2018, മേയ് 29, ചൊവ്വാഴ്ച

നെടുവീർപ്പ്


 വാർഷികപരീക്ഷയ്ക്കുള്ള പാഠഭാഗം എടുത്തു തീർക്കുന്ന തിരക്കിലായിരുന്നു അദ്ധ്യാപിക.

കുട്ടികളെ വളരെയധികം സ്നേഹിയ്ക്കണമെന്നും അവരെയെല്ലാവരേയും നല്ലവരാക്ക 

ണമെന്നും നിർബന്ധമുണ്ടായിരുന്നു അവർക്ക് . പറയുന്നതൊന്നും ശ്രദ്ധിയ്ക്കാതെ പുറ 

ത്തേയ്ക്കു നോക്കിയിരുന്ന പെൺകുട്ടി അദ്ധ്യാപികയെ അസ്വസ്ഥയാക്കി

അവളുടെ ചുണ്ടിൽവിരിഞ്ഞു വരുന്നചിരിയും കണ്ണിൽ നിറഞ്ഞുനിന്ന മോഹവും അവരുടെ 

മനസ്സിനെ വിഹ്വലമാക്കി. എട്ടാംക്ലാസിലായിട്ടേയുള്ളൂ . ഇപ്പോഴേ തുടങ്ങിയോ? 

ആരായിരിയ്ക്കാം ആ സ്വപ്നങ്ങളിലെ രാജകുമാരൻ ? ഈ പ്രശ്നമിനിയെങ്ങനെ 

പരിഹരിയ്ക്കും ദൈവമേ ... അച്ഛനില്ല, അസുഖക്കാരിയായ അമ്മ എത്ര കഷ്ടപ്പെട്ടാണ് 

മക്കളെവളർത്തുന്നത് !


 അവധിക്കാല പരിശീലനത്തിന് കൌമാര പ്രശ്നങ്ങളെക്കുറിച്ചുണ്ടായ പ്രത്യേക ക്ലാസിൽ 

പറഞ്ഞ കാര്യങ്ങളെല്ലാം ആ അദ്ധ്യാപിക ഓർത്തു നോക്കി. നേരമില്ലാത്ത നേരത്ത് 

വന്നുകേറുന്ന ഓരോ വയ്യാവേലികളേയ്...എന്തായാലും ജനലിനപ്പുറത്തെ ആ പൂവാലനെ 

കയ്യോടെ പിടിയ്ക്കണം .എന്നിട്ടാവാം ബാക്കികാര്യങ്ങൾപതുങ്ങിച്ചെന്ന് അവളുടെ 

കണ്ണെത്തുന്നേടത്തേയ്ക്കുതന്നെ അദ്ധ്യാപിക കൃത്യമായി നോക്കി...


 കഞ്ഞിപ്പുരയിൽ പാകമായിവരുന്ന ഭക്ഷണം ...!


 നെടുവീർപ്പിട്ടത് അദ്ധ്യാപികയോ അവരുടെ ബാഗിലിരുന്ന ഉച്ചഭക്ഷണമോ ?