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങു. വാട്സ് ആപ്പില്‍ പഴയ സുഹൃത്തുക്കളെ യൊക്കെയൊന്നു കണ്ടു പിടിയ്ക്കൂ. പഴയ ബന്ധങ്ങളൊക്കെ ഒന്നു പൊടി തട്ടിയെടുത്ത് ഫ്രഷാകൂ”.  ഭദ്രയും എന്നില്‍ മാറ്റങ്ങള്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നുണ്ട്.

“ഇനി അതൊന്നും നടക്കില്ല കുട്ടീ, ഒറ്റയ്ക്ക് ജീവിയ്ക്കുന്നവള്‍ സമൂഹത്തിന്റെ കണ്ണില്‍ ഒരധികപ്പറ്റാണ്. ബന്ധങ്ങളുടെ ഊഷ്മളതയ്ക്കൊന്നും അവിടെ യാതൊരു സ്ഥാനവുമില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍ എന്ത് കാരണത്താലായാലും പലരും അവളെ അനാവശ്യ മായ തന്റേടം കാണിച്ചവളായേ കാണൂ. ഒറ്റപ്പെടുത്താനേ നോക്കൂ.” അനുഭവങ്ങള്‍ സൃഷ്ടിച്ച പോറലുകള്‍ ഏറെയാണ്‌.

“അങ്ങനെ ഒറ്റപ്പെടുത്തുന്നവരെ ഒഴിവാക്കണം. ഉപദ്രവം മാത്രമുണ്ടാക്കുന്ന ബന്ധങ്ങള്‍ കെട്ടിപ്പേറി നടന്നിട്ടെന്തു കാര്യം എന്ന് ടീച്ചര്‍ തന്നെ പറയാറുണ്ടല്ലോ. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വിവേകമുള്ളവരുണ്ടല്ലോ, അവരെന്നും ശരിയുടെ ഭാഗത്ത് തന്നെ നില്‍ക്കും”. ചെറുപ്പം അനുവദിച്ചു കൊടുക്കുന്ന ശുഭാപ്തിവിശ്വാസം ഭദ്രയ്ക്കേറെയുണ്ട്, നല്ലത്.

“അല്ലാ, എനിയ്ക്ക് ധൈര്യമുണ്ടാക്കിത്തരുന്ന ഇയാളെന്താ സ്വന്തം കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് ?” പലപ്പോഴും ചോദിയ്ക്കാതെ വെച്ച കാര്യം അറിയാതെ  ചോദിച്ചു പോയി. കേട്ടപ്പോഴേ കാര്യം മനസ്സിലായെന്ന ഭാവത്തില്‍ ഭദ്ര പറഞ്ഞു ,“ കല്യാണക്കാര്യമല്ലേ ... ടീച്ചര്‍ പറയും പോലെ ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നു തോന്നി. അങ്ങനെ തോന്നിയ്ക്കുന്ന  സാഹചര്യങ്ങളുണ്ടായെന്നു വേണം പറയാന്‍. ഒരു ചേച്ചിയുണ്ട്. പഠിയ്ക്കാനല്ല, നല്ലൊരു വീട്ടമ്മയാകാനായിരുന്നു താല്പര്യം. പക്ഷേ മോഹിച്ച ജീവിതമൊന്നും ആ പാവത്തിന് കിട്ടിയില്ല. ഡിവോഴ്സ്  ചെയ്യേണ്ടി വന്നു. രണ്ടു കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് മൂത്തതൊരാങ്ങളയുണ്ട്. പെങ്ങള്‍ വീട്ടില്‍ വന്നു നില്‍ക്കുന്നത് അപമാനമാണെന്ന് പറഞ്ഞു മാറിത്താമസിയ്ക്കുകയാണ്. അതാണവര്‍ ക്കിഷ്ടം. ഇതൊരു കാരണമാക്കിയെന്നു മാത്രം. വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ട് . സഹായിയ്ക്കേണ്ടി വന്നെങ്കിലോ എന്ന ഭയം. ഇതാകുമ്പോള്‍ മറ്റുള്ളവര്‍ കുറ്റം പറയാത്ത ഒരു കാരണമായല്ലോ. പോരാത്തതിന് ചേച്ചിയുടെ മൂത്തമകനെ പറഞ്ഞു തെറ്റിദ്ധരിപ്പി ച്ചിരിയ്ക്കുകയാണ്. അവന്റെ കണ്ണില്‍ അമ്മയ്ക്കാണ് കുറ്റം, എല്ലാം സഹിച്ച് അച്ഛന്റെ കൂടെ നിന്നില്ലല്ലോ! എല്ലാം കൂടി കണ്ടു മടുത്തു. അതുകൊണ്ട്  വിവാഹജീവിതത്തില്‍ താല്പര്യം തോന്നിയില്ല എന്നു മാത്രം.”

ഇതൊന്നും അറിയാന്‍ ശ്രമിയ്ക്കാതെയാണ് വിമലട്ടീച്ചറും രാജലക്ഷ്മിട്ടീച്ചറും ഭദ്രയ്ക്ക് പ്രണയനൈരാശ്യമാണ്,   പുരുഷവിദ്വേഷമാണ്, മാനസിക രോഗമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നത് !

അമ്മ പല തവണയായി വിളിയ്ക്കുന്നുണ്ട്. അന്ന് ഡിവോഴ്സ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. “അവന്‍ വല്ലാത്ത ദേഷ്യത്തിലാ, ഇപ്പോള്‍ നീയിങ്ങ്ട്ടൊന്നും വരണ്ടാട്ടോ. അവന് ജര്‍മ്മനീലൊരു കമ്പനീല് ജോലി ശര്യാവും ന്നൊക്കെ പറയ്ണ്ണ്ട് . രണ്ടു മാസം കഴിഞ്ഞാ എല്ലാരും കൂടി  പൂവും ത്രേ. അത് വരെ നീയെതെങ്കിലും ഹോസ്റ്റലിലോ കൂട്ടുകാരടെ വീട്ടിലോ തങ്ങിക്കോ. അത് കഴിഞ്ഞാ ഇങ്ങട്ട് പോരേ.” മകന്‍ അടുത്തില്ലാത്ത തക്കം നോക്കി അമ്മ വിളിച്ചതായിരുന്നു. അമ്മുവിനത് കേട്ട് വല്ലാത്ത ദേഷ്യം വന്നു. 

“മുത്തശ്ശനേം മുത്തശ്ശ്യേം കുറ്റം പറയരുത്. അവര് പാവങ്ങളാ. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല്യ” എന്ന് വിലക്കിയപ്പോള്‍ “മകനെ ഒരിയ്ക്കലും നിലയ്ക്ക് നിര്‍ത്താനും പറ്റില്യേ ?” എന്നാണവള്‍ ചോദിച്ചത്. എന്തു പറയാന്‍ !  

മകന്‍ പോയിക്കഴിഞ്ഞ് വീണ്ടും അമ്മ വിളിച്ചു. “അവനവടെ സ്ഥിര താമസാക്ക്വാന്നാ പറയണത്. നീയിങ്ങ്ട്ട്  പോന്നോ”. വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ “പ്രായായ ഒരു പെങ്കുട്ട്യേം  കൊണ്ടാ നീയൊറ്റയ്ക്ക് താമസിയ്ക്കണത് ന്ന് ഓര്‍മ്മ വേണം. ഇത്രേം കാലം കൊളളരുതാത്തോനാണെങ്കിലും ആണൊരുത്തന്‍ കൂടെണ്ടലോന്നൊരു സമാധാനണ്ടാ യിരുന്നു.” എന്ന് ആവലാതി തുടങ്ങി. “ആ ആണൊരുത്തന്‍ കൂടെണ്ടായിരുന്നെങ്കില്‍ ഞാനവള്‍ടെ പ്രായത്തെച്ചൊല്ലി കൂടുതല്‍ ആധി പിടിയ്ക്കേണ്ടി വന്നേനെ” എന്ന് മറുപടി പറഞ്ഞപ്പോള്‍ പിന്നെ അമ്മയ്ക്കൊന്നും വാദിയ്ക്കാന്‍ കഴിഞ്ഞില്ല. “അവന്‍ ഇവടെ ഇല്ല്യലോച്ച്ട്ട്  പറഞ്ഞതാ” എന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചു. “എത്ര ദൂരെ പോയാലും അന്വേഷണങ്ങളും ഇടപെടലുകളുമുണ്ടാവില്യെ, സ്വന്തം വീട്ടില്‍ പേടിച്ചും വിഷമിച്ചും ജീവിയ്ക്കുന്നതിനേക്കാള്‍ ഇതല്ലേ ഭേദം. അമ്മ വേവലാതിപ്പെടണ്ട. ഇവിടെ പേടിയ്ക്കാനൊന്നുമില്ല” എന്നു പറഞ്ഞ് ആ വിഷയം അവസാനിപ്പിച്ചു.  

“ടീച്ചര്‍ ആദ്യം കണ്ട പോലെയല്ല ഇപ്പോള്‍, കുറച്ചു സംസാരിയ്ക്കാനും ചിരിയ്ക്കാനു മൊക്കെ തുടങ്ങിയിട്ടുണ്ട്. നന്നായി” ഭദ്ര സന്തോഷത്തോടെ ചേര്‍ത്തുപിടിച്ചു കൊണ്ട് പറഞ്ഞു. തോന്നാറുണ്ട് ഈയിടെയായി, കുറെ മാറിയിട്ടുണ്ട് – തളം കെട്ടി നിന്ന നിശ്ശബ്ദത പെട്ടെന്ന് പൊട്ടിയൊഴുകുംപോലെ. അമ്മുവിന്‍റെ പുതിയ പ്രസരിപ്പ് അതി ലേറെ കൌതുകമായി തോന്നി. തുള്ളിത്തുള്ളിയൊഴുകി വരുന്ന ഒരു കുഞ്ഞലയാണെന്നു തോന്നും. അവള്‍ പല പദ്ധതികളുമൊരുക്കുകയാണ്. കമ്പും കോലും വള്ളികളുമൊക്കെ  അമ്മക്കിളിയ്ക്ക് കൂടു മെനയാന്‍  കൊണ്ടുകൊടുക്കുന്ന  കുഞ്ഞാറ്റക്കിളിയെ പോലെ.

“അമ്മ ഈ പഴയ സാരിയും നരച്ച ബ്ലൗസുമൊക്കെ മാറ്റി കുറച്ചു നന്നായി നടക്കു. ഇനി ചുരിദാറിട്ടാല്‍ മതി. അമ്മയ്ക്കത്ര തടിയൊന്നുമില്ലല്ലോ. പ്രായവും തോന്നില്ല. ഡ്രസ്കോഡ് മാറ്റിയാല്‍ത്തന്നെ കുറച്ചൊരു സന്തോഷവും ആത്മവിശ്വാസവുമൊക്കെയുണ്ടാകും.” അവള്‍ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്. എല്ലാം തിരിച്ചുപിടിച്ചുതരാനുള്ള ഒരു വെമ്പലിലാ ണവള്‍ .“കുറച്ചു കൂടി വൃത്തിയും സൌകര്യവും ശാന്തതയുമുള്ള ഒരു വീട്, ഇടയ്ക്കെ പ്പോഴെങ്കിലും ഒരു സിനിമ, ഒരു ഔട്ടിങ് – നമുക്കുമൊന്നു ജീവിയ്ക്കണം അമ്മേ. ഇനി കഴിഞ്ഞതൊന്നും ഓര്‍ക്കുക പോലുമരുത്. അതൊക്കെ മായ്ച്ചു കളഞ്ഞ് അതിന്റെ അനുബ ന്ധമല്ലാത്ത ഒരു പുതിയ ജീവിതം.”

നിരാശപ്പെടുത്താനാവില്ല. എല്ലാം വേണം. എല്ലാ നിറങ്ങളും, എല്ലാ സുഖങ്ങളും. ഇവള്‍ക്ക് വേണ്ടി. ഇവളെ വലിച്ചു താഴ്ത്താതെ ഇവളിലേയ്ക്കുയരണം, ആ നീട്ടിയ വിരല്‍ ത്തുമ്പുകളില്‍ വിരലുകള്‍ ചേര്‍ക്കുമ്പോള്‍ മനസ്സുണര്‍ന്നു, കണ്ണ് തുറന്നു, എന്നിട്ട് പറഞ്ഞു. “ഒക്കെയാവാം, ഒന്നും കുറയ്ക്കണ്ട. ജീവിതം ഒരാഘോഷമാക്കി മാറ്റാം. പക്ഷേ പരീക്ഷ അടുത്ത് വരികയാണ്, അതു മറക്കണ്ട” പ്രായത്തിലുമെത്രയൊ  കവിഞ്ഞ പക്വത യോടെയാണവള്‍  ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും . പലരില്‍ നിന്നും പ്രതീക്ഷിച്ച പിന്‍ബലവും വാഗ്ദാനവുമായി. ഇതൊരുയിര്‍ത്തെഴുനേല്പാണ്. അമ്മയ്ക്ക് മകളിലൂടെ ഒരു മറുപിറവി. എങ്കിലും അമ്മയുടെ ജീവിതത്തിന്റെ താളവും ശ്രുതിയും ശരിയാക്കുന്ന ആവേശത്തിനിടയില്‍ അവള്‍ക്ക് ചെറിയൊരു നഷ്ടം പോലും വരരുതല്ലോ...4 comments:

 1. ഒരു വിഹ്വലതയുടെ കഥപോലെത്തന്നെ തോന്നി..

  ReplyDelete
 2. നല്ല കഥ.ഇഷ്ടമായി.വല്ലാത്ത ജീവിതാനുഭവങ്ങൾ ഉള്ളതുകൊണ്ടാകുമല്ലേ പതിനാറുവയസ്സുള്ള കുട്ടിയ്ക്കിത്ര ആർജ്ജവമുണ്ടായത്‌???

  ReplyDelete
  Replies
  1. നന്ദി
   അതെ .അനുഭവങ്ങളാണല്ലോ മനസ്സിന് പക്വത നല്‍കുന്നത്

   Delete