2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

സിദ്ധാര്‍ത്ഥന്‍റെ യാത്ര

 സിദ്ധാര്‍ത്ഥന്‍ നടന്നു. എന്തിനെന്നറിയാതെ വേദനിയ്ക്കുന്ന മനസ്സും ചുമന്ന്. അമ്പലത്തിന്റെ കല്പട വുകളില്‍  നടതള്ളപ്പെട്ട, കാലാവധി കഴിഞ്ഞ അച്ചനമ്മമാര്‍ ചില്ലറക്കാശിനു കൈനീട്ടി. ശൂന്യമായ സ്വന്തം കൈകളില്‍ നോക്കിക്കൊണ്ട്‌    സിദ്ധാര്‍ത്ഥന്‍ നടത്തം  തുടര്‍ന്നു.

 കോളേജ് അധികൃതരുടെ ഉപദ്രവം കൊണ്ട് കൊല ചെയ്യപ്പെട്ട മകന് നീതി വേണമെന്ന് ആക്രോശി യ്ക്കുന്ന ഒരു മാതാവിനെയും ആ മാതാവിന്റെ വേദനകളും വാക്കുകളും ഒപ്പിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചാനല്‍പ്രവര്‍ത്തകരെയും കണ്ടു.

 പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ഇനിയൊരു പെണ്‍കുട്ടിയ്ക്കും തന്റെ അവസ്ഥയുണ്ടാകരുതെന്നു പറഞ്ഞുകൊണ്ട് തന്റെ അനുഭവങ്ങളും അതിനു കാരണക്കാരനായതാരെന്നും  ഉറക്കെ പ്രഖ്യാപി യ്ക്കുന്നതു കേട്ടു. ആരോപിതന്‍ പണം വാരിയെറിഞ്ഞ് തന്റെ കുറ്റം കഴുകിക്കളഞ്ഞ് നിഷ്കളങ്കനായി നിന്ന് എല്ലാവരുടെയും മുന്നില്‍ പീഡിതയെ വെല്ലുവിളിയ്ക്കുന്നത് കേട്ടു.

 ബിവറേജസിന്റെ മുന്നിലെ ക്യൂ  കണ്ട് വലിയ അത്ഭുതമൊന്നും തോന്നിയില്ല.

 അക്ഷയ തൃതീയ പ്രമാണിച്ച് സ്വര്‍ണ്ണം വാങ്ങിയ്ക്കാനെത്തിയവരുടെ തിരക്ക്  ജ്വല്ലറികളിലെ  പളപളപ്പിനിടയിലൂടെ കണ്ടു.

 വിചിത്ര വേഷധാരികളും കേശധാരികളുമായ കുറെ യുവതീയുവാക്കള്‍ ഒരിടത്ത് കൂടി നില്‍ക്കുന്നത് കണ്ടു. ചുറ്റും ക്യാമറയും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരും. കാഴ്ക്കാരായി കൂടിനില്‍ക്കുന്നവരുടെ മുഖത്ത് അവജ്ഞയും പരിഹാസവും നിറഞ്ഞു. കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാക്ക് കൃത്യമായി കേട്ടു – ചുംബനസമരം! യശോധരയെ കാണണമെന്ന് പെട്ടെന്നുണ്ടായ അഭിലാഷത്തെ അമര്ത്തിയടക്കി സിദ്ധാര്‍ത്ഥന്‍ യാത്ര തുടര്‍ന്നു.

 രണ്ടു പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരേ വിഷയം തന്നെ രണ്ടു വിധത്തില്‍ കണ്ടതില്‍ വല്ലാത്ത ആശയക്കുഴപ്പം തോന്നി. രണ്ടും രണ്ടു രാഷ്ട്രീയപക്ഷങ്ങളെ   പ്രതിനിധാനം ചെയ്യുന്നതാണെന്നറിഞ്ഞപ്പോള്‍  രാജ്യതന്ത്രങ്ങളുടെ പുതിയ മുഖങ്ങള്‍ കണ്ട് അമ്പരപ്പിലായി.


 ഇല കൊഴിഞ്ഞ് മണ്ണ് നീങ്ങി വറ്റി വരണ്ടു കിടക്കുന്ന കിടക്കുന്ന മണ്ണില്‍ രോഗാതുരമായി, ഉയര്‍ന്നു നില്‍ക്കുന്ന വേരുകളുള്ള ഒരു വൃക്ഷം...ബോധിവൃക്ഷം! ആ വൃക്ഷച്ചുവട്ടില്‍  വേനല്‍ച്ചൂട് മുഴുവന്‍ തലയിലേറ്റുവാങ്ങിക്കൊണ്ട്  സിദ്ധാര്‍ത്ഥനിരുന്നു...പ്രജ്ഞോദയം കാത്ത്... 

2018, ജൂലൈ 11, ബുധനാഴ്‌ച

ദൈവപുത്രര്‍

                       


                        
മനുഷ്യര്‍ ദൈവത്തെ വിളിച്ചു കേണു. ഗത്യന്തരമില്ലാതെ ദൈവം പ്രത്യക്ഷപ്പെട്ടു. 

ആശ്വാസത്തോടെ , സാന്ത്വനം തേടി അവര്‍ വിലപിച്ചു. കൈക്കരുത്തും ബുദ്ധി 

വൈഭവവും നല്‍കി താന്‍ ഭൂമിയിലേയ്ക്കയച്ച മക്കള്‍... അവരെന്തൊക്കെ നേടിയ

താണ് ഇപ്പോഴിതെന്തു പറ്റി ?


ഒട്ടൊരത്ഭുതത്തോടെ , നിറഞ്ഞ അലിവോടെ ദൈവം ചോദിച്ചു - “എന്തുപറ്റി മക്കളേ , 

നിങ്ങള്‍ക്കെന്താണ് വേണ്ടത്?” “ഞങ്ങള്‍ക്കല്ല ദൈവമേ...ഞങ്ങളുടെ അമ്മയ്ക്ക് – 

ഭൂമിയ്ക്ക് . അങ്ങ് കാണുന്നില്ലേ ഈ മാതാവിന്റെ അവസ്ഥ” നയചതുരനായ ഒരാള്‍ 

പറഞ്ഞു. എല്ലാവരും അതേയെന്ന് ദൈന്യഭാവത്തോടെ തലയാട്ടി.


ദൈവത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന കരുണയുടെ തുമ്പില്‍ പിടിച്ചുതൂങ്ങി   അവര്‍ ഒരു 

പട്ടിക നിരത്തി – “പുഴ നിറയെ വെള്ളം, കടല്‍ നിറയെ മീനുകള്‍, മരം നിറയെ 

കനികള്‍, മാനം നിറയെ കിളികള്‍, മനം കുളിരെ മഴ, മെയ് തഴുകാന്‍ തെന്നല്‍...” പട്ടിക 

നീളവേ ദൈവം ശാന്തമായ ഒരു ചിരിയോടെ പറഞ്ഞു , “ഒക്കെ തരാം മക്കളേ, 

പക്ഷേ...” 


ആ പക്ഷേയ്ക്കപ്പുറം എന്തായിരിയ്ക്കും  എന്ന ജിജ്ഞാസയിലായി മനുഷ്യര്‍ 

.“പക്ഷേ...നിങ്ങളിവിടെ ഉണ്ടാവരുത്.” ദൈവം പൂര്‍ത്തീകരിച്ചു.





2018, ജൂൺ 17, ഞായറാഴ്‌ച

വിചാരണ





‘എന്നോടു  പറയാത്ത പല രഹസ്യങ്ങളും തന്റെ ഉള്ളിലുണ്ടല്ലേ?’ ഒരു കുറ്റവിചാരണയുടെ 

ഭാവത്തോടെ ഭര്‍ത്താവ് തന്റെ നേര്‍ക്കെറിഞ്ഞ ചോദ്യത്തിന്റെ നേര്‍ക്ക് ഒരു ഹാസ്യഭാവ 

ത്തോടെയാണ് അവള്‍ നോക്കിയത്. ഒരു ദീര്‍ഘനേരത്തെ പകര്‍ന്നാട്ടം കഴിഞ്ഞ് ചമയ 

ങ്ങളഴിയ്ക്കുന്ന ആശ്വാസം കലര്‍ന്ന ആലസ്യത്തില്‍ ‘രഹസ്യമെന്നല്ല പരസ്യങ്ങള്‍ 

പോലും പറയാനുള്ള സമയം നമുക്ക് കിട്ടിയിട്ടില്ലല്ലോ? നാല് ദിവസമല്ലേ ആയിട്ടുള്ളൂ 

വിവാഹം കഴിഞ്ഞിട്ട് ?’ എന്ന് പറയാനവള്‍ ശ്രമിച്ചില്ല . ബ്യൂട്ടി പാര്‍ലറില്‍ പോയി 

ഒരുങ്ങലും പാര്‍ട്ടികളില്‍ സുസ്മേരവദനയായി നിറഞ്ഞുനില്ക്കലുമായിരുന്നു കഴിഞ്ഞ 

ദിവസങ്ങളിലെ പ്രധാന പ്രവൃത്തികള്‍. സുഹൃത്തുക്കളുടെ വക പാര്‍ട്ടി, സഹപ്രവര്‍ത്തക 

രുടെ..ബന്ധുക്കളുടെ.. ഇതിനിടയില്‍ പരിചയപ്പെടാന്‍ പോലും അവര്‍ക്കിടയില്‍ സമയ 

മുണ്ടായിരുന്നില്ല. പക്ഷേ സമയം കണ്ടെത്തി ഒരഭ്യുദയകാംക്ഷി ഒരജ്ഞാതസന്ദേശം 

അയാള്‍ക്കെത്തിച്ചു കഴിഞ്ഞിരുന്നു.  


‘ഒരഫയറുണ്ടായിരുന്ന കാര്യം എന്തുകൊണ്ട് മറച്ചു വെച്ചു എന്നാണു ചോദിയ്ക്കുന്നത് ’ 

സ്മാര്‍ത്തവിചാരത്തിന്റെ പാരുഷ്യത്തോടെയും പരിഹാസത്തോടെയും അയാള്‍ തന്റെ 

ചോദ്യം സ്പഷ്ടമാക്കിക്കൊടുത്തു. ‘ഓ..അതാണോ കാര്യം?’ ഞെട്ടലും കരച്ചിലും 

ക്ഷമായാചനവുമൊക്കെ പ്രതീക്ഷിച്ചു നിന്ന അയാളുടെ തയ്യാറെടുപ്പുകളെയൊക്കെ 

നിര്‍വീര്യമാക്കിക്കൊണ്ട് അവള്‍ പറഞ്ഞു ,‘അതാര്‍ക്കും അറിയാത്തതൊന്നുമല്ല. 

വിവാഹത്തോളമെത്തിയതായിരുന്നു. എന്റെ അച്ഛന്റെ സ്വത്തിനോടുള്ള അയാളുടെ 

താല്പര്യം കണ്ടപ്പോള്‍ എന്റെ സ്നേഹം അയാളര്‍ഹിയ്ക്കുന്നില്ലെന്ന് മനസ്സിലായി. 

ഞാനയാളെ വേണ്ടെന്നു വെച്ചു.’ അവളുടെ പ്രതിച്ഛായ കാണാന്‍ അയാള്‍ നീട്ടിപ്പിടിച്ച 

കണ്ണാടി ആ വാക്കുകള്‍ തട്ടി ചിന്നിച്ചിതറി മൂര്‍ച്ചയും തിളക്കവും നഷ്ടപ്പെട്ട് തെറിച്ചു 

വീണു. 


അവളുടെ അച്ഛനമ്മമാര്‍  അറിഞ്ഞു കൊടുത്തതിന്‍റെയും തന്റെ അച്ഛനമ്മമാര്‍ പറഞ്ഞു 

വാങ്ങിയതിന്റെയും ഒരു നീണ്ട പട്ടിക അയാളുടെ മനസ്സില്‍ കിടന്നു വിറച്ചു. വേദനയും 

അമര്‍ഷവും നിറഞ്ഞ ഒരു നോട്ടം...ഒരിയ്ക്കല്‍ താന്‍ നിസ്സാരമായി തള്ളിക്കളഞ്ഞ ആ 

നോട്ടം ഇപ്പോള്‍ അയാളെ പെട്ടെന്നൊന്നു വേദനിപ്പിച്ചു. ‘ആത്മാര്‍ത്ഥതയില്ലാത്ത ഒന്നും 

എനിയ്ക്കിഷ്ടമല്ല, കൊടുക്കാനും..വാങ്ങാനും..സ്നേഹമായാലും വെറുപ്പായാലും 

എന്തായാലും എനിയ്ക്ക്   ആത്മാര്‍ത്ഥതയോടെയേ ചെയ്യാനാകൂ.’ വിളക്കണച്ച്  കിടന്ന 

അവളുടെ നേര്‍ക്ക് അയാളുടെ കൈ നീളവേ അവള്‍ വീണ്ടും പറഞ്ഞു ,ആത്മാര്‍ത്ഥത 

ഇല്ലാത്ത ഒന്നും എനിയ്ക്കിഷ്ടമല്ല’ ആ കയ്യും പിന്‍വലിയ്ക്കപ്പെട്ടു.

2018, മേയ് 29, ചൊവ്വാഴ്ച

നെടുവീർപ്പ്


 വാർഷികപരീക്ഷയ്ക്കുള്ള പാഠഭാഗം എടുത്തു തീർക്കുന്ന തിരക്കിലായിരുന്നു അദ്ധ്യാപിക.

കുട്ടികളെ വളരെയധികം സ്നേഹിയ്ക്കണമെന്നും അവരെയെല്ലാവരേയും നല്ലവരാക്ക 

ണമെന്നും നിർബന്ധമുണ്ടായിരുന്നു അവർക്ക് . പറയുന്നതൊന്നും ശ്രദ്ധിയ്ക്കാതെ പുറ 

ത്തേയ്ക്കു നോക്കിയിരുന്ന പെൺകുട്ടി അദ്ധ്യാപികയെ അസ്വസ്ഥയാക്കി

അവളുടെ ചുണ്ടിൽവിരിഞ്ഞു വരുന്നചിരിയും കണ്ണിൽ നിറഞ്ഞുനിന്ന മോഹവും അവരുടെ 

മനസ്സിനെ വിഹ്വലമാക്കി. എട്ടാംക്ലാസിലായിട്ടേയുള്ളൂ . ഇപ്പോഴേ തുടങ്ങിയോ? 

ആരായിരിയ്ക്കാം ആ സ്വപ്നങ്ങളിലെ രാജകുമാരൻ ? ഈ പ്രശ്നമിനിയെങ്ങനെ 

പരിഹരിയ്ക്കും ദൈവമേ ... അച്ഛനില്ല, അസുഖക്കാരിയായ അമ്മ എത്ര കഷ്ടപ്പെട്ടാണ് 

മക്കളെവളർത്തുന്നത് !


 അവധിക്കാല പരിശീലനത്തിന് കൌമാര പ്രശ്നങ്ങളെക്കുറിച്ചുണ്ടായ പ്രത്യേക ക്ലാസിൽ 

പറഞ്ഞ കാര്യങ്ങളെല്ലാം ആ അദ്ധ്യാപിക ഓർത്തു നോക്കി. നേരമില്ലാത്ത നേരത്ത് 

വന്നുകേറുന്ന ഓരോ വയ്യാവേലികളേയ്...എന്തായാലും ജനലിനപ്പുറത്തെ ആ പൂവാലനെ 

കയ്യോടെ പിടിയ്ക്കണം .എന്നിട്ടാവാം ബാക്കികാര്യങ്ങൾപതുങ്ങിച്ചെന്ന് അവളുടെ 

കണ്ണെത്തുന്നേടത്തേയ്ക്കുതന്നെ അദ്ധ്യാപിക കൃത്യമായി നോക്കി...


 കഞ്ഞിപ്പുരയിൽ പാകമായിവരുന്ന ഭക്ഷണം ...!


 നെടുവീർപ്പിട്ടത് അദ്ധ്യാപികയോ അവരുടെ ബാഗിലിരുന്ന ഉച്ചഭക്ഷണമോ ?