സ്നേഹത്തെക്കുറിച്ച് എഴുതാനൊരുങ്ങിയപ്പോള്‍
പൂക്കള്‍ എന്നെ നോക്കി ചിരിച്ചു ചോദിച്ചു,
ഞങ്ങളെപ്പറ്റിയല്ലേ ?
മഴ കുളിര്‍ത്തുമ്പു നീട്ടി എന്നെ പതുക്കെ തൊട്ടു, എന്നെപ്പറ്റി.
പുഴ അലകളിളക്കി ചിരിച്ചു കൊണ്ട് മന്ത്രിച്ചു,
എനിയ്ക്കറിയാം എന്നെപ്പറ്റിയാണെന്ന്.
നക്ഷത്രങ്ങള്‍ കണ്ണിറുക്കി കാണിച്ചു, ഞങ്ങളെ മറക്കല്ലേ.
പ്രതീക്ഷയുടെ കണ്ണുകള്‍ പിന്നെയും മിന്നുമ്പോള്‍
മനുഷ്യന്‍ പറഞ്ഞു, എന്നെപ്പറ്റി.
തങ്ങളിലാരെപ്പറ്റി എന്ന് അവര്‍ എന്റെ
അന്തര്‍ഗ്ഗതങ്ങളിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ ഞാനോര്‍ത്തു,
വെറുപ്പിനെയും പകയെയും യുദ്ധങ്ങളെയും കുറിച്ച് ഇവിടെ എഴുതാനാകില്ലല്ലോ ?