2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

സിദ്ധാര്‍ത്ഥന്‍റെ യാത്ര

 സിദ്ധാര്‍ത്ഥന്‍ നടന്നു. എന്തിനെന്നറിയാതെ വേദനിയ്ക്കുന്ന മനസ്സും ചുമന്ന്. അമ്പലത്തിന്റെ കല്പട വുകളില്‍  നടതള്ളപ്പെട്ട, കാലാവധി കഴിഞ്ഞ അച്ചനമ്മമാര്‍ ചില്ലറക്കാശിനു കൈനീട്ടി. ശൂന്യമായ സ്വന്തം കൈകളില്‍ നോക്കിക്കൊണ്ട്‌    സിദ്ധാര്‍ത്ഥന്‍ നടത്തം  തുടര്‍ന്നു.

 കോളേജ് അധികൃതരുടെ ഉപദ്രവം കൊണ്ട് കൊല ചെയ്യപ്പെട്ട മകന് നീതി വേണമെന്ന് ആക്രോശി യ്ക്കുന്ന ഒരു മാതാവിനെയും ആ മാതാവിന്റെ വേദനകളും വാക്കുകളും ഒപ്പിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചാനല്‍പ്രവര്‍ത്തകരെയും കണ്ടു.

 പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ഇനിയൊരു പെണ്‍കുട്ടിയ്ക്കും തന്റെ അവസ്ഥയുണ്ടാകരുതെന്നു പറഞ്ഞുകൊണ്ട് തന്റെ അനുഭവങ്ങളും അതിനു കാരണക്കാരനായതാരെന്നും  ഉറക്കെ പ്രഖ്യാപി യ്ക്കുന്നതു കേട്ടു. ആരോപിതന്‍ പണം വാരിയെറിഞ്ഞ് തന്റെ കുറ്റം കഴുകിക്കളഞ്ഞ് നിഷ്കളങ്കനായി നിന്ന് എല്ലാവരുടെയും മുന്നില്‍ പീഡിതയെ വെല്ലുവിളിയ്ക്കുന്നത് കേട്ടു.

 ബിവറേജസിന്റെ മുന്നിലെ ക്യൂ  കണ്ട് വലിയ അത്ഭുതമൊന്നും തോന്നിയില്ല.

 അക്ഷയ തൃതീയ പ്രമാണിച്ച് സ്വര്‍ണ്ണം വാങ്ങിയ്ക്കാനെത്തിയവരുടെ തിരക്ക്  ജ്വല്ലറികളിലെ  പളപളപ്പിനിടയിലൂടെ കണ്ടു.

 വിചിത്ര വേഷധാരികളും കേശധാരികളുമായ കുറെ യുവതീയുവാക്കള്‍ ഒരിടത്ത് കൂടി നില്‍ക്കുന്നത് കണ്ടു. ചുറ്റും ക്യാമറയും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരും. കാഴ്ക്കാരായി കൂടിനില്‍ക്കുന്നവരുടെ മുഖത്ത് അവജ്ഞയും പരിഹാസവും നിറഞ്ഞു. കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാക്ക് കൃത്യമായി കേട്ടു – ചുംബനസമരം! യശോധരയെ കാണണമെന്ന് പെട്ടെന്നുണ്ടായ അഭിലാഷത്തെ അമര്ത്തിയടക്കി സിദ്ധാര്‍ത്ഥന്‍ യാത്ര തുടര്‍ന്നു.

 രണ്ടു പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരേ വിഷയം തന്നെ രണ്ടു വിധത്തില്‍ കണ്ടതില്‍ വല്ലാത്ത ആശയക്കുഴപ്പം തോന്നി. രണ്ടും രണ്ടു രാഷ്ട്രീയപക്ഷങ്ങളെ   പ്രതിനിധാനം ചെയ്യുന്നതാണെന്നറിഞ്ഞപ്പോള്‍  രാജ്യതന്ത്രങ്ങളുടെ പുതിയ മുഖങ്ങള്‍ കണ്ട് അമ്പരപ്പിലായി.


 ഇല കൊഴിഞ്ഞ് മണ്ണ് നീങ്ങി വറ്റി വരണ്ടു കിടക്കുന്ന കിടക്കുന്ന മണ്ണില്‍ രോഗാതുരമായി, ഉയര്‍ന്നു നില്‍ക്കുന്ന വേരുകളുള്ള ഒരു വൃക്ഷം...ബോധിവൃക്ഷം! ആ വൃക്ഷച്ചുവട്ടില്‍  വേനല്‍ച്ചൂട് മുഴുവന്‍ തലയിലേറ്റുവാങ്ങിക്കൊണ്ട്  സിദ്ധാര്‍ത്ഥനിരുന്നു...പ്രജ്ഞോദയം കാത്ത്...